ധനനഷ്ടം, മാനഹാനി, ജോലിയിൽ ക്ലേശം, അധികാരികളിൽനിന്നുള്ള ശകാരം ... ഇതൊക്കെ കേൾക്കുന്പോൾ ഏതെങ്കിലും വാരികയിൽ വന്ന വാരഫലമാണോ വായിക്കുന്നതെന്നു തോന്നിയേക്കാം. എന്നാൽ, ഇതു വാരഫലമല്ല, ഇപ്പോൾ കേരളത്തിലെ മാധ്യമക്കാർക്കുള്ള ദിവസഫലമാണ്. വലിയ സഖാവ് രാവിലെ എഴുന്നേൽക്കുന്ന മൂഡ് പോലെയിരിക്കും കേരളത്തിലെ ചാനലുകാരുടെ അന്നത്തെ "മൂഡീസ് റേറ്റിംഗ്’. സഖാവ് ചിലപ്പോൾ പൊട്ടിച്ചിരിക്കും (അത് അപൂർവമാണ്), ചിലപ്പോൾ ചിരിച്ചെന്നു വരുത്തും (വലിയ പ്രതീക്ഷ വേണ്ട), മറ്റു ചിലപ്പോൾ കടുപ്പിച്ചൊന്നു നോക്കും (ഇടയ്ക്കിടെ), ഇനിയും ചിലപ്പോൾ പൊട്ടിത്തെറിക്കാം (മുൻകൂട്ടി പറയാൻ പറ്റില്ല)...! അതായത്, പുകഞ്ഞുനിൽക്കുന്ന അഗ്നിപർവതമാണ് മന്ദം മന്ദം കടന്നുവരുന്നതെന്ന ചിന്തയോടെയേ അടുത്തേക്കു ചെല്ലാവൂ, മൈക്ക് നീട്ടാവൂ. പിന്നെ പൊള്ളി, ചാരത്തിൽ മുങ്ങി, ലാവയിൽ വീണു എന്നൊന്നും പറഞ്ഞാൽ കേന്ദ്രക്കമ്മിറ്റി അംഗീകരിക്കാൻ പോകുന്നില്ല.
അതീവ സൂക്ഷ്മതയോടെ വാർത്തകൾ ചികഞ്ഞെടുക്കാൻ കഴിയുന്നതാണ് ഒാരോ മാധ്യമപ്രവർത്തകനെയും വ്യത്യസ്തനാക്കുന്നതെന്നു ജേർണലിസം ക്ലാസിൽ ആരൊക്കെയോ പഠിപ്പിച്ചതാ കുഴപ്പമായതെന്നു തോന്നുന്നു. ചികഞ്ഞു ചികഞ്ഞു സഖാവിന്റെ മൂക്കത്തു കയറി ചികഞ്ഞാലോ!
പ്രത്യയശാസ്ത്രപരമായി മൂക്കത്താണല്ലോ ശുണ്ഠി സ്ഥിതി ചെയ്യുന്നത്. അബദ്ധത്തിൽ മൈക്ക് തട്ടിയപ്പോൾ സ്വാഭാവികമായും അതിന് ഇളക്കം തട്ടുകയും പൊട്ടിത്തെറിക്കുകയും ചെയ്തു. മൂക്കത്തല്ല കവിളത്താണ് തട്ടിയതെന്ന് ഒരു സിദ്ധാന്തവും ചില വിദഗ്ധർ മുന്നോട്ടുവയ്ക്കുന്നുണ്ടെങ്കിലും പ്രത്യയശാസ്ത്രജ്ഞൻമാർ പിന്തുണയ്ക്കുന്നതു മൂക്കിനെത്തന്നെയാണ്. മുഖ്യസഖാവ് ആയതിനാൽ മൂക്ക് തന്നെ പ്രാമുഖ്യം നേടുമെന്നാണ് പ്രമുഖരുടെ അഭിപ്രായവും.
"കടക്ക് പുറത്ത്’ എന്ന മെഗാഹിറ്റ് ഡയലോഗ് ഒരിക്കൽക്കൂടി പറയണമെന്ന മോഹം പൂവണിയാൻ പോകുന്നുവെന്നു കരുതിയാണ് സഖാവ് മൂക്ക് വിറപ്പിച്ചത്. പക്ഷേ, നോക്കിയപ്പോൾ എല്ലാവരുംതന്നെ പുറത്താണ്. കടക്ക് അകത്ത് എന്നു പറഞ്ഞാൽ, ഇവന്മാർ മാത്രമല്ല, മന്ത്രിക്കുപ്പായം തുന്നിയിരിക്കുന്ന പലരും ചാടി അകത്തുകയറിയാലോ! "അങ്ങോട്ടു മാറിനിൽക്ക് ’ എന്നാകുന്പോൾ തുന്നിയവർക്കും ചേരും കുത്തിയവർക്കും ചേരും!
ഇതുകൊണ്ട് എല്ലാം തീർന്നെന്നു കരുതിയാണ് പിറ്റേന്നു മൈക്കും കാമറയും ചുമന്നോണ്ടു വീണ്ടും സെക്രട്ടേറിയറ്റിലേക്കു ചെന്നത്. ഫോണ്കെണി കമ്മീഷൻ റിപ്പോർട്ടിന്റെ മുകളിൽ കയറിനിന്നും ഇരുന്നും ചൂടോടെ റിപ്പോർട്ടിക്കളയാമെന്നുള്ള ആക്രാന്തത്തോടെയായിരുന്നു പോക്ക്.
പക്ഷേ, മൂക്കിനിട്ടു തന്നെ കിട്ടി, സെക്രട്ടേറിയറ്റിന്റെ മുക്കിനും മൂലയിലും കാമറ കണ്ടുപോകരുതെന്ന് പറഞ്ഞു പോലീസുകാർ മൂക്കുവീർപ്പിച്ചു. മുഖ്യന്റെ മൂക്കിനു കീഴിലാണ് ഇങ്ങനെയൊരു സംഭവം നടന്നതെങ്കിലും "കട്ടിമീശ'യുടെ മറവു കാരണം പുള്ളിക്കാരനു കാണാനേ കഴിഞ്ഞില്ലത്രേ! അദ്ദേഹം സ്വന്തം കാറിൽ അതുവഴി വരുന്പോൾ സെക്രട്ടേറിയറ്റിലെ ഗേറ്റിനു മുന്നിൽ പതംപറഞ്ഞും മൂക്കുപിഴിഞ്ഞും ചിലരെയൊക്കെ കണ്ടെങ്കിലും മാധ്യമക്കാർക്കു ജലദോഷമായിരിക്കും എന്നു ധരിച്ചുപോയത് ഒരു തെറ്റാണോ? സോളാർ കമ്മീഷൻ വന്നപ്പോൾ മാധ്യമങ്ങൾക്കു ചുവപ്പു പരവതാനി വിരിച്ചില്ലേയെന്നു ചോദിക്കരുത്.. ആവശ്യമുള്ളപ്പോൾ പരവതാനി വിരിക്കും, ചിലപ്പോൾ ചുരുട്ടും, അത്യാവശ്യക്കാരെ വേണമെങ്കിൽ ഉടുപ്പിച്ച് ഇറക്കുകയും ചെയ്യും.
ചാനലുകാരുടെ ജലദോഷം മാറാൻ ഒറ്റമൂലിയും വൈദ്യർ നിർദേശിച്ചിട്ടുണ്ട്, ആളെ കാണുന്ന ഉടനെ മൈക്കും കാമറയുമായി ഇരച്ചുകയറി ചെല്ലേണ്ടാ, വല്ലതും മൊഴിയാനുണ്ടെങ്കിൽ അടുത്തേക്കു വന്നു പറഞ്ഞോളാം! ബ്രണ്ണൻ കോളജിലെ വടിവാളിനേക്കാൾ മൂർച്ച ദേഹത്തു തട്ടാനിടയുള്ള മൈക്കിനായിരിക്കാമെന്നു സമാധാനിച്ച് ഇന്നത്തേക്കു വിട!
മിസ്ഡ് കോൾ
= പാപത്തിനുള്ള ശിക്ഷയാണ് രോഗമെന്ന് ആസാം ബിജെപി മന്ത്രി.
- വാർത്ത
= വോട്ടു ചെയ്തതിനുള്ള ശിക്ഷകൾ!
ജോൺസൺ പൂവന്തുരുത്ത്