കടുത്ത ദാരിദ്ര്യത്തെ മറികടക്കാനാണു മനുഷ്യൻ കായലിൽ കൈവച്ചത്. അരിയാഹാരം കഴിച്ചു വിശപ്പടക്കാനുള്ള മോഹം. ബുദ്ധിയും കരുത്തും ഒരുപോലെ സമന്വയിച്ചപ്പോൾ കായൽപരപ്പിലും അവൻ അന്നത്തിനുള്ള വക കണ്ടെത്തി. കായലിൽ ഇറങ്ങാൻ കൂടെപ്പിറപ്പായ സാഹസികത കൂട്ടാകുകയും ചെയ്തു. അങ്ങനെ കായലിന്റെ ആഴങ്ങളിൽ നിന്നു പൊന്നുവിളയുന്ന പാടശേഖരങ്ങൾ ഉയർന്നുവന്നു. ദാരിദ്ര്യത്തെ നേരിടാനായിരുന്നെങ്കിലും കായലിൽ മനുഷ്യ ഇടപെടലിന്റെ തുടക്കമായിരുന്നു അത്. കുറ്റം പറയാനാവില്ല, അത്രയ്ക്കായിരുന്നു അക്കാലത്തെ പട്ടിണി.
ഹരമായി കായൽ കൃഷി
കുട്ടനാട്ടിലെ കാർഷകപ്രമാണിയായിരുന്നു കാവാലം ചാലയിൽ ഇരവി കേശവപണിക്കർ. കായൽ കൃഷിയുടെ അനന്തസാധ്യതകൾ മലയാളിക്കു മുന്നിൽ തുറന്നിട്ടത് അദ്ദേഹമാണ്. 1834-ൽ ചേന്നങ്കരി പുഴയുടെ കായൽ മുഖത്ത് മുട്ടുകളിട്ട്, പുഴയുടെ ഗതിമാറ്റി കുത്തിയെടുത്ത ആറ്റുമുട്ടുകായലിൽ അദ്ദേഹം നെൽവിത്ത് എറിഞ്ഞു. കായലിനെ തോല്പിച്ച കുട്ടനാടൻ കരുത്ത് എന്നു ചരിത്രം വാഴ്ത്തുന്ന സംഭവം. തുടർന്നിങ്ങോട്ട് എത്രയെത്ര കായൽ നിലങ്ങൾ.
കായൽ കുത്ത് ഹരമായി. ഒന്നു കഴിയുന്പോൾ അടുത്തത്. ഒപ്പം കായൽ ചെറുതായിക്കൊണ്ടുമിരുന്നു. കായൽ രാജാവ് എന്നറിയപ്പെടുന്ന മുരിക്കുംമൂട്ടിൽ തൊമ്മൻ ഒൗസേപ്പ് (ഒൗതച്ചൻ) എന്ന മുരിക്കന്റെ കാലമെത്തിയപ്പോഴേക്കും കായൽ കുത്ത് അതിന്റെ പാരമ്യതയിലെത്തി. 1940കളിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കുത്തിയെടുത്ത റാണി, ചിത്തിര, മാർത്താണ്ഡം കായലുകൾ അദ്ഭുതമായി. രണ്ടായിരത്തോളം ഏക്കർ വരും ഇത്. 1955 വരെ അതു തുടർന്നു.
ചെറുതും വലുതുമായ 32 കായൽ നിലങ്ങൾ. കായൽ വകഞ്ഞുമാറ്റി മനുഷ്യൻ പൊക്കിയെടുത്തതു മൊത്തം പതിനായിരത്തോളം ഹെക്ടർ.
പിൻബലമായതു തിരുവിതാംകൂർ രാജാക്കന്മാർ
പട്ടിണി ചെറുക്കാൻ തിരുവിതാംകൂർ രാജാക്കന്മാരാണു കായൽ കുത്ത് പ്രോത്സാഹിപ്പിച്ചത്. അതിനു ലോഭമില്ലാതെ അനുമതി പത്രവും (പതിവ്) നൽകി വന്നു. സാഹസികരായ കർഷകർ കായൽ വളഞ്ഞുപിടിച്ച് ഏരി നാട്ടി. കട്ടയും മരക്കൊന്പും ഇറക്കി ബണ്ട് പടിച്ചു.
ചക്രംചവുട്ടി വെള്ളം വറ്റിച്ചു നിലമൊരുക്കി കൃഷിയിറക്കി. പൊന്നുംവിളവ്. കർഷകർ ആവേശഭരിതരായി. തിരു-കൊച്ചി സംസ്ഥാനം നിലവിൽ വന്നശേഷം, 1955-ൽ കായൽ പതിച്ചു കൊടുക്കുന്നതു നിറുത്തി. 800 ഏക്കറുള്ള വെച്ചൂർ കായലാണ് അവസാനം കുത്തിയെടുത്തത്.
കൊച്ചു ഹോളണ്ടായി ആർ- ബ്ലോക്ക്
1950കളിൽ കുത്തിയെടുത്ത ആർ- ബ്ലോക്ക് ഇന്നും അദ്ഭുതമാണ്. 1400 ഏക്കർ. വേന്പനാട്ട് കായലിലെ കൊച്ചു ഹോളണ്ട്. സമുദ്രനിരപ്പിൽ നിന്ന് 2.5 മീറ്റർവരെ താഴെയാണു കിടപ്പ്. സമുദ്രനിരപ്പിന് താഴെക്കിടക്കുന്ന ഹോളണ്ടിലെ കൃഷിരീതി നേരിൽക്കണ്ടു പഠിക്കാൻ കർഷക പ്രമുഖനായ കൈനടി കണ്ടക്കുടി ഒൗതച്ചൻ എന്ന പുത്തൻപുരയിൽ പി.ജെ. ജോസഫ് ഹോളണ്ട് സന്ദർശിക്കുക പോലുമുണ്ടായി.
നെല്ല് മാത്രമല്ല, കരയിൽ വിളയുന്നതെല്ലാം അവിടെ നട്ടു. എല്ലാം നൂറുമേനി. തെങ്ങ്, കമുക്, വാഴ, ജാതി, ഗ്രാന്പു, കരിന്പ്, കൊക്കോ, കുരുമുളക്, വാനില, പയർ... അങ്ങനെ എല്ലാം. സാവധാനത്തിൽ പുതിയൊരു ആവാസവ്യവസ്ഥയും കായലിനു നടുവിൽ രൂപപ്പെട്ടു. ജലജീവികളും പക്ഷികളും ഉരഗങ്ങളും കൂടുകൂട്ടി. വംശനാശ ഭീഷണി നേരിടുന്ന വിവിധ ഇനം നീർനായകൾ, ആമകൾ, പാന്പുകൾ തുടങ്ങിയവയും കിന്നരികാക്ക, നീർകാക്ക, കുളകൊക്കുകൾ, കാലിമുണ്ടി, ചെരുമുണ്ടി, കരിക്കാള, ബ്രാഹ്മിണി, കൈറ്റ തുടങ്ങിയ പക്ഷികളും ആർ- ബ്ലോക്കിലെത്തി. എന്നാൽ, 90കളുടെ അവസാനത്തോടെ ആർ- ബ്ലോക്കിന്റെ നാശം തുടങ്ങി. രണ്ടായിരത്തിന്റെ തുടക്കത്തോടെ അതു പൂർത്തിയായി. കെടുകാര്യസ്ഥതയുടെ നേർസാക്ഷ്യം. കായലിലേക്കു മാലിന്യം തള്ളുന്ന മുങ്ങിയ ദ്വീപ് മാത്രമായി ഇപ്പോൾ ആർ- ബ്ലോക്ക്.
രണ്ടു കൃഷി
ഭക്ഷ്യാവശ്യം വർധിച്ചതോടെ രണ്ടു കൃഷിയെക്കുറിച്ചുള്ള ആലോചന ഗൗരമായി. കായൽ നിലങ്ങളും അതിൽ ഉൾപ്പെട്ടു. അതുവരെ കാലാവസ്ഥയ്ക്കനുസരിച്ചായിരുന്നു കൃഷി ഇറക്കിയിരുന്നത്. ആണ്ടിൽ ഒറ്റകൃഷി. അതു പ്രകൃതിയെ ഒട്ടും അലോസരപ്പെടുത്തിയതുമില്ല. വെള്ളപ്പൊക്കത്തെക്കുറിച്ചും ഓരുവെള്ളക്കയറ്റത്തെക്കുറിച്ചും കർഷകർക്കു നല്ല ധാരണയുമുണ്ടായിരുന്നു. കൃഷിയില്ലാത്ത കാലത്ത് ബണ്ടുകൾ തുറന്നിടും. കായൽവെള്ളം നിലങ്ങളിൽ യഥേഷ്ടം കയറിയിറങ്ങും. തികച്ചും പ്രകൃതിക്കിണങ്ങിയ കൃഷി രീതി.
അത്തരത്തിലുള്ള കൃഷിയാണു നല്ലതെന്ന് ഇപ്പോൾ പലരും സമ്മതിച്ചു തുടങ്ങിയിട്ടുണ്ട്. പഴയ തലമറയുടെ ദീർഘവീക്ഷണം നമുക്കില്ലാതെ പോയി. കൃഷി കനത്ത നഷ്ടമായിത്തുടങ്ങിയതോടെയാണു പലരും മാറി ചിന്തിക്കാൻ തുടങ്ങിയത്. വർധിച്ചുവരുന്ന കൃഷിച്ചെലവ്, കാര്യക്ഷമമല്ലാത്ത നെല്ല് സംഭരണം, തൊഴിലാളികളുടെ ദൗർലഭ്യം, യന്ത്രസംവിധാനങ്ങളുടെ കുറവ്, വൈദ്യുതി മുടക്കം തുടങ്ങി പല കാരണങ്ങളും അങ്ങനെ ചിന്തിക്കാൻ കർഷകരെ പ്രേരിപ്പിക്കുന്നുണ്ടെന്നു കായൽ കർഷകനായ കൈനടി പുത്തൻപുരയിൽ ടിറ്റോ പറയുന്നു.
കുട്ടനാട് വികസന പദ്ധതി
കുട്ടനാട്ടിൽ 1950കളിലാണു രണ്ടാം കൃഷിയിറക്കിത്തുടങ്ങുന്നത്. ഒപ്പം കായൽ നിലങ്ങളിലും. രണ്ടാം കൃഷി വിജയിക്കണമെങ്കിൽ വെള്ളപ്പൊക്കവും ഓരുവെള്ളക്കയറ്റവും നിയന്ത്രിക്കണം. അതിനുള്ള മാർഗത്തെക്കുറിച്ച് ആലോചനകൾ സജീവമായി. 1949-ലുണ്ടായ അസാധാരണ വെള്ളപ്പൊക്കം എല്ലാവരുടെയും മനസിലുണ്ടായിരുന്നുതാനും. വെള്ളപ്പൊക്കവും കടൽക്കയറ്റവും ഒരുപോലെ സംഭവിച്ച മഹാദുരന്തമായിരുന്നു അത്. ഇ. ജോണ് ഫിലിപ്പോസായിരുന്നു അന്നത്തെ കൃഷി മന്ത്രി. പി.എച്ച്. വൈദ്യനാഥൻ ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയറും. വൈദ്യനാഥനോട് പദ്ധതി തയാറാക്കാൻ മന്ത്രി നിർദേശിച്ചു.
തിരു-കൊച്ചി സംസ്ഥാനത്തെ ചീഫ് എൻജിനിയറായിരുന്ന കെ.കെ. കർത്തായുമായി ചേർന്ന് അദ്ദേഹം പദ്ധതി തയറാക്കി. കുട്ടനാട് വികസന പദ്ധതി ( വേന്പനാട് സ്കീം) എന്ന പേരിൽ 1951-ൽ പദ്ധതി സമർപ്പിക്കപ്പെട്ടു. തോട്ടപ്പള്ളി സ്പിൽ വേ, തണ്ണീർമുക്കം ബണ്ട്, ആലപ്പുഴ- ചങ്ങനാശേരി റോഡ് എന്നീ മൂന്നു വലിയ സംരംഭങ്ങളാണ് പദ്ധതിയിലുണ്ടായിരുന്നത്.
വർഷകാലത്ത് കായലിലേക്ക് ഒഴുകിയെത്തുന്ന അധിക ജലത്തെ കടലിലേക്കു പുറന്തള്ളാനും വേനൽക്കാലത്ത് കടലിൽ നിന്നുള്ള ഓരുവെള്ളത്തെ പ്രതിരോധിക്കാനും കൃഷിയിടങ്ങളിലേക്കുള്ള കർഷകരുടെ വാഹന യാത്ര സുഗമമാക്കാനും ഉദ്ദേശിച്ചുള്ളതായിരുന്നു പദ്ധതി. പദ്ധതിയുടെ രൂപരേഖ പൊതുവേ സ്വീകാര്യമായി. അത് അംഗീകരിക്കപ്പെടുകയും ചെയ്തു.
എന്നാൽ, അതിൽ മറഞ്ഞിരുന്ന കൊടിയ വിപത്ത് ആരും കണ്ടില്ല. പദ്ധതിയുടെ നടത്തിപ്പിൽ താളപ്പിഴകളും സംഭവിച്ചതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. പിടിച്ചു നിൽക്കാനാവാതെ കായൽ തിരിച്ചടിച്ചു തുടങ്ങി. അതിന്റെ പ്രത്യാഘാതങ്ങളൊരോന്നായി നമ്മൾ ഇപ്പോൾ അനുഭവിക്കുന്നു.