തള്ള ചവിട്ടിയാൽ പിള്ളയ്ക്കു കേടില്ല... സംഗതി കൊള്ളാം. പക്ഷേ, തള്ള പിള്ളയുടെ പള്ളയ്ക്കുതന്നെ ചറപറാ ചവിട്ടിയാലോ? പണ്ടത്തെ പിള്ളകളായിരുന്നെങ്കിൽ കുറേനേരം തൊള്ള തുറന്ന ശേഷം കളംവിട്ടേനെ.
എന്നാൽ, വെറും പിള്ളകളല്ല ഇപ്പോഴത്തെ പെണ്പിള്ളകളെന്നു ഭള്ളുപിടിച്ച ചില വെള്ളിത്തിരക്കാർക്ക് ഇനിയും മനസിലായിട്ടില്ലെന്നു തോന്നുന്നു. അമ്മ അമ്മായിയമ്മയായി മാറിയെന്നാണ് പെണ്പിള്ളകളുടെ പരാതി. ഈ അമ്മായിയമ്മപ്പോരും സഹിച്ച് ഇനിയും ഈ വീട്ടിൽ കഴിയാൻ പറ്റില്ലെന്നു പറഞ്ഞാണ് നാലു പെണ്പിള്ളകൾ അമ്മവീടിന്റെ, ക്ഷമിക്കണം, അമ്മായിയമ്മവീടിന്റെ പടിയിറങ്ങിപ്പോയത്. മേക്കപ്പിട്ടോ, മേക്കിട്ടു കയറരുതെന്നാണ് ഇതിന്റെ ചുരുക്കം.
ആരാന്റമ്മയ്ക്കു പ്രാന്തു പിടിച്ചാൽത്തന്നെ കാണാൻ നല്ല രസമാണല്ലോ... അപ്പോൾപിന്നെ സിനിമാക്കാരുടെ "അമ്മ’യ്ക്കു പ്രാന്തുപിടിച്ചാലത്തെ കാര്യം പറയേണ്ടതില്ല. വെറും രസം കാഴ്ചക്കാർക്കു ബഹുരസമായി മാറും. എന്നാൽ, സിനിമാക്കാരിൽ പലർക്കും ആ രസം നീരസമായി മാറിയതാണ് ഇപ്പോൾ കാഴ്ചക്കാർക്കു രസമായത്. കുറേനാളായി വിരസമായിരുന്ന സിനിമാക്കാഴ്ചകൾ ഇതാ സരസമായി മാറിയിരിക്കുന്നു.
ഇപ്പോൾ നടക്കുന്നതു സിനിമയാണോ ജീവിതമാണോ എന്ന സംശയമേ കാഴ്ചക്കാർക്കുള്ളൂ. ഫാൻസുകാരുടെ അലർച്ചയും ആരാധകരുടെ നിലവിളിയും ഇല്ലാതെ സൂപ്പർ താരങ്ങളും നായികമാരുമൊക്കെ തകർത്താടുന്ന ഒരു പുത്തൻപടം ഓസിൽ കാണാൻ അവസരം കിട്ടിയാൽ ആരാണു കളയുന്നത് ?
കേസിൽപ്പെട്ടു പുറത്തായ ഒരു മകനെ കേസ് തീരുംമുന്പേ വീട്ടിൽ കയറ്റി പാർപ്പിക്കാൻ തീരുമാനിച്ചു എന്നതാണ് ഇപ്പോൾ അമ്മയ്ക്കുള്ള കുറ്റം. അജൻഡയിൽ ഇല്ലാതെയാണ് ഈ ജണ്ട ജനറൽ ബോഡിയിൽ ഇട്ടതത്രേ.
അതായത് മുൻകൂട്ടി തയാറാക്കിയ തിരക്കഥയാണ് അമ്മമാരും അപ്പന്മാരും ചേർന്നു ഷൂട്ട് ചെയ്തുകൊണ്ടിരിക്കുന്നതെന്നാണ് പെണ്പിള്ളമാരുടെ പക്ഷം. തിയറ്ററിൽ റിലീസ് ചെയ്യുംമുന്പേ സിനിമ ഇന്റർനെറ്റിൽ ഇട്ടാൽ സിനിമക്കാർ ഞെട്ടില്ലേ... അതാണു പതിവ്.
അതുവച്ചുനോക്കിയാൽ കോടതി റിലീസ് ചെയ്യുംമുന്പേ താരത്തെ സംഘടനക്കാർ റിലീസ് ചെയ്തില്ലേ എന്നാണ് പെണ്കിടാങ്ങളുടെ ചോദ്യത്തിന്റെ പൊരുൾ. ഇതിനു മറുപടി പറയാൻ വീരന്മാരായ താരങ്ങളും താരങ്ങളായ വീരന്മാരുമൊന്നും രംഗത്തിറങ്ങിയിട്ടില്ല. വേലിയേൽ ഇരുന്നു കാറ്റുകൊള്ളുന്ന പാന്പിനെ എടുത്ത് എന്തിനു കാരവാനിൽ വയ്ക്കണം എന്നായിരിക്കും അവരുടെ ചിന്ത.
പെണ്കിടാങ്ങൾ കൊടിയും പിടിച്ച് എത്തിയപ്പോൾ ഇതൊക്കെ വെറും നാത്തൂൻപോരല്ലേയെന്ന മട്ടിൽ തട്ടി മടക്കിയതാണ് തലപ്പത്തുള്ളവർക്കു തലവേദനയായത്. ദാസനും വിജയനും പറഞ്ഞതുപോലെ കണ്ണു പഴുത്തുചീഞ്ഞ് ഇരിക്കുന്നതിനാൽ കണ്ണുതുറക്കാൻ പറ്റുന്നില്ലെന്നും, അതുകൊണ്ട് നടന്നതൊന്നും അറിഞ്ഞില്ലെന്നുമുള്ള ഭാവാഭിനയത്തിലാണ് അമ്മവീട്ടുകാർ.
സിനിമക്കാരിൽ പലരും മൗനജാഥയിൽ പങ്കെടുത്തുകൊണ്ടിരിക്കുകയാണെങ്കിലും രാഷ്ട്രീയക്കാർ വിട്ടുകൊടുക്കുന്ന മട്ടില്ല. രാഷ്ട്രീയക്കാരെ പതിവായി വെള്ളിത്തിരയിൽ എടുത്തിട്ട് അലക്കുന്ന സിനിമാക്കാരെ അലക്കി വെളുപ്പിച്ചിട്ടേ ഇനി ബാക്കി കാര്യമുള്ളൂ എന്ന മട്ടിൽ കട്ടക്കലിപ്പുമായാണ് സുധാകരൻമന്ത്രി അടക്കമുള്ളവരുടെ രംഗപ്രവേശം.
ഇപ്പോൾ നടക്കുന്ന സിനിമയുടെ ഇന്റർവെൽ വരെയുള്ള രംഗങ്ങൾ കണ്ടിട്ട് ബംപർ ഭാഗ്യക്കുറി അടിച്ചത് ഇന്നച്ചൻ എംപിക്കല്ലേയെന്നൊരു സംശയം. ആരും പിടിക്കാതിരുന്ന പ്രസിഡന്റ് കസേരയിൽനിന്ന് ഒരുവിധത്തിൽ പുള്ളിക്കാരൻ താഴെ ചാടിയപ്പോഴാണല്ലോ പെണ്പടയിൽപ്പെട്ട് സംഘടന കുഴിയിൽ ചാടിയിരിക്കുന്നത്. സത്യത്തിൽ ഇന്നച്ചൻ എംപി ഇപ്പോഴാണ് കിലുക്കത്തിലെ പ്രശസ്തമായ ഡയലോഗ് ഇത്തിരി ഉച്ചത്തിൽ പറയേണ്ടത്... അടിച്ചു മോളേ...!
മിസ്ഡ് കോൾ
ഡ്യൂട്ടി കഴിഞ്ഞെന്നു പറഞ്ഞ് നഴ്സ് പ്ലാസ്റ്റർ മുഴുവനായി എടുക്കാതെ പോയി.
- വാർത്ത
ഡ്യൂട്ടി തീരും വരെ മാലാഖ!