കൃഷി കൂടുതല്‍ സ്ഥലത്തേക്കു വ്യാപിപ്പിക്കാന്‍ 2015-16ലാണ് ഇടിയാലില്‍ ജോമോന് തീരുമാനിച്ചത്. വനത്തിനു സമീപത്തായിട്ടും ട്രഞ്ചും വൈദ്യുത ഫെന്‍സിംഗും ഉണ്ടെന്നതിനൊപ്പം സ്വന്തമായി 25,000 രൂപ ചെലവാക്കി നിര്‍മിച്ച വൈദ്യുത ഫെന്‍സിംഗും കൃഷി ആരംഭിക്കാന്‍ ജോമോനു ധൈര്യം നല്കി.
ഇതൊക്കെ കഴിഞ്ഞാണ് കൃഷിയിടം കാടുവെട്ടി ഒരുക്കിയത്. ആവശ്യത്തിനു വെള്ളമെത്തിക്കാന്‍ മോട്ടോര്‍ സെറ്റും പൈപ്പുകളും സ്പ്രിംഗ്ലറുകളും സ്ഥാപിച്ചു. തുടർന്നു കൃഷിഭവനില്‍നിന്നു ലഭിച്ച നേന്ത്രവാഴയുടെ 100 ടിഷ്യുകള്‍ച്ചര്‍ വാഴവിത്ത് ഇവിടെ നട്ടത്. സ്വന്തം മക്കള്‍ക്കു നല്കുന്ന പോലെ സ്നേഹം നല്‍കിയാണ് ജോമോന് ഇവയെ വളര്‍ത്തിയത്.
കുഞ്ഞുങ്ങളുടെ അധ്വാനം
വാഴയ്ക്ക് ആവശ്യത്തിനുള്ള വെള്ളം നല്കുന്ന ജോലി ചെയ്തിരുന്നത് അന്ന് ഒമ്പതാം ക്ലാസിലും ആറാം ക്ലാസിലും പഠിച്ചിരുന്ന നിജിലും അജിലും മൂന്നാം തരത്തില്‍ പഠിച്ചുകൊണ്ടിരുന്ന ബില്‍ബിയും ആയിരുന്നു. ആവശ്യത്തിനു വെള്ളവും വളവും നല്കിയപ്പോൾ വളർന്നു കയറിയ വാഴക്കൂട്ടം ജോമോന്റെയും കുടുംബത്തിന്റെയും മനസുനിറച്ചു.
ദുരന്തക്കാഴ്ച
വാഴകുലച്ചു വിളവെടുക്കാന്‍ ഏതാനും മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് കുടുംബത്തെ കണ്ണീരിലാഴ്ത്തിയ ആ സംഭവം. വനംവിട്ടിറങ്ങിയെത്തിയ കാട്ടാനക്കൂട്ടം വനം വകുപ്പിന്റെ ട്രഞ്ചും ഫെന്‍സിംഗും മറികടന്ന് ജോമോന് സ്ഥാപിച്ച ഫെന്‍സിംഗും തകര്‍ത്ത് കൃഷിയിടത്തില്‍ കടന്നു. പിന്നത്തെ കാഴ്ച ഹൃദയഭേദകമായിരുന്നു. പച്ചക്കുട നിവർത്തി നിന്നിരുന്ന വാഴകൾ മുഴുവൻ കാട്ടാനക്കൂട്ടം ചതച്ചുതകർത്തു. നേരത്തെയും കാട്ടാനകൾ കൃഷിയിടത്തിൽ എത്തിയിരുന്നെങ്കിലും ഇത്രയും നാശം വിതച്ചത് ആദ്യമായിരുന്നുവെന്നു ജോമോൻ പറയുന്നു. വാഴയിൽ മാത്രമൊതുങ്ങിയില്ല തെങ്ങ്, കമുക്, ചേന, ഇഞ്ചി, കുരുമുളക് തുടങ്ങി ജോമോന്റെയും കുടുംബത്തിന്റെയും വർഷങ്ങൾ നീണ്ട അധ്വാനം മുഴുവൻ തകർത്തെറിഞ്ഞിട്ടാണ് അവറ്റകൾ മടങ്ങിയത്. കൃഷിയിടം കണ്ട ജോമോൻ നെഞ്ചുതകർന്ന് മൂന്നു മക്കളെയും കൂട്ടി തൊട്ടടുത്ത നെയ്ക്കുപ്പ ഫോറസ്റ്റ് സെക്ഷന്‍ ഓഫീസിനു മുന്നിലെത്തി. വായ് മൂടിക്കെട്ടി ആന നശിപ്പിച്ച വാഴക്കുലയും മുന്നില്‍ വച്ച് കുത്തിയിരുപ്പ് സമരം നടത്തി.
ഡയലോഗ് മാത്രം
കൃഷിനാശം നേരിട്ട തനിക്കും കുടുംബത്തിനും മതിയായ നഷ്ടപരിഹാരം നല്‍കുക, വന്യമൃഗശല്യത്തിനു ശാശ്വത പരിഹാരം ഉണ്ടാക്കുക എന്നീ ആവശ്യങ്ങളാണ് ജോമോന് അധികാരികളുടെ മുന്നില്‍ വച്ചത്. അന്നത്തെ ഫോറസ്റ്റര്‍ മുസ്തഫാ സാദിഖ് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ഫോണില്‍ ബന്ധപ്പെട്ടു. ഇതോടെ അധികാരികള്‍ സമരം അവസാനിപ്പിക്കാന്‍ വാഗ്ദാനങ്ങള്‍ കോരിച്ചൊരിഞ്ഞു. മതിയായ നഷ്ടപരിഹാരം നല്‍കുമെന്നും ആനയിറങ്ങുന്ന ഭാഗത്തു രണ്ടു വാച്ചര്‍മാരെ കാവലിനു നിയോഗിക്കുമെന്നും കൃഷി നശിച്ച സ്ഥലം വനം ഉദ്യോഗസ്ഥര്‍ നേരിട്ടു സന്ദര്ശിക്കുമെന്നുമൊക്കെ നല്ല വാക്കു പറഞ്ഞു. അധികാരികളുടെ വാക്കു വിശ്വസിച്ചു ജോമോനും കുടുംബവും സമരം അവസാനിപ്പിച്ചു.
അധികാരികള്‍ പറഞ്ഞതനുസരിച്ച് 45,000 രൂപ നഷ്ടപരിഹാരം ലഭിക്കാന്‍ അപേക്ഷ സമര്‍പ്പിച്ച ജോമോന് ഒരു രൂപപോലും ഇനിയും കൈയിൽ കിട്ടിയിട്ടില്ല. മുന്‍ വര്‍ഷങ്ങളിലെ നഷ്ടപരിഹാരവും നല്‍കിയിട്ടില്ല. ഇതോടെ ബാങ്കില്‍ നിന്നു കൃഷിക്കായി എടുത്ത ഒരു ലക്ഷം രൂപ തിരിച്ചടയ്ക്കാനും കഴിയാത്ത സ്ഥിതിയായി. വനം വകുപ്പിനെതിരെ പ്രതിഷേധിച്ചതുകൊണ്ടാകണം പരിശോധനയ്ക്ക് എത്തുന്ന ഉദ്യോഗസ്ഥരും നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്നു ജോമോൻ സംശയിക്കുന്നു.
വീണ്ടും ചവിട്ടിമെതിച്ച്
കാട്ടാന തകർത്തെറിഞ്ഞെങ്കിലും കൃഷി രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ജോമോനു കൃഷി ഉപേക്ഷിക്കാന്‍ മനസുവന്നില്ല. കാട്ടാന തകര്‍ത്ത തന്റെ കൃഷിയിടത്തിലെ ഫെന്‍സിംഗ് കൈയിലുണ്ടായിരുന്ന പണം മുടക്കി കഴിഞ്ഞ വർഷം വീണ്ടും നിർമിച്ചു. 250 പൂവന് വാഴയും 100 നേന്ത്ര വാഴയും കൃഷി ചെയ്തു. ആദ്യ മാസങ്ങള്‍ സന്തോഷത്തിന്റേതായിരുന്നു. എന്നാൽ, വാഴ കുലച്ചുതുടങ്ങിയതോടെ ആനയും കൃഷിയിടത്തില്‍ എത്തി. കൃഷിയിടത്തിനു ചുറ്റും സ്ഥാപിച്ചിരുന്ന വൈദ്യുതി വേലിക്കു മുകളിലേക്ക് അടുത്തുള്ള മരം ചവിട്ടിമറിച്ചിട്ടിട്ടാണ് ആനകൾ വഴിയൊരുക്കിയത്. മുന്നൂറോളം വാഴയും കായ്ഫലം നല്‍കിയിരുന്ന തെങ്ങും കമുകും കുരുമുളക് ചെടികളും ഇത്തവണയും ആന നശിപ്പിച്ചു.
കണ്ണുതുറക്കാതെ
ആന കയറിയതോടെ കൃഷിയിടം ഉത്സവം കഴിഞ്ഞ പറമ്പുപോലെയായി. ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഇത്തവണ ഉണ്ടായത്. പതിവുപോലെ വന്യജീവി ശല്യത്തില്‍ കൃഷി നശിച്ചതിന് സര്‍ക്കാരില്‍ അപേക്ഷ സമര്‍പ്പിച്ചു. എന്നാല്‍, അധികാരികൾ കണ്ണുതുറന്നില്ല. സർവതും നഷ്ടപ്പെട്ട താന്‍ ഇനി എങ്ങനെ ജീവിക്കുമെന്നാണ് നെഞ്ചിൽ തട്ടിയുള്ള ജോമോന്റെ ചോദ്യം. മക്കളുടെ പഠനം മുതല്‍ വീട്ടുചെലവുകള്‍ക്ക് വരെ ഇനിയെന്തുചെയ്യുമെന്നറിയാതെ ഉഴലുകയാണ് ഈ യുവകര്ഷകന്.
മന്ത്രിക്കും നൽകി
നഷ്ടപരിഹാരം ആവശ്യപ്പെട്ടു കൃഷി മന്ത്രിക്കുവരെ നേരിട്ടു പരാതി നല്‍കിയിട്ടും ഫലമില്ലാത്ത അവസ്ഥയില്‍ ഒരേക്കറോളം സ്ഥലത്ത് കൃഷിയിറക്കുന്നില്ലെന്ന കടുത്ത തീരുമാനത്തിലാണ്. അധികാരികളുടെ കൺമുന്നിൽ നടക്കുന്ന വന്യജീവി ശല്യത്തിനു പരിഹാരം കാണാനോ നഷ്ടപരിഹാരം നൽകാനോ അധികാരികൾക്കു മനസില്ല. ജോമോനെപ്പോലുള്ള നൂറ്കണക്കിനു കര്‍ഷകരാണു വയനാട്ടില്‍ നടവയല്‍ പോലുള്ള കുടിയേറ്റ മേഖലകളില്‍ വന്യജീവി ശല്യത്താല്‍ പൊറുതിമുട്ടുന്നത്. കാട്ടാനയ്ക്കു പുറമേ കുരങ്ങ്, മാന്‍ , കാട്ടുപന്നി, മയില്‍ എന്നിവയുടെ എണ്ണം പെരുകിയതോടെ കർഷകന് ഉറക്കമില്ലാത്ത രാത്രികളാണ്.
വിളവെടുത്ത് വന്യമൃഗങ്ങൾ
ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കൃഷിയെ ആശ്രയിക്കുന്നവര്‍ക്കു ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. കൃഷിയിറക്കുന്നതു കര്‍ഷകനും വിളവെടുക്കുന്നതു വന്യമൃഗങ്ങളും എന്ന നിലയിലാണ് വയനാട്ടിലെ ഇപ്പോഴത്തെ സ്ഥിതി. സുല്‍ത്താന്‍ ബത്തേരിയിലെ വയനാട് ഫോറസ്റ്റ് ഓഫീസിനു മുമ്പില്‍ വടക്കനാട് നിവാസികള്‍ നടത്തിയ നിരാഹാര സമരം പോലെ നടവയല്‍ പ്രദേശവാസികളും സമരം തുടങ്ങേണ്ടി വരുമെന്നാണ് ജോമോന് പറയുന്നത്.
സർക്കാർ ചെയ്യേണ്ടത്
ആവശ്യത്തിനു ജീവനക്കാരെ നിയമിക്കുക, ഫെന്‍സിംഗ്, ട്രഞ്ച് ഉള്‍പ്പടെയുള്ളവയുടെ പരിപാലനം നടത്തുക, വന്യജീവികള്‍ കൃഷി നശിപ്പിച്ചവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുക, ഇതിനായി സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുക എന്നിവയാണ് ജോമോന് ആവശ്യപ്പെടുന്നത്. ഇതു ജോമോന്റെ മാത്രം ആവശ്യമല്ല, വയനാട്ടിലെ നൂറുകണക്കിനു കർഷകരുടെ രോദനമാണ്. അധികാരികൾ ഇനിയെങ്കിലും കണ്ണുതുറന്നെങ്കിൽ?..
കാടിറങ്ങി വന്യജീവികൾ.. ഉറക്കമില്ലാതെ കർഷകർ / അദീപ് ബേബി