ഏതു പോലീസുകാരനും ഒരു അബദ്ധമൊക്കെ പറ്റുമെന്നു നാട്ടുകാർ പലപ്പോഴും പോലീസുകാർ കേൾക്കാതെ പറയാറുണ്ട്. അതെന്തിനാണ് പോലീസുകാർ കേൾക്കാതെ പറയുന്നത്? കേൾക്കെ പറഞ്ഞാൽ കുഴപ്പം വല്ലതുമുണ്ടോ? കേൾക്കുന്ന പോലീസുകാരന് ഇഷ്ടപ്പെട്ടില്ലെങ്കിൽ അവർ നമ്മളെ തൂക്കിയെടുക്കും. ധാർമികരോഷം ഓവറായി ഉണ്ടെങ്കിൽ പോലീസുകാരനെന്താ ഈ വീട്ടിൽ കാര്യം? എന്ന പ്രശസ്തമായ സിനിമാ ഡയലോഗ് നമുക്കു വെടിപൊട്ടുന്നതു പോലെ ചോദിക്കാം. പക്ഷേ, അടി പൊട്ടുന്നതിനിടയിലും നാടൻഭാഷാ ശീലുകൾ അനർഗളമായി പ്രവഹിക്കുന്നതിനിടയിലും അതാരെങ്കിലും കേൾക്കാനുള്ള സാധ്യത തീരെയില്ല.
ഇങ്ങനെ ഒൗദ്യോഗിക ബഹുമതികളോടെ തൂക്കിയെടുത്തു കൊണ്ടുപോകുന്നതിനെ അവർ "കസ്റ്റഡി' എന്നു വിളിക്കും. അടുത്ത കാലത്തെ സംഭവങ്ങളുടെ വെളിച്ചത്തിൽ "കസ്റ്റഡി’ എന്നതിനെ "മസ്റ്റ്അടി’ എന്നാക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. അങ്ങനെ കസ്റ്റഡിയിലെ മസ്റ്റ് അടികൾ ഏറ്റുവാങ്ങുന്നതിനിടയിൽ അവർക്കു പതിവുപോലെ വല്ല അബദ്ധവും സംഭവിച്ചാൽ ശേഷ കാലം നമ്മൾ ഭിത്തിയിൽ ചുക്കിലിയും പിടിച്ച് ഇരിക്കേണ്ടി വരും. ഇതറിയാവുന്നതുകൊണ്ടാണ് കവലയിൽ നിൽക്കുന്നവനും കലുങ്കിൽ ഇരിക്കുന്നവനുമൊക്കെ "പൗലോസ്’ എന്നെഴുതിയ ജീപ്പു കണ്ടാലും ജീവനുംകൊണ്ടോടുന്നത്.
നഖത്തിനിടയിൽ മുട്ടുസൂചി കയറ്റൽ, കാൽവെള്ളയിൽ ചൂരലടി, പച്ചഈർക്കിലി കുത്തൽ, മൂത്രധാര, ഉരുളുനേർച്ച തുടങ്ങിയ ആചാരപരമായ കർമങ്ങൾ ചില സ്റ്റേഷനുകളിൽ കൂടിക്കൂടി വന്നപ്പോഴാണ് പോലീസിനെ ജനമൈത്രി ശസ്ത്രക്രിയയ്ക്കു വിധേയമാക്കി പ്രശ്നം പരിഹരിക്കാൻ വലിയേമാൻമാർ തീരുമാനിച്ചത്. അങ്ങനെ കുറെ പോലീസ് സ്റ്റേഷനുകളെ തെരഞ്ഞെടുത്ത് ജനമൈത്രിയായി പ്രഖ്യാപിച്ചു. മേലിൽ പോലീസുകാർ സ്റ്റേഷനിൽ എത്തുന്നവരെ കെട്ടിപ്പിടിക്കും, ഉമ്മ വയ്ക്കും, ചായ വാങ്ങിത്തരും, പുറം തിരുമ്മിത്തരും എന്നിങ്ങനെ മോഹനമായ പല വാഗ്ദാനങ്ങളും കേട്ടു ജനം കോരിത്തരിച്ചു. പോലീസ് സ്റ്റേഷൻ ഒരു പൂങ്കാവനമായി മാറുന്നത് അവർ സ്വപ്നം കണ്ടു.
ഒരു പോലീസ് സ്റ്റേഷനു മുന്നിൽ ജനമൈത്രി ബോർഡ് വയ്ക്കുന്പോൾ സ്വിച്ച് ഇടുന്നതുപോലെ ആ സ്റ്റേഷനിലെ മുഴുവൻ പോലീസുകാരും ജനമൈത്രികൾ ആയി മാറുമെന്നോ മറ്റോ വലിയ ഏമാൻമാർ തെറ്റിദ്ധരിച്ചു പോയി എന്നു തോന്നുന്നു. പിന്നെ കണ്ട കാഴ്ച ഇങ്ങനെ, മര്യാദക്കാരായ കുറെ പോലീസുകാരെ പിടിച്ചു ജനമൈത്രി ഡ്യൂട്ടിയിലേക്കു തട്ടി. ജനമൈത്രി അവരുടെ മാത്രം തലയിലായി. ജനമൈത്രി വേഷമിട്ട പലരും നേരത്തെയും മര്യാദക്കാരായിരുന്നു എന്നതാണ് സത്യം. ബാക്കിയുള്ളവർ പഴയ മൈത്രിയുമായി ഇന്നും മേയുന്നു, പലരുടെയും മേക്കിട്ടു കയറുന്നു. ഇരട്ടച്ചങ്കുള്ള സർക്കാർ "എല്ലാം ശരിയാക്കാ’മെന്ന് പറഞ്ഞപ്പോൾ പോലീസുകാർ കേട്ടത് "തല്ലി ശരിയാക്കാം’ എന്നായിരിക്കും. ഇരട്ടച്ചങ്കിനു കീഴിലിരുന്നിട്ടും ചില കാക്കിക്കാർക്കു പാവങ്ങളുടെ ഇടത്തേ ചങ്കിനിടിക്കാൻ തെല്ലും ചങ്കിടിപ്പു തോന്നുന്നില്ല എന്നത് ആശങ്കാജനകം തന്നെ.
ഇതിനിടെ, ഇരാറ്റുപേട്ടയിൽനിന്ന് ആലുവ വഴി കണ്ണൂരുകാരുടെ കസ്റ്റഡിയിലായ കെഎസ്ആർടിസി ബസ് ഒരു പെണ്കുട്ടിയുടെ ഫോണ്കോൾ വന്നതോടെ തിരിച്ച് ഈരാറ്റുപേട്ടയിൽ എത്തിയത് കണ്ടു വണ്ടറടിച്ചുനിൽക്കുകയാണ് നാട്ടുകാർ. എംപിമാരും എംഎൽഎമാരും വരെ നോക്കിയിട്ട് സ്വന്തം നാട്ടിൽ പോലും കെഎസ്ആർടിസി ബസ് പിടിച്ചുനിർത്താൻ പറ്റാത്ത കാലമാണിത്.
പോയതു കൈയും വീശിയാണെങ്കിലും നെഞ്ചത്ത് "ചങ്ക്’ എന്ന പേരും ചാർത്തിയാണ് കെഎസ്ആർടിസി ബസ് തിരിച്ചെത്തി നാട്ടുകാരുടെ മനം കവർന്നിരിക്കുന്നത്. പലരും മൈൻഡ് ചെയ്യാതിരുന്ന കെഎസ്ആർടിസി "ചങ്ക്’ എന്നു നെഞ്ചത്തെഴുതി ജനങ്ങളുടെ മനസിൽ കയറിയെങ്കിൽ പോലീസുകാർക്കും ആ വഴി ഒന്നു പരീക്ഷിക്കരുതോ. പോലീസും നെഞ്ചത്ത് എഴുതി ഒട്ടിക്കണം, വെറും ചങ്ക് വേണ്ട, "ഇരട്ടച്ചങ്ക്’ എന്നുതന്നെ ആയിക്കോട്ടെ!
മിസ്ഡ് കോൾ
കസ്റ്റഡി മരണത്തിൽ പ്രതിഷേധിച്ച് ബിജെപി ലോംഗ് മാർച്ച് സംഘടിപ്പിച്ചു
വാർത്ത
ഇനി ആർക്കും സാദാ മാർച്ച് ഇല്ല, ലോംഗ് മാർച്ച് മാത്രം.!