തരിശ് എന്നു കേട്ടാൽ അപ്പോഴേ അരിശം... പിന്നെ അവിടെ തുരിശിട്ട് വിത്തെറിയാതെ തിരിച്ചുകേറുന്ന പ്രശ്നമില്ല. ഈ ആവേശം ഒരു പരവേശമായി മാറിയ ആളാണ് നമ്മുടെ കൃഷിമന്ത്രി സുനിൽകുമാർ. തരിശുനിലം കണ്ടാൽ പുള്ളിക്കാരൻ ഒരു ശ്രീശാന്തായി മാറും, വിത്തെങ്കിൽ വിത്ത്, കല്ലെങ്കിൽ കല്ല്! പണ്ടു പഠിക്കാൻ പോയപ്പോൾ മുതലുള്ള ശീലമാണ്.
കൈയിലെന്തെങ്കിലും കയറിയാൽ കല്ലാണെന്നു തോന്നിപ്പോകും, പിന്നെ ഒറ്റയേറാണ്. കുറെ തരിശിൽ വീഴും കുറെ തലയിൽ വീഴും. തറയിലെ തരിശ് വിത്തെറിഞ്ഞാൽ പോകും. പക്ഷേ, തലയിലെ തരിശിന് ഒരാശാനും ഇതുവരെ മരുന്നു കണ്ടുപിടിച്ചതായി അറിവില്ല. തലയിൽ കയറിയ തരിശിനോടുള്ള വിരോധമാണോ തറയിലെ തരിശിൽ എറിഞ്ഞു തീർക്കുന്നതെന്നു സംശയിക്കുന്നവരും ഇല്ലാതില്ല.
എന്നാൽ, സംഗതി ഇതൊന്നുമല്ല, കൃഷിമന്ത്രിയുടെ തരിശു വിരോധം കാണുന്പോൾ മീശ വിറയ്ക്കുന്നതു മറ്റൊരു മന്ത്രിക്കാണ്, സാക്ഷാൽ ധനമന്ത്രിക്ക്! കാരണം, നാട്ടിലെ ഏറ്റവും വലിയ തരിശുഭൂമിയുടെ ഉടമസ്ഥനാണ് ഇന്നു പുള്ളിക്കാരൻ! മാർത്താണ്ഡം കായലിലാണോ കുറിഞ്ഞിമലയിലാണോ മന്ത്രിയുടെ തരിശുനിലമെന്നോർത്തു തല പുകയ്ക്കേണ്ട, അതു കേരളത്തിന്റെ ഖജനാവിൽ ആണ്! ഖജനാവ് ഇങ്ങനെ തരിശായി കിടന്നാൽ നമ്മുടെ കൃഷിമന്ത്രി അവിടെയെങ്ങാനും കയറി വിത്തെറിഞ്ഞുകളയുമോയെന്ന ആശങ്കയിലാണ് നമ്മുടെ ഐസക്ക് മന്ത്രി. വിത്തെറിഞ്ഞുപോയാൽ ഇപ്പോൾ അവിടെ കൈയേറി താമസിക്കുന്ന പാറ്റയും പല്ലിയുമെല്ലാം സ്ഥിരതാമസം തുടങ്ങുമോയെന്ന പേടിയും അദ്ദേഹത്തിനുണ്ട്.
ഖജനാവിൽ കൈയും തലയുമിട്ടു നോക്കിയിട്ടും ഒന്നും കണ്ടുപിടിക്കാൻ കഴിയുന്നില്ലെന്നു പറഞ്ഞതു ബാലൻമന്ത്രിയാണ്. പേരിൽ ബാലനുണ്ടെങ്കിലും പറഞ്ഞതു ബാലകഥയല്ലെന്നു ധനമന്ത്രിയും കഴിഞ്ഞ ദിവസം സമ്മതിച്ചു. ഇക്കണോമിക്സ് പ്രകാരം കൂട്ടിയിട്ടും ഐസക്കണോമിക്സ് പ്രകാരം ഗുണിച്ചിട്ടും കാര്യങ്ങൾ മുന്നോട്ടുപോകുന്നില്ലെന്നായിരുന്നു ധനമന്ത്രിയുടെ വെളിപ്പെടുത്തൽ.
സന്പദ് വ്യവസ്ഥയെ കണ്ടാലറിയാം ഒരു നെഞ്ചുവേദനയുണ്ടെന്ന് കേന്ദ്രഡോക്ടർ പറയാൻ തുടങ്ങിയിട്ടു കാലം കുറെയായിരുന്നു. എന്നാൽ, ഒരു രാത്രിയിൽ മേരേ പ്യാരെ ദേശവാസിയെ പിടിച്ചു നേരെ ആൻജിയോപ്ലാസ്റ്റി നടത്തി. ആൻജിയോഗ്രാം ചെയ്തിട്ടുപോരേ ആൻജിയോപ്ലാസ്റ്റിയെന്നു ചിലരൊക്കെ ചോദിച്ചെങ്കിലും പ്രധാനഡോക്ടർ മൈൻഡ് ചെയ്തില്ല. അതിന്റെ ക്ഷീണം മാറിവരുന്നതിനുമുന്പാണ് ഡോക്ടർ വീണ്ടും റൗണ്ട്സിനു വന്നത്. നല്ല ജലദോഷമുണ്ടെന്നും ഇപ്പോൾ മാറ്റിത്തരാമെന്നും പറഞ്ഞപ്പോൾ ജലദോഷം ഉള്ളവരും ഇല്ലാത്തവരുമെല്ലാം തലവച്ചുകൊടുത്തു.
നാട്ടിൽ കിട്ടാനില്ലായിരുന്ന ജിഎസ്ടി എന്ന ഗുളികയാണ് ഡോക്ടർ കുറിച്ചത്. ഈ ഗുളിക കഴിച്ചാൽ എല്ലാ മാസവും നല്ല പുരോഗതിയുണ്ടാകുമെന്നായിരുന്നു ഡോക്ടറുടെ വാഗ്ദാനം. ഡോക്ടർ പറഞ്ഞതുപോലെ പുരോഗതിയുണ്ടാകുമെങ്കിൽ ഒന്നല്ല രണ്ടു ഗുളിക വീതം കഴിക്കാൻ ഞങ്ങൾ തയാറാണെന്നു പേഷ്യന്റ്സ് പ്രഖ്യാപിച്ചു. ഇപ്പോൾ ഡോക്ടർക്കു നല്ല പുരോഗതി കാണുന്നുണ്ട്. അതേസമയം, ആൻജിയോപ്ലാസ്റ്റി കഴിഞ്ഞവനെ ബൈപാസ് നടത്തേണ്ട സ്ഥിതിയിലുമായി.
ഇടിവെട്ടി കിടന്നവനെ പാന്പു കടിച്ചു എന്നു കേട്ടിട്ടുണ്ട്. പക്ഷേ, ഈ പാന്പ് കടിക്കാൻ വന്നതല്ല, മൊത്തത്തോടെ വിഴുങ്ങാൻ വന്നതാണ്. ഇനിയിപ്പോൾ ചെലവു ചുരുക്കുക എന്ന ഒറ്റമൂലി മാത്രമേ കൈവശമുള്ളെന്നാണ് ധനവൈദ്യൻ പറയുന്നത്. അതായത്, പണ്ട് ആന്റണിമുഖ്യൻ പറഞ്ഞതു പോലെ മുണ്ടുമുറുക്കി ഉടുക്കേണ്ട സമയം, പതിവായി പാന്റ്സ് ഇടുന്നവർ ബെൽറ്റ് മുറുക്കിയാലും മതി. എങ്ങനെ ചെലവു ചുരുക്കണം എന്നതിനെക്കുറിച്ചു പഠിക്കാൻ ഒരു ജുഡിഷൽ കമ്മീഷനെ വച്ചാൽ കൊള്ളാമായിരുന്നു എന്നു പറഞ്ഞുകൊണ്ടു ഈ അധികപ്രസംഗം ചുരുക്കുന്നു!
മിസ്ഡ് കോൾ
=ജാർഖണ്ഡിൽ എംഎൽഎയുടെ നേതൃത്വത്തിൽ ചുംബനമത്സരം നടത്തിയതു വിവാദമായി.
- വാർത്ത
=അടുത്ത തവണ വോട്ടിംഗ് മെഷീനിൽ നോക്കി ഓരോ ഫ്ളൈയിംഗ് കിസ്!