തലേവര നന്നായി വരണം എന്നാൽ, തലേനര അത്ര നന്നായി വരേണ്ട! ഇതു സിനിമാക്കാരനും രാഷ്ട്രീയക്കാരനും മാത്രമല്ല, ഇപ്പോൾ സാധാരണക്കാരനും നിർബന്ധമാണ്. അതുകൊണ്ടു നര പേരിനെങ്കിലുമുള്ളവർ നാട്ടിൽ ചുരുക്കം. സിനിമയിലെത്തുന്ന താരത്തിനും രാഷ്ട്രീയത്തിലെത്തുന്ന നേതാവിനും നര ഒരു വരമല്ല എന്നു പറയാതെ തരമില്ല. പൊടി തരാൻ കന്പനികളും കലക്കാൻ വീട്ടുകാരത്തിയും തേയ്ക്കാൻ മുടിയുമുള്ളതിനാൽ എല്ലാവർക്കും അന്നും ഇന്നും ഇരുപത്തഞ്ചിന്റെ ചെറുപ്പം.
കറുകറുത്ത മുടിയുള്ള യൂത്തന്മാരായി രാഷ്ട്രീയ സേവനം ചെയ്യുന്നതിന്റെ കഷ്ടപ്പാടുകൾ നാട്ടുകാർ വല്ലതും അറിയുന്നുണ്ടോ? സമരത്തിനു പോകുന്നതാണ് ഏറ്റവും വലിയ റിസ്ക്. പോലീസുകാർ ജലപീരങ്കിവച്ചു പൊട്ടിക്കുന്പോൾ നെഞ്ചിലൊരു ഇടിപ്പാണ്. കന്പനിക്കാർക്കെങ്ങാനും കൈപ്പിഴ സംഭവിച്ചിട്ടുണ്ടെങ്കിൽ കറുക്കാൻ തേച്ചതു പാണ്ടാകും. നാലുപാടും കാമറയും തൂക്കി നിൽക്കുന്നവർ കോളടിച്ചതുപോലെ ഓടിയെത്തും. "ജലപീരങ്കി കഴിഞ്ഞപ്പോൾ ഖദറുടുപ്പ് കരിങ്കൊടിയായി' എന്നെങ്ങാനും പത്രക്കാർ എഴുതിപ്പിടിപ്പിച്ചാൽ രാഷ്ട്രീയഭാവിയിൽ കരിയോയിൽ വീണതുതന്നെ.
ഇങ്ങനെ പിടിച്ചുനിൽക്കാൻ യൂത്തന്മാർ പതിനെട്ടടവും പയറ്റുന്പോഴാണ് തങ്ങൾക്കിപ്പോഴും പതിനെട്ടാണെന്ന മട്ടിൽ ചില മൂത്തന്മാരുടെ പിടിവാശി. കസേരയിലെ പിടിവിടാൻ കാരണവന്മാർക്കു തെല്ലും മനസില്ലെന്നു തോന്നിയതോടെ യൂത്തന്മാർ പൊട്ടിത്തെറിച്ചു. അതുകേട്ടു കാരണവന്മാർ ഞെട്ടിത്തെറിക്കുമെന്നാണ് പാവങ്ങൾ കരുതിയത്. പക്ഷേ, പിള്ളേരു പൊട്ടിച്ചതു വെറും പൊട്ടാസ് ആണെന്നു പറഞ്ഞ് മൂത്തവർ ദേ നിർത്താതെ പൊട്ടിച്ചിരിക്കുന്നു. മുതിർന്നവരുടെ മുതുകത്തു സ്റ്റന്പ് നാട്ടി ക്രിക്കറ്റ് കളിക്കാമെന്ന് ഒരുത്തനും കരുതേണ്ടെന്ന ഡയലോഗ് വേറെയും.
കുഴിയിലേക്കു കാലും നീട്ടിയിരുന്നു കാറ്റു കൊള്ളുന്നവരുടെ സംസ്ഥാന സമ്മേളനമാണ് രാജ്യസഭയിൽ നടക്കുന്നതെന്നു പറഞ്ഞു ഒരു യൂത്തൻ മൂത്തവരെ ചവിട്ടിയൊന്നിരുത്തി. ഫുട്ബോർഡിൽ പോലും ഇടമില്ലാതെ യുവാക്കൾ തൂങ്ങിനിൽക്കുന്പോൾ കിട്ടിയ സീറ്റിൽ കിടന്നുറങ്ങുന്ന പരിപാടി മൂത്തവരു നിർത്തണമെന്നാണ് യൂത്തന്മാരുടെ പക്ഷം. ഇറങ്ങേണ്ട സ്റ്റോപ്പുകൾ പലതുകഴിഞ്ഞിട്ടും ഉറക്കം നടിച്ചിരിക്കുകയാണത്രേ പലരും. കണ്ടക്ടർഗാന്ധി തന്നെ ഇടപെട്ട് അടുത്ത സ്റ്റോപ്പിലെങ്കിലും ഇവരെ ഇറക്കിവിടണം. എന്നാൽ, അങ്ങനെ കാണുന്നവരെല്ലാം അടിക്കുന്ന ബെല്ലിനു വഴിയിലിറങ്ങാൻ തങ്ങളെ കിട്ടില്ലെന്നാണ് മൂത്ത നേതാക്കളുടെ ശാഠ്യം. വിറകുവെട്ടിയും വെള്ളം കോരിയും കഷ്ടപ്പെട്ട കാലം പാർട്ടിയിൽ ഉണ്ടായിരുന്നെന്നും അല്ലാതെ ചിലരെപ്പോലെ ഫേസ്ബുക്കിൽ ചുരണ്ടിയിട്ടും മാന്തിയിട്ടുമല്ല കസേര കിട്ടിയതെന്നുമാണ് പറഞ്ഞതിന്റെ ചുരുക്കം.
എന്നാൽ, പൊതുജനത്തിനു കൗതുകം തോന്നുന്ന കഥ ഇതല്ല, പണ്ട് അന്നത്തെ മൂത്തവരെ തുരത്തിയാണ് യൂത്തന്മാർ കസേരകൾ കൈയേറിയത്. ആ യൂത്തൻമാരൊക്കെ ഇന്നു മൂത്തുപഴുത്തിട്ടും മധുരപ്പതിനെട്ടെന്ന മട്ടിൽ അള്ളിപ്പിടിച്ചിരിക്കുന്നു. ഇനി ഇവരെ എങ്ങനെയെങ്കിലും ഉന്തിത്തള്ളി ഇറക്കിയിട്ട് ഇപ്പോഴത്തെ യൂത്തന്മാർ കയറുന്നു എന്നു കരുതുക, കഥയ്ക്കു മാറ്റമുണ്ടാകാനുള്ള യാതൊരു സാധ്യതയും കാണുന്നില്ല. രണ്ടു തവണ മത്സരിച്ചു ജയിച്ച യൂത്തന്മാരാരും അടുത്ത തവണ കിട്ടാത്തവർക്കായി ഒഴിഞ്ഞ് അവസരം കൊടുക്കുമെന്നു പ്രഖ്യാപിച്ചതായി കേട്ടിട്ടില്ല. ഇവരെ ഒഴിപ്പിക്കാൻ മണ്ണുമാന്തിയുമായി അടുത്ത സംഘം വരുന്നതുവരെ കാത്തിരിക്കാം. മൂത്തവരെ തുരത്താനുള്ള യൂത്തരുടെ കലാപം തകൃതിയാണെങ്കിലും "മുതുനെല്ലിക്ക ആദ്യം കയ്ച്ചാലും പിന്നെ മധുരിച്ചോളു'മെന്നു പറഞ്ഞു ഹൈക്കമാൻഡ് കൈയൊഴിയുമോയെന്നതു കണ്ടറിയണം.
മിസ്ഡ് കോൾ
നിപ്പായ്ക്കു പിന്നാലെ ഒരാൾക്കു കരിന്പനി.
- വാർത്ത
ഒരു തരത്തിലും ജീവിക്കാൻ സമ്മതിക്കുകേല!