പോലീസുകാർക്കെന്താ ഈ വീട്ടിൽ കാര്യം? ഇതു സിനിമാ ഡയലോഗ്! എന്നാൽ, പരേഡ് ചെയ്തു പുറത്തേക്കു വരുന്ന കഥകൾ കേൾക്കുന്പോൾ പോലീസുകാർക്ക് ഇപ്പോൾ വീട്ടിലേ കാര്യമുള്ളൂ എന്നാണ് തോന്നുന്നത്. അത് ഈ വീട്ടിലാണോ ആ വീട്ടിലാണോ എന്നതൊക്കെ വല്യേട്ടന്മാർ തീരുമാനിക്കും.
വീടുകളിലെ ഓരോ അരിയും പെറുക്കി പെറുക്കി മടുത്ത പോലീസുകാരുടെ മുതുകത്തു വീട്ടുകാരത്തിയുടെ വക മൂന്നാംമുറ വേറെയും. ഇതൊക്കെ കേട്ടിട്ട് ചിരിക്കണോ കരയണോ? ആകെയൊരു കണ്ഫ്യൂഷൻ. കാരണം, ഇത്രയും ദിവസം പോലീസുകാർ നാട്ടുകാരെ ചതയ്ക്കുന്ന കഥകൾ കേട്ടുകേട്ടായിരുന്നു മലയാളിയുടെ പള്ളിയുറക്കം! വീട്ടിലുറങ്ങിയവനെ തൂക്കിയെടുത്തു ലോക്കപ്പിൽ സ്ഥാപിച്ചു, ലോക്കപ്പിൽ കിടന്നവനെ തട്ടി പരലോകത്തിട്ടു, വണ്ടി തടഞ്ഞവന്റെ മൂക്കുപിഴിഞ്ഞു... എന്നിങ്ങനെ ദിവസവും പോലീസിന്റെ വീരകഥകളാൽ നാടു കുളിരണിഞ്ഞു വരികയായിരുന്നു.
എന്നാൽ, ഇപ്പോൾ ഓരോ ദിവസവും പോലീസുകാരെ ആരൊക്കെയോ എടുത്തിട്ടു ചതയ്ക്കുന്നതിന്റെ ബഹളം കേട്ടുകൊണ്ടാണ് ജനം ഞെട്ടിയുണരുന്നത്. പോലീസ് ഭാഷയിൽ പറഞ്ഞാൽ വിധിവൈപരീത്യം, അല്ലാതെന്തു പറയാൻ!
പോലീസുകാരുടെ കൈയിൽനിന്ന് എന്തെങ്കിലുമൊക്കെ മൊത്തമായും ചില്ലറയായും വാങ്ങാൻ യോഗം കിട്ടിയിട്ടുള്ളവർക്ക്, കൊടുത്താൽ കൊല്ലത്തും കിട്ടുമെന്നു പറഞ്ഞു ചൊരുക്ക് തീർക്കാൻ ഇതിനേക്കാൾ പറ്റിയ അവസരം കിട്ടാനില്ല.
എങ്കിലും ഈ പോലീസ് കടുവകളെ “ക്ഷ’’ വരപ്പിക്കാൻ ധൈര്യമുള്ള കിടുവകൾ ആരെന്നറിയാനായിരുന്നു നാട്ടുകാർക്ക് ആകാംക്ഷ. ഗുണ്ടകളെയും ക്വട്ടേഷൻകാരെയും വരെ കൊന്പുകുത്തിക്കുന്ന വന്പുള്ള പോലീസിനെ കൊന്പിൽ തൂക്കി പന്തുതട്ടുന്നത് ആരൊക്കെയാണെന്നറിഞ്ഞപ്പോഴേക്കും കളി പെനാൽറ്റി ഷൂട്ടൗട്ടിൽ എത്തിയിരുന്നു.
വല്യേമാന്റെ മാത്രം പാസും ത്രോയും മഞ്ഞക്കാർഡുമായിരുന്നെങ്കിൽ തപ്പിത്തടഞ്ഞാണെങ്കിലും വല കാക്കാമായിരുന്നു.. ഇതിപ്പം ഒരു വശത്തു വല്യേമാൻ, മറുവശത്ത് ഏമാനത്തി, പിന്നെ നാനാവശത്തും മക്കളും മരുമക്കളും...
എല്ലാവരും കൂടി ചറപറ ഗോളടിക്കാൻ തുടങ്ങിയാൽ സാദാ പോലീസുകാരന്റെ കാര്യം വെള്ളിയാഴ്ച പരേഡിനേക്കാൾ കഷ്ടം! എന്തിനധികം പറയുന്നു, ഇതുവരെ ഒരു തുന്പോ തുഞ്ചാണിയോ കണ്ടുപിടിച്ച ചരിത്രമില്ലാത്ത ഏമാന്റെ പട്ടിക്കു പോലും പോലീസുകാരനെ കണ്ടാൽ ബഹുത് പുച്ഛം. എസ്ഐ റാങ്കിൽ കുറഞ്ഞവൻ എന്നെ കുളിപ്പിക്കേണ്ട എന്ന മട്ടിലാണ് അതിന്റെ നില്പ്.
അണ്ടർവേൾഡ് കേസുകൾ അന്വേഷിക്കാനുള്ള ആവേശവുമായി കാക്കിയെടുത്തിട്ട ചിലർക്ക് ഇപ്പോൾ അണ്ടർവെയർ അലക്കി കലിപ്പു തീർക്കേണ്ട ഗതികേട്.
ഒരു ഐപിഎസുകാരന്റെ മീശ കോഴിക്കോട്ടെ ബാർബർ കട്ടു ചെയ്തപ്പോൾ ആശിച്ചതുപോലെ ഒത്തില്ലത്രേ. മീശയുടെ ക്രമം തെറ്റിയതോടെ മീശക്കാരന്റെ സമാധാനം പോയി. ക്രമസമാധാനം തിരികെ പിടിക്കേണ്ടേ?
കണ്ണൂരിൽനിന്നു പോലീസ് ജീപ്പിൽ ബാർബറെ കൊണ്ടുവന്നു കട്ടിംഗും ഷേവിംഗും നടത്തിയാണ് ഈ സാറ് ക്രമസമാധാനം നടപ്പാക്കിയതെന്നാണ് പത്രക്കാർ പറയുന്നത്. ഇങ്ങനെ വടക്കേന്ത്യയിൽനിന്നു മസിലും പെരുപ്പിച്ചെത്തുന്ന ചില ഐപിഎസുകാർ മാത്രമാണ് സാദാ പോലീസുകാരെ ലോകകപ്പ് കളിക്കാൻ ഉപയോഗിക്കുന്നതെന്നാണ് രാഷ്ട്രീയക്കാരുടെ കണ്ടുപിടിത്തം.
വടക്കേന്ത്യക്കാരുടെ ഇന്ത്യൻ പേഴ്സണൽ സർവീസ് കേരളത്തിൽ നടത്താൻ അനുവദിക്കില്ലെന്നു മുന്നറിയിപ്പും അവരുടെ വകയായുണ്ട്. എന്നാൽ, ഐപിഎസുകാർ സാദാ പോലീസുകാരെ അടുക്കളയിലിട്ടു തട്ടുന്നു, ഇതിനെ കുറ്റം പറയുന്ന രാഷ്ട്രീയക്കാരോ അവരെ റോഡിലിട്ടു തട്ടുന്നു..!
മിസ്ഡ് കോൾ
പാർട്ടിക്കുള്ളിൽ ഇപ്പോൾ നടക്കുന്നത് ഫോട്ടോയ്ക്കു വേണ്ടിയുള്ള ഇടി മാത്രമെന്നു ചെന്നിത്തല.
- വാർത്ത
ബ്യൂട്ടിപാർലറിന്റെ കുറവ് പരിഹരിക്കണം!