തലസ്ഥാനത്തു കടുത്ത പുകമഞ്ഞ്, ഒന്നും കാണാൻ പറ്റുന്നില്ല, ഇരന്പിനീങ്ങിയ വണ്ടികൾ തമ്മിൽ കൂട്ടിയിടിച്ചു... ഇത്രയും കേട്ടപ്പോൾ തോന്നിക്കാണും ഇതങ്ങു ഡൽഹിയിലെ കാര്യമായിരിക്കുമെന്ന്. എന്നാൽ, ഇതു ഡൽഹിയിലെ പുകമഞ്ഞല്ല.. തിരുവനന്തപുരത്തെ രാഷ്ട്രീയ "പുകിൽമഞ്ഞാ’ണ്. എത്രയോ ദിവസമായി ഈ പുകമഞ്ഞ് തലസ്ഥാനത്തെ മൂടിയിരിക്കുന്നു. ആലപ്പുഴയിലെ മാർത്താണ്ഡം കായലിൽ ആരോ കൂട്ടിയിട്ടു കത്തിച്ച വിവാദത്തിന്റെ പുകയാണ് മാധ്യമക്കാറ്റിൽ തലസ്ഥാനത്തേക്ക് എത്തിയത്. കാറ്റ് ശക്തമായതോടെ എൽഡിഎഫ് യോഗത്തിൽ അടുത്തടുത്ത് ഇരിക്കുന്നവരെപ്പോലും കാണാൻ കഴിയാത്തവിധം പുക മൂടി, കാഴ്ച മങ്ങി.
മുന്നണിയിലെ കുഞ്ഞേട്ടൻമാർക്കാണ് തീരെ കാണാൻ പറ്റാതെ വന്നത്. ഇതിനിടയിലായിരുന്നു ആലപ്പുഴ കളക്ടറുടെ കൊയ്ത്ത്. അതുകൂടി കഴിഞ്ഞതോടെ പുകമഞ്ഞ് വല്ലാതങ്ങു തിങ്ങി. പലർക്കും ശ്വാസംമുട്ടൽ അനുഭവപ്പെട്ടു തുടങ്ങി. എങ്കിലും നിയമോപദേശത്തിന്റെ മാസ്ക് വച്ചു തത്കാലം അഡ്ജസ്റ്റ് ചെയ്തു മുന്നോട്ടുനീങ്ങി. ഇത്രയും കാഴ്ച മങ്ങിയ സ്ഥിതിക്ക് വണ്ടി മുന്നോട്ടോടിക്കാൻ ബുദ്ധിമുട്ടാണെന്നു കോപൈലറ്റുമാർ പലവട്ടം പറഞ്ഞെങ്കിലും മെയിൻ പൈലറ്റ് മൈൻഡ് ചെയ്തില്ല.
ഇതിനിടെ, മാർത്താണ്ഡം കായലിൽ തീയും പുകയും പോയിട്ടൊരു തീപ്പെട്ടിക്കൊള്ളിപോലും ഇല്ലെന്ന് ആലപ്പുഴയിൽ സ്റ്റേജ്കെട്ടി മുതലാളി കടത്തിപ്പറഞ്ഞു. തീക്കൊള്ളിയെ അടുത്തിരുത്തിയായിരുന്നു മുതലാളിയുടെ ഈ തലചൊറിച്ചിൽ. അതോടെ തീക്കൊള്ളി ഒരു തീപ്പന്തമായി കത്തിപ്പിടിച്ചു. അതിന്റെ പുകയും ജനജാഗ്രത മാർച്ചുപോലെ തലസ്ഥാനത്തേക്കു പടർന്നു. പക്ഷേ, ആരു കരിഞ്ഞാലും പുകഞ്ഞാലും ആനവണ്ടി മുന്നോട്ടുതന്നെ ഓടിക്കുമെന്നും വേണമെങ്കിൽ രണ്ടു വർഷം കഴിഞ്ഞ് എൻജിനോയിൽ മാറ്റുന്ന കാര്യം ആലോചിക്കാമെന്നുമായിരുന്നു മുതലാളിയുടെ നിലപാട്. ഇതോടെ കത്തിപ്പിടിച്ച തീപ്പന്തം തുലാമഴയിൽ നനഞ്ഞ പടക്കംപോലെ കാനയിൽ കിടക്കുമെന്നു നാട്ടുകാർ കരുതി.
മുതലാളിയെ പിടിക്കാൻ കായലരികത്തു പലരും വലയെറിഞ്ഞുകൊണ്ടിരിക്കുന്നതിനിടയിലാണ് വള കിലുക്കി അവൾ വന്നത്. അതോടെ എല്ലാവരും മുതലാളിയെ വിട്ട് അവളെറിയുന്ന വളകൾക്കായി വല വീശി. എല്ലാംകൂടി അവളെ വള പോലെ വളഞ്ഞ് പിന്നാലെ പൊയ്ക്കോളുമെന്നു മുതലാളി കരുതുകയും ചെയ്തു. എന്നാൽ, ഈ വളയ്ക്കു പിന്നാലെ പോകുന്നതു വളയമില്ലാതെ ചാടുന്നതു പോലെയാണെന്നു തലയുള്ളവർ പറഞ്ഞതോടെ വള വഴിയാധാരമായി!
വളയും പോയി മുതലാളിയും പോയി എന്നു കരുതി മാധ്യമക്കാർ എല്ലാം ചുറ്റി മടക്കുന്പോഴാണ് വേലിയേൽ ഇരുന്ന ഹർജിയെടുത്തു മുതലാളി ഹൈക്കോടതിയിൽ കൊണ്ടുകൊടുത്തത്. കൃത്യസമയത്ത് അതു വന്നു തോളേൽ കയറി. വരാനുള്ളതു മാർത്താണ്ഡം കായലിൽ മാത്രമല്ല, കോടതിയിലും തങ്ങില്ലെന്ന് ഇതോടെ മുതലാളിക്കു മനസിലായി. കോടതിയിൽനിന്നു പുറത്തുവന്നതു കുത്തിക്കയറുന്ന കോടമഞ്ഞ്! മാധ്യമക്കാറ്റിൽ അതും തലസ്ഥാനത്തേക്ക്. രാഷ്ട്രീയ പുകമഞ്ഞിൽ മുങ്ങിയ തലസ്ഥാനത്തേക്കു കോടതിയിൽനിന്നുള്ള കോടമഞ്ഞുകൂടി എത്തിയതോടെ പലരുടെയും കാഴ്ച തീരെ മങ്ങി. പുറത്തിറങ്ങിയാൽ കടുത്ത ശ്വാസംമുട്ടൽ വരാൻ ഇടയുണ്ടെന്നു ഡോ.കാനം മുന്നറിയിപ്പു നൽകിയതോടെ കുഞ്ഞേട്ടൻമാർ പേടിച്ചു തല വെളിയിൽ കാണിച്ചില്ല. ഇതിനിടെ, ഇവിടെ പുകയാണെങ്കിൽ അങ്ങു ഡൽഹിയിൽ പോയി ഓക്സിജൻ മേടിക്കാൻ അറിയാമെന്നു മുതലാളി പറഞ്ഞെങ്കിലും മെയിൻ പൈലറ്റ് കണ്ണുരുട്ടി. പുകമഞ്ഞിൽ ദൂരക്കാഴ്ച നഷ്ടമായി കുഞ്ഞേട്ടൻമാരുടെ വണ്ടി വല്യേട്ടന്റെ വണ്ടിയുമായി കൂട്ടിയിടിക്കുകയും ചെയ്തതോടെ കാര്യങ്ങൾക്കു തീരുമാനമായി. മുതലാളിയുടെ കാര്യം കട്ടപ്പുക! ബാക്കി ഇനി നീറിപ്പുകയും.
മിസ്ഡ് കോൾ
=ഒരു കിലോ റബറിനേക്കാൾ വില ഒരു കിലോ ഉള്ളിക്ക്.
- വാർത്ത
=കരയാൻ ഉള്ളി വേണമെന്നില്ല, റബർ മതി!