ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
പത്രം വായിച്ചുകൊണ്ടിരുന്ന, മട്ടിലും ഭാവത്തിലും അര ഗാന്ധിയനായ ചേട്ടന്റെ മുഖം പെട്ടെന്ന് എൽഇഡി ബൾബ് പോലെ മിന്നി, മുഖം എച്ച്ഡി ചാനൽ പോലെ തിളങ്ങി, ഒപ്പം നാസിക് ബാൻഡ് താളത്തിൽ ഒരു ചിരിയും. ഒരു ജിഎസ്ടിഫ്രീ ചായ അടിച്ചുകൊണ്ടിരുന്ന ചായക്കട മുതലാളി തിരിഞ്ഞുനോക്കി, എന്തുപറ്റിയെടോ.. ഭാഗ്യക്കുറി വല്ലതും കുറിക്കുകൊണ്ടോ? ഇതു ഭാഗ്യക്കുറിയല്ല ആശാനെ, ബംബറാ ബംബർ.. വായിച്ചിട്ടുതന്നെ കുളിരുകോരുന്നു... ഇതായിരുന്നു ഗാന്ധിജി കണ്ട സ്വപ്നം!
ഓഹോ, അത്ര വലിയ സംഭവമാണോ.. എങ്കിൽ അതറിഞ്ഞിട്ടുമതി ഇനി കാപ്പിയും ചായയുമൊക്കെ, വായിച്ചേ കേൾക്കട്ടെ- മുതലാളി തിരിഞ്ഞുനിന്നു.
തെരുവുനായ്ക്കളെ കാണാനില്ല, അലഞ്ഞുനടക്കുന്ന കന്നുകാലികളില്ല, ഭീതിപരത്തി ചുറ്റിത്തിരിയുന്ന കാളക്കൂറ്റൻമാർ എവിടെയോ പോയി മറഞ്ഞിരിക്കുന്നു. സെക്രട്ടേറിയറ്റിനു മുന്നിൽ തുടങ്ങി കാലു കുത്താൻ ഇടം കിട്ടുന്നിടത്തെല്ലാം കൈയേറ്റം നടത്താറുള്ള ഭിക്ഷാടക മാഫിയക്കാരെയാണെങ്കിൽ മഷിയിട്ടു നോക്കിയിട്ടും കാണാനേയില്ല.. എന്തൊരു വൃത്തി, എന്തൊരു വെടിപ്പ്, ഐശ്വര്യറായിയെപ്പോലെ അണിഞ്ഞൊരുങ്ങിയിരിക്കുന്നു നഗരം..!
ഇതേതോ സിംഗപ്പൂരിലെ കഥയാണല്ലോടോ, സിംഗപ്പൂരിലാണോടോ ഗാന്ധിജി സ്വപ്നം കണ്ടത്? - മുതലാളിയുടെ മുഖം ടച്ച്സ്ക്രീൻ പോയ മൊബൈൽ ഫോണ് പോലെ ഇരുണ്ടു.
“ആശാനേ, ഇതു സിംഗപ്പൂരല്ല, നമ്മുടെ സ്വന്തം ഇന്ത്യ, നമ്മുടെ ഹൈദരാബാദിലെ കാഴ്ചയല്ലേയിത്..''
“ഹൈദരാബാദിലോ... എങ്കിൽ ഞാൻ പറഞ്ഞില്ലേ , അതു മോദിജിയുടെ ടച്ച് തന്നെ, സ്വച്ഛ് ഭാരത്! സംഗതി ഫലം കണ്ടുതുടങ്ങി''
“ആശാനേ, പിച്ചുംപേയും പറയാതെ, ഇതു സ്വച്ഛും ഒച്ചും ഒന്നുമല്ല, അമേരിക്കയിൽനിന്നൊരു പെങ്കൊച്ചു വന്നതിന്റെ ക്ലച്ചാ.''
“അതെന്താടോ അമേരിക്കയിൽനിന്നു പെങ്കൊച്ചുങ്ങളു വന്നാണോ ഇപ്പോൾ ഹൈദരാബാദ് അടിച്ചുവാരുന്നത് ?''
“അയ്യയ്യോ, ആശാനേ ഇതു തൊഴിലുറപ്പിനു വന്നതല്ല, തൊഴിലുമായി വന്നതാ, ഉഴപ്പു കാണിച്ചാൽ ട്രംപാശാൻ നേരിട്ടുവന്നു തൊഴിക്കും!''
“ആര്, അമേരിക്കൻ പ്രസിഡന്റ് ട്രംപോ..?''
“അതേന്ന്. ട്രംപാശാന്റെ മോളില്ലേ.. നമ്മുടെ ഇവാൻക, പുള്ളിക്കാരി വന്നതിന്റെ ബഹളങ്ങളാ ഹൈദരാബാദിൽ കണ്ടുകൊണ്ടിരിക്കുന്നത്. അല്ലെങ്കിലും ഒരു പെങ്കൊച്ചു വന്നു കയറിയാൽ എല്ലാം ശരിയാകുമെന്നു നമ്മുടെ കാർന്നോന്മാർ പണ്ടേ പറയാറുള്ളതല്ലേ. ഒന്നിനും സമയമില്ലാതെ ഇലക്ഷന്റെ വറചട്ടിയിൽ എരിപൊരി കൊള്ളുന്നതിനിടയിലും സാക്ഷാൽ പ്രധാനമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥപ്രമുഖരുമൊക്കെ ഹൈദരാബാദിലേക്കു വച്ചുപിടിച്ചില്ലേ, ഇവാൻകയെ കണ്ടു, കൈ കൊടുത്തു, പറയാനുള്ളതു കേട്ടു... ഇപ്പോ മനസിലായില്ലേ, ആളു ചില്ലറക്കാരിയല്ലെന്ന്.''
“ഈ ഇവാൻകക്കൊച്ചിനെ നമ്മുടെ കേരളത്തിലേക്കൊന്നു വരുത്തിയാലോ, വേണമെങ്കിൽ വഴിച്ചെലവും വണ്ടിക്കൂലിയും കൊടുത്തേക്കാം.''
അതെന്തിനാ ആശാനെ, ഇവാൻകയെ കാണാൻ അത്ര മോഹമാണോ ?
“ഇത് ഇവാൻകയെ കാണാനുള്ള മോഹംകൊണ്ടല്ലടോ, ഈ നാടും നഗരവും നന്നായി കാണാനുള്ള മോഹംകൊണ്ടാ, അവരു വന്നാൽ അത്രയെങ്കിലും വൃത്തിയാകുമല്ലോ.''
“വന്നാൽ വൃത്തിയാകും, പോയിക്കഴിയുന്പോൾ അതിനേക്കാൾ കൂടുതൽ വൃത്തികേടാകും, അതാ കുഴപ്പം!''
“എന്റെ സംശയം അതല്ല ചേട്ടാ, ഈ നഗരത്തിലെ നായ്ക്കളെയും കാലികളെയുമൊക്കെ നാടു കടത്തിയിട്ടും നമ്മുടെ മേനകാമാഡം ഒന്നും പറഞ്ഞുകേട്ടില്ലല്ലോ.''
“അതിപ്പം സായിപ്പിനെയോ മദാമ്മയെയോ കടിച്ചാലല്ലേ കുഴപ്പമുണ്ടാകൂ, നാട്ടുകാർക്ക് ഒന്നോ രണ്ടോ കടിയൊക്കെ ആകാം!''
മിസ്ഡ് കോൾ
=സ്വച്ഛ് ഭാരതിന്റെ ചെടി തിന്ന കഴുതകളെ ജയിലിൽ അടച്ചു.
- വാർത്ത
=പൊതുജനം സൂക്ഷിക്കുക!