ക്രിക്കറ്റ് കളിക്കാരൻ കോഹ്ലിയുടെ ഫിറ്റ്നസ് ചലഞ്ച് മോദിജി ഏറ്റെടുക്കുന്നുവെന്നു കേട്ടപ്പോൾ മുതൽ ആകാംക്ഷയിലായിരുന്നു മേരേ പ്യാരേ ദേശ് വാസികൾ! 56 ഇഞ്ചിന്റെ പ്രകടനമാകുന്പോൾ, ആന്റണിയുടെ ഭാഷയിൽ കഠിനവും മാരകവുമായിരിക്കുമെന്നായിരുന്നു അനുയായികളുടെയും പ്രതീക്ഷ.
പക്ഷേ, മോദിജി തന്ത്രപൂർവം ആ ഇഞ്ച് സെന്റിമീറ്ററും മില്ലിമീറ്ററുമായി കുറച്ചു. ലൈറ്റ് വെയ്റ്റ് ഐറ്റംസിൽ മാത്രമേ പുള്ളിക്കാരൻ കൈവച്ചുള്ളൂ. പുൽമേട്ടിൽ മുന്നോട്ടും പിന്നോട്ടും നടക്കുക, ചരലിലും മണലിലും നടക്കുക, വെള്ളത്തിൽ ചവിട്ടുക തുടങ്ങിയ ഇനങ്ങളായിരുന്നു മോദിജിയുടെ വീഡിയോയിൽ.
ഉരുളൻ പാറക്കല്ലിൽ കിടന്നുള്ള അഭ്യാസമായിരുന്നു കൂട്ടത്തിൽ ഇത്തിരി കൂടിയ ഇഞ്ചിൽ കണ്ടത്. ഇതിനിടെ, ഉരുണ്ട പാറക്കല്ലിൽ മലർന്നു കിടക്കുന്നതു മാത്രമേയുള്ളൂ, അവിടെനിന്ന് എങ്ങനെയാണ് എഴുന്നേറ്റത് എന്ന രംഗം വീഡിയോയിലില്ല എന്നു കുശുന്പു പറയുന്നവരുമുണ്ട്. അസൂയയ്ക്കും ഫിറ്റ്നസിനും മരുന്നില്ലാത്തതിനാൽ അതു മൈൻഡ് ചെയ്യേണ്ട.
പ്രായംവച്ചു നോക്കുന്പോൾ മോദിജിയുടെ പ്രകടനം അത്ര മോശമല്ലായിരുന്നുവെന്നാണ് അനുയായികളുടെ പക്ഷം. എന്നാൽ, ഇതൊന്നുമല്ല ദേശവാസികൾക്കു കൗതുകമായി മാറിയത്. ചുള്ളനും ബാച്ചിലറുമായ രാഹുൽജി മുതൽ അഭ്യാസങ്ങളുടെ ആശാനായ കേജരിവാൾ വരെ ഡൽഹിയിൽ ഉണ്ടായിരുന്നിട്ടും അവർക്കിട്ടൊന്നും പണികൊടുക്കാതെ ഇങ്ങ് കർണാടകയിലെ കുമാരസ്വാമിയെ മോദിജി ഫിറ്റ്നസ് പ്രകടനത്തിനു വെല്ലുവിളിച്ചതിന്റെ രഹസ്യം ചികയുകയാണ് പലരും.
ഏതോ ഒരു ബ്ലാക്ക് ബെൽറ്റ് അരയിൽ കെട്ടിയിരിക്കുന്ന രാഹുൽജിയെയോ നിരാഹാരവും യോഗയുമൊക്കെ കൈയിലാക്കിയ കേജരിവാളിനെയോ ചലഞ്ച് ചെയ്തിട്ട് അവർ ഇതിലും വലിയ അഭ്യാസങ്ങളുമായി രംഗത്തുവന്നാൽ മോദിജിക്കു ക്ഷീണമാകുമെന്ന് ആരോ ഉപദേശിച്ചത്രേ.
അല്ലറചില്ലറ ആരോഗ്യപ്രശ്നങ്ങളുള്ള കുമാരസ്വാമി എന്തായാലും വലിയ അഭ്യാസങ്ങൾക്കു തുനിയില്ലെന്നായിരുന്നു ഉപദേശകരുടെ പ്രതീക്ഷ. എന്നാൽ, അഭ്യാസങ്ങളേക്കാൾ കടുകട്ടിയായിപ്പോയി കിട്ടിയ മറുപടി. പാറയിൽ ഉരുളുകയല്ല ജനങ്ങളുടെ പ്രശ്നങ്ങളുടെ ചുരുളഴിക്കുകയാണ് ഇപ്പോൾ പ്രധാനമെന്നു പറഞ്ഞ് അന്പത്താറിഞ്ചിന്റെ വെല്ലുവിളിക്കു കുമാരസ്വാമിയുടെ അന്പത്തൊന്ന് വെട്ട്!
കായികമന്ത്രി രാജ്യവർധൻസിംഗ് റാത്താഡ് തുടങ്ങിവച്ച ഫിറ്റ്നസ് ചലഞ്ച് ആണത്രേ കോഹ്ലിയും കഴിഞ്ഞ് മോദിജിയിൽ എത്തിയിരിക്കുന്നത്. ഫിറ്റ്നസ് ചലഞ്ചിന്റെ ചൂണ്ട ദക്ഷിണേന്ത്യയിലേക്കു നീളുന്നതു കാണുന്പോൾ ആരെങ്കിലും മലയാളികളെ ചലഞ്ച് ചെയ്തുകളയുമോ എന്നാണ് ഇപ്പോൾ പലരുടെയും പേടി.
മലയാളിക്ക് അഭ്യാസങ്ങൾ അറിയാത്തതുകൊണ്ടല്ല, ഇന്നത്തെ സാഹചര്യത്തിൽ ഫിറ്റ്നസ് ചലഞ്ച് എന്നു കേൾക്കുന്പോൾ മലയാളി തെറ്റിദ്ധരിക്കാനാണ് സാധ്യത.
കാരണം മലയാളികൾക്കു പരിചയമുള്ള ഒറ്റ ഫിറ്റേയുള്ളു... അതുണ്ടാക്കാൻ മോദിജിയുടെ പുൽത്തകിടിയോ പഞ്ചഭൂതങ്ങളെ ക്രമീകരിച്ചിരിക്കുന്ന കൃത്രിമ ട്രാക്കോ ചെത്തിയെടുത്ത ഉരുളൻ പാറക്കല്ലോ ഒന്നും വേണ്ട, അല്ലെങ്കിലും അതിന് ഇതൊക്കെ ആഡംബരമാണു താനും.
ഇരിക്കാനൊരു ബഞ്ചും ഒഴിക്കാനൊരു ഗ്ലാസും തൊടാനിത്തിരി ടച്ചിംഗ്സും ഉണ്ടെങ്കിൽ ഈ നാട്ടിൽ പലരും ഫിറ്റ് ആകും! പിന്നെ ഇക്കാര്യത്തിൽ വല്യഭാവമൊന്നുമില്ല, ഇരിക്കാൻ ബഞ്ചില്ലെങ്കിൽ നിൽപ്പനാകാം, ഒഴിക്കാൻ ഗ്ലാസില്ലെങ്കിൽ കുപ്പികൊണ്ട് അഡ്ജസ്റ്റ് ചെയ്യാം, തൊട്ടുനക്കാൻ ഒന്നുമില്ലെങ്കിൽ കമ്യൂണിസ്റ്റ് പച്ച കിട്ടിയാലും സന്തോഷം..!
അടച്ചിട്ട ബാറുകൾ തുറന്നുകൊടുത്തുകൊണ്ട് കേരള സർക്കാരാണെങ്കിൽ ഇഷ്ടം പോലെ ഫിറ്റ്നസ് സെന്ററുകളും തുറന്നുകഴിഞ്ഞു. ഫിറ്റ്നസ് കൂടിക്കഴിഞ്ഞാൽ പിന്നെ മലയാളികളിൽ പലർക്കും പുൽത്തകിടിയും പുറന്പോക്കും എല്ലാം ഏതാണ്ട് ഒരു പോലെ. അതുകൊണ്ട് ഫിറ്റ്നസ് ചലഞ്ച് ഇടുന്നവർ മലയാളിയെ തോണ്ടാതിരിക്കാൻ ശ്രദ്ധിക്കുക.
അതേസമയം, മോദിജിയുടെ വെല്ലുവിളി കുമാരസ്വാമി ഏറ്റെടുത്തില്ലെങ്കിൽ സ്വന്തം പാർട്ടിക്കാരെങ്കിലും പിടിക്കുമോ? അങ്ങനെയാണെങ്കിൽ സുരേന്ദ്രൻജിയുടെയും രമേശ്ജിയുടെയുമൊക്കെ അഭ്യാസ വിരുന്നുകൾക്കായി ദേശവാസികൾക്കു കാത്തിരിക്കാം.
മിസ്ഡ് കോൾ
= പാലക്കാട്ട് കോച്ച് ഫാക്ടറി കിട്ടില്ല.
- വാർത്ത
= സ്പെയിനു വേണ്ടാത്ത കോച്ച് മലയാളിക്കും വേണ്ട!