അത്താഴം വിളമ്പുന്പോൾ കണ്ണുനിറയുന്ന ഒരു കുടുംബമുണ്ട് കണ്ണൂർ കേളകം നരിക്കടവിൽ. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അഞ്ചാനിക്കൽ ബിജുവിന്റെ വീടാണിത്. നിരാലംബമായ കുടുംബത്തിന്റെ കണ്ണീർ ഇതുവരെ തോർന്നിട്ടില്ല. അത്താഴം എടുത്തുവയ്ക്കുന്പോൾ പത്തു വയസുകാരി മകൾ ഇപ്പോഴും അറിയാതെ വിളിച്ചുപോകും: “പപ്പാ വാ..’’ അന്ന് അയൽവാസിയുടെ വീട്ടുമുറ്റത്ത് എത്തിയ കാട്ടാനയെ തുരത്താൻ വിളമ്പിവച്ച അത്താഴത്തിന്റെ മുമ്പിൽനിന്നാണ് ബിജു ഓടിയിറങ്ങിയത്.
ആ ഒരു രാത്രികൊണ്ട് അവരുടെ ജീവിതം മാറ്റിമറിക്കപ്പെട്ടു. ആനക്കലിയുടെ ക്രൂരതയ്ക്കു മുമ്പിൽ നിസഹായരാവുകയാണ് ബിജുവിന്റെ അമ്മ മേരിയും ഭാര്യ റെജിമോളും മക്കളായ ഡാലിയയും ഡെൽനയും. “എന്തുകൊണ്ടാണമ്മേ മനുഷ്യരെ കൊല്ലുന്ന വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത്. വന്യമൃഗങ്ങളെ കാട്ടിൽ നിർത്തേണ്ടേ ഫോറസ്റ്റുകാർ...?” ബിജുവിന്റെ ഇളയമകൾ ഡെൽനയുടെ കുഞ്ഞുമനസിൽ ഉയരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാവുന്നില്ല റെജിമോൾക്ക്.
കാട്ടാനയെ തുരത്താൻ
വനാതിർത്തിയിൽ താമസിക്കുന്ന കർഷകരോടുള്ള സർക്കാരുകളുടെ അവഗണനയുടെ ഇരയാണ് ബിജുവിന്റെ കുടുംബം. 2017 ജനുവരി 10ന് രാത്രി പന്ത്രണ്ടോടെയാണ് ബിജു കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പടക്കം പൊട്ടിച്ചു തുരത്താൻ ബിജുവും സുഹൃത്തുക്കളും ശ്രമിക്കുന്നതിനിടെ തിരികെയെത്തിയ കാട്ടാന ആക്രമിക്കുകയായിരുന്നു. അമ്മയും ഭാര്യയും രണ്ട് പെൺമക്കളുമടങ്ങുന്ന കുടുംബത്തിന് ഏക ആശ്രയമായിരുന്നു മലഞ്ചരക്കുകടയിലെ ജീവനക്കാരനായിരുന്ന ബിജു. മതാധ്യാപകനും ഭക്തസംഘടനകളിലെ സജീവ പ്രവർത്തകനുമായ ബിജു നാട്ടുകാർക്കും പ്രിയങ്കരനായിരുന്നു.
വാഗ്ദാനങ്ങളേറെ
ബിജുവിന്റെ മരണ ശേഷം വാഗ്ദാനങ്ങൾ ഏറെ നല്കി ഭരണകൂടം. ഭാര്യക്കു സ്ഥിരം ജോലി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നു ധനസഹായം, പുതിയ വീട്... കിട്ടിയതോ വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെടുന്നവർക്കു നൽകുന്ന അഞ്ചു ലക്ഷം രൂപയും ഭാര്യക്ക് ആറളം വന്യജിവി സങ്കേതത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ താത്കാലിക ജോലിയും മാത്രം. മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും രാഷ്ട്രീയ പ്രതിനിധികളും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരാൻ എത്തിയിരുന്നു. അവരെല്ലാം കുടുംബത്തിന്റെ അവസ്ഥ കണ്ടറിഞ്ഞതുമാണ്.പക്ഷേ, കർഷകരോടുള്ള സർക്കാരുകളുടെ പതിവ് സമീപനത്തിൽ എല്ലാം വിസ്മരിക്കപ്പെട്ടു. മക്കളുടെ വിദ്യാഭ്യാസം, രോഗിയായ അമ്മയുടെ ചികിത്സ, വിടിന്റെ നിർമാണം... ഒന്നിനും ഉത്തരമില്ല.
മരണത്തിന്റെ ബാക്കി
ബിജുവിന്റെ മരണത്തോടെയാണ് അതുവരെ ഇഴയുകയായിരുന്ന വളയംചാൽ - അടയ്ക്കാത്തോട് ആന പ്രതിരോധമതിൽ നിർമാണം പൂർത്തിയായത്. ആറളം വന്യജീവി സങ്കേതത്തിന്റെ അതിർത്തിയിൽ വളയംചാൽ മുതൽ കരിയംകാപ്പ് വരെ 9.25 കിലോമീറ്റർ ആന മതിലാണ് പൂർത്തിയായത്. കരിയംകാപ്പ് മുതൽ പന്ന്യാംമല വരെയുള്ള നാലു കിലോമീറ്റർ മതിൽ നിർമാണം തുടങ്ങി. കോൺക്രീറ്റും കരിങ്കല്ലും ഉപയോഗിച്ച് 2.2 മീറ്റർ ഉയരത്തിൽ നിർമിച്ച കൂറ്റൻ കരിങ്കൽ മതിൽ വന്നതോടെ കാട്ടാന ശല്യത്തിനു തടയിടാനായെങ്കിലും മറ്റു വന്യമൃഗങ്ങൾ ഇവിടെ സ്വൈരവിഹാരം നടത്തുകയാണ്. കടുവ, പുലി, കാട്ടുപന്നി, കുരങ്ങ്, ഉഗ്രവിഷമുള്ള പാമ്പുകൾ... വനാതിർത്തി പ്രദേശങ്ങളിലെ കർഷകരുടെ ദയനീയാവസ്ഥ വിവരണാതീതം.
ഒരു കർഷകൻ പങ്കുവച്ച പൊള്ളുന്ന അനുഭവം ഇങ്ങനെ: “അമ്പതിലധികം തെങ്ങുണ്ട്. അതിൽ നിറയെ തേങ്ങയുമുണ്ട്. പക്ഷേ, അരച്ചു കറിവയ്ക്കണമെങ്കിൽ കാശുകൊടുത്തു വാങ്ങണം. മുഴുവനും കുരങ്ങും മലയണ്ണാനും നശിപ്പിക്കുകയാണ്...’’ അതുപോലെ തന്നെയാണ് വളർത്തു മൃഗങ്ങളുടെയും മറ്റ് കൃഷികളുടെയും കാര്യവും. കർഷകർ ചോരനീരാക്കി പോറ്റി വളർത്തുന്നതും നട്ടുപിടിപ്പിക്കുന്നതുമെല്ലാം വന്യമൃഗങ്ങൾക്കു വേണ്ടിയാണെന്നു തോന്നും.
കാടിറങ്ങി വന്യജീവികൾ... ഉറക്കമില്ലാതെ കർഷകർ / എം.ജെ.റോബിൻ