കേരളത്തിൽ റബർ വെട്ടാൻ ആളെ കിട്ടാനില്ല, വെട്ടുന്നവനും വെട്ടിക്കുന്നവനും വലിയ കിട്ടപ്പോരില്ല എന്നതു തന്നെ കാരണം. റബർ അവിടെ നിൽക്കട്ടെ, ഏതെങ്കിലും മരം ചുവടോടെ വെട്ടിയേക്കാമെന്നു വച്ചാൽ അതിനും വെട്ടുകാരെ കിട്ടാൻ കഷ്ടപ്പെടും. ഇനി നാട്ടിലെ കോഴിക്കടകളിൽ ചെന്നാലോ, നാടൻ വെട്ടുകാരെ തീരെ കിട്ടാതെ വന്നതോടെ കോഴിയെ വെട്ടുന്നത് എട്ടും പൊട്ടും തിരിയാത്ത ബംഗാളി വെട്ടുകാർ. കല്ലുവെട്ട്, കപ്പവെട്ട്, കുഴിവെട്ട്, ഇറച്ചിവെട്ട്, മീൻവെട്ട് തുടങ്ങി നാട്ടിലെ ഏതാണ്ട് എല്ലാ പ്രധാന വെട്ടുമേഖലകളും മലയാളിയെ കിട്ടാനില്ലാതെ ബംഗാളിക്കു തട്ടി. ചട്ടവും മട്ടവും നോക്കാതെ അവർ വെട്ടാനുള്ളതിനാൽ നാട്ടുകാർക്കു കഞ്ഞിക്കു മുട്ടില്ലെന്നതും സത്യം.
ഇത്രയും കേട്ടപ്പോൾ വെട്ടുപണിക്കു മലയാളിയെ കിട്ടില്ലെന്നു കരുതിയെങ്കിൽ അവിടെ തെറ്റി. മരം വെട്ടാനും റബർ വെട്ടാനും കപ്പവെട്ടാനുമൊക്കെയേ മലയാളിക്കു മടിയുള്ളൂ, നിങ്ങൾ രണ്ടാളെ വെട്ടുന്ന കാര്യം പറഞ്ഞേ, വടിവാളും കൊടുവാളുമായി വെട്ടുകാരു വീട്ടിൽ വന്നു ക്യൂ നിൽക്കും! മനുഷ്യനെ വെട്ടുന്ന കാര്യത്തിൽ ഇന്നേവരെ ഒരു ക്ഷീണവും തോന്നീട്ടില്ലാത്തതിനാൽ തത്കാലം ഈ രംഗത്തു ബംഗാളിക്കു പണിയില്ല. എന്നു മാത്രമല്ല, പല മലയാളിവെട്ടുകാരും പണിതേടി നടക്കുകയാണു താനും.
വെട്ടത്തു വെട്ടണോ ഇരുട്ടത്തു വെട്ടണോ അതോ വെട്ടം വീഴുന്പോൾ വെട്ടണോ, അവരു റെഡി. വട്ടത്തിലോ നീളത്തിലോ ചതുരത്തിലോ എങ്ങനെ വേണമെങ്കിലും വെട്ടി ചട്ടിയിലോ വട്ടിയിലോ ആക്കിത്തരും.
പിന്നെ, കണ്ണൂർവെട്ട് ആണെങ്കിൽ നന്പർ നേരത്തെതന്നെ കൊടുക്കേണ്ടിവരും, 25, 51, 44 എന്നിങ്ങനെ വിവിധ മോഡലുകളിൽ വെട്ടിവെടിപ്പാക്കും!
ആളെ വെട്ടുന്നതിൽ തൊഴിലാളിക്ഷാമം ഉണ്ടാകാതിരിക്കാൻ എല്ലാ രാഷ്ട്രീയക്കാരും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട് എന്നതിൽ നമുക്ക് അഭിമാനിക്കാം!. ഇങ്ങനെ പോയാൽ പാർട്ടിയാപ്പീസ് എന്ന് ഇനി നീട്ടി പറയേണ്ടതില്ല, വെട്ടാപ്പീസ് എന്നു പറഞ്ഞാലും നാട്ടുകാർക്കു കാര്യം മനസിലാകും.
ഗപ്പൊന്നും കിട്ടുന്നില്ലെങ്കിലും മലയാളനാട്ടിൽ ആളെ വെട്ടുന്നത് ഇപ്പോൾ ഒരു കോന്പറ്റീഷൻ ഐറ്റമായോയെന്ന് സംശയിക്കേണ്ട കാഴ്ചകളാണ് കണ്ടുകൊണ്ടിരിക്കുന്നത്. പണ്ട് വെട്ടെന്നു കേട്ടാൽ മലയാളി ഞെട്ടിയിരുന്നു എന്നാൽ, വെട്ടു നടന്നിട്ടും ഹർത്താൽ പ്രഖ്യാപിച്ചില്ല എന്നു കേട്ടാൽ മാത്രമേ ഇന്നു മലയാളി ഞെട്ടൂ.
ഓരോ വെട്ടിക്കൊല കഴിയുന്പോഴും എല്ലാവരെയും വിളിച്ച് ഒരു സമാധാനയോഗം തട്ടിക്കൂട്ടും. മേലിൽ അങ്ങോട്ടും ഇങ്ങോട്ടും വെട്ടില്ലെന്നു കട്ടായം പറയും. എന്നിട്ടു കട്ടൻകാപ്പിയും കുടിച്ചുപിരിയും... ഹോ അപ്പോൾ തോന്നുന്ന ഒരു സമാധാനമുണ്ടല്ലോ, അതു ശാന്തസമുദ്രത്തിൽ ചെന്നാൽ പോലും കിട്ടില്ല!
സമാധാനയോഗത്തിലെ നേതാക്കളുടെ തൊണ്ടയിടറിയുള്ള പ്രസംഗം കേട്ടാൽ നമുക്കു തോന്നും വെട്ടിയവൻമാരെ ഇപ്പോൾ കൈയിൽ കിട്ടിയാൽ രണ്ടെണ്ണം പൊട്ടിക്കുമെന്ന്. എന്നാൽ, നേതാക്കൾ സമാധാനയോഗം കൂടി പൊട്ടിത്തെറിക്കുന്പോൾ, കുപ്പി രണ്ടെണ്ണം പൊട്ടിച്ച് “വെട്ടുമഹാമഹം’’ ആഘോഷിക്കുന്ന തിരക്കിലായിരിക്കും അനുയായികളിൽ ചിലർ. അവർ ഫേസ്ബുക്കിലും വാട്ട്സ്ആപ്പിലും രക്തസാക്ഷികളെയും ബലിദാനികളെയും ലൈക്ക് അടിച്ചും ഷെയർ ചെയ്തും ചോര തിളപ്പിക്കും.
വെട്ടാൻ വരുന്ന പോത്തിനോടു വേദമോതീട്ട് കാര്യമില്ലെന്നൊരു ചൊല്ല് നാട്ടിലുണ്ട്. എന്നാൽ, വെട്ടാൻ പറഞ്ഞുവിടുന്ന പോത്തുകളെങ്കിലും നാട്ടുകാരുടെ വേദമോതൽ കേട്ട് ഇത്തിരി വിട്ടുവീഴ്ച ചെയ്തെങ്കിൽ!
മിസ്ഡ് കോൾ
ആഗോള പ്രബലരുടെ പട്ടികയിൽ നരേന്ദ്രമോദി ഒൻപതാം സ്ഥാനത്ത്.
- വാർത്ത
ഇനിയുമേറെ പറക്കേണ്ടിയിരിക്കുന്നു!