നിങ്ങൾ പറയൂ, ഞങ്ങൾക്ക് എങ്ങനെ ഉറങ്ങാനാകും? കർഷക ജനതയുടെ ഈ ചോദ്യം അധികാരികളോടാണ്, സമൂഹത്തോടാണ്. മരണഭയത്തോടെ രാത്രികൾ തള്ളിനീക്കുന്ന ഒരു ജനതയുടെ ദയനീയ ചിത്രമാണ് എറണാകുളം ജില്ലയിലെ കോതമംഗംലം, കുന്നത്തുനാട് താലൂക്കുകളിൽ കാണുന്നത്. കാട്ടാനയുടെ ആക്രമണത്തിൽ അടുത്ത കാലത്തു കൊല്ലപ്പെട്ടതു നാലു പേർ. ഇവർ വനത്തിൽ കാട്ടാനകൾ സ്വൈരവിഹാരം നടത്തുന്ന പ്രദേശത്തു ചെന്ന് ആക്രമണത്തിനിരയായതല്ല. ജനവാസ മേഖലയിൽ എത്തിയ കാട്ടാന ചവിട്ടി ഞെരിക്കുകയായിരുന്നു.
വടാട്ടുപാറ ചക്കിമേട് മാലിയിൽ ജയനെ (33) കാട്ടാന ആക്രമിച്ചു കൊന്നതു പുലർച്ചെ വീടിനു പുറത്തു പ്രാഥമികാവശ്യത്തിന് ഇറങ്ങിയപ്പോഴായിരുന്നു. പൂയംകുട്ടി പുഴയിൽ കുളിക്കാനിറങ്ങുന്നതിനിടെയാണു വേങ്ങൂരാൻ ജോണി(49) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപികയായിരുന്ന കല്ലേലിമേട് കാക്കനാട്ട് ലിസി ആനയുടെ ആക്രമണത്തിനിരയായി ദാരുണമായി മരിച്ചതു സ്കൂളിലേക്കുള്ള യാത്രാമധ്യേ.
കുന്നത്തുനാട് താലൂക്കിലെ വേങ്ങൂർ മുൻ പഞ്ചായത്തംഗവും സിപിഐ പ്രാദേശിക നേതാവുമായിരുന്ന പാണിയേലി തൊടാക്കയം മുറിപ്പുരയ്ക്കൽ ഏബ്രഹാം ജോണിനെ(72)വീടിനടുത്തുള്ള വനപാതയിലൂടെ നടന്നുവരുന്നതിനിടെ കാട്ടാന കൊലപ്പെടുത്തി. കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഭാര്യാസഹോദരനെ കണ്ടുമടങ്ങുന്നതിനിടെയായിരുന്നു സംഭവം.തട്ടേക്കാട് പക്ഷിസങ്കേതത്തിനു സമീപം കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകനു ഗുരുതരമായി പരിക്കേറ്റ സംഭവവും മ്ലാവ് റോഡിനു കുറുകെ ചാടിയതിനെത്തുടർന്നു ബൈക്ക് മറിഞ്ഞ് യുവാവിനു ഗുരുതരമായി പരിക്കേറ്റ സംഭവങ്ങളും അടുത്ത നാളിൽ ഉണ്ടായതാണ്. തലനാരിഴയ്ക്ക് ആനയുടെയും മറ്റു വന്യമൃഗങ്ങളുടെയും ആക്രമണത്തിൽനിന്നു രക്ഷപ്പെട്ട നിരവധിപ്പേരും ഈ മേഖലയിലുണ്ട്.
ഞെട്ടിക്കുന്ന കണക്കുകൾ
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയായവരുടെ കണക്കുകൾ ഞെട്ടിക്കുന്നതാണ്. വിവരാവകാശ നിയമപ്രകാരം പൂയംകുട്ടി ജനസംരക്ഷണ സമിതി സംസ്ഥാന വന്യജീവി ഡെപ്യൂട്ടി ഫോറസ്റ്റ് കണ്സർവേറ്റർക്കു നൽകിയ അപേക്ഷയിൽ ലഭിച്ച മറുപടിയിൽ 2017 ജനുവരി ഒന്നിനും ഡിസംബർ 31നും ഇടയിൽ വന്യജീവികളുടെ ആക്രമണത്തിൽ കേരളത്തിൽ 128 പേർ മരിച്ചതായി പറയുന്നു. 917പേർക്ക് അംഗവൈകല്യവും സംഭവിച്ചു. ആക്രമണത്തിനിരയായവരിൽ ഭൂരിഭാഗം പേരും നിർധനരും കർഷകരുമാണ്. ആനയുടെ ആക്രമണത്തിലാണ് കൂടുതൽ ജീവനും നഷ്ടമായിരിക്കുന്നത്. വനാതിർത്തി മേഖലയിലെ ജനങ്ങളുടെ ജീവനു സംരക്ഷണം നൽകേണ്ട വനംവകുപ്പിന്റെ തികഞ്ഞ അനാസ്ഥയാണ് ഈ കണക്കുകളിൽ തെളിയുന്നത്.
ഉറക്കം നഷ്ടമായവർ
ഒരുവർഷം മുന്പ് പൂയംകുട്ടി ജനസംരക്ഷണ സമിതി കോതമംഗലം ലയണ്സ് ക്ലബുമായി ചേർന്നു നടത്തിയ മെഡിക്കൽ ക്യാന്പിൽ പങ്കെടുത്ത 70 ശതമാനത്തിലേറെ പേർക്കും ഉയർന്ന രക്തസമ്മർദം ഉള്ളതായി കണ്ടെത്തി. ഡോക്ടർമാർ ഇതിനുള്ള കാരണം അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞതു പ്രദേശത്തെ ഭൂരിഭാഗം പേർക്കും ശരിയായ ഉറക്കം കിട്ടുന്നില്ലെന്നാണ്. രാത്രിയിൽ കാടിറങ്ങുന്ന വന്യമൃഗങ്ങൾ തങ്ങളുടെ ജീവനെടുക്കുമോയെന്നും കൃഷിനശിപ്പിക്കുമോയെന്നുമുള്ള ഭയം ഇവരുടെ ഉറക്കം നഷ്ടപ്പെടുത്തുന്നു. അതാകട്ടെ അവരെ രോഗികളുമാക്കുന്നു.
നിയമം മൃഗങ്ങൾക്കു വേണ്ടി
നിലവിലെ വനനിയമങ്ങളിൽ മനുഷ്യനേക്കാൾ പരിഗണന വന്യജീവികൾക്കാണ്. ജനവാസ മേഖലയിലെത്തുന്ന വന്യജീവികളെ സ്നേഹപൂർവം സ്വീകരിച്ചു പരിപാലിക്കേണ്ട അവസ്ഥയിലാണു ജനങ്ങൾ. വർഷങ്ങളുടെ കഠിനാധ്വാനം കൊണ്ടുണ്ടാക്കിയ വിളവുകൾ വന്യമൃഗങ്ങൾ നശിപ്പിക്കുന്നതു നിസഹായതയോടെ നോക്കിനിൽക്കാൻ മാത്രമാണു കർഷകന്റെ വിധി. മൃഗങ്ങൾ കൃഷി നശിപ്പിച്ചാൽ കർഷകനു ലഭിക്കുന്നതു തുച്ഛമായ നഷ്ടപരിഹാരം മാത്രം. മുടക്കുമുതലിന്റെ പാതി പോലും ഇതു വരുന്നില്ല. ഇതു ലഭിക്കണമെങ്കിലാകട്ടെ നിരവധി തവണ ഓഫീസുകൾ കയറിയിറങ്ങണം. ഈ ബുദ്ധിമുട്ട് ഓർക്കുന്പോൾ തന്നെ പലരും ഇതു വേണ്ടെന്നു വയ്ക്കുകയാണ് പതിവ്. വീടും കൃഷിയും നശിപ്പിക്കപ്പെട്ടു ജീവിതം വഴിമുട്ടിയ ഒരുപാടു പേർക്ക് ഒരു രൂപ പോലും നഷ്ടം കിട്ടാതെ പോകുന്നു.
എന്തു പ്രയോജനം?
ജനവാസ മേഖലയിൽ കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ പ്രവേശിക്കുന്നതു തടയാനുള്ള മാർഗങ്ങൾ ഇപ്പോൾ തമാശയായി മാറിയിരിക്കുന്നു. വനാതിർത്തികളിൽ ഫെൻസിംഗ് സ്ഥാപിക്കലാണ് പതിറ്റാണ്ടുകളായി വനം വകുപ്പിന്റെ പരിപാടി. കാര്യമായ പ്രയോജനമില്ലെന്നു വ്യക്തമായിട്ടും അതുതന്നെ തുടരുന്നു. പൂയംകുട്ടി മണികണ്ഠൻചാൽ തിണ്ണക്കുത്തിൽ തറപ്പേൽ ജോസഫിന്റെ (കുര്യൻ) വീടും കൃഷിയിടവും കാട്ടാനക്കൂട്ടം കഴിഞ്ഞ ദിവസം തകർത്തതു പുരയിടത്തിനു ചുറ്റും സ്ഥാപിച്ചിരുന്ന സോളാർ ഫെൻസിംഗ് ലൈനിലേക്കു മരം മറിച്ചിട്ടു തകർത്ത ശേഷമാണ്.
കരിന്പാനി, തുണ്ടം വനമേഖലകളിൽനിന്നു കോട്ടപ്പാറ വനത്തിലേക്കു കാട്ടാനകൾ പ്രവേശിക്കുന്നതു തടയാനായി പെരിയാർ തീരത്തും വനാതിർത്തിയിലുമായി കിലോമീറ്ററുകൾ ദൂരത്തിൽ വൈദ്യുതിവേലി സ്ഥാപിച്ചിരുന്നു. വൈദ്യുതി ലഭ്യമാക്കാനായി സോളാർ സംവിധാനങ്ങളും ഒരുക്കി. ഇവയെല്ലാം ഇപ്പോൾ നശിച്ചുകൊണ്ടിരിക്കുന്നു. കന്പി ലൈനിലൂടെ വൈദ്യുതി പ്രവഹിക്കുന്നതേയില്ല. ഫെൻസിംഗ് സ്ഥാപിച്ചു മടങ്ങിയ വനംവകുപ്പുദ്യോഗസ്ഥർ പിന്നീട് ഇങ്ങോട്ടു തിരിഞ്ഞു നോക്കിയിട്ടുമില്ല.
പിണ്ടിമന, കോട്ടപ്പടി, വേങ്ങൂർ പഞ്ചായത്തുകളിലുൾപ്പെടുന്ന കോട്ടപ്പാറ വനമേഖലയെ കാട്ടാനരഹിതമാക്കാനായി പദ്ധതി തയാറാക്കിയെങ്കിലും അതു പിന്നീട് ഉപേക്ഷിച്ചു. കോട്ടപ്പാറ വനത്തിൽ ആനകളുടെ എണ്ണം പതിന്മടങ്ങായി പെരുകി. കുറഞ്ഞത് നൂറ് ആനകളെങ്കിലും നിലവിൽ വനത്തിലുണ്ടെന്നു നാട്ടുകാർ പറയുന്നു.
കാടിറങ്ങി വന്യജീവികൾ... ഉറക്കമില്ലാതെ കർഷകർ - 5 / ജെയിസ് വാട്ടപ്പിള്ളിൽ