ജീവനാണ് മറ്റെന്തിനേക്കാളും വലുത്. അതും കൈയിൽ പിടിച്ചു കൃഷിയിടവും സ്വത്തു വകകളും എല്ലാം ഉപേക്ഷിച്ചുള്ള പലായനം കാണണമെങ്കിൽ വടക്കേ ഇന്ത്യയിലോ അന്യരാജ്യങ്ങളിലോ ഒന്നും പോകേണ്ട. നമ്മുടെ കൊച്ചു കേരളത്തിൽ ഈ കാഴ്ച കാണാം. ഈ ദയനീയ കാഴ്ച കണ്ടിട്ടും അധികൃതരുടെ മനമലിയുന്നില്ല എന്നതാണ് വിചിത്രം.
ആന, പുലി ഉൾപ്പെടെയുള്ള കാട്ടുമൃഗങ്ങളുടെ ഭീഷണിയിൽ വിറങ്ങലിച്ചാണ് മലയോരത്തെ പല കർഷക കുടുംബങ്ങളും മലയിറങ്ങുന്നത്. ജീവിതം ഭീതിയിലായതോടെ മംഗലംഡാം, കിഴക്കഞ്ചേരി മലയോരങ്ങളിലെ കർഷകരാണ് മറ്റിടങ്ങളിലേക്കു പ്രാണരക്ഷാർഥം മാറുന്നത്. കാലവർഷത്തെ പ്രകൃതിക്ഷോഭവും കാട്ടുമൃഗ ശല്യവും മൂലം കൃഷിചെയ്തുള്ള ഉപജീവനം അസാധ്യമെന്നായപ്പോഴാണ് ഇവർ എല്ലാം ഉപേക്ഷിച്ചുപോകുന്നത്. അതിനു കഴിയാത്തവർ ആധിയിലും ഭീതിയിലും ജീവിതം തള്ളി നീക്കുന്നു.
പുലികൾ പിടിച്ചതിനാൽ മലയോരത്തെ വീടുകളിലൊന്നും ഇപ്പോൾ വളർത്തു നായ്ക്കളില്ല. കഴിഞ്ഞ മൂന്നു വർഷത്തിനിടെ മാത്രം നൂറിലേറെ വളർത്തു നായ്ക്കളെ പുലിപിടിച്ചു തിന്നിട്ടുണ്ടെന്നാണ് കണക്ക്.
പുലിയെ പേടിച്ചു വീടുകളിൽ ആട്, പശു, എരുമ തുടങ്ങിയ വളർത്തു മൃഗങ്ങളുടെ പരിപാലനവും കർഷകർ വേണ്ടെന്നു വച്ചു. ഇതു മലയോരവാസികളുടെ വരുമാനത്തെയും ജീവിതത്തെയും പ്രതിസന്ധിയിലാക്കി.
റബറിന്റെയും വിളകളുടെയും മറ്റും വില ഇടിയുകയും കിഴങ്ങുവർഗ കൃഷി പന്നിയും മാൻകൂട്ടങ്ങളും നശിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വളർത്തു മൃഗങ്ങളായിരുന്നു മലന്പ്രദേശത്തെ പല കുടുംബങ്ങളുടെയും വരുമാന മാർഗം. എന്നാൽ, പുലി ഇറങ്ങാൻ തുടങ്ങിയതോടെ അതും പ്രതിസന്ധിയിലായിരിക്കുന്നു.
ജീവിക്കാൻ നിവൃത്തിയില്ലാതായതോടെ ആയുസ് മുഴുവൻ അധ്വാനിച്ചതെല്ലാം വൃഥാവിലായതിന്റെ മനോവേദനയിലാണ് മലയിറങ്ങുന്ന കർഷകരെല്ലാം.
വീഴ്ലി, കാന്തളം, പൊൻകണ്ടം, കടപ്പാറ, ഓടംതോട്, കവിളുപ്പാറ, മണ്ണെണ്ണക്കയം, വിആർടി, നീതിപുരം, കിഴക്കഞ്ചേരി, കോട്ടേക്കുളം, പാലക്കുഴി, പാത്രക്കണ്ടം, കണിച്ചിപ്പരുത തുടങ്ങി പുലിഭീതിയിൽ കഴിയുന്ന മലയോര ഗ്രാമങ്ങൾ നിരവധിയാണ്. പീച്ചി വന്യമൃഗസംരക്ഷണ കേന്ദ്രത്തിനടുത്ത പ്രദേശങ്ങൾ, നെല്ലിയാന്പതിയുമായി ബന്ധപ്പെട്ട മലന്പ്രദേശങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കാട്ടുമൃഗഭീഷണി രൂക്ഷമാണ്. നൂറും നൂറ്റിയന്പതും വരുന്ന വാനരപ്പട തോട്ടങ്ങളിലെത്തി ചക്ക, മാങ്ങ, കരിക്ക്, പഴവർഗങ്ങൾ എല്ലാം തിന്നുതീർക്കുന്നതു കണ്ടു കർഷകർ ചങ്കു തകർന്നു നിൽക്കുന്നു.
മാൻകൂട്ടമിറങ്ങി തൈ റബറിന്റെ തൊലി കടിച്ചുകീറി നശിപ്പിക്കുന്നതാണ് മലയോര കർഷകരെ അലട്ടുന്ന മറ്റൊരു പ്രശ്നം. പുലിയിറക്കം റബർ ടാപ്പിംഗും പ്രതിസന്ധിയിലാക്കി. അതിരാവിലെ ടാപ്പിംഗിനു പോകുന്ന ടാപ്പർമാരെ പുലി ആക്രമിക്കാൻ ശ്രമിക്കുന്ന സംഭവങ്ങൾ പെരുകിയതോടെ ഇവിടങ്ങളിൽ ടാപ്പിംഗിന് ഇറങ്ങാൻ പലർക്കും ഭയമാണ്.
കാട്ടുമൃഗശല്യം കൃഷിക്കു മാത്രമല്ല മനുഷ്യ ജീവനും ഭീഷണി ഉയർത്തുന്നുണ്ട്. അതിനാൽ കുട്ടികളെ തനിച്ചുവിടാൻ രക്ഷിതാക്കൾക്കു ഭയമാണ്. വീടിനു പുറത്തിറങ്ങി സമാധാനത്തോടെ കളിക്കാനുള്ള സ്വാതന്ത്ര്യം പോലും ഈ കുട്ടികൾക്കു നിഷേധിക്കപ്പെട്ടിരിക്കുന്നു. ഏതു സമയത്തും പുലി ചാടി വീഴാവുന്ന സാഹചര്യത്തിൽ എങ്ങനെ കുട്ടികളെ പുറത്തിറക്കി വിടാൻ കഴിയും? ഇങ്ങനെയൊരു ജീവിതത്തെക്കുറിച്ചു സങ്കല്പിക്കുക തന്നെ അസഹനീയം.. അപ്പോൾ അനുഭവിക്കുന്ന കർഷകരുടെ സ്ഥിതിയോ?
കാടിറങ്ങി വന്യജീവികൾ, ഉറക്കമില്ലാതെ കർഷകർ / സി. അനിൽ കുമാർ