ഫണ്ട് അടിച്ചുമാറ്റുക, വണ്ടി അടിച്ചുമാറ്റുക, കിണ്ടി അടിച്ചുമാറ്റുക എന്നൊക്കെ കേട്ടിട്ടുണ്ട് എന്നാൽ, പാർട്ടിയാപ്പീസ് കൂട്ടത്തോടെ അടിച്ചുമാറ്റിയെന്നതു കേട്ടു സാക്ഷാൽ ബണ്ടി ചോർ പോലും ഞെട്ടിക്കാണണം! ചുവപ്പു പട്ടുസാരിയുമുടുത്തു പതിറ്റാണ്ടുകളായി പലരെയും മോഹിപ്പിച്ചു വിലസുകയായിരുന്നു ത്രിപുര സുന്ദരി. സംഘപരിവാരങ്ങൾ താമര നീട്ടി കണ്ണുകാണിച്ചപ്പോൾ താമരയല്ല താമരക്കുളം തന്നെ കാണിച്ചാലും ത്രിപുരസുന്ദരി വീഴില്ല എന്നായിരുന്നു പാർട്ടിക്കാരുടെ പക്ഷം. പക്ഷേ, ഒറ്റ രാത്രി ഇരുണ്ടുവെളുത്തപ്പോൾ അവൾ ചുവപ്പു കണ്ടാൽ കലിയിളകുന്ന പോരു കാളയായി മാറി.
കണ്ണിൽക്കണ്ടതെല്ലാം കുത്തിമറിച്ചു തലങ്ങും വിലങ്ങും പായുന്ന കാളയെ കണ്ടു സഖാക്കൾ പലരും അള്ളിപ്പിടിച്ചു മരത്തിലും മാളത്തിലും കയറിയിരിക്കുന്നു. എന്തോ ഒന്നു “പൊത്തോ’’യെന്നു വീഴുന്ന ശബ്ദം കേട്ടുകൊണ്ടാണ് പലരും മാളത്തിൽനിന്നു തല പുറത്തേക്കിട്ടു നോക്കിയത്. അതാ റഷ്യൻ നേതാവ് ലെനിൻ സഖാവിന്റെ കൂറ്റൻ പ്രതിമയും കുത്തിമറിച്ചിരിക്കുന്നു!
ഇതു കണ്ട സാധാരണക്കാരൻ പോലും മൂക്കത്തു വിരൽ വച്ചുപോയി, ഒരു തെരഞ്ഞെടുപ്പു ജയിച്ചെന്നു കരുതി ഇങ്ങനെയൊക്കെ ചെയ്യാമോ? അപ്പോൾപിന്നെ സഖാക്കൾക്കു കലിപ്പില്ലാതെ വരുമോ ? പാർട്ടിക്കമ്മിറ്റി കൂടി രോഷം തീർക്കാമെന്നു വച്ചാൽ പാർട്ടിയാപ്പീസുകളെല്ലാം സംഘികൾ അടിച്ചുമാറ്റിക്കൊണ്ടുപോയില്ലേ... ഒറ്റ രാത്രികൊണ്ടു പാർട്ടിയാപ്പീസിന്റെ നിറംതന്നെ മാറിപ്പോയി. കേരളത്തിൽ ആയിരുന്നെങ്കിൽ ഏതെങ്കിലും പാർട്ടിഗ്രാമത്തിൽ കയറിനിന്നെങ്കിലും സമാധാനത്തോടെ രണ്ടു മുദ്രാവാക്യം വിളിച്ചു കലിപ്പു തീർക്കാമായിരുന്നു. ആകെ ചുവന്നുതുടുത്തിരുന്ന ത്രിപുരയിൽ ഇതുവരെ ഒരു പാർട്ടിഗ്രാമത്തിന്റെ ആവശ്യം ഉണ്ടായിട്ടേയില്ല. ഇത്ര പെട്ടെന്ന് അവൾ സാരി മാറിയുടുക്കുമെന്ന് ആരറിഞ്ഞു? കലിപ്പുതീർക്കാൻ കേരള ബ്ലാസ്റ്റേഴ്സിനെപ്പോലെ ഗ്രൗണ്ടുകൾ തേടി അലഞ്ഞു നടക്കേണ്ടി വരുമോയെന്ന് ആശങ്കപ്പെടുന്പോഴാണ് ക്യൂബ മുകുന്ദന്റെ പാരന്പര്യം മറക്കരുതെന്ന് ചില സഖാക്കൾ ഓർമിപ്പിച്ചത്. പിന്നൊട്ടും മടിച്ചില്ല, ചുരുട്ടിയ മുഷ്ടിയും വലിഞ്ഞുമുറുകിയ മുഖവുമായി നേരേ സ്വച്ഛ് ഭാരത് ടോയ്ലറ്റിലേക്കു കയറി. പെട്രോളിന്റെ മണമുള്ള ആ തറയിൽനിന്നു പൊട്ടിയ കണ്ണാടിയിൽ നോക്കി കലിപ്പ് തീരുവോളം വിളിച്ചു, മുദ്രാവാക്യം!
ത്രിപുരയിലെ ഭരണക്കസേരയിൽ ഉറച്ചൊന്ന് ഇരിക്കുന്നതിനു മുന്പേ കട്ടപ്പാരയുമായി പാർട്ടിയാപ്പീസ് കുത്തിപ്പൊളിക്കാൻ ഷായുടെ പിള്ളേർ ഇറങ്ങിയതെന്തിനെന്നറിയാതെ പ്രതിമ പോലെ നിൽക്കുകയാണ് നാട്ടുകാർ. ഇഷ്ടമില്ലാത്ത പ്രതിമകളെ തള്ളിമറിച്ചിട്ടു പ്രീതിയുണ്ടാക്കാൻ ഇറങ്ങിത്തിരിച്ച സംഘപരിവാരങ്ങൾ ഇപ്പോൾ കയറിയ പ്രതിമയിൽനിന്ന് ഇറങ്ങാനാവാതെ വെട്ടിലായിരിക്കുന്നു. പാർട്ടിയുടെ ദേശീയ സെക്രട്ടറി എച്ച്.രാജയാണ് ഇപ്പോൾ പെരിയാറുടെ പ്രതിമയിൽ കയറിയതു വഴി എച്ചും എട്ടും വരച്ചുകൊണ്ടിരിക്കുന്നത്.
പ്രതിമയ്ക്കു വച്ചതു താമരയ്ക്കു കൊണ്ടെന്ന പരുവത്തിലാണ് ഇപ്പോൾ തമിഴ്നാട്ടിലെ ബിജെപി. ത്രിപുരയിൽ ലെനിന്റെ പ്രതിമ വീണെങ്കിൽ തമിഴ്നാട്ടിൽ പെരിയാറുടെ പ്രതിമ മറിക്കണമെന്നായിരുന്നു എച്ച്.രാജയുടെ ഫേസ്ബുക്ക് വിളംബരം. എന്തായാലും പോസ്റ്റുവന്നതിനു പിന്നാലെ അച്ചടക്കമുള്ള പാർട്ടിക്കാരിലാരോ പെരിയാർ പ്രതിമയിൽ ചിന്തൻ ബൈഠക്ക് നടത്തി. പക്ഷേ, ഇതോടെ മറിഞ്ഞതു ബിജെപിയുടെ പാർട്ടിയാപ്പീസുകളിലൊന്നായിരുന്നു. പ്രതിമക്കേസിൽ പ്രതിക്കൂട്ടിലായതോടെ രാജ കീഴ്മേൽ മറിഞ്ഞു, ഷാജിയും മോദിജിയും ഉരുണ്ടുമറിഞ്ഞു. പ്രതിമയെ കൈവയ്ക്കുന്നവരെയെല്ലാം കൈയോടെ പൊക്കുമെന്നു പ്രഖ്യാപിച്ചു മോദിജി തടിതപ്പി. അങ്ങനെയെങ്കിൽ ത്രിപുരയിൽ മറിച്ചിട്ട പ്രതിമ നേരേ വയ്ക്കേണ്ടതല്ലേ എന്ന ചോദ്യത്തിന് ആരും മറുപടി നൽകിയിട്ടില്ല.
മിസ്ഡ് കോൾ
=റബർ വ്യവസായികളുടെ താത്പര്യത്തിനു മുൻഗണനയെന്നു കേന്ദ്രം.
- വാർത്ത
= അതായത് വ്യവസായികൾക്കു പാൽ, കർഷകർക്കു ചിരട്ട!