വെള്ളരിക്കുണ്ട്(കാസർഗോഡ്): ആരുടെയും മുന്നിൽ കൈനീട്ടാതിരിക്കാൻ പുലർച്ചെ മുതൽ പാതിരാവരെ അധ്വാനിച്ചായിരുന്നു ഞങ്ങളുടെ ജീവിതം. റബർവില തകർന്നുതരിപ്പണമായപ്പോൾ കഠിനാധ്വാനമാണ് ഏകരക്ഷാമാർഗമെന്ന് ജോസ്ചേട്ടൻ പറഞ്ഞിരുന്നു. ഉള്ളതുകൊണ്ടു സന്തോഷമായി ജീവിക്കണമെന്ന് അദ്ദേഹത്തിനു നിർബന്ധമായിരുന്നു. എന്നാൽ, അപ്രതീക്ഷിതമായെത്തിയ ഒരു ദുഷ്ടമൃഗം എല്ലാം തകർത്തുകളഞ്ഞു. ഇത്രയും പറയുമ്പോഴേക്കും റൂബി തേങ്ങിപ്പോയി.
കാട്ടുപന്നിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട, കാസർഗോഡ് ജില്ലയിലെ ബളാൽ ആനമഞ്ഞളിലെ ജോസ് മാടത്താനിയുടെ ഭാര്യ റൂബി ജോസ് മികച്ച പൊതുപ്രവർത്തകയും ബളാൽ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമാണ്. ജോസിന്റെ മരണ ശേഷം ഇതുവരെ പഞ്ചായത്തിലേക്കു പോകാൻ പോലും കഴിഞ്ഞിട്ടില്ലെന്നാണ് റൂബി പറയുന്നത്. കർഷകരുടെ ജീവനു ഭീഷണിയാകുന്ന കാട്ടുമൃഗങ്ങളെ കൊന്നുകളയാൻ കർഷകനെ അനുവദിക്കുകയാണു വേണ്ടതെന്നു റൂബി പറയുന്നു.
മനുഷ്യന്റെ ജീവനേക്കാൾ വലുതല്ലല്ലോ മൃഗങ്ങളുടേത്. ഇത്തരം നിയമങ്ങൾ ദുരുപയോഗം ചെയ്യപ്പെടുമെന്നു പറയുന്നവരോട് എനിക്കു ചോദിക്കാനുള്ളതു കർഷകരെ മൃഗങ്ങൾ കൊന്നുകൊണ്ടിരിക്കുകയും കുടുംബങ്ങൾ അനാഥമാക്കപ്പെടുകയും ചെയ്യട്ടെ എന്നാണോ? ആരും കൃഷി ചെയ്യേണ്ട എന്നാണോ?.
കാർഷിക ഉത്പന്നങ്ങൾക്കൊന്നും വിലയില്ല. എങ്കിലും ജീവിതം വല്ല വിധേനയും മുന്നോട്ടുകൊണ്ടുപോകാൻ കഷ്ടപ്പെടുന്പോൾ ഇത്തരം അനുഭവങ്ങൾ തളർത്തിക്കളയും. കർഷകർക്കു പ്രശ്നങ്ങൾ ഉണ്ടാകുന്പോൾ മുഖംതിരിക്കുന്ന സർക്കാരുകളുടെ നിലപാടു തിരുത്തണം.
സർക്കാർ സർവീസിലിരിക്കെ മരിച്ചാൽ ആശ്രിതർക്കു ജോലി നൽകാനുള്ള വകുപ്പുണ്ട്. പെൻഷൻ പറ്റിയാലും മാന്യമായി ജീവിക്കാനുള്ള പെൻഷൻ ലഭിക്കും. ഇക്കാര്യങ്ങൾ പരിഗണിക്കുന്പോൾ കർഷകൻ ഈ രാജ്യത്തെ പൗരൻതന്നെയല്ലേ എന്നു സംശയം ഉയരും. കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്കു പേരിനു ജോലിയും നഷ്ടപരിഹാരവുമൊക്കെ നൽകാറുണ്ട്. എന്നാൽ, അതുമതിയോ? കർഷകൻ കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ മരിച്ചാൽ ആശ്രിതർക്കു ജീവിക്കാനുതുകുന്ന തരത്തിൽ സർക്കാർ ജോലിയോ പെൻഷനോ നൽകാൻ നിയമമുണ്ടാകണം. എങ്കിൽ മണ്ണിനോടും മൃഗങ്ങളോടും മല്ലടിച്ച് കൃഷിചെയ്യുന്നവർക്ക് പ്രതീക്ഷയ്ക്കു വകയുണ്ടെന്നും റൂബി പറഞ്ഞു.
അന്പതു വർഷങ്ങൾക്കു മുന്പ് കാൽനടയാത്ര പോലും ദുഃസഹമായ സാഹചര്യത്തിലാണ് ആനമഞ്ഞളിലേക്കു മാടത്താനി കുടുംബം കുടിയേറിയത്. നാലു മക്കളെയും പഠിപ്പിച്ചു. മൂന്നുപേർക്കു ജോലി കിട്ടി. അവരുടെ വിവാഹവും കഴിഞ്ഞു. ഒക്ടോബറിൽ മലബാർ കുടിയേറ്റത്തിന്റെ അന്പതാം വാർഷികം തറവാട് വീട്ടിൽ സഹോദരങ്ങളുടെ നേതൃത്വത്തിൽ ആഘോഷിക്കാൻ തീരുമാനിച്ചിരുന്നു. അതിനിടെയാണ് എല്ലാം തകർത്തുകൊണ്ടു ദുരന്തമുണ്ടായത്.
കർഷകനല്ലേ ഇത്രയൊക്കെ മതി എന്നാവും ചിന്ത. ഇത്ര മതിയോ എന്നു കർഷകൻ ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പോരാടി അവകാശങ്ങൾ നേടിയെടുക്കുക തന്നെ വേണം. ദീപിക എന്നും കർഷകർക്കൊപ്പം നിൽക്കുന്ന പത്രമാണ്. കർഷകരുടെ ശബ്ദമായ ദീപികയോടൊപ്പംനിന്നു പൊരുതാൻ കർഷകനു കഴിയണമെന്നും റൂബി പറഞ്ഞു.
മേയ് രണ്ടിനു രാവിലെ ജോസ് മാടത്താനിയുടെ കബറിടത്തിൽനിന്നു തെളിക്കുന്ന ദീപമാണ് ദീപിക ഫ്രണ്ട്സ് ക്ലബിന്റെ നേതൃത്വത്തിൽ തുടങ്ങുന്ന കേരള കർഷക ജാഥയുടെ പ്രചോദനം. ജാഥയുടെ തുടക്കത്തോടെ ലക്ഷക്കണക്കിനു വരുന്ന കർഷകരുടെ പ്രാർഥനകളും പിന്തുണയും തന്റെ കുടുംബത്തിനു ലഭിക്കുമെന്ന ആത്മവിശ്വാസത്തിൽ കരുത്ത് വീണ്ടെടുക്കുകയാണ് റൂബി.
കാടിറങ്ങി വന്യജീവികൾ , ഉറക്കമില്ലാതെ കർഷകർ / ഡാജി ഓടയ്ക്കൽ