ഏതു ചക്കയ്ക്കും ഒരു സമയമുണ്ടെന്ന് ഇപ്പോൾ ചക്കയ്ക്കും പ്ലാവിനും മനസിലായിട്ടുണ്ടാവണം. ഇന്നേവരെ ഒരുത്തനോടും വളമിടണമെന്നു പറഞ്ഞിട്ടില്ല, മരുന്നടിക്കാൻ കാശു ചോദിച്ചിട്ടില്ല, കിളി കൊത്താതെ പൊതിഞ്ഞു കെട്ടണമെന്ന് അപേക്ഷിച്ചിട്ടില്ല... ഇതൊന്നുംകൂടാതെ ഈ നാട്ടുകാർക്ക് ഇഷ്ടംപോലെ ചക്ക ഫ്രീയായി കൊടുത്തു. പക്ഷേ, എന്നിട്ടും ഇക്കാലമത്രയും നല്ലതൊന്നും അധികം കേൾക്കാൻ ഇടവന്നിട്ടില്ല. വൈകിയാലെന്താ, കാത്തിരിപ്പിനു ഫലമുണ്ടായി, സർക്കാർ ചക്കയെ സംസ്ഥാനത്തിന്റെ ഒൗദ്യോഗിക ഫലമായി പ്രഖ്യാപിച്ചിരിക്കുന്നു.
തേങ്ങയ്ക്കും മാങ്ങയ്ക്കും തെല്ല് അസൂയ തോന്നുക സ്വാഭാവികം. നാടിനു പേരുവരാൻ കാരണക്കാരനായ ഞാനിവിടെ ഒറ്റത്തടിയായി തല ഉയർത്തിനിന്നിട്ടും ഈ ബഹുമതി തന്നില്ലല്ലോ എന്നു കേരകുമാരൻ പരാതി പറഞ്ഞേക്കാം. മാവിനും പറയാനുണ്ട് പരിഭവങ്ങൾ... ഇന്നേവരെ ഏതെങ്കിലും കവി "അങ്കണ തൈപ്ലാവിൽനിന്ന് ആദ്യത്തെ പഴം വീഴ്കെ’... എന്നു പാടിയിട്ടുണ്ടോ? കഥകളിലും കവിതകളിലുമെല്ലാം മാവും മാങ്ങയുമല്ലേ വരാറുള്ളത്. മാങ്ങ തലയിൽ വീണ് ഇതുവരെ ആർക്കും ഇഹലോകവാസം വെടിയേണ്ടി വന്നിട്ടില്ല... ഇന്നിവിടെ ക്രിക്കറ്റ് പന്ത് എറിഞ്ഞു സ്റ്റന്പ് തെറിപ്പിച്ചു കൈയടി മേടിക്കുന്ന മിടുക്കന്മാർ പലരും ആദ്യം എറിഞ്ഞിട്ടുള്ളത് ഏതെങ്കിലും മാവിൻ കൊന്പിലാണെന്നതുമോർക്കണം... എന്നിട്ടും മാവിനെ ഈ പദവിയിലേക്കു പരിഗണിക്കാതിരുന്നാൽ വിഷമം തോന്നാതിരിക്കുമോ ?
ചക്കയ്ക്കു നല്ല കാലം വന്നത് എന്തായാലും സർക്കാരിന്റെ കാലം നല്ലതാക്കാൻ പ്രയോജനപ്പെടുമോയെന്നാണ് ഇനി അറിയാനുള്ളത്. തേൻവരിക്ക ആയിരിക്കുമെന്നു പറഞ്ഞ് കയറിയിട്ടു ഭരണം കൂഴച്ചക്ക പോലെ കുഴഞ്ഞിരിക്കുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ പക്ഷം. പാർട്ടിക്കാരുടെ തേൻവരിക്ക കീഴാറ്റൂരിലെ വയൽക്കിളികൾ കൊത്തി അകത്താക്കുന്നതു കണ്ടു ഞെട്ടിയിരിക്കുകയാണ് ഇപ്പോൾ ഭരണപക്ഷം. കൊത്തിക്കൊത്തി മുറത്തിൽ കയറി കൊത്തരുതെന്നു മുന്നറിയിപ്പും കൊടുത്തുകഴിഞ്ഞു. ഇപ്പോളിരിക്കുന്ന കൊന്പ് വെട്ടിമാറ്റിത്തന്നാൽ വയൽക്കിളികൾക്കായി ഇഷ്ടം പോലെ പ്ലാവുകൾ വച്ചുപിടിപ്പിച്ചു തരാമെന്നായിരുന്നു സർക്കാർ വാഗ്ദാനം. മൂലന്പിള്ളിയിൽ ചക്ക വീണു മുയൽ ചത്തു എന്നു കരുതി എല്ലായിടത്തെയും മുയലുകൾ ചക്ക വീഴാൻ പരുവത്തിൽ പ്ലാവിൻ ചോട്ടിൽ വന്നു കുന്പിട്ടു നിൽക്കുമെന്നാണ് സർക്കാർ കരുതിയത്. എന്നാൽ, അങ്ങനെ ഇരിക്കുന്ന കൊന്പ് മുറിക്കാൻ തയാറല്ലെന്നാണ് വയൽക്കിളികളുടെ പ്രഖ്യാപനം.
ചക്ക സംസ്ഥാന ഫലമായതിൽ ഏറ്റവും ആശ്വാസം മിക്കവാറും ഐസക് മന്ത്രിക്കാവണം. കാലിയായ ഖജനാവിലേക്കു നോക്കി അന്തംവിട്ടു നിൽക്കുന്നത് ഇനി മറക്കാം. ആ സമയം "അഴകുള്ള ചക്കയിൽ ചുളയില്ല’ എന്ന പഴഞ്ചൊല്ല് ഓർമിക്കുക. സംസ്ഥാന ഫലത്തിന്റെ സ്ഥിതി ഇതാണെങ്കിൽ സംസ്ഥാന ഖജനാവിനെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യമുണ്ടോ ?
എന്നാൽ, ഖജനാവിലെ ഇപ്പോഴത്തെ ചോർച്ചയടയ്ക്കാൻ ചക്കയരക്ക് മാത്രം മതിയെന്നാണ് കൃഷിമന്ത്രി പറയുന്നത്. 15,000 കോടി രൂപയാണത്രേ ചക്കയ്ക്കുള്ളിൽ ഒളിച്ചിരിക്കുന്നത്.
ആടി നിൽക്കുന്ന കക്ഷികളുടെ പിന്തുണ "അരക്കിട്ട്’ ഉറപ്പിക്കാനും ഇനി രാഷ്ട്രീയക്കാർക്ക് അഭിമാനത്തോടെ സംസ്ഥാന ഫലമായ ചക്കയെ ആശ്രയിക്കാം. അതുകൊണ്ട് എല്ലാ പാർട്ടിയാപ്പീസുകളിലും ഒരു പ്ലാവ് അല്ലെങ്കിൽ പ്ലാവിന്റെ വേരെങ്കിലും വച്ചുപിടിപ്പിക്കണം. വേണേൽ ചക്ക വേരിലും കായ്ക്കുമല്ലോ! ഇത്രയുമായ സ്ഥിതിക്കു കോരനാണ് ഏറ്റവും അഭിമാനിക്കാൻ വക, കഞ്ഞിക്കായി കുന്പിൾകൂട്ടുന്പോൾ ബഹുമാനത്തോടെ എഴുന്നേറ്റു നിൽക്കുക കാരണം, സംസ്ഥാന ഫലത്തിന്റെ ഇലയാണ്, രുചികൂടും!
മിസ്ഡ് കോൾ
=ഫേസ്ബുക്കിലെ വിവരങ്ങൾ ചോർത്തി തെരഞ്ഞെടുപ്പു പ്രചാരണത്തിന്
ഉപയോഗിച്ചെന്നു റിപ്പോർട്ട്.
- വാർത്ത
= ലൈക്ക് മുഴുവൻ പാർട്ടിക്ക്, ഷെയർ മുഴുവൻ മുതലാളിക്ക്!