മലന്പുഴയെന്നു കേട്ടാൽ ഏതൊരു മലയാളിയുടെയും മനസ് കുളിർക്കും. പ്രകൃതിഭംഗി വഴിഞ്ഞൊഴുകുന്ന നാട്ടിൽ ഒരു പ്രാവശ്യമെങ്കിലും എത്താത്തവർ ചുരുക്കം. എന്നാൽ, ഇന്നു മലന്പുഴയ്ക്ക് അത്ര ശാന്തസുന്ദരമായി ഉറങ്ങാൻ കഴിയുന്നില്ല. ആനപ്പേടിയാണ് മലന്പുഴയുടെ ഉറക്കം കെടുത്തുന്നത്. നിരന്തരമായ കാട്ടാന ആക്രമണങ്ങൾ മൂലം പൊറുതിമുട്ടിയിരിക്കുകയാണ് മലന്പുഴ നിവാസികളും കർഷകരും, മലന്പുഴയിലേക്ക് എത്തുന്ന വിനോദസഞ്ചാരികളും പലപ്പോഴും ആനപ്പേടിയിലാണ് സ്ഥലങ്ങൾ കണ്ടു മടങ്ങുന്നത്. സന്ധ്യ കഴിഞ്ഞാൽ റോഡിൽ ഏതു നിമിഷവും ആനയെ പ്രതീക്ഷിക്കാം. തീറ്റയും വെള്ളവും തേടിയുള്ള നിരന്തരമായ ഇറക്കമാണ്. എന്നാൽ, ജനത്തിനു നടുക്കുന്ന ഓർമകൾ സമ്മാനിച്ചാണ് പലപ്പോഴും വരവും പോക്കും.
ഇരകൾ ഇവിടെയും
ഇവിടെ പലതുണ്ട്, കാട്ടാനകളുടെ ആക്രമണത്താൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ. പലരും ഇപ്പോഴും നിരാലംബർ. സ്വാമിനാഥൻ എന്ന യുവാവിനെ ആന കൊന്നതോടെ വഴിയാധാരമായ പിഞ്ചു കുഞ്ഞുങ്ങളെയും ഭാര്യയെയും ഇവിടെ കാണാം. ഇഷ്ടികക്കളത്തിൽ ജോലി ചെയ്തിരുന്ന മധ്യവയസ്കയെ ആന ചവിട്ടിക്കൊന്നപ്പോൾ കണ്ണീരിലായ കുടുംബവും ഇവിടെയുണ്ട്. മാസങ്ങൾക്ക് മുന്പാണ് ഈ രണ്ട് ആക്രമണങ്ങളും അരങ്ങേറിയത്.
ജീവഹാനിക്കു പുറമേ നാട്ടിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നതും ആനകളുടെ വിനോദമായിരിക്കുകയാണ്. ഇത്രയേറെ സംഭവിച്ചിട്ടും അധികൃതർ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചുവരുന്നത്.
നാടിളക്കി കാടിറക്കം
ആനകളുടെ വരവ് ഇങ്ങനെ, മലന്പുഴ വനത്തിൽനിന്നും കാടിറങ്ങും. തുടർന്ന് കാഞ്ഞിരക്കടവ്, കടുക്കാംകുന്നം, ശാസ്താകോളനി തുടങ്ങിയ സ്ഥലങ്ങളിലൂടെ സഞ്ചാരം തുടരും. കണ്ണിൽകാണുന്നതെല്ലാം ചവിട്ടിമെതിക്കും. രണ്ടുമാസം മുന്പ് ചെറാട് മലയിലൂടെ ഇറങ്ങിവന്ന കാട്ടാനകൾ എസ്പി ലൈനിലെ വീട്ടുമുറ്റത്തെ കടയിൽനിന്ന് അരിയും മറ്റു സാധനങ്ങളുംവരെ അകത്താക്കി. സംഭവം നേരിൽകണ്ട വീട്ടുകാർ വീടിന്റെ പിന്നാന്പുറത്തുകൂടെ ഒാടിയതിനാൽ തലനാരിഴയ്ക്കു രക്ഷപെട്ടു. മറ്റൊരു ദിവസം മലന്പുഴ ശാസ്താകോളനിയിലെത്തിയ ആന പുലർച്ചെ ചായക്കട തുറക്കാനെത്തിയ ഭിന്നശേഷിക്കാരനായ മധ്യവയസ്കന്റെ മുന്നിലാണ് നിലയുറപ്പിച്ചത്.
ആനയെ കണ്ടതോടെ ഇയാൾ സ്തംഭിച്ചുപോയി. എന്നാൽ, ഭാഗ്യവശാൽ ആന ഇദ്ദേഹത്തെ ഉപദ്രവിക്കാതെ തിരിച്ചുപോയി. എന്നാൽ, പോകുന്ന പോക്കിൽ മലന്പുഴ സെന്റ് ജൂഡ്സ് പള്ളിയുടെ മതിലും ഫാന്റസി പാർക്കിന്റെ മതിലും തകർത്താണ് കാട്ടിലേക്കു കയറിയത്.
രാത്രി മറവിൽ
ഇക്കഴിഞ്ഞ പെസഹാ വ്യാഴം പുലർച്ചെ രണ്ടിനു മലന്പുഴ ചേന്പനയിലെത്തിയ കാട്ടാന കർഷകനായ രംഗരാജിന്റെ വീടാണ് ലക്ഷ്യമിട്ടത്. ഓല വീടും തൊഴുത്തും പൊളിച്ച് ആറു ദിവസം പ്രായമായ മൂരിക്കുട്ടിയെ ചുരുട്ടിയെറിഞ്ഞുകൊല്ലുകയും ചെയ്തു. ഭാഗ്യം കൊണ്ടാണ് രംഗരാജും കുടുംബവും രക്ഷപെട്ടത്. നാൽപതു വർഷമായി ഇവിടെ താമസിക്കുന്ന രംഗരാജിന് ഇത് ആദ്യത്തെ അനുഭവമായിരുന്നു.
ആനകളുടെ കൂസലെന്യേയുള്ള വിഹാരം മലന്പുഴ ഉദ്യാനത്തിലേക്കെത്തുന്ന വിനോദ സഞ്ചാരികൾക്കാണ് ഏറെ വിനയായി മാറിയിരിക്കുന്നത്. ആനപ്പേടി കൂടിയതോടെ സന്ദർശകരുടെ വരവും കുറഞ്ഞിട്ടുണ്ടെന്ന് അധികൃതർ പറയുന്നു. വൈകുന്നേരം എട്ടു വരെയാണ് ഉദ്യാനത്തിന്റെ പ്രവർത്തനം. ജില്ലയിലെ കനത്ത ചൂടിനു നേരിയ ആശ്വാസം കിട്ടുന്നതു വൈകുന്നേരങ്ങളിലായതിനാൽ സന്ദർശകർ തെരഞ്ഞെടുക്കുന്നത് ഈ സമയമാണ്. ഡാം പ്രദേശത്തുനിന്നു കഞ്ചിക്കോട് ഭാഗത്തേക്കു ചെറിയ റോഡുള്ളതിനാൽ ആളുകൾ ഈവഴി സഞ്ചരിക്കാറുമുണ്ട്. എന്നാൽ, കാട്ടാനകൾ ഏതു നിമിഷവും പ്രത്യക്ഷപ്പെടുന്ന സ്ഥലമാണിത്. ഇവിടെവച്ച് ഇതിനകം നിരവധി പേർ കാട്ടാന ആക്രമണത്തിനിരയായി.
ചക്കയ്ക്കും രക്ഷയില്ല
മലന്പുഴ അഗ്രികൾച്ചറൽ ഫാമിലും ആനകളുടെ വിളയാട്ടം അതിരുവിട്ടിരിക്കുന്നു. ഫാമിൽ വിളഞ്ഞുനിൽക്കുന്ന ചക്ക പറിച്ചുതിന്നുന്നതിനാണ് ആനകളുടെ വരവ്. ഇതു പതിവായതോടെ ജീവനക്കാർ മൂപ്പെത്തിയ ചക്കകൾ പറിച്ചു മുറിയിലിട്ടു പൂട്ടിവച്ചു. പക്ഷേ, ഇരച്ചെത്തിയ ആനകൾ ജനലിന്റെ ഗ്രില്ല് പിഴുതെറിഞ്ഞ് ചക്കയുംകൊണ്ടാണ് മടങ്ങിയത്. ഇതോടെ ഇവിടുത്തെ ജീവനക്കാരും ഭീതിയിലാണു കഴിയുന്നത്. ആനയുടെ ആക്രമണത്തിൽനിന്നു രക്ഷപെടാൻ വീടും പറന്പും കിട്ടുന്ന വിലയ്ക്കു വിൽക്കാൻവരെ പലരും തയാറായിട്ടുണ്ട്.
എന്നാൽ, ആനശല്യം കാരണം വില്പനയും നടക്കുന്നില്ല എന്നതാണ് പലരെയും വലയ്ക്കുന്നത്. ആനകൾക്ക് ആവശ്യമായ ഭക്ഷണവും വെള്ളവുമെല്ലാം കാട്ടിൽത്തന്നെ ലഭ്യമാക്കാനുള്ള സാഹചര്യം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാട്ടിലുള്ള അനധികൃത ക്വാറികൾക്കും മരംവെട്ടിനും കഞ്ചാവു കൃഷിക്കും തടയിട്ടാൽ ആനകൾ കാടിറങ്ങുന്നത് ഒരു പരിധിവരെ തടയാമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ആനയുടെ ഇഷ്ടഭക്ഷണമായ ഈറ്റയും മുളയും വെട്ടിനശിപ്പിച്ചുവരെ അധികൃതർ തേക്ക് തൈകൾ നട്ടിട്ടുണ്ട്. ഈ നടപടിയും ആന നാട്ടിലേക്ക് ഇറങ്ങാൻ ഇടയാക്കിയെന്നും ഇവർ ആരോപിക്കുന്നു.
കാടിറങ്ങി വന്യജീവികൾ, ഉറക്കമില്ലാതെ കർഷകർ