ജീവന്റെ സാന്നിധ്യം തെല്ലുമില്ലാത്ത കായലാണു ചാവുകടൽ. പശ്ചിമേഷ്യയിൽ ജോർദാനും ഇസ്രയേലും പലസ്തീനും അതിരിടുന്ന ജലാശയം. ഉപ്പിന്റെ സാന്ദ്രത വളരെ കൂടുതലാണിവിടെ. സമുദ്രജലത്തെക്കാളും പത്തിരട്ടി വരെ ഉപ്പുരസം. ജലസസ്യങ്ങൾക്കും മത്സ്യങ്ങളുൾപ്പെടെയുള്ള ജലജീവികൾക്കും ജീവിക്കാനാവില്ല. അതുകൊണ്ടുതന്നെ ആ പേരും വീണു. ചാവുകടൽ.
വേന്പനാടു കായലിനും ആ ഗതി വരുമോ? പരിസ്ഥിതി സ്നേഹികളുടെ ആശങ്കയാണിത്. അതിനു കാരണവുമുണ്ട്. കായലിലെ ഉപ്പു രസം ക്രമാതീതമായി കൂടി. മത്സ്യസന്പത്ത് ഗണ്യമായി ഇടിഞ്ഞു. പല അപൂർവയിനം മത്സ്യങ്ങളും സസ്യങ്ങളും അപ്രത്യക്ഷമായി. കക്കയുടെ ലഭ്യത കാര്യമായി കുറഞ്ഞു. കായലിന്റെ ആഴവും പരപ്പും പകുതിയോളമായി. ജലസംഭരണശേഷിയിലും ഓക്സിജന്റെ അളവിലും വല്ലാത്ത കുറവ്. കായലിനെ അലോസരപ്പെടുത്തുന്ന ഇടപെടലുകളുടെ ബാക്കിപത്രം.
ഉപ്പുരസം കൂടുന്നു
ജലജീവികൾക്കു കടുത്ത ഭീഷണി ഉയർത്തിയാണു കായലിൽ ലവണാംശം കൂടുന്നത്. രണ്ടു മില്ലിമോസാണ് വെള്ളത്തിൽ ഉപ്പിന്റെ പരിധി. പലയിടത്തും അതിന്റെ പലമടങ്ങ് എത്തിക്കഴിഞ്ഞു. തണ്ണീർമുക്കം ബണ്ടു വന്നതോടെ കായൽ രണ്ടായി മുറിയുകയും തെക്കും വടക്കും ഭാഗങ്ങൾ തമ്മിൽ ലവണാംശത്തിൽ കാര്യമായ വ്യത്യാസം വരികയും ചെയ്തു. എങ്കിലും ഇരുഭാഗങ്ങളിലും ലവണാംശം നാൾക്കുനാൾ ഉയരുകയാണ്. വൈക്കം കായലിൽ കഴിഞ്ഞവർഷം ലവണാംശം ഏഴ് പിപിടി (ആയിരത്തിലൊരംശം) ആയിരുന്നത് 19.84 ആയി ഉയർന്നു. ബണ്ടിനുള്ളിൽ തണ്ണീർമുക്കത്ത് നേരത്തെ 1.5 പിപിടി ആയിരുന്നത് 3.47 ആയും പാതിരാമണലിൽ മൂന്നായിരുന്നത് ആറായും പള്ളാത്തുരുത്തിയിൽ ഒന്നിനു താഴെ ആയിരുന്നത് 2.1 ആയും ഉയർന്നു.
തണ്ണീർമുക്കം ബണ്ട് തുറക്കുന്നതോടെ കടലിൽ നിന്നുള്ള ഓരുവെള്ളം കായലിലൂടെ നദികളിലും എത്തും. ഇതു കുട്ടനാട്ടിലെയും ആലപ്പുഴ, കോട്ടയം ജില്ലകളിലെയും ശുദ്ധജല വിതരണ പദ്ധതികളെ ബാധിക്കുകയും ചെയ്യും. പന്പാ നദിയിൽ തലവടി ഭാഗത്ത് ആറു മില്ലിമോസ് വരെയും മീനച്ചിലാറ്റിൽ പാലായ്ക്കടുത്ത് കിടങ്ങൂരിൽ നാലുവരെയും ലവണാംശം രേഖപ്പെടുത്തി. കൊച്ചിയിൽ തുറമുഖത്തിനായി മണൽ ഖനനം ചെയ്യുന്നതിനാൽ കായലിലേക്കു കടലിൽ നിന്നുള്ള ഒഴുക്കും കൂടി.
കൊഞ്ചുകൾക്കു കഷ്ടകാലം
വലിയ കൊഞ്ചുകൾക്കു പ്രസിദ്ധമാണു വേന്പനാടു കായൽ. ഉപ്പ് കുറഞ്ഞ നദീമുഖങ്ങളിലാണ് അവയുടെ വാസം. എന്നാൽ പ്രജനനം നടത്തുന്നത് ഉപ്പുവെള്ളത്തിലും. തണ്ണീർമുക്കം ബണ്ടു വന്നതോടെ കൊഞ്ചുകളുടെ കഷ്ടകാലം തുടങ്ങി. നവംബർ- ഡിസംബർ മാസങ്ങളിലാണു പ്രജനന കാലം. മുട്ടയിട്ടു കുഞ്ഞുങ്ങളെ വിരിയിക്കാൻ കൊഞ്ചുകൾ തണ്ണീർമുക്കം കടന്നു വൈക്കം കായലിലെത്തും. വൈക്കത്തിന് അഷ്ടമി തൊഴാൻ കൊഞ്ചുകൾ പോകുന്നുവെന്നാണ് ഇതിനു നാട്ടുഭാഷ്യം. വൈക്കത്തഷ്ടമിയും ഇക്കാലത്താണ്. കാലുകൾ മുന്നോട്ടു നീട്ടി തൊഴുതുപിടിച്ചതുപോലെയാണ് അവയുടെ പോക്ക്. മുട്ടകൾ സംരക്ഷിക്കാനാണു കാലുകൾ നീട്ടിപ്പിടിക്കുന്നത്. മുട്ട വിരിയിച്ചു കുഞ്ഞുങ്ങളുമായി അവ തിരികെ നദീമുഖങ്ങളിലേക്കു വരും. എന്നാൽ, അപ്പോഴേക്കും തണ്ണീർമുക്കം ബണ്ട് അടയ്ക്കും. മുന്നോട്ടുള്ള ഗതി മുട്ടുന്നതോടെ ലക്ഷക്കണക്കിനു കൊഞ്ചിൻ കുഞ്ഞുങ്ങൾ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകളിൽ തലതല്ലിച്ചാകും. ആറ്റുകൊഞ്ച് 96 ശതമാനം കുറഞ്ഞതിന്റെ കാരണം തേടി മറ്റെങ്ങും പോകേണ്ടതില്ല. 400 ടണ്‍ കൊഞ്ച് ലഭിച്ചിടത്ത് കഴിഞ്ഞവർഷം കിട്ടിയത് 40 ടണ്‍ മാത്രം.
കരിമീനിന്റെ കാര്യവും അങ്ങനെതന്നെ. കാവാലത്ത് ലാലിച്ചൻ 50 വർഷത്തിലേറെയായി കായലിൽ പോകുന്ന മത്സ്യത്തൊഴിലാളിയാണ്. വലവീശിയും വെള്ള വലിച്ചും കരിമീൻ പിടിക്കുന്നതിൽ വിദഗ്ധൻ. മൂന്നു നാലു മണിക്കൂർ പണിയെടുത്താൽ ആവശ്യത്തിനു കരിമീൻ കിട്ടുമായിരുന്നു. വീട്ടുചെലവും മക്കളുടെ വിദ്യാഭ്യാസവുമെല്ലാം അതുകൊണ്ടു നടക്കും. എന്നാൽ, ഇപ്പോൾ അതില്ല. രാത്രി മുഴുവൻ കായലിൽ കഴിഞ്ഞാലും ചെലവിനുള്ളതു പോലും കിട്ടുന്നില്ല. ദിനം പ്രതി മൊത്തം നാലായിരം കിലോ വരെ കരിമീൻ കിട്ടിയിരുന്ന സ്ഥാനത്ത് ഇപ്പോഴത് ആയിരത്തിൽ താഴെ മാത്രം. പ്രതിവർഷം 16,000 ടണ്‍ മത്സ്യം വരെ കിട്ടിയ കാലമുണ്ടായിരുന്നു. തൊണ്ണൂറുകളിലെത്തിയപ്പോൾ അത് ഏഴായിരം ടണ്ണായി. ഇപ്പോഴത് 500-700 ടണ്ണിലൊതുങ്ങി.
ചാകര കുറഞ്ഞു
അറബിക്കടൽ പോലെ ചുരുക്കം ചില കടലുകളിൽ കാണുന്ന പ്രതിഭാസമാണു ചാകര. ചാകര കണ്ടാൽ കടപ്പുറം ഉത്സവ ലഹരിയിലാകും. കിഴക്കുനിന്നു നദികൾ പ്രളയ ജലത്തോടൊപ്പം സമൃദ്ധമായി കൊണ്ടുവരുന്ന എക്കൽ കണികകൾ വേന്പനാടു കാ യലിൽനിന്നു മണൽത്തിട്ടയിലൂടെ കടലിലേക്കു കിനിഞ്ഞിറങ്ങും. ഈ എക്കൽ കണികകളിൽ മത്സ്യങ്ങൾക്കു പ്രിയപ്പെട്ട ജലസസ്യങ്ങൾ വളരെ വേഗം വളരും. ക്ഷോഭിച്ച കടലിൽ വിശന്നു നടക്കുന്ന മത്സ്യങ്ങൾ ഈ തീറ്റപ്പാടത്തേക്കു കൂട്ടമായി എത്തും. തിന്നു മദിച്ചു കൂത്താടുന്ന മത്സ്യങ്ങൾ തിരകളിൽപ്പെട്ടു കടലിന്റെ മുകൾപ്പരപ്പിലേക്കും വരും. അതാണു ചാകര. കടലുമായുള്ള ബന്ധം വിഛേദിച്ചു കായൽ കെട്ടിനിറുത്തിയിരിക്കുന്നതിനാൽ കടലിലേക്കുള്ള ഉൗറ്റുറവകൾ കുറഞ്ഞു. ഇതു ചാകര കുറയാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
കക്കാ തീർന്നു
കറുത്ത കക്കയും വെളുത്ത കക്കയും വേന്പനാട്ടു കായലിന്റെ പ്രത്യേകതയാണ്. കറുത്ത കക്ക വാരി ഇറച്ചിയും തോടും വേർപെടുത്തി അവ വിറ്റ് ജീവിക്കുന്ന ആയിരങ്ങളുണ്ട്. കക്കാ വാരാൻ പിതാവിനൊപ്പം പോയിത്തുടങ്ങിയതാണു കുമരകംകാരൻ മണി. 40 വർഷത്തിലേറെയായി പണി തുടങ്ങിയിട്ട്. പണ്ടൊക്കെ രാവിലെ ആറു മുതൽ 11 വരെ പണിയെടുത്താൽ 70 പാട്ട കക്ക വരെ (കക്കായുടെ അളവ് പാട്ടക്കണക്കിലാണ്. ഒരു പാട്ട എന്നാൽ 20 കിലോ) കിട്ടുമായിരുന്നു. ഇന്നത് ആറോ ഏഴോ പാട്ട മാത്രം. ചത്ത കറുത്ത കക്ക കായലിന്റെ അടിത്തട്ടിൽ അടിഞ്ഞു കൂടിയുണ്ടാകുന്ന ഫോസിലുകളാണു വെളുത്ത കക്ക. നിയന്ത്രണമില്ലാത്ത ഖനനവും മാലിന്യങ്ങളും കക്കായുടെ പ്രജനനത്തെ സാരമായി ബാധിച്ചു. വർഷങ്ങൾക്കു മുന്‍പ് കോട്ടയത്തെ ട്രാവൻകൂർ സിമന്റ്സിന്റെയും ചിങ്ങവനം ഇലക്ട്രോ കെമിക്കൽസിന്റെയും ഡ്രഡ്ജറുകൾ കക്കായ്ക്കുവേണ്ടി കായൽ അരിച്ചു പെറുക്കിയിരുന്നു. വർഷത്തിൽ 75,000 ടണ്‍ ഉത്പാദനമുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോഴത് 25,000 ടണ്‍ മാത്രം.
കക്കയുടെ പ്രജനനത്തിനു കായലിൽ 10 പിപിടി ലവണാംശം ആവശ്യമാണ്. തണ്ണീർമുക്കം ബണ്ട് വന്നതോടെ ലവണാംശം കുറഞ്ഞതും കക്ക നിക്ഷേപം കുറയാൻ കാരണമായി. കക്കയുടെ നിക്ഷേപം കുറഞ്ഞതോടെ മല്ലികക്കയും വാരിത്തുടങ്ങി. താറാവുകൾക്കും മറ്റും തീറ്റയായിട്ടാണു പൂർണ വളർച്ചയെത്താത്ത കക്ക ( മല്ലികക്ക) ഉപയോഗിക്കുന്നത്. സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ( സി.എം.എഫ്.ആർ.ഐ) കഴിഞ്ഞവർഷം പരീക്ഷണാർഥം കായലിൽ മല്ലികക്ക നിക്ഷേപിച്ചു പ്രജനനം നടത്താൻ ശ്രമിച്ചു. എന്നാൽ, വെള്ളത്തിൽ ആവശ്യത്തിനു ലവണാംശം ഇല്ലാത്തതിനാൽ 25 ശതമാനവും നശിച്ചു പോകുകയായിരുന്നു.
കണക്കില്ലാത്ത കൈയേറ്റം
അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള തണ്ണീർത്തടമായ വേന്പനാടു കായലിന്റെ നിലനില്പിനു ഭീഷണി ഉയർത്തി ജലസംഭരണശേഷി 40 ശതമാനത്തോളം കുറഞ്ഞു. ആഴം 65 ശതമാനവും. 12 മീറ്റർ വരെയുണ്ടായിരുന്ന ആഴം ഇപ്പോൾ മൂന്നര മീറ്റർ മാത്രം. 55,000ത്തോളം ഹെക്ടർ ഇതിനോടകം നികത്തിയെടുത്തു. നിരവധി റിസോർട്ടുകളുള്ള കുമരകത്ത് മാത്രം കൈയേറിയത് 15 ഏക്കറിലധികം കായൽ ഭൂമി. എറണാകുളത്ത് തൃപ്പൂണിത്തുറ, എളംകുളം, മരട് വില്ലേജുകളിൽ കൈയേറ്റം വ്യാപകമാണ്. 100 വർഷത്തിനിടയിൽ കായലിന്റെ വിസ്തൃതി 43 ശതമാനം കുറഞ്ഞതായി ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. കുന്പളം, ഇടക്കൊച്ചി തുടങ്ങി പലയിടങ്ങളിലും എക്കൽ അടിഞ്ഞു നീരൊഴുക്ക് കുറഞ്ഞു. കാഡ്മിയം, ലെഡ്, സിങ്ക് തുടങ്ങി പല വിഷലോഹങ്ങളും കായൽ മണ്ണിൽ കണ്ടെത്തിയിട്ടുണ്ട്. സോപ്പിൽനിന്നും വളങ്ങളിൽനിന്നും വെള്ളത്തിൽ കലരുന്ന ഗന്ധകത്തിന്റെ അളവും പരിധി വിട്ടു. അമ്ലത്വവും ഭയാനകമാംവിധം ഉയർന്നു. 1.5 ൽനിന്ന് ആറ് മില്ലിമോസ് വരെ. ഇതുമൂലം കൃഷിനാശം സാധാരണയായി. ദീർഘായുസുള്ള ആമകൾ ചത്തുപൊങ്ങുന്നതും പതിവ് കാഴ്ചയായി.
ദുരന്തമായി കൽക്കെട്ടുകൾ
കായൽ തീരങ്ങൾ ഏതാണ്ടു മുഴുവനായും മിക്കവാറും കായൽ നിലങ്ങളുടെ പുറംബണ്ടുകളും കൽക്കെട്ട് കെട്ടിയും സ്ലാബുകൾ ഇറക്കിയുമാണു നിർമിച്ചിരിക്കുന്നത്. കായൽ വളഞ്ഞുപിടിച്ചു കൈയേറിയ ഇടങ്ങളിൽ ടണ്‍ കണക്കിനു കരിങ്കല്ല് അടുക്കി കിഴക്കൻ മണ്ണ് നിറച്ചിരിക്കുന്നു. കരിങ്കല്ല് കെട്ടുന്നതിനു തീരങ്ങളിലെ മരങ്ങളും ജലസസ്യങ്ങളും വെട്ടിമാറ്റി. ഇതുമൂലം മത്സ്യങ്ങളുടെ ആവാസവ്യവസ്ഥ അപ്പാടെ തകർന്നു. പ്രജനനം ബുദ്ധിമുട്ടായി. വെള്ളത്തിലേക്കുള്ള ഓക്സിജൻ നിർഗമനവും കുറഞ്ഞു. പരിധിയില്ലാതെ കല്ലും മണ്ണും ഇറക്കിയതിനാൽ കായൽ പ്രദേശത്തിന്റെ ഭാരവും വല്ലാതെ കൂടി.
മണലൂറ്റ് വ്യാപകം
കായലിൽ മണലൂറ്റും വ്യാപകമാണ്. തണ്ണീർമുക്കം ബണ്ടു മുതൽ പൂത്തോട്ട വരെയുള്ള ഭാഗങ്ങളിലാണ് ഇതു കൂടുതൽ. മണലൂറ്റ് മത്സ്യങ്ങളുടെയും കക്കയുടെയും പ്രജനനത്തെ പ്രതികൂലമായി ബാധിക്കും. തീരപരിപാലന നിയമം കായലിനും ബാധകമാണ്. 150 മീറ്റർ പരിധിയിൽ ഖനനമോ നിർമാണ പ്രവർത്തനങ്ങളോ പാടില്ല. എന്നാൽ വേന്പനാട് കായലിന്റെ കാര്യത്തിൽ ഏട്ടിലപ്പടി, നാട്ടിലിപ്പടി എന്ന രീതി. ഇങ്ങനെപോയാൽ നമ്മുടെ കായൽ അടുത്ത തലമുറ കാണുമോ? കാണണമെങ്കിൽ ചിലതൊക്കെ ഇന്നു നമ്മൾ ചെയ്യേണ്ടിയിരിക്കുന്നു.