കാട്ടാന കശക്കിയെറിഞ്ഞത് വാളത്തോട് സ്വദേശി വാക്കേത്തുരുത്തേൽ റെജി ഏബ്രഹാമിനെ മാത്രമല്ല, ഒരു വലിയ കുടുംബത്തിന്റെ നെടുംതൂണിനെയായിരുന്നു. ഭാര്യ, രണ്ടു മക്കൾ, അമ്മ, സഹോദരങ്ങൾ ഇവരുടെയെല്ലാം എക ആശ്രയം. വളരെ ചെറുപ്പത്തിൽ പിതാവ് അസുഖബാധിതനായതോടെ റെജിയായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. നാലു പെങ്ങന്മാരെ വിവാഹം കഴിപ്പിച്ചയച്ചു. അവരുടെ എന്താവശ്യത്തിനും മുമ്പിൽ നിന്നു. സഹോദരങ്ങൾക്കും ഓരോ ചുറ്റുപാടാക്കി നൽകി. അതിനിടയിൽ സ്വന്തമായൊരു വീടെന്ന സ്വപ്നം ബാക്കിയായി.
2017 ഏപ്രിൽ അഞ്ചിനാണ് ആറളം ഫാമിലെ കൈതതോട്ടത്തിൽ കാട്ടാനയെ തുരത്തുന്നതിനിടയിൽ ചുള്ളിക്കൊമ്പൻ ചവിട്ടിക്കൊന്നത്. രോഷാകുലരായ നാട്ടുകാർ റെജിയുടെ മൃതദേഹവുമായി ആറളം ഫാം- കീഴ്പള്ളി റോഡ് ഉപരോധിച്ചു. ജില്ലാ കളക്ടറുമായും ഡിഎഫ്ഒയുമായുമൊക്കെ ചർച്ച നടത്തി. പക്ഷേ, പതിവ് ആനുകൂല്യങ്ങളല്ലാതെ ഒന്നുമുണ്ടായില്ല. റെജിയുടെ ഭാര്യ ഷാന്റിക്ക് ഇരിട്ടി ഡിഎഫ്ഒ ഓഫീസിൽ ലഭിച്ച താത്കാലിക ജോലി മാത്രമാണ് ഈ കുടുംബത്തിന്റെ ഏക ആശ്രയം. പക്ഷേ, ഈ ജോലി എത്രനാൾ എന്നറിയില്ല.
പറച്ചിലിനു കുറവില്ല...
ഷാന്റി വർഷങ്ങളായി നട്ടെല്ലിന്റെ ക്ഷതംമൂലം ചികിത്സയിലാണ്. സ്ഥിരം ജോലി, മക്കളുടെ വിദ്യാഭ്യാസം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നു സഹായം തുടങ്ങി നിരവധി വാഗ്ദാനങ്ങൾ രാഷ്ട്രീയ- ഭരണ നേതൃത്വങ്ങൾ നല്കിയിരുന്നു. പക്ഷേ, ഒന്നും നടപ്പായില്ല. ചരമവാർഷികത്തിന് റെജി തങ്ങളുടെ അണിയാണെന്നു സ്ഥാപിച്ചെടുക്കാൻ ശ്രമിച്ച രാഷ്ട്രീയപാർട്ടി ആ കുടുംബത്തെ ഓർത്തില്ല. മാത്രമല്ല വീടുപണി പൂർത്തിയാക്കണമെന്ന റെജിയുടെ സ്വപ്നവും അവർ വിസ്മരിച്ചു. ആനക്കലിയിൽ ഒരു കുടുംബം പൂർണമായി അനാഥമായി. മൂത്തമകൻ അജയ് പ്ലസ് ടു പഠനം പൂർത്തിയാക്കി തുടർപഠനത്തിന് എന്തു ചെയ്യുമെന്ന ആശങ്കയിലാണ്. ഇളയവൻ അജൽ ഈ വർഷം പത്തിലെത്തി. മക്കളുടെ വിദ്യാഭ്യാസവും കുടുംബച്ചെലവും എങ്ങനെ നടത്തുമെന്നറിയാതെ മനസ് വേദനിച്ചു കഴിയുകയാണു ഷാന്റി.
പടക്കം പൊട്ടിയപ്പോൾ
സ്വന്തമായി കൃഷിഭൂമി കുറവായതിനാൽ പാട്ടത്തിനു ഭൂമിയെടുത്തു കൃഷി ചെയ്തുവരികയായിരുന്നു റെജി. കഠിനധ്വാനവും അർപ്പണബോധവും വിശ്വസ്തതയുമാണ് റെജിയെ ആറളം ഫാമിലെ കൈതത്തോട്ടത്തിലെ ചുമതലക്കാരനാക്കാൻ വാഴക്കുളത്തെ പൈനാപ്പിൾ മൊത്ത കച്ചവടക്കാർ തീരുമാനിച്ചത്. നാലു വർഷമായി ഇവിടെ ജോലി ചെയ്തുവരികയായിരുന്നു. ആറളം ഫാം ബ്ലോക്ക് രണ്ടിലെ 50 എക്കർ കൃഷിയിടത്തിലെ മേൽനോട്ടമായിരുന്നു റെജിക്ക്. കാട്ടാന ശല്യം തുടക്കം മുതൽ ഉണ്ടായിരുന്നു. കൃഷിയിടത്തിനു ചുറ്റും വൈദ്യുതവേലി ഉണ്ടെങ്കിലും ഇവ തകർത്താണ് ആറളം വന്യജീവി സങ്കേതത്തിൽനിന്നെത്തുന്ന കാട്ടാനകൾ എത്തുന്നത്.
പടക്കം പൊട്ടിച്ച് ഓടിക്കാറാണ് പതിവ്. അന്നും ആനയെത്തിയപ്പോൾ പടക്കം പൊട്ടിച്ചു. ആന പോയെന്നുകരുതി ഷെഡ്ഡിൽനിന്നു പുറത്തിറങ്ങി സമീപത്തുള്ള കൈതത്തോട്ടത്തിലേക്ക് എത്തിയപ്പോൾ മറഞ്ഞുനിന്ന ചുള്ളിക്കൊമ്പൻ ആക്രമിക്കുകയായിരുന്നു. മണിക്കൂറുകൾ കഴിഞ്ഞാണ് ആനയെ തുരത്തി റെജിയുടെ മൃതദേഹം വീണ്ടെടുക്കാനായത്. മൂന്നു പേരുടെ ജീവനെടുത്ത ഈ അക്രമകാരിയായ ആനയെ തുരത്തണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിന് അധികൃതർ ചെവികൊടുക്കാതിരുന്നതാണ് റെജിയുടെ ജീവനും നഷ്ടമാകാൻ കാരണം. നാല് മയക്കുവെടി വച്ചതിനുശേഷമാണ് ആറളം ഫാമിൽനിന്നു ചുള്ളിക്കൊമ്പനെ പിടിക്കാനായത്. പത്തു മാസത്തെ കൂട്ടിലെ വാസത്തിനുശേഷം മുത്തങ്ങയിലേക്ക് മാറ്റാനും നാല് മയക്കുവെടി വയ്ക്കേണ്ടിവന്നു. പത്തു ലക്ഷത്തിലധികം രൂപ ചെലവാക്കേണ്ടിയും വന്നു.
സുരക്ഷ ആരുടെ ചുമതല ?
വനത്തിനുള്ളിൽ വനംവകുപ്പിനുവേണ്ടി ജോലിചെയ്യുന്ന തൊഴിലാളിയുടെ സുരക്ഷ ആരുടെ ചുമതലയാണ്. അമ്പായത്തോട് താഴെ പാൽച്ചുരം കോളനിയിലെ ഗോപാലന്റെ മക്കളുടെ ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. കൊട്ടിയൂർ വന്യജീവി സങ്കേതത്തിൽ കാട്ടുതീ പ്രതിരോധത്തിനുള്ള ഫയർലൈൻ തെളിക്കാൻ പോയ ഗോപാലൻ (70) കഴിഞ്ഞ വർഷം ഫെബ്രുവരി രണ്ടിനാണ് മഞ്ഞളാംപുഴയ്ക്കു സമീപം കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഗോപാലൻ ഉൾപ്പെടെയുള്ള പതിനാറംഗ സംഘം കാട്ടിൽ താമസിച്ചാണു ഫയർലൈൻജോലി ചെയ്തിരുന്നത്. ഇതിൽ അഞ്ചുപേർ തിരികെ നാട്ടിലേക്ക് പോരുന്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായതും താഴെ പാൽച്ചുരം കോളനിയിലെ മൂപ്പനായിരുന്ന ഗോപാലൻ കൊല്ലപ്പെടുന്നതും. നാട്ടുകാർ വനത്തിൽ പ്രവേശിച്ചാൽ പോലും ജയിലിലടയ്ക്കുന്ന വനംവകുപ്പ് യാതൊരു സുരക്ഷയുമില്ലാതെയാണ് സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘത്തെ ഉൾക്കാട്ടിലയച്ചു ജോലി ചെയ്യിച്ചിരുന്നത്.
കാട്ടാനകളുടെ വിഹാരകേന്ദ്രം
കാട്ടാനകളുടെയും കാട്ടുമൃഗങ്ങളുടെയും വിഹാരകേന്ദ്രമാണ് ആറളം ഫാമും അതിനോടു ചേർന്ന ആദിവാസി പുനരധിവാസ മേഖലയും. ഏഷ്യയിലെതന്നെ ഏറ്റവും വലിയ ആദിവാസി പുനരധിവാസമേഖല എന്നു വിശേഷിപ്പിക്കാവുന്ന ആറളം ഫാമിലേക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു ജീവിത സ്വപ്നങ്ങളുമായി ഇവിടെയെത്തിയ പട്ടികജാതി- പട്ടികവർഗ കുടുംബങ്ങളിലെ അഞ്ചുപേർ കാട്ടാനയുടെ ആക്രമണത്തിലും ഒരാൾ കാട്ടുപന്നിയുടെ ആക്രമണത്തിലും കൊല്ലപ്പെട്ടു. പലരും സ്വന്തം കൂരയ്ക്കുള്ളിലാണ് കൊല്ലപ്പെട്ടത്.
നാട്ടിൽ കഴിയുന്ന മനുഷ്യൻ കാട്ടിൽ കയറിയാൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. കാട്ടിൽ കിടക്കുന്ന വന്യമൃഗം നാട്ടിലിറങ്ങി വീട്ടുമുറ്റത്ത് എത്തിയാൽ ആ മൃഗത്തെ കല്ലെടുത്തെറിയാൻ പോലും നിയമം അനുവദിക്കുന്നില്ല.
മനുഷ്യനെക്കാളും വലുതാണോ വന്യമൃഗം. ഇവയെ കാട്ടിൽ നിർത്തി സംരക്ഷിക്കേണ്ടവർക്ക് ഉത്തരവാദിത്തമില്ലേ ഇവ നാട്ടിലിറങ്ങാതെ നോക്കാൻ. മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്കേണ്ട ബാധ്യത സർക്കാരിനില്ലേ. വൻകിട പദ്ധതികൾക്കു കോടികൾ ചെലവാക്കുന്ന സർക്കാർ വനാതിർത്തിയിലുള്ള കർഷകരോടു മുഖം തിരിക്കുന്നുവോ എന്നതാണ് ഇവരുയർത്തുന്ന ചോദ്യം.
കാടിറങ്ങി വന്യജീവികൾ, ഉറക്കമില്ലാതെ കർഷകർ / എം.ജെ. റോബിൻ