പാലക്കാട്: വന്ന വഴി മറക്കരുത് എന്നൊരു ചൊല്ലുണ്ട്. ഇതു മനഃപാഠമാക്കിയ പോലെ ചില കാട്ടാനകളുണ്ട് പാലക്കാടൻ വനാതിർത്തിയിൽ. നേതൃത്വം നൽകാൻ ഒരു കൊന്പൻ. വഴികൾ പഠിക്കാൻ കൂട്ടത്തിലൊരു കുട്ടിക്കൊന്പനെയും കൂട്ടിയാണ് യാത്ര. ഇതുകൊണ്ടുതന്നെ ആനച്ചന്തം കാണാനും ആനക്കലി കാണാനും പാലക്കാട്ടുകാർക്ക് പൂരപ്പറന്പുകളോ വന്യജീവിസങ്കേതങ്ങളോ തേടേണ്ടിവരുന്നില്ല. പട്ടാപ്പകൽ വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്ന റോഡിലൂടെയും വീട്ടുപറന്പുകളിലൂടെയും മുറ്റങ്ങളിലൂടെയും പതിവാക്കിക്കഴിഞ്ഞു. റോഡെന്നുപറഞ്ഞാൽ ഒന്നാന്തരം ദേശീയപാത. ആ വരവ് ഒന്നൊന്നര വരവുതന്നെയാണ്. പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ മുണ്ടൂർ ഭാഗമാണ് ആനകൾ പുതിയ വഴിത്താര ചവിട്ടിയൊരുക്കിയിട്ടുള്ളത്. നാടുകുലുക്കിയുള്ള ഈ യാത്ര തുടർച്ചയായി രണ്ടാംവർഷവും പതിവായിരിക്കുന്നു.
ദേശീയപാത ഒരു ആനത്താര
ധോണി വനാതിർത്തിയിലെ അരിമണിയിൽനിന്നാണ് കാട്ടാനകളുടെ ഇറക്കം. തുടർന്ന് ദേശീയപാതയിലെ മുണ്ടൂർ ജംഗ്ഷനിലെത്തും. ഇവിടെനിന്നാണ് ഒൗദ്യോഗിക യാത്രയുടെ തുടക്കം. നടുറോഡിലൂടെ കൊന്പുകുലുക്കി യാത്ര തുടരും. വഴിച്ചെലവായി പോകുന്ന വഴിയിലെ കൃഷികളെല്ലാം തിന്നു നശിപ്പിക്കും. അതിനുമുന്പ് വനാതിർത്തിയിലെ കർഷകർ മാത്രം കണ്ടുപരിചയിച്ചിരുന്ന കാട്ടാനകൾ ഇപ്പോൾ അങ്ങ് തൃശൂർ ജില്ലയിലെ തിരുവില്വാമല പ്രദേശത്തുകാർക്കുവരെ സുപരിചിതരായി. മുന്പെല്ലാം ദേശീയപാതയോരംവരെ വന്നിരുന്ന കാട്ടാനകളാണ് ഇപ്പോൾ റോഡുംകടന്ന് അതിർത്തി ജില്ലകൾ വരെ എത്തുന്നത്.
ആദ്യ യാത്ര തുടങ്ങുന്നു
നെല്ല് പത്തായത്തിലുണ്ടെങ്കിൽ എലി വയനാട്ടിൽനിന്നായാലും എത്തുമെന്നൊരു പഴഞ്ചൊല്ലുണ്ട്. ഇതുപോലെയാണ് ഈ കാട്ടാനകളുടെ യാത്രയും. തീറ്റയും വെള്ളവും യഥേഷ്ടം ലഭിക്കുന്നതിനാലാണ് ഇവർ കാടുംമേടുംകടന്നു യാത്ര പതിവാക്കിയിരിക്കുന്നത്. ഈ യാത്രകളിൽ ഇതുവരെ മനുഷ്യജീവനു ഭീഷണിയായിട്ടില്ലെന്നതു മാത്രമാണ് ആശ്വാസം. പക്ഷേ, നെല്ലുംതെങ്ങും കവുങ്ങും വാഴയുമൊക്കെയായി ചുവടെ നശിപ്പിച്ചാണ് കറക്കം. ആദ്യയാത്ര 2017 ഓഗസ്റ്റ് രണ്ടിനായിരുന്നു. ഒരു കൊന്പൻ ഉൾപ്പെടെ മൂന്നു കാട്ടാനകളാണ് അന്നു നാടുകാണാനിറങ്ങിയത്. മുണ്ടൂർ- പറളി അയ്യർമല വഴി തിരുവില്വാമല കുത്താന്പുള്ളിവരെ എത്തിയുള്ള യാത്ര ഒന്പതു ദിവസം നീണ്ടു. ജനജീവിതത്തെ മുൾമുനയിൽ നിർത്തിയ കാട്ടാനകൾ തീറ്റയ്ക്കുശേഷം ഭാരതപ്പുഴയിലിറങ്ങി വെള്ളംകുടിച്ചും നീരാടിയുമാണു തിരികെ യാത്ര ആരംഭിച്ചത്. വനംവകുപ്പും പോലീസും ദിവസങ്ങളോളം ഉറക്കമിളച്ചു പിന്നാലെയും. ഒടുവിൽ ഓഗസ്റ്റ് 11ന് ഇറങ്ങിയിടത്തുതന്നെ എത്തിക്കാൻ സ്ക്വാഡിനായി. വയനാട്ടിൽനിന്നെത്തിയ താപ്പാനകളും പ്രത്യേക സ്ക്വാഡുമെല്ലാം ഇതിനായി അക്ഷീണം പ്രയത്നിച്ചു. കാടുകയറ്റിയെന്നു മാത്രമല്ല വീണ്ടും ഇറങ്ങാതിരിക്കാനായി കുങ്കിയാനകളെ പുറത്തു കാവലും നിർത്തി. യാത്രയ്ക്കിടെ ആനകളെ പ്രകോപിപ്പിക്കാതിരിക്കാൻ ട്രെയിന്റെ വേഗംവരെ കുറപ്പിച്ചു. കാടുകയറ്റിയ കാട്ടാനകൾ പിന്നീടു കുറച്ചു മാസങ്ങളോളം ജനവാസ മേഖലയിലേക്കിറങ്ങിയില്ല.
ഞെട്ടിച്ച് രണ്ടാംവരവ്
ഇക്കഴിഞ്ഞ ഫെബ്രുവരി 18നാണ് പഴയ കൊന്പനും ഒരു കുട്ടിയുമടങ്ങുന്ന രണ്ടംഗസംഘം രണ്ടാം യാത്രയ്ക്കിറങ്ങിയത്. പഴതുപോലെ ദേശീയപാത മുറിച്ചുകടന്ന് മുണ്ടൂർവഴി പറളിയിലേക്ക് യാത്ര. ഇവിടെ അയ്യർമലയിൽ തങ്ങി കൃഷിനാശം വിതച്ചു. കാട്ടാനകളെ തുരത്താൻ വനംവകുപ്പും പോലീസും ദ്രുതകർമസേനയുമെല്ലാം എത്തി. എന്നാൽ, ആദ്യത്തെ പോലെ പെട്ടെന്നു പോകാൻ തിടുക്കം കാണിക്കാത്ത കാട്ടാനകൾ കൂടുതൽ സ്ഥലങ്ങളിലേക്കു യാത്ര തുടരുകയായിരുന്നു. ജനവാസമേഖലകളായ മാത്തൂർ മന്ദംപുള്ളിയിലെത്തി. റെയിൽവേ ട്രാക്കും കടന്നായിരുന്നു ഇവരുടെ യാത്ര. പിന്നീട് ആലത്തൂർ കാവശേരിയിലെത്തി. ആറാപ്പുഴയിൽനിന്നു കിലോമീറ്ററുകൾ താണ്ടി ഭാരതപ്പുഴയിലിറങ്ങി നീരാടിയ ശേഷമാണ് കരയ്ക്കു കയറിയത്.
പടക്കംപൊട്ടിച്ചും ഒച്ചകൂട്ടിയും ആനകളെ കാടുകയറ്റാനുള്ള ശ്രമവുമായി വനംവകുപ്പും. വയനാട്ടിൽനിന്നു വയനാടൻ ട്രക്കേഴ്സ് എന്ന വിദഗ്ധരും എത്തിയിരുന്നു. ഇതിനിടെ, റോഡുകളിൽ വാഹന ഗതാഗതംവരെ നിർത്തിവച്ചു.
വീണ്ടും ദിവസങ്ങൾ പിന്നിട്ടാണ് 22-ാം തീയതി ആനകളെ കാടുകയറ്റിയത്. അതുവരെ കുട്ടികളെ സ്കൂളുകളിലേക്കയക്കാതെയും രക്ഷിതാക്കൾ ജോലിക്കുപോകാതെയും ഭയന്നു കഴിയുകയായിരുന്നു ജനങ്ങൾ . പലപ്പോഴും ആനകളുടെ മുന്നിലകപ്പെട്ടവർ രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. ആനകളെക്കണ്ടു വാഹനങ്ങളിൽനിന്നു വീണു പരിക്കേറ്റവരുമുണ്ട്. കഴിഞ്ഞ വർഷം മുണ്ടൂരിൽ കയറംകോട് വനാതിർത്തിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവവുമുണ്ടായി. വന്നവഴി മറക്കാത്ത കാട്ടാനകൾ ഇനിയും കാടിറങ്ങുമെന്ന ഭീതിയിൽതന്നെയാണ് നാട്ടുകാർ.
മരണം പതിയിരിക്കും ബൈപ്പാസ് റോഡ്
മലന്പുഴ-കഞ്ചിക്കോട് ബൈപ്പാസിലൂടെയും കാട്ടാനകളുടെ സഞ്ചാരം പതിവാണ്. ഇവിടെ ഇതിനകം രണ്ടുപേർ കാട്ടാനയാക്രമണത്തിൽ മരിച്ചിട്ടുണ്ട്. നിരവധി പേർക്ക് പരിക്കേറ്റു. ഭാഗ്യവശാൽ ജീവൻ രക്ഷപ്പെട്ടവരും നിരവധി. മാസങ്ങൾക്കു മുന്പ് ബൈക്ക് യാത്രികനായ സ്വാമിനാഥൻ എന്നയാൾ കാട്ടാന ആക്രമണത്തിൽ മരിച്ചിരുന്നു. വാളയാർ വനമേഖലയിലേക്കാണ് മലന്പുഴ ഭാഗത്തുനിന്നു കാട്ടാനകൾ യാത്ര തുടരുന്നത്. മലന്പുഴയിൽ ഇഷ്ടികക്കളത്തിൽ ടെന്റുകെട്ടി കഴിയുകയായിരുന്ന തമിഴ്കുടുംബവും കാട്ടാനയാക്രമണത്തിന് ഇരയായത് അടുത്തിടെയാണ്. അന്ന് ഒരു സ്ത്രീയെ കാട്ടാന ചവിട്ടിക്കൊല്ലുകയും ചെയ്തു.
17 വർഷത്തിനിടെ കൊല്ലപ്പെട്ടത് മുപ്പതിലധികംപേർ
പാലക്കാട് ജില്ലയിൽ 17 വർഷത്തിനിടെ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടതു മുപ്പതിലധികം പേരാണ്. ഇതിൽ ഏറിയ പങ്കും അട്ടപ്പാടി മേഖലയിലാണ്. അതേസമയം, ജനവാസ മേഖലകളിലൂടെയുള്ള കാട്ടാനകളുടെ സഞ്ചാരം മുണ്ടൂർ, കഞ്ചിക്കോട് ഭാഗങ്ങളിലാണ്. റോഡ് ഉപരോധവും വനംവകുപ്പ് ഓഫീസ് മാർച്ചുമുൾപ്പടെ പ്രതിഷേധസമരങ്ങൾ നിരവധിതവണ നടന്നുകഴിഞ്ഞു. വനാതിർത്തികളിൽ സുരക്ഷാവേലികൾ സ്ഥാപിക്കണമെന്ന ആവശ്യവും നാശനഷ്ടങ്ങൾക്കു ധനസഹായം വേണമെന്ന ആവലാതിയും ഇന്നും കർഷകരുടെ ഭാഗത്തുനിന്നുണ്ട്. മുണ്ടൂർ- പുതുപ്പരിയാരം വനാതിർത്തിയിൽ ഫെൻസിംഗ് നിർമാണം നടത്തിയിട്ടുണ്ടെങ്കിലും എല്ലാ ഭാഗത്തും പൂർത്തിയായിട്ടില്ല.
കാടിറങ്ങി വന്യജീവികൾ ഉറക്കമില്ലാതെ കർഷകർ / സി. അനിൽകുമാർ