കാട്ടുപന്നിയുടെ കുത്തേറ്റു മരിച്ച ഗൃഹനാഥൻ. പ്രാണഭയത്താൽ ബന്ധുവീട്ടിൽ അഭയം തേടേണ്ടിവന്ന ഭാര്യയും മക്കളും. കണ്ണൂർ പാത്തൻപാറ കരാമരംതട്ടിലെ എടക്കര സാബുവിന്റെ കുടുംബത്തിന്റെ ദയനീയാവസ്ഥയാണിത്. 2014 നവംബർ രണ്ടിനാണ് കൃഷിയിടത്തിൽ വെള്ളം തിരിക്കാൻ പോയ സാബുവിനെ കാട്ടുപന്നി ആക്രമിച്ചു കൊലപ്പെടുത്തിയത്. അതോടെ ഭീതിയിലായ കുടുംബം പാത്തൻപാറ നരയംകല്ല്തട്ടിലെ ഒറ്റപ്പെട്ട വീട്ടിൽനിന്നു മാറുകയായിരുന്നു.
വീടുവിട്ടു ജീവിതം
സാബുവിന്റെ പെങ്ങളുടെ വീട്ടിലാണ് ഭാര്യ സോളിയും മക്കളും ഇപ്പോൾ താമസിക്കുന്നത്. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രം സ്വന്തം വീട്ടിൽ വന്നുപോകും. കൃഷിയിടത്തിൽനിന്ന് ആകെ ലഭിക്കുന്നതു കൊക്കോയും ജാതിക്കയും മാത്രം. ഇതിൽനിന്നുള്ള തുച്ഛവരുമാനം മാത്രമാണ് ജീവിതത്തിന് ആശ്രയം. മക്കളുടെ വിദ്യാഭ്യാസ ചെലവ് കുടുംബത്തിനു താങ്ങാവുന്നതിലും അപ്പുറം. മൂത്തമകൾ ബിഎസ്സി നഴ്സിംഗിനു പഠിക്കുന്നു. രണ്ടാമത്തെ മകൾ പ്ലസ്ടു പഠനം കഴിഞ്ഞു. ഇളയ മകൻ നാലാം ക്ലാസിൽ.
വാഗ്ദാനപ്പെരുമഴ
സാബുവിന്റെ മരണസമയത്ത് ഉദാരമതികളായ പലരും മനസലിഞ്ഞു നൽകിയ സഹായധനം സ്വരുക്കൂട്ടിയാണ് കുടുംബം ഇത്രയുംനാൾ പിടിച്ചുനിന്നത്. സാബുവിന്റെയും ഭാര്യ സോളിയുടെയും കുടുംബങ്ങളുടെ അകമഴിഞ്ഞ സഹായത്തിന്റെ തണലിലാണിപ്പോൾ. എന്നാൽ, എത്രനാൾ മറ്റുള്ളവരെ ആശ്രയിച്ചു കഴിയുമെന്ന ആശങ്കയാണ് ഇവരെ അലട്ടുന്നത്. സാബുവിന്റെ മരണത്തെത്തുടർന്ന് അന്നത്തെ യുഡിഎഫ് സർക്കാർ ധനസഹായങ്ങളുടെ തോരാമഴ തന്നെയാണ് പ്രഖ്യാപിച്ചത്. സർക്കാരിന്റെ ധനസഹായമായി രണ്ടു ലക്ഷം, വനംവകുപ്പിന്റെ അഞ്ചു ലക്ഷം, കുട്ടികളുടെ വിദ്യാഭ്യാസ ചെലവ്, പുതിയ വീടുവയ്ക്കാൻ ധനസഹായം.... സാബു മരിച്ചിട്ട് അഞ്ചുവർഷം കഴിഞ്ഞു. സർക്കാർ മാറി വന്നു. പ്രഖ്യാപനങ്ങൾ പലതും ഇപ്പോഴും ചുവപ്പുനാടയിൽ തന്നെ. സർക്കാർ ധനസഹായമായി ഒരു ലക്ഷം രൂപയും വനംവകുപ്പിന്റെ സഹായമായി രണ്ടു ലക്ഷം രൂപയും മാത്രമാണു ലഭിച്ചത്. മൂത്ത കുട്ടികൾക്ക് 25,000 രൂപ വീതവും ഇളയകുട്ടിക്ക് 12,000 രൂപയും വിദ്യാഭ്യാസ സഹായം വാഗ്ദാനം ചെയ്തെങ്കിലും നടപ്പായില്ല.
പഞ്ചായത്തിൽനിന്നു ലഭിച്ച രണ്ടു ലക്ഷം രൂപ ചെലവഴിച്ചു കയറിക്കിടക്കാൻ ഒരു വീടു നിർമിച്ചത് ഒഴിവാക്കിയാൽ സാബുവിന്റെ കുടുംബം നേരിട്ടതു കൊടുംവഞ്ചനയാണ്. മാറിവന്ന സർക്കാരുകൾ മോഹനവാഗ്ദാനം നൽകി കുടുംബത്തെ വഞ്ചിച്ചതിനെതിരേ ജനരോഷം ശക്തമാണ്. സർക്കാർ നൽകിയ വാക്ക് പാലിക്കണമെന്നും മക്കളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.
തലനാരിഴയ്ക്ക്
കാട്ടുപന്നിയുടെ ആക്രമണത്തിൽ ജീവൻ തിരിച്ചുകിട്ടിയ അനുഭവമാണ് സാബുവിന്റെ വീടിനു സമീപത്തെ മുതുപ്ലാക്കൽ വിൻസന്റിനു പറയാനുള്ളത്. 2014 ഒക്ടോബർ അഞ്ചിനു സ്വന്തം പറന്പിൽ ആടിനെ തീറ്റാൻ പോയ വിൻസന്റിനെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. പുല്ലരിയുന്നതിനിടെ പിറകിൽനിന്നു പാഞ്ഞടുത്ത കാട്ടുപന്നി വിൻസെന്റിനെ കുത്തിവീഴ്ത്തി. വീഴ്ചയിൽ വലതുകൈയ്ക്കു ഗുരുതരമായി മുറിവേറ്റു. കൈപ്പത്തിയുടെ മൂന്നു ഞരന്പുകൾ അറ്റുപോയി. വലതുകരത്തിന്റെ തള്ളവിരൽ അനങ്ങാതെയായി. ഇപ്പോൾ വിരൽ ചലിപ്പിക്കണമെങ്കിൽ മറ്റു വിരലുകളുടെ സഹായം വേണം. കൈവിരലിന്റെ സ്വാധീനം നഷ്ടപ്പെട്ടെങ്കിലും ജീവൻ തിരിച്ചുകിട്ടിയതിൽ ആശ്വസിക്കുകയാണ് ഈ യുവാവ്.
എവിടെ വൈദ്യുതിവേലി
കാട്ടുപന്നി ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ഭീഷണി സൃഷ്ടിക്കുന്ന കരാമരംതട്ടിൽ സോളാർ വൈദ്യുതവേലിയെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. കരാമരംതട്ട് ഫോറസ്റ്റ് സെക്ഷന്റെ കീഴിൽ 80 ശതമാനം വനാതിർത്തിയിലും സോളാർ ലൈൻ സ്ഥാപിച്ചിട്ടുണ്ടെങ്കിലും നിബിഡ വനമേഖലയോട് അടുത്തുകിടക്കുന്ന കരാമരംതട്ട് മുതൽ പൊട്ടംപ്ലാവ് വരെയുള്ള അഞ്ചു കിലോമീറ്ററോളം ഭാഗത്തു വൈദ്യുതവേലി സ്ഥാപിച്ചിട്ടില്ല. അതുകൊണ്ടുതന്നെ കാട്ടുമൃഗങ്ങൾ യഥേഷ്ടം കൃഷിയിടത്തിലേക്ക് എത്തുകയാണ്. ഇവിടെ വൈദ്യുതിവേലി നിർമിക്കാത്തതു സംബന്ധിച്ച് അധികൃതർക്കു വ്യക്തമായ മറുപടിയുമില്ല.
കാടിറങ്ങി വന്യജീവികൾ.. ഉറക്കമില്ലാതെ കർഷകർ / സിജോ ഡൊമിനിക്