ഏതാനും മാസങ്ങൾക്കു മുന്പാണ്. ചങ്ങനാശേരി- ആലപ്പുഴ റോഡിൽ കൈനകരി ജംഗ്ഷനു സമീപം ശുചിമുറി മാലിന്യം തള്ളാനെത്തിയ ഒരു ടാങ്കർ ലോറി നാട്ടുകാർ പിടികൂടി. രക്ഷപ്പെടാനുള്ള തത്രപ്പാടിൽ ലോറി പുഴയിൽ വീണു. മനുഷ്യവിസർജ്യം മുഴുവൻ വെള്ളത്തിൽ കലർന്നു. വേന്പനാട്ടു കായലിൽ നിന്ന് ഏതാനും കിലോമീറ്റർ മാത്രം അകലെയാണു സംഭവം. മണിക്കൂറുകൾക്കുള്ളിൽ അതുമുഴുവൻ വേന്പനാട്ട് കായലിൽ ഒഴുകിയെത്തും. കായലിൽ മാലിന്യമെത്തുന്ന മാർഗങ്ങളിലൊന്നു മാത്രമാണിത്.
വെള്ളം വിഷമയം
മനുഷ്യ, മൃഗ വിസർജ്യങ്ങളും ജൈവ, രാസ മാലിന്യങ്ങളും തള്ളാനുള്ള വെറും കുപ്പത്തൊട്ടിയായി വേന്പനാട്ടു കായൽ മാറി. അനിയന്ത്രിതമായ മാലിന്യനിക്ഷേപം മൂലം കായൽ രോഗാണുക്കളുടെ സങ്കേതവുമായി. കീടനാശിനികളുടെയും മറ്റു രാസവസ്തുക്കളുടെയും സാന്നിധ്യം അപകടകരമായ നിലയിലാണ്. കോളിഫോം, ഇ- കോളി ബാക്ടീരിയകൾ പെരുകുന്നു. വെള്ളം തികച്ചും വിഷലിപ്തമായിക്കഴിഞ്ഞു. കുടിക്കാനും കുളിക്കാനും കായൽ ജലം ഉപയോഗിക്കരുതെന്നു കോഴിക്കോട്ടുള്ള ജലവിഭവ പഠന ഗവേഷണ കേന്ദ്രം വളരെ നേരത്തെ മുന്നറിയിപ്പു നൽകിയിട്ടുള്ളതാണ്.
ഹൗസ് ബോട്ടുകൾ വേറിട്ട മുഖം
സഞ്ചാരികളെ കാത്തു കിടക്കുന്ന ഹൗസ്ബോട്ടുകൾ കായൽ ടൂറിസത്തിന്റെ വേറിട്ട മുഖമാണ്. പ്രതിവർഷം അന്പതിനായിരത്തോളം വിദേശ ടൂറിസ്റ്റുകളും രണ്ടു ലക്ഷത്തോളം ആഭ്യന്തര ടൂറിസ്റ്റുകളും കായൽ യാത്രയ്ക്കിറങ്ങുന്നുണ്ട്. എന്നാൽ, അതുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ എത്രയോ ഭീകരം. 1500-ലേറെ ഹൗസ് ബോട്ടുകൾ വേന്പനാട്ടുകായലിലുണ്ടെന്നാണു കണക്ക്. ഇതിൽ ലൈസൻസുള്ളത് അറൂന്നൂറിൽ താഴെമാത്രം. കായൽ തീരങ്ങളിലെ റിസോർട്ടുകൾക്കും ഹോം സ്റ്റേകൾക്കും കണക്കില്ല. പല ഹൗസ് ബോട്ടുകളിലെയും ശുചിമുറികളുടെ ബഹിർഗമന കുഴലുകൾ നേരിട്ടു കായലിലേക്കു തുറന്നിരിക്കുന്നു. പല റിസോർട്ടുകളുടെയും മാലിന്യ കുഴലുകൾ മണ്ണിനടിയിലൂടെ കായലിലേക്കാണു തുറക്കുന്നത്. എച്ച്- ബ്ലോക്ക് കായലിലും കവണാറ്റിൻ കരയിലും സ്വീവേജ് പ്ലാന്റുണ്ടെങ്കിലും അവിടെ മാലിന്യം നിക്ഷേപിക്കാൻ പണം കൊടുക്കണം. വർഷം 2000 രൂപ. മൂന്നു തവണ നിക്ഷേപിക്കാം.
പരിധിവിട്ടു കോളിഫോം
കായൽ വെള്ളത്തിൽ പലയിടങ്ങളിലും കോളിഫോം ബാക്ടീരിയകളുടെ എണ്ണം ഒരു മില്ലിലിറ്ററിൽ 2,000 ത്തിനു മുകളിലാണ്. ഏതുനിമിഷവും പകർച്ചവ്യാധികൾ പൊട്ടിപ്പുറപ്പെടാവുന്ന അവസ്ഥ. മനുഷ്യ വിസർജ്യം വെള്ളത്തിൽ കലരുന്നതുമൂലമാണ് കോളിഫോം ബാക്ടീരിയ പെരുകുന്നത്. കുടിക്കാനുള്ള വെള്ളത്തിൽ കോളിഫോം ഒരെണ്ണം പോലും പാടില്ല. കുളിക്കുന്ന വെള്ളത്തിൽ അത് 500 വരെയാകാമെന്നു മാത്രം. കവണാറ്റിൻകര, ചീപ്പുങ്കൽ, നെടുമുടി, വട്ടക്കായൽ എന്നിവിടങ്ങളിൽ നിന്നെടുത്ത വെള്ളത്തിൽ കോളിഫോം 1,100-ൽ കൂടുതലാണെന്ന് കൊച്ചിയിലെ നാൻസണ് എൻവയോണ്മെന്റൽ റിസേർച്ച് സെന്റർ ഡയറക്ടർ ഡോ. കെ. അജിത് ജോസഫും സീനിയർ സയന്റിസ്റ്റ് ഡോ. നന്ദിനി മേനോനും ചൂണ്ടിക്കാട്ടി. ശബരിമല ഉത്സവകാലത്ത് പന്പയിലൂടെ കായലിൽ ഒഴുകിയെത്തുന്ന മനുഷ്യവിസർജ്യാവശിഷ്ടത്തിനു കണക്കില്ല. ടാങ്കർ ലോറികളിൽ പുഴകളിലും കായലിലും തള്ളുന്ന ശുചിമുറി മാലിന്യം വേറെയും. കായലിൽ ഇ- കോളി ബാക്ടീരിയ 100 മില്ലി ലിറ്ററിൽ 5200 വരെയുണ്ട്. ഇ- കോളി തിന്നു ജീവിക്കുന്ന അപകടകാരിയായ അമീബയുടെ സാന്നിധ്യവും കായലിൽ കണ്ടെത്തിക്കഴിഞ്ഞു. പള്ളാത്തുരുത്തി ഉമ്മാപറന്പ് അക്ബർ മരിച്ചത് തലച്ചോറിൽ അമീബ കയറിയാണ്. കുളിക്കാനിറങ്ങിയ അക്ബറിന്റെ മൂക്കിലൂടെ അമീബ തലച്ചോറിൽ എത്തുകയായിരുന്നു. പ്രൈമറി അമീബിക് മെനഞ്ചൈറ്റീസ് ബാധിച്ചു മൂന്നാം ദിവസം മരണം.
കണക്കില്ലാതെ പ്ലാസ്റ്റിക്
കായലിൽ തള്ളുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്കു കണക്കില്ല. ആലപ്പുഴ ജില്ലാ പഞ്ചായത്ത് കഴിഞ്ഞ വർഷം ഒരു മണിക്കൂർ കൊണ്ട് 200 ചാക്ക് പ്ലാസ്റ്റിക് കായലിൽ നിന്നു വാരിയെടുത്തു. എംജി. സർവകലാശാലാ സ്കൂൾ ഓഫ് എൻവയോണ്മെന്റൽ സയൻസസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പാതിരാമണൽ ദ്വീപ് ശുദ്ധീകരണത്തിൽ ചാക്കു കണക്കിനു പ്ലാസ്റ്റിക് മാലിന്യങ്ങളാണു വാരി മാറ്റിയതെന്നു ഡിപ്പാർട്ട്മെന്റിലെ ഡോ. കെ. ശ്രീധരനും ഡോ.വി.ടി. സൈലസും പറഞ്ഞു. കായൽ ദ്വീപുകളിലെ നിരവധിയായ ചെറുതോടുകളിലെല്ലാം മാലിന്യം അടിഞ്ഞുകൂടി ഒഴുക്കു നിലച്ചിരിക്കുന്നു. ഇതിലേറെയും പ്ലാസ്റ്റിക് മാലിന്യങ്ങളാണു താനും.
മത്സ്യങ്ങൾ കൂടുതലായും പ്രജനനം നടത്തുന്നത് ഇത്തരം ചെറുതോടുകളിലാണ്. കായലിന്റെ അടിത്തട്ടിലും ടണ്കണക്കിന് പ്ലാസ്റ്റിക്കാണ് അടിഞ്ഞുകൂടിയിരിക്കുന്നത്. ഇത് കായലിന്റെ ആവാസ വ്യവസ്ഥയെ തകിടം മറിക്കുന്നു.
എണ്ണയും കരിഓയിലും
ഹൗസ് ബോട്ടുകളുടെ യന്ത്രങ്ങളിൽ നിന്നുള്ള എണ്ണയും കരിഓയിലും വൻതോതിൽ കായലിൽ കലരുന്നതും പ്രശ്നമാണ്. ജലോപരിതലത്തിൽ പടരുന്ന എണ്ണപ്പാടകൾ ജലജീവികളുടെ നാശത്തിനു കാരണമാകും.
മോട്ടോർ ബോട്ടുകളിൽനിന്നു കത്താതെ പുറംതള്ളപ്പെടുന്ന ഇന്ധനങ്ങൾ ജലാശയത്തിൽ കലരുന്നതുമൂലമുണ്ടാകുന്ന ഭവിഷത്തുകൾ വേറെ. ഇതിന്റെ തോത് വ്യക്തമാക്കുന്ന ഘടകമായ പോളിഡൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണിന്റെ (പിഎഎച്ച്) അളവ് വേന്പനാട്ടു കായലിൽ ക്രമാതീതമായി കൂടിയിട്ടുണ്ടെന്നു നാൻസണ് എൻവയോണ്മെന്റൽ റിസേർച്ച് സെന്റർ നടത്തിയ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഇതുകൂടാതെ വിവിധയിനം അപകടകാരികളായ രാസവസ്തുക്കളും കായൽ വെള്ളത്തിലുണ്ട്. കളർകോട്, മങ്കൊന്പ്, വൈക്കം, ചേർത്തല എന്നിവിടങ്ങളിൽനിന്നു ശേഖരിച്ച വെള്ളത്തിൽ മാരകമായ നൈട്രേറ്റുകൾ കണ്ടത്തി. എല്ലിനും പല്ലിനും ദോഷകരമായ ഫ്ളൂറൈഡുകളുടെയും മുലപ്പാലിലൂടെ പോലും കുഞ്ഞിന്റെ ശരീരത്തിലെത്തുന്ന ഡിഡിടിയുടെയും സാന്നിധ്യം തെളിയിക്കപ്പെട്ടിട്ടുണ്ട്.
കീടനാശിനിയും രാസവളവും
അന്പതിനായിരത്തോളം ഹെക്ടർ പാടശേഖരങ്ങളിൽ ഓരോ കൃഷിക്കും 20,000 ടണ് രാസവളവും 500 ടണ് കീടനാശിനിയും ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. പാടശേഖരങ്ങൾ ജലനിരപ്പിൽനിന്നു 2.5 മുതൽ 3.5 മീറ്റർ വരെ താഴെ കിടക്കുന്നതിനാൽ വെള്ളം വറ്റിച്ചാണു കൃഷിയിറക്കുന്നത്. ഇങ്ങനെ പാടശേഖരങ്ങളിൽനിന്നു പുറത്തേക്കു തള്ളുന്ന വെള്ളത്തിൽ കീടനാശിനികളുടെയും രാസവളത്തിന്റെയും അംശം കാര്യമായുണ്ടാകും. ഇതു കായൽ വെള്ളത്തിൽ അലിഞ്ഞു ചേരും. കിഴക്ക് റബർ ഉൾപ്പെടെയുള്ള കൃഷിയിടങ്ങൾക്കിടയിലൂടെ ഒഴുകിയെത്തുന്ന നദികൾ വഴിയും കായലിൽ കീടനാശിനികൾ എത്തുന്നു. പെരിയാറിന്റെ തീരത്തുള്ള ഫാക്ടറികളിലെ രാസമാലിന്യങ്ങളും ചെന്നെത്തുന്നതു കായലിൽ തന്നെ. രാത്രി കാലങ്ങളിൽ വിഷം കലക്കി മീൻ പിടിക്കുന്നതു കായലിനെ കൂടുതൽ വിഷലിപ്തമാക്കുന്നു.
പോള ശല്യം രൂക്ഷം
അതിരൂക്ഷമായ പോളശല്യം കായൽ മലിനീകരണത്തിന് ആക്കം കൂട്ടുന്നു. തണ്ണീർമുക്കം ബണ്ട് അടയ്ക്കുന്നതോടെ ബണ്ടിനുള്ളിൽ ലവണാംശം കുറയുന്നതാണു പോള പെരുകാൻ കാരണം. കയർ പിരിക്കാനായി കായൽ വെള്ളത്തിൽ തൊണ്ടു ചീയിക്കുന്നതും ഗാർഹിക മാലിന്യങ്ങൾ കായലിലേക്കു വലിച്ചെറിയുന്നതും ജലമലിനീകരണത്തെ ത്വരിതപ്പെടുത്തുന്നു. കയർ ഫാക്ടറികളിൽ നിന്നുള്ള മലിന ജലവും അരൂക്കുറ്റി-അരൂർ മേഖലകളിലെ ചെമ്മീൻ, കണവ സംസ്കരണ ഫാക്ടറികളിൽനിന്നുള്ള മാലിന്യവും നേരിട്ട് കായലിലേക്കാണു തള്ളുന്നത്. ആലപ്പുഴ പട്ടണത്തിലെയും മറ്റു ജനവാസ കേന്ദ്രങ്ങളിലേയും മാലിന്യക്കുഴലുകളും ഓടകളും നേരിട്ടു വേന്പനാട്ട് കായലിലേക്കാണു തുറന്നുവച്ചിരിക്കുന്നത്.
കാൻസർ പെരുകുന്നു
കായൽ മലിനമായതോടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ രോഗങ്ങളും വ്യാപകമായി. കായലിനോട് ചേർന്ന പ്രദേശങ്ങളിൽ കാൻസർ വ്യാപകമാണ്. ഒൗദ്യോഗിക പഠനങ്ങളൊന്നുമുണ്ടായിട്ടില്ലെങ്കിലും സ്ഥിതിഗുരുതരമാണെന്ന് നാട്ടുകാർ പറയുന്നു. ചങ്ങനാശേരി ആത്മതാ കേന്ദ്രവും ശാസ്ത്രസാഹിത്യ പരിഷത്തും ചങ്ങനാശേരി സർഗക്ഷേത്രയും നടത്തിയ പഠനങ്ങൾ ഇതിനെ സാധൂകരിക്കുന്നു.
ആലപ്പുഴ, കോട്ടയം മെഡിക്കൽ കോളജുകളിലെത്തുന്ന കാൻസർ രോഗികളിലേറെയും ഈ പ്രദേശങ്ങളിൽ നിന്നുള്ളവരാണ്. ജലജന്യരോഗങ്ങളായ ജപ്പാൻജ്വരം, ഡെങ്കിപ്പനി, ആസ്ത്മ, ക്ഷയം. ത്വക്ക് രോഗങ്ങൾ, അലർജി തുടങ്ങിയ രോഗങ്ങളും വ്യാപകം.
കക്കാവാരൽ പോലെ വെള്ളത്തിൽ മുങ്ങി പണിയെടുക്കുന്നവർക്കു ത്വക്ക് രോഗങ്ങളും അലർജിയും സാധാരണം. കായലിൽ മത്സ്യങ്ങൾ ചത്തുപൊങ്ങുന്നത് പതിവാണെന്നു മത്സ്യത്തൊഴിലാളികൾ സാക്ഷ്യപ്പെടുത്തുന്നു. പക്ഷിപ്പനിയും സാധാരണം. 2014ൽ എച്ച്1 എൻ1 പനി ബാധിച്ച് ലക്ഷക്കണക്കിന് താറാവുകളാണു ചത്തൊടുങ്ങിയത്. സാവധാനത്തിൽ വേന്പനാട്ട് കായലിന്റെ ജീവൻ നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. അതിന്റെ അത്യപൂർവമായ ആവാസ വ്യവസ്ഥകളും തകിടം മറിയുന്നു.