ആനയിറങ്കൽ മേഖലയിലും സമീപപ്രദേശങ്ങളിലും 2003 അവസാനത്തോടെ തുടങ്ങിയതാണ് മനുഷ്യനും ആനയും തമ്മിൽ ജീവിക്കാനുള്ള യുദ്ധം. രണ്ടു പതിറ്റാണ്ടിനിടയിൽ അതിജീവനത്തിനായുള്ള പോരാട്ടത്തിൽ 33 മനുഷ്യർക്ക് ജീവൻ നഷ്ടമായി.
കൊച്ചി ധനുഷ്കോടി ദേശീയപാതയ്ക്കു സമീപം ലോ ഹാർട്ട് എസ്റ്റേറ്റിൽ കുരിശടിയിൽ തിരി കത്തിക്കാനെത്തിയ ദേവികുളം സ്വദേശി ജോർജ്, ഭാര്യ ഫിലോമിനയുടെ കണ്മുൻപിലാണ് പിടഞ്ഞു മരിച്ചത്. പിന്നിലൂടെ എത്തിയ ആന ജോർജിനെ തുന്പിക്കൈയിൽ ചുറ്റിയെടുത്തു നിലത്തടിച്ചശേഷം തട്ടിക്കളിക്കുകയായിരുന്നു.
മൂലത്തറ ഭാഗത്തു പാലക്കാടുനിന്നു തീർഥാടനത്തിനായി മൂന്നാറിലെത്തിയ ഹനീഫയും ഹോട്ടലിലേക്കു വിറകു ശേഖരിക്കാൻ പോയ മുത്തമ്മൻചോല സ്വദേശി ബാലകൃഷ്ണനും ആടുകളെ തീറ്റാനിറങ്ങവെ സൂര്യനെല്ലി റോഡിൽവച്ച് കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തിയ സിങ്കുകണ്ടം സ്വദേശിനി അന്തോണിയമ്മയും അടക്കം നിരവധി പേരാണ് കാട്ടാനകളുടെ മുന്നിൽ ചതഞ്ഞു മരിച്ചത്. മേഖലയെക്കുറിച്ചു കൂടുതൽ അറിവില്ലാത്തവരും തോട്ടം തൊഴിലാളികളുമാണു കൂടുതലും കാട്ടാന ആക്രമണത്തിന് ഇരയായിരിക്കുന്നത്.
അടിച്ചും ചവിട്ടിയും
മൂലത്തറ, ആനയിറങ്കൽ ഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ ആക്രമണം നടന്നിരിക്കുന്നത്. ഈ മേഖലയിൽ മാത്രമായി 22 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. തോട്ടം തൊഴിലാളികളായ രഘു, വീരലക്ഷ്മി, തങ്കരാജ് എന്നിവർ ജോലികഴിഞ്ഞു വീടുകളിലേക്കു പോകുന്നതിനിടെ കാട്ടാനക്കൂട്ടത്തിന്റെ മുന്നിൽ അബദ്ധത്തിൽ ചെന്നു പെട്ടവരാണ്. തുന്പിക്കൈക്ക് അടിച്ചുവീഴ്ത്തിയും ചവിട്ടിയുമാണു എല്ലാവരെയും കൊന്നത്.
ചിന്നക്കനാൽ സിങ്കുകണ്ടത്ത് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച വീട്ടമ്മയായ അന്തോണിയമ്മയുടെ മൃതദേഹവുമായി നാട്ടുകാർ വനംവകുപ്പ് സെക്ഷൻ ഓഫീസ് ഉപരോധിച്ചിരുന്നു. രാസയ്യ എന്ന തോട്ടംതൊഴിലാളിയെ 2015 നവംബർ 15നു രാവിലെ തോട്ടത്തിലേക്കു പണിക്കുപോകുന്പോഴാണ് മൂലത്തറ ഭാഗത്തുള്ള ഏലത്തോട്ടത്തിൽ മറഞ്ഞുനിന്നിരുന്ന ഒറ്റയാൻ ചവിട്ടിക്കൊന്നത്. പൂപ്പാറ, മൂലത്തറ പുതുപ്പാറ ഭാഗങ്ങളിൽ മാത്രമായി 12ലധികംപേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. വൈദ്യുതവേലി സ്ഥാപിക്കുന്നതിനിടെയാണു അനീഷ് എന്ന ചെറുപ്പക്കാരൻ ഒറ്റയാന്റെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. ചെല്ലത്തായി, രാസാത്തി, ലക്ഷ്മി, മേരി എന്നീ സ്ത്രീതൊഴിലാളികളുടെ മരണവും നടുക്കത്തോടെയാണ് നാട്ടുകാർ ഓർക്കുന്നത്.
വളവിൽ മറഞ്ഞ് ആന
മൂടൽമഞ്ഞും കൊടുംവളവുകളും നിറഞ്ഞ കൊച്ചി -ധനുഷ്കോടി ദേശീയപാതയിലുടെയുള്ള യാത്ര ജീവിതത്തിനും മരണത്തിനുമിടയിലുടെയുള്ള യാത്രയാണ്. ഭാഗ്യംകൊണ്ടു തലനാരിഴയ്ക്കുമാണു പലരും രക്ഷപ്പെട്ടിരിക്കുന്നത്. ഇരുചക്ര വാഹനങ്ങളിലെ യാത്രയാണ് ഏറ്റവും അപകടം. തമിഴ്നാട് സ്വദേശിയായ തുണിക്കച്ചവടക്കാരൻ ലക്ഷ്മണനും മൂന്നാർ സ്വദേശിയായ മറ്റൊരു യുവാവും ബൈക്കിൽ വരുന്നതിനിടെ കൊടുംവളവിൽ മറഞ്ഞുനിന്നിരുന്ന ആനക്കൂട്ടത്തിന്റെ മുന്നിൽപ്പെടുകയും കൊല്ലപ്പെടുകയുമായിരുന്നു.
ചിന്നക്കനാൽ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായിരുന്ന ഈനാശുവിന്റെ മകൻ ബി.എൽ. റാം സ്വദേശി അൽഫോൻസ്, കാട്ടാനയെ അടുത്തുകാണാൻ ചെന്ന തിടീർനഗർ സ്വദേശി കാശിനായകം, 2014ൽ വീടിനു പുറത്തിറങ്ങി ഹോസിലെ വെള്ളം തിരിക്കാൻ ചെന്ന സണ്ണി, പുലർച്ചെ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനായി വീടിനുസമീപത്തെ കുറ്റിക്കാട്ടിലെത്തിയ 301 കോളനിയിലെ ആദിവാസി യുവാവ് സുതൻ, തോട്ടത്തിലെ ജോലികഴിഞ്ഞു വീട്ടിലേക്കു വരുന്നതിനിടെ കാട്ടാന തുന്പിക്കൈയിലെടുത്ത് എറിഞ്ഞുകൊന്ന ഇതേ കോളനിയിലെ അമ്മിണി, ആനക്കൂട്ടത്തിന്റെ ആക്രമണം ഭയന്ന് അയൽവീട്ടിൽ രാത്രി ഉറങ്ങിയതിനുശേഷം വെളുപ്പിനെ സ്വന്തം വീട്ടിലേക്കു മടങ്ങുകയായിരുന്ന സൂര്യനെല്ലി സ്വദേശിനി മോളി, കോഴിപ്പനക്കുടിക്കു സമീപം മരിച്ച ആടുവിളുന്താൻ കുടിയിലെ ഷിബു എന്ന യുവാവ് ... ഇവരെല്ലാം കാട്ടാനക്കലിയുടെ രക്തസാക്ഷികളാണ്. തിടിർനഗർ കോളനിയിലെ കാശിമായൻ, 301 കോളനിയിലെ കറുപ്പൻ, സൂസൈ, ബാബു, ചെല്ലയ്യ, ആനയിറങ്കൽ സ്വദേശി മണി, സിങ്ക്കണ്ടം സ്വദേശിനി ത്രേസ്യാമ്മ എന്നിങ്ങനെ മരിച്ചവരുടെ പട്ടികയ്ക്കു നീളമേറെ.
സൂര്യനെല്ലി സ്വദേശിയായ ലോട്ടറി വിൽപനക്കാരൻ പുലർച്ചെ ലോട്ടറി വാങ്ങാനായി ബസിൽ കയറാൻ പോകുന്നതിനിടെയാണു കൊല്ലപ്പെട്ടത്. വീടിന്റെ ചുറ്റുമതിൽ തകർത്ത് ഉള്ളിൽ ഉറങ്ങിക്കിടന്ന വയോധികനെ കൊലപ്പെടുത്തിയ സംഭവവും ഉണ്ടായിട്ടുണ്ട്. ശാന്തൻപാറ കള്ളിപ്പാറക്കു സമീപം ജോലിക്കു ശേഷം ഏലത്തോട്ടത്തിൽനിന്നു വിറകുമായിവന്ന ഒരു സ്ത്രീയെ ഓടിച്ചു വീഴ്ത്തിയാണു ചവിട്ടിക്കൊന്നത്.
ജീവിക്കുന്ന രക്തസാക്ഷികൾ
അൻപതിനും അറുപതിനും ഇടയിൽ പ്രായമുള്ളവരാണ് കൂടുതലും കാട്ടാന ആക്രമണത്തിന് ഇരയായിട്ടുള്ളത്. തലനാരിഴയ്ക്ക് രക്ഷപ്പെട്ടു ഗുരുതരമായ പരിക്കുകളോടെയും അംഗവൈകല്യത്തോടെയും കഴിയുന്ന നിരവധിപ്പേർ ഈ പ്രദേശങ്ങളിലുണ്ട്. തൊഴിലെടുക്കാൻ കഴിയാതെ ഇവരുടെ ജീവിതം കടുത്ത ദുരിതത്തിലാണ്.
വീടുകൾ, ഏലക്കാ സംസ്കരിക്കാനുള്ള സ്റ്റോറുകൾ, ജല സംഭരണ ടാങ്കുകൾ, കുടിക്കുന്നതിനും തോട്ടം നനയ്ക്കാനുമായി സ്ഥാപിച്ചിട്ടുള്ള പന്പുസെറ്റുകൾ, പൈപ്പുകൾ, മോട്ടോർപുരകൾ ഇങ്ങനെ കോടിക്കണക്കിനു രൂപയുടെ വസ്തുവകകളും ആനകൾ നശിപ്പിച്ചിട്ടുണ്ട്. ഏലം, കുരുമുളക്, വാഴ, ജാതി, കപ്പ തുടങ്ങിയ വിളകൾക്കും ഓരോ വർഷവും വൻനാശമാണു വരുത്തിക്കൊണ്ടിരിക്കുന്നത്. രാത്രി പടക്കംപൊട്ടിച്ചു ശബ്ദമുണ്ടാക്കിയും വീടിനുപുറത്ത് ആഴികൂട്ടി കാവലിരുന്നുമൊക്കെയാണു നാട്ടുകാർ ഒരു പരിധിവരെയെങ്കിലും ഇവയെ അകറ്റിനിർത്തുന്നത്. 2016 -17 വർഷങ്ങളിലാണ് കാട്ടാനക്കൂട്ടം ജനവാസമേഖലയിൽ ഏറ്റവും കൂടുതൽ നാശം വിതച്ചത്. കജനപ്പാറ, അരമനപ്പാറ, ബൈസണ്വാലി തുടങ്ങിയ പ്രദേശങ്ങളിൽ ഏക്കർകണക്കിന് കൃഷിനാശമാണ് ഉണ്ടാക്കിയത്.
കൃഷിയും വസ്തുവകകളും
മൂന്നാർ വനം ഡിവിഷന്റെ പരിധിയിൽ 2005 മുതൽ 2016 വരെ 391 കൃഷിനാശങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതിൽ 2009 -10 വർഷത്തിൽമാത്രം 238ലേറെ കൃഷിനാശം രേഖപ്പെടുത്തി. 150ൽ അധികം വീടുകളും വീട്ടുപകരണങ്ങളും തകർക്കപ്പെട്ടു. ഇതിൽ 2011 -12 വർഷത്തിലാണ് ഏറ്റവും കൂടുതൽ വീടുകൾ തകർക്കപ്പെട്ടത്. ഈ വർഷങ്ങളിൽ 37 ഓളം വീടുകൾ തകർത്തു. പിന്നിട് 2014 -15 വർഷത്തിലാണ് 34 വീടുകൾ തകർത്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2005 മുതൽ 2016 വരെ 25 പേർ വന്യമൃഗ ആക്രമണങ്ങളിൽ പരിക്കുപറ്റി ജോലിക്കു പോകാൻ സാധിക്കാതെ കഴിയുന്നവരാണ്.
2005 മുതൽ നാളിതുവരെ 33 മരണങ്ങൾ ഉണ്ടായിട്ടുണ്ട്. കാട്ടാനകൾ ജനവാസമേഖലയിൽ സ്ഥിരതാമസമാക്കിയതോടെ ജനകീയ സമരസമിതി രൂപീകരിച്ചും പ്രതിഷേധ പ്രകടനങ്ങളും റോഡ് ഉപരോധമടക്കമുള്ള സമരങ്ങളുമായി ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തെത്തി. ഈ വർഷം ആരംഭത്തിൽ ആളിക്കത്തിയ സമരങ്ങൾ മലയോര മണ്ണിൽ ഇന്നും തുടരുകയാണ്.
കഴിഞ്ഞ ദിവസം ദേവികുളം ബി ഡിവിഷൻ മേഖലയിലും കുരുവിളാസിറ്റി മുള്ളൻതണ്ടിലും കാട്ടാന ആക്രമണമുണ്ടായി. നിരവധി ഹെക്ടർ സ്ഥലത്തെ കൃഷി നശിപ്പിക്കുകയും ചെയ്തു. രാജകുമാരി മേഖലയിൽ ഈ വർഷമാദ്യം മുതലാണ് ആനശല്യം ആരംഭിച്ചത്. ഖജനാപ്പാറയിൽ വ്യാപക കൃഷിനാശമുണ്ടായി. ഖജനാപ്പാറ, അരമനപ്പാറ, കുംഭപ്പാറ, മുന്നൂറേക്കർ, വെള്ളിവിള്ളാൻ എന്നിവിടങ്ങളിലെ ഏലത്തോട്ടങ്ങളിൽ പണിയെടുക്കുന്നതു ഭീതിയോടെയാണ്. കഴിഞ്ഞ ദിവസം രാവിലെ ഏലത്തിനു മരുന്നടിക്കാൻ പോയ ബൈസണ്വാലി സ്വദേശിക്കു കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഉപരോധ സമരങ്ങളും ഡിഎഫ്ഒതല ചർച്ചകളും നടന്നിട്ടും ഉചിതമായ പരിഹാര മാർഗങ്ങളിലേക്ക് എത്താൻ ജനങ്ങൾക്കും വനംവകുപ്പിനും ഇതുവരെ സാധിച്ചിട്ടില്ല.
കാടിറങ്ങി വന്യജീവികൾ ഉറക്കമില്ലാതെ കർഷകർ / നികേഷ് ഐസക്ക് / ജിജോ രാജകുമാരി