കടലിനും പുഴകൾക്കും ഇടയിൽ സദാ ചലനാത്മകമായി കിടന്നിരുന്ന വേന്പനാട് കായൽ ഇന്നു നിർജീവം. വേലിയേറ്റവുമില്ല. വേലിയിറക്കവുമില്ല. കുഞ്ഞോളങ്ങൾക്കു പഴയ കരുത്തില്ല. കായൽക്കാറ്റിനു പോലും മരണഗന്ധം. രണ്ടാം കൃഷിയുടെയും കൂടുതൽ ഉത്പാദനത്തിന്റെയും പേരു പറഞ്ഞു കായലിനെ നമ്മൾ വെട്ടി മുറിച്ചു. കടലുമായുള്ള ബന്ധം വേർപെടുത്തി. വേന്പനാട്ട് കായൽ ഒഴുക്ക് നിലച്ച തടാകം പോലെയായി. വെള്ളപ്പൊക്കത്തെയും ഓരുവെള്ളത്തെയും പ്രതിരോധിക്കാനുള്ള വേന്പനാട് സ്കീമിനെക്കുറിച്ചു മാത്രമായിരുന്നു നമ്മുടെ ചിന്ത. കായൽ എങ്ങനെ പ്രതികരിക്കുമെന്ന് ആരും ആലോചിച്ചില്ല.
വെള്ളമെത്താതെ തോട്ടപ്പള്ളി സ്പിൽവേ
വർഷകാലത്ത് വേന്പനാട് കായലിൽ ഏറ്റവും കൂടുതൽ വെള്ളമെത്തിക്കുന്നതു മൂന്നു നദികളാണ്. പന്പ, അച്ചൻകോവിൽ, മണിമല. കുട്ടനാട്ടിൽ വെള്ളപ്പൊക്കമുണ്ടാക്കുന്നതും ഇവ തന്നെ. അവ മൂന്നും കായലിൽ ചേരുന്നതു വീയപുരത്തും. ഈ മൂന്നു നദികളിലൂടെയും ഒഴുകിയെത്തുന്ന പ്രളയജലം വീയപുരത്തെത്തി, വടക്കോട്ട് തിരിഞ്ഞ് വേന്പനാട് കായലിലൂടെ കൊച്ചിയിലെത്തി അറബിക്കടലിൽ പതിക്കും. കായലിന്റെ ചരിവ് വടക്കോട്ടാണ്. 75 കിലോമീറ്റർ ദൂരം. ഇതിനു പകരം, വീയപുരത്തു നിന്നു പടിഞ്ഞാറോട്ട് ഒന്‍പത് കിലോമീറ്റർ നീളത്തിൽ തോടുവെട്ടി പ്രളയജലം വഴിതിരിച്ച്, തോട്ടപ്പള്ളിവഴി കടലിലെത്തിക്കുക. അതായിരുന്നു വേന്പനാട് പദ്ധതിയുടെ ആദ്യഘട്ടത്തിൽ വൈദ്യനാഥൻ വിഭാവന ചെയ്തത്. ഇതിനായി വീയപുരം മുതൽ തോട്ടപ്പള്ളിവരെ 1200 അടി വീതിയിൽ ലീഡിംഗ് ചാനലും തോട്ടപ്പള്ളിയിൽ സ്പിൽ വേയും. സെക്കൻഡിൽ ഒന്നരലക്ഷം ഘനയടി വെള്ളം സ്പിൽ വേയിലൂടെ കടലിലേക്ക് ഒഴുക്കാമെന്നും അദ്ദേഹം കണക്കുകൂട്ടി. 1951-ൽ പണി തുടങ്ങി.
ലീഡിംഗ് ചാനലിനു പകരം ആദ്യം നിർമിച്ചതു സ്പിൽ വേ. തോട്ടപ്പള്ളി പൊഴിയിൽ നിന്ന് 500 മീറ്റർ കിഴക്ക് മാറി, ദേശീയ പാതയിൽ. 4,300 അടി നീളം. 40 ഗേറ്റ്. നാലുവർഷം കൊണ്ട് പണി പൂർത്തിയായി. ചെലവ് 56 ലക്ഷം. ലീഡിംഗ് ചാനൽ നിർമിച്ചത് ഒരു കിലോമീറ്റർ മാത്രം. വെള്ളം ഒഴുകിയെത്തിയത് നേരത്തെയുണ്ടായിരുന്ന തോട്ടിലൂടെ. വീതി കുറഞ്ഞ തോട്ടിലൂടെ ഒഴുകിയെത്തിയ വെള്ളം വിഭാവന ചെയ്തതിന്റെ മൂന്നിലൊന്നു മാത്രം.
മണൽമൂടിയ പൊഴിമുഖം
വേനൽക്കാലത്ത് കായലിലെ ജലനിരപ്പ് താഴ്ന്നു നിൽക്കും. കടൽ നിരപ്പ് ഉയർന്നും. കുട്ടനാട്ടിലേക്ക് ഓരുവെള്ളം കയറാതിരിക്കാൻ അപ്പോൾ സ്പിൽവേയുടെ ഗേറ്റ് അടയ്ക്കും. ഈ സമയം, കടലിൽ നിന്നുള്ള തിരമാലയിൽ പൊഴിമുഖത്ത് മണൽ അടിഞ്ഞുകൂടും. ദിവസങ്ങൾക്കുള്ളിൽ അതു വലിയ മണൽച്ചിറയായി മാറും. വർഷകാലത്ത് പ്രളയ ജലം കടലിലേക്ക് ഒഴുക്കണമെങ്കിൽ മണൽ കയറി മൂടിയ പൊഴി മുറിക്കണം. ഇത് എല്ലാ വർഷവും ചെയ്യണം. ഭാരിച്ച ചെലവ്. ലീഡിംഗ് ചാനൽ ഇല്ലാത്തതിനാൽ വർഷകാലത്ത് സ്പിൽവേയിലേക്കു വരുന്ന പ്രളയജലത്തിന്റെ അളവും തീരെ കുറവ്. നദികളുടെ ദിശ വടക്കോട്ടായതിനാലും പടിഞ്ഞാറോട്ട് സുഗമമായി ഒഴുകാൻ മാർഗമില്ലാത്തതിനാലും പ്രളയ ജലം കൊച്ചി ലക്ഷ്യമിട്ടു വടക്കോട്ടു തന്നെ ഒഴുകി. എന്നാൽ, വല്ലാർപാടം ടെർമിനലിനുവേണ്ടി കൊച്ചി കായലിൽ വൻതോതിൽ മണൽ ഖനനം നടത്തിയതുമൂലം അഴിമുഖത്തുണ്ടാകുന്ന കൂറ്റൻ ചുഴിയിൽപ്പെട്ട്, തണ്ണീർമുക്കം കടന്നു ചെല്ലുന്ന പ്രളയ ജലത്തിനു കടലിൽ എത്താനും കഴിയുന്നില്ല. പുറംകടലിൽ അന്തരീക്ഷത്തിലുണ്ടാകുന്ന ന്യൂനമർദങ്ങളുടെ സങ്കീർണതകളും പ്രളയജലം കടലിലെത്തുന്നതിനെ തടയുന്നു. ഫലമോ അധികജലം കടലിലേക്കു തള്ളിപ്പോകാതെ വേന്പനാട്ടു കായലിൽ കെട്ടിനിൽക്കും. കുട്ടനാട്ടിലെ വെള്ളപ്പൊക്ക കെടുതികളുടെ പ്രധാന കാരണം ഇതാണ്.
ലക്ഷ്യം കാണാത്ത തണ്ണീർമുക്കം പദ്ധതി
വേനൽക്കാലത്ത് ഉപ്പുവെള്ളം കയറി കൃഷി നശിക്കാതിരിക്കാൻ സ്ഥിരമായ സംവിധാനം. അതായിരുന്നു തണ്ണീർമുക്കം പദ്ധതി. കായലിലെ രണ്ടാം കൃഷിയെ രക്ഷിക്കുകയായിരുന്നു ലക്ഷ്യം. അതുവരെ വിവിധയിടങ്ങളിൽ ഓരുമുട്ടുകൾ നിർമിച്ചാണ് ഉപ്പുവെള്ളം തടഞ്ഞുനിറുത്തിയിരുന്നത്. അതിനുവേണ്ടി ആലപ്പുഴയിലെ തണ്ണീർമുക്കവും കോട്ടയം ജില്ലയിലെ വെച്ചൂരും തമ്മിൽ ബന്ധിപ്പിച്ച് ബണ്ട് നിർമിക്കാൻ തീരുമാനിച്ചു. വേന്പനാട്ടു കായലിലെ ഏറ്റവും വീതി കുറഞ്ഞ ഭാഗം. നീളം 1400 മീറ്റർ. 1958-ൽ പണി തുടങ്ങി. 31 ഷട്ടറുകൾ വീതമുള്ള മൂന്നു ഘട്ടമായി പൂർത്തിയാക്കാനായിരുന്നു പരിപാടി. മൊത്തം 63 ഷട്ടറുകൾ. പടിഞ്ഞാറെ കരയിൽ നിന്നുള്ളതായിരുന്നു ആദ്യഘട്ടം. അത് 1965-ലും കിഴക്കേ കരയിൽ നിന്നുള്ള രണ്ടാം ഘട്ടം 1974-ലും പൂർത്തിയായി. പ്രതിഷേധത്തെത്തുടർന്നു മൂന്നാം ഘട്ടത്തിലെ 450 മീറ്റർ വരുന്ന മധ്യഭാഗം മണ്ണിട്ടു നികത്തുകയായിരുന്നു. അങ്ങനെ കായലിന്റെ നടുവിൽ ഒരു മണ്‍ചിറ രൂപപ്പെടുകയും ചെയ്തു.
കഴിഞ്ഞ വർഷമാണ് കുട്ടനാട് പാക്കേജിൽപ്പെടുത്തി മൂന്നാം ഘട്ടം പണി പുനരാരംഭിച്ചത്. 300 കോടി ചെലവു വരുന്ന ഇതിന്റെ പണി പൂർത്തിയാകുന്നതോടെ അര കിലോമീറ്റർ വരുന്ന കായൽ മധ്യത്തിലെ മണ്‍ചിറ നീക്കം ചെയ്യും. എന്നാൽ, ഒന്നും രണ്ടും ഘട്ടങ്ങൾ മൂന്നാം ഘട്ടവുമായി ബന്ധിക്കുന്ന ഭാഗങ്ങളിൽ തെക്കും വടക്കുമായി നാലു മണ്‍ചിറകൾ പുതുതായി നിർമിക്കും. നിരീക്ഷണ സംവിധാനത്തിനും മറ്റുമായി ഉപയോഗിക്കാനാണു പുതിയ മണ്‍ചിറകൾ എന്നാണ് ഇറിഗേഷൻ വകുപ്പിന്റെ വിശദീകരണം. അര കിലോമീറ്റർ മണ്‍ചിറ നീക്കുന്നതിനു പകരം കായൽ മധ്യത്തിൽ പുതുതായി നാലെണ്ണം. ഇതിനെതിരേ പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.
അടയ്ക്കലും തുറക്കലും തോന്നുംപടി
വർഷത്തിൽ മൂന്നു മാസം മാത്രമേ തണ്ണീർമുക്കം ബണ്ട് അടച്ചിടാവൂ എന്നതായിരുന്നു പ്രധാന വ്യവസ്ഥ. ഡിസംബർ 15ന് അടച്ച് മാർച്ച് 15ന് തുറക്കണം. തുടക്കത്തിൽ പാലിക്കപ്പെട്ടെങ്കിലും പിന്നീട് അതുണ്ടായില്ല. തോന്നുന്പോൾ തുറക്കുന്നതും അടയ്ക്കുന്നതും പതിവായി. ഏറെ പ്രതീക്ഷയോടെയാണ് കർഷകർ തണ്ണീർമുക്കം ബണ്ടിനെ നോക്കിക്കണ്ടത്. എന്നാൽ ബണ്ട് യാഥാർഥ്യമായിട്ടും നെല്ലുത്പാദനം കാര്യമായി കൂടിയില്ല. നഷ്ടം കുറഞ്ഞതുമില്ല. കായൽ നശിക്കുകയും ചെയ്തു. ബണ്ട് വന്നാൽ ഒരുലക്ഷം ഏക്കർ സ്ഥലത്ത് രണ്ടു കൃഷി ചെയ്യാമെന്നായിരുന്നു പ്രചാരണം. എന്നാൽ, ബണ്ട് വന്ന് ആദ്യവർഷം 30,000 ഏക്കറിൽ രണ്ടു കൃഷിയിറക്കി. ഇപ്പോഴത് 15,000 ഏക്കറും. മുവാറ്റുപുഴയാറ്റിൽ നിന്നു വെള്ളം തരിച്ചുവിട്ട് ബണ്ടിനു തെക്കുവശത്ത് ഉയർന്ന ജലനിരപ്പ് സൃഷ്ടിക്കാനുള്ള പദ്ധതി നിർദേശം നടപ്പാക്കാനാവാതെ വന്നതും മറ്റൊരു പരാജയകാരണമായി.
മുന്നറിയിപ്പ് അവഗണിച്ചു
ബണ്ട് നിർമിക്കുന്നതിനെതിരേ ശബ്ദമുയർത്തിയ കുമരകം ഇല്ലിക്കളം അവറാച്ചൻ അക്കാലത്ത് പിന്തിരിപ്പനായിരുന്നു. ബണ്ട് സർവനാശത്തിലേക്കുള്ള വഴിതുറക്കലാകുമെന്ന അദ്ദേഹത്തിന്റെ മുന്നറിയിപ്പ് ആരും ചെവിക്കൊണ്ടില്ല. കായലിനെയും അതിന്റെ ആവാസവ്യവസ്ഥയെയും കർഷകനായ അവറാച്ചന് നന്നായി അറിയാമായിരുന്നു. വേന്പനാടിന്റെ കഴുത്തിനു കയറിട്ടുവെന്നാണു പ്രഗല്ഭ എൻജിനിയറായിരുന്ന ഐ.സി. ചാക്കോ ബണ്ടിനെ വിശേഷിപ്പിച്ചത്. ഇവരുടെയൊക്കെ ദീർഘവീക്ഷണങ്ങളും മുന്നറിയിപ്പുകളും മുഖവിലയ്ക്കെടുക്കാതെ പോയതിന്റെ ദുരന്തഫലങ്ങളാണു നമ്മൾ ഇപ്പോൾ അനുഭവിക്കുന്നത്.