കായലിരന്പം കാസിമിന്റെ ജീവതാളമാണ്. വേന്പനാട് കായലിന്റെ സ്പന്ദനങ്ങൾ ഈ എഴുപത്തിയെട്ടുകാരനു നന്നായി അറിയാം. അത്രമേലുണ്ട് കായലുമായുള്ള അടുപ്പം. ജീവനും ജീവിതവും കാസിമിനു കായൽ തന്നെ. പുലർച്ചെ ആറിനു വള്ളത്തിൽ കായലിലിറങ്ങും. തിരിച്ചെത്തുന്പോൾ സന്ധ്യയാകും. അപ്പോൾ വള്ളം നിറയെ പ്ലാസ്റ്റിക് കുപ്പികളുണ്ടാകും. എല്ലാം കായലിൽ നിന്നു പെറുക്കിയെടുത്തവ. ആധുനിക ടൂറിസത്തിന്റെ ശേഷിപ്പുകൾ. കായൽ സഞ്ചാരികൾ വലിച്ചെറിഞ്ഞവയിലാണു കാസിം അന്നം കണ്ടെത്തുന്നത്. ഒപ്പം കായൽ ശുദ്ധീകരണവും. ആലപ്പുഴ ജില്ലയിലെ പള്ളാത്തുരുത്തി കളപ്പുഴങ്ങയിൽ കാസിം 20 വർഷമായി കായലിൽനിന്നു ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകൾ വിറ്റാണു ജീവിക്കുന്നത്.
മറക്കാനാവില്ല, ആ പഴയ കായലിനെ
ഇങ്ങനെയൊക്കെയാണെങ്കിലും പഴയ കായലിനെയാണു കാസിമിന് ഇഷ്ടം. അത്ര പെട്ടെന്ന് അതു മറക്കാനുമാവില്ല. സായംസന്ധ്യയുടെ ചുവപ്പിനു കീഴിൽ ചെറുവള്ളങ്ങളിൽ മീൻ പിടിക്കുന്നവർ. കരിമീനും കൊഞ്ചും പിടിച്ചു പാട്ടുംപാടി വള്ളം തുഴഞ്ഞുപോകുന്നവർ. വാരിയെടുത്ത കക്കയുമായി നിരനിരയായി പോകുന്ന വള്ളങ്ങൾ. കായലിൽനിന്നു കുത്തിയെടുത്ത കട്ട നിറച്ച കെട്ടുവള്ളങ്ങൾ. കൊയ്ത്തുകഴിഞ്ഞു കായൽനിലങ്ങളിൽനിന്നു നെല്ലും പായും കച്ചിയുമായി കളം പിരിഞ്ഞുപോകുന്ന പത്തേമാരികൾ. പുഴുങ്ങിയ നെല്ലും കുത്തിയ അരിയും തേങ്ങയുമായി മാർക്കറ്റുകളിലേക്കു പോകുന്ന വള്ളങ്ങൾ. മുട്ട വാങ്ങാനും മീൻ വിൽക്കാനുമായി കടവുകൾതോറും അടുക്കുന്ന ചെറുവള്ളങ്ങൾ. വീട്ടുസാധനങ്ങൾ വിൽക്കാനായെത്തുന്ന വളവര വള്ളങ്ങൾ. തെങ്ങോല കെട്ടിയ വീടുകൾ.
അവശ്യവസ്തുക്കളായി തഴപ്പായയും ചിക്കുപായയും കുട്ടയും വട്ടിയും മുറവും മെടഞ്ഞ ഓലയും. കൊയ്ത്തുകാലത്ത് കായൽ നിലങ്ങളുടെ പുറംബണ്ടുകളിൽ തൊഴിലാളികൾ താമസിക്കുന്ന പന്തകൾ. നിറയെ കായിച്ചുനിൽക്കുന്ന തെങ്ങുകൾ. കള്ളിനായി ചൊട്ടകളിൽ കമഴ്ത്തിവച്ചിരിക്കുന്ന മാട്ടങ്ങൾ. കൈതക്കാടുകളും കണ്ടലുകളും ആറ്റുവഞ്ചികളും അതിരിടുന്ന തീരങ്ങൾ. പൊന്തക്കാടുകളിൽ കൂടുകൂട്ടുന്ന അപൂർവ പക്ഷികൾ. അവയ്ക്കടിയിൽ തണൽപ്പറ്റി വിവിധയിനം മത്സ്യങ്ങൾ. നിരനിരയായി കാണുന്ന ചീന വലകൾ. അങ്ങിങ്ങായി ചെറുതും വലുതുമായ പച്ചത്തുരുത്തുകൾ. സദാ വീശുന്ന കുളിർകാറ്റ്. അലക്കാനും കുളിക്കാനും മാത്രമല്ല, കുടിക്കാൻ പോലും ഉപയോഗിക്കാമായിരുന്ന കായൽ വെള്ളം. അതെല്ലാം ഓർമകൾ മാത്രം. കായൽ പാടെ മാറി. മരണമുഖത്തായിരിക്കുന്നു വേന്പനാട് കായൽ.
അറബിക്കടലിനെ തൊട്ടുരുമ്മി
കേരളത്തിന്റെ പടിഞ്ഞാറ് അറബിക്കടലിനെ തൊട്ടുരുമ്മിയാണു വേന്പനാട്ടു കായലിന്റെ കിടപ്പ്. സംസ്ഥാനത്തെ ഏറ്റവും വലിയ കായൽ. രാജ്യത്തെ ഏറ്റവും നീളം കൂടിയതും. തെക്ക് ആലപ്പുഴ മുതൽ വടക്ക് അഴീക്കോട് വരെ. 96.5 കിലോമീറ്റർ നീളം. കൂടിയ വീതി നാലു കിലോമീറ്റർ. കുറഞ്ഞത് 500 മീറ്റർ. 256 ചതുരശ്ര കിലോമീറ്റർ വിസ്തൃതി. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന തണ്ണീർത്തടം.
കോട്ടയത്ത് വേന്പനാട് കായൽ എന്നും ആലപ്പുഴയിൽ പുന്നമട കായലെന്നും എറണാകുളത്ത് കൊച്ചി കായലെന്നും വൈക്കത്ത് വൈക്കം കായലെന്നും വിളിപ്പേര്. ചെറുതും വലുതുമായ നിരവധി തുരുത്തുകളും ദ്വീപുകളും കായലിന്റെ സ്വാഭാവിക സൗന്ദര്യത്തിനു മാറ്റു കൂട്ടുന്നു. കൊച്ചി കായലിൽ വൈപ്പിൻ, മുളവുകാട്, വല്ലാർപാടം, വില്ലിംഗ്ടണ് ദ്വീപുകൾ. വേന്പനാട് കായലിൽ പാതിരാമണൽ, പെരുന്പളം, പള്ളിപ്പുറം ദ്വീപുകൾ. കൂടാതെ 32 മനുഷ്യനിർമിത കായൽ നിലങ്ങളും. പുന്നമട കായലിലാണു പ്രസിദ്ധമായ നെഹ്റു ട്രോഫി വള്ളം കളി. ആറു പ്രധാന നദികൾ കായലിൽ പതിക്കുന്നു. പന്പ, അച്ചൻകോവിൽ, മണിമല, മീനച്ചിൽ,മൂവാറ്റുപുഴ, പെരിയാർ. സംസ്ഥാനത്തെ ഉപരിതല ജലസ്രോതസിന്റെ 30 ശതമാനം വരും ഈ കായൽ.
പക്ഷി സങ്കേതം
കായലിന്റെ കിഴക്കൻ തീരത്താണ് കുമരകം പക്ഷി സങ്കേതം. ദേശാടന പക്ഷികളുടെ പ്രിയ ഇടം. ഏറെയും സൈബീരിയ, മധ്യേഷ്യൻ നാടുകളിൽനിന്നു വരുന്നവ. സൂര്യവാലൻ എരണ്ട, കോരിച്ചുണ്ടൻ എരണ്ട തുടങ്ങിയ അപൂർവ പക്ഷികളും കലപില കൂട്ടുന്ന നൂറിലേറെ ഇനം നാടൻ പക്ഷികളും. കായലും ചതുപ്പും ദ്വീപുകളും അടങ്ങുന്ന സങ്കീർണമായ ആവാസവ്യവസ്ഥ. ജൈവവൈവിധ്യത്തിന്റെ കലവറ. കൈത, പരുത്തി, മരോട്ടി, കാട്ടാത്ത, ഒതളം, ഉതി, അപ്പൂപ്പൻ താടി തുടങ്ങി മുന്നൂറിലേറെ ഇനം സസ്യങ്ങൾ. ജലപ്ലവങ്ങൾ 147 ഇനം. കായൽ കണ്ടൽ, കരക്കണ്ടൽ, ചക്കര കണ്ടൽ തുടങ്ങി 27 തരം കണ്ടലുകൾ. മത്സ്യങ്ങളുടെ പ്രജനനത്തിനും മണ്ണൊലിപ്പ് തടയുന്നതിനും പ്രകൃതി ഒരുക്കിയ ജൈവ സംവിധാനമാണു കണ്ടൽകാടുകൾ. കരിമീൻ, കൊഞ്ച്, മഞ്ഞക്കൂരി തുടങ്ങി 158 ഇനം മത്സ്യങ്ങൾ. പ്രസിദ്ധമായ വേന്പനാടൻ രുചിക്കൂട്ട്. കായലിന്റെ അടിത്തട്ടിൽ കറുത്ത കക്കയുടെ അതിശയകരമായ നിക്ഷേപം. കണ്ണങ്കര, വെച്ചൂർ, കുമരകം പ്രദേശങ്ങളിലാണ് ഇതു കൂടുതൽ.
ശുദ്ധജലവും ഓരുവെള്ളവും മാറിമാറി
ആറുമാസം ശുദ്ധജലവും ആറുമാസം ഉപ്പുവെള്ളവുമെന്ന അപൂർവ പ്രതിഭാസമുള്ള ചുരുക്കം കായലുകളിലൊന്നാണു വേന്പനാട്. ജൂണ് മുതൽ നവംബർ വരെ ശുദ്ധജലം. മഴക്കാലത്ത് നിറഞ്ഞൊഴുകുന്ന പുഴകളുടെ സംഭാവന. നാല് ഇടുക്കി അണക്കെട്ടുകളിൽ സംഭരിക്കാൻ കഴിയുന്നത്ര വെള്ളം ഒരേസമയം ശേഖരിച്ചു നിറുത്താൻ ഈ കായലിനു ശേഷിയുണ്ട്. പുഴകൾ സമൃദ്ധമായി കൊണ്ടുവരുന്ന വെള്ളം സംഭരിച്ചു നിറുത്തി സാവധാനം കടലിലേക്ക് ഒഴുക്കും. പ്രകൃതിയുടെ ശുദ്ധീകരണ പ്രക്രിയ.
ഡിസംബർ മുതൽ മേയ് വരെയുള്ള വേനൽക്കാലത്ത് കായലിൽ ജലനിരപ്പ് താഴും. കടൽ വെള്ളം തള്ളിക്കയറും. വേന്പനാട് കായലിൽ ഉപ്പുവെള്ളം നിറയും. കൃഷി, മത്സ്യോത്പാദനം, ജലഗതാഗതം, ടൂറിസം തുടങ്ങി എല്ലാ ധർമങ്ങളും ഒത്തുചേരുന്ന കായലാണിത്. അതുകൊണ്ടുതന്നെ ഉറങ്ങാത്ത കായൽ എന്ന വിളിപ്പേരും വേന്പനാടിനു സ്വന്തം. 90,000 കുടുംബങ്ങളാണു കായലിനെ ആശ്രയിച്ചു ജീവിക്കുന്നത്. അപൂർവ തണ്ണീർത്തടമെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ 2002ൽ വേന്പനാടിനെ റാംസർ പ്രദേശമായി പ്രഖ്യാപിച്ചു.
പറുദീസ നഷ്ടം
ദൈവത്തിന്റെ സ്വന്തം നാട്ടിലെ പറുദീസയായിരുന്നു വേന്പനാടൻ തണ്ണീർത്തടങ്ങൾ. എന്നാൽ ഇന്ന് അത് ഒഴുക്കു നിലച്ച തടാകമായി. ആറു നദികളുടെ കുപ്പത്തൊട്ടിയായി കായൽ മാറി. ആർക്കും എന്തും വലിച്ചെറിയാവുന്ന ഇടം. ജലജന്യരോഗങ്ങളും പകർച്ചവ്യാധികളും വ്യാപകമായി. തീരഗ്രാമങ്ങളിൽ കാൻസർ പോലുള്ള രോഗങ്ങൾ പടർന്നു പിടിക്കുന്നു. കോളിഫോം, ഇ- കോളി തുടങ്ങി മാരകമായ ബാക്ടീരിയകളുടെയും വൈറസുകളുടെയും ആവാസ കേന്ദ്രമായിരിക്കുന്നു കായൽ. വിഷലിപ്തമായ വെള്ളത്തിൽ തൊടാൻ പോലും ജനങ്ങൾ ഭയപ്പെടുന്നു. ജൈവവൈവിധ്യത്തിന്റെ അപൂർവതകൾ ഇല്ലാതായി. കാലാവസ്ഥാവ്യതിയാനം മൂലം ചുഴലിക്കാറ്റും സമുദ്രകോപവും അടുത്തടുത്തു വരുന്നു.
സർവനാശം വിതച്ച ഓഖിക്കു പിന്നാലെ പുറംകടലിൽ രൂപംകൊണ്ട ന്യൂനമർദം കരയിൽ കയറിയില്ലെന്നു മാത്രം. ഇതുപോലുള്ള കാലാവസ്ഥാ മാറ്റങ്ങളെല്ലാം കായലിന്റെ നിലനില്പിനു ഭീഷണി ഉയർത്തുന്നുവെന്നു കൊച്ചിയിലെ സെന്റർ ഫോർ എർത്ത് റിസേർച്ച് ആൻഡ് എൻവയോണ്മെന്റ് മാനേജ്മെന്റ് റിസേർച്ച് ഡയറക്ടർ ഡോ. കെ. ഷഡാനനൻ നായർ പറയുന്നു. ഇങ്ങനെ പോയാൽ 50 കൊല്ലത്തിനപ്പുറം കായൽ ഉണ്ടാവില്ലെന്ന് ഭൗമശാസ്ത്ര വിഭാഗവും (സെസ്) മുന്നറിയിപ്പ് നൽകുന്നു. എല്ലാം വരുത്തിവച്ചതു പ്രകൃതിയെ വരുതിക്കു നിർത്താമെന്ന മനുഷ്യന്റെ അതിമോഹം.
റാംസർ പ്രദേശം
തണ്ണീർത്തടങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 1971 ഫെബ്രുവരി രണ്ടിന് ഇറേനിയൻ നഗരമായ റാംസറിൽ ഒപ്പുവച്ച ഉടന്പടി. തുടക്കത്തിൽ 18 രാഷ്ട്രങ്ങൾ മാത്രമായിരുന്നു അംഗങ്ങൾ. ഇപ്പോൾ ഇന്ത്യ ഉൾപ്പെടെ 163 രാഷ്ട്രങ്ങൾ. 1982-ലാണ് ഇന്ത്യ ഉടന്പടിയിൽ ഒപ്പുവച്ചത്. റാംസർ പ്രദേശങ്ങളായി ലോകത്താകമാനം 2065 തണ്ണീർത്തടങ്ങളുണ്ട്. കേരളത്തിൽ വേന്പനാട് കോൾ പ്രദേശങ്ങളും ശാസ്താംകോട്ട തടാകവും അഷ്ടമുടിക്കായലും. 2002-ലാണ് ഇവയെ റാംസർ സൈറ്റുകളായി പ്രഖ്യാപിച്ചത്.