ഇന്ന് എന്തെങ്കിലുമൊക്കെ നടക്കുമെന്നു കരുതി പിണറായിയിലേക്കു കണ്ണുംനട്ടിരിക്കുകയായിരുന്നു. വന്പനൊരു അമിട്ട് പിണറായിയിലെ നാൽക്കവലയിൽ പൊട്ടുമെന്നും അതു കേട്ടു പ്രമുഖ പിണറായിക്കാർ പലരും ഞെട്ടിവിറയ്ക്കുമെന്നുമൊക്കെ നാട്ടുകാർ വല്ലാതെ സ്വപ്നംകണ്ടുപോയി. എന്നാൽ, കൂട്ടിയിട്ടു കത്തിക്കാൻ വച്ചിരുന്ന വന്പൻ അമിട്ടിനു മുകളിലേക്ക് ആരോ വെള്ളം കോരിയൊഴിച്ചു എന്നതുപോലെയാണ് ഡൽഹിയിൽനിന്ന് ആ വാർത്ത വണ്ടിയും പിടിച്ചു വന്നത്. പിണറായിയിലൂടെ ബിജെപിയാത്ര നയിക്കാൻ ബിജെപി അധ്യക്ഷൻ അമിത്ജി വരില്ലപോലും!
കുമ്മനടി പരിപാടികൾ ഇനി നടക്കില്ലെന്നും നാട്ടിലിറങ്ങി നടക്കണമെന്നും പറഞ്ഞു അമിത്ജി മീശ പിരിച്ചപ്പോഴാണ് എങ്കിൽ ഒന്നു നടന്നിട്ടു വരാമെന്നു കേരളത്തിലെ അനുയായികൾ തീരുമാനിച്ചത്. എന്തായാലും നടക്കാൻ ഇറങ്ങിയതല്ലേ, എന്തെങ്കിലും നടക്കുന്നിടത്തുകൂടി നടന്നേക്കാമെന്നു തീരുമാനിച്ചു. അമിത്ഷാ ജിയെ എന്തിനാണ് അമിത് ജി എന്നു വിളിക്കുന്നതെന്നു ചിലർക്കെങ്കിലും സംശയം തോന്നിയിട്ടുണ്ടാകും. ഇപ്പോത്തന്നെ സഖാക്കൾ പുള്ളിക്കാരനു പല വട്ടപ്പേരും ചാർത്തിക്കൊടുത്തിട്ടുണ്ട്. ഇനി ഷായും ജിയുമൊക്കെ ചേർത്തുവിളിച്ചാൽ തെറ്റിദ്ധരിച്ചാലോ, അതുകൊണ്ട് കേരളത്തിൽ അമിത്ജി മതി!
ഒറ്റയ്ക്കു നടന്നാൽ ഒരു രസോമില്ലെന്നും അമിത്ജി കൂടി വന്നാൽ എന്തെങ്കിലുമൊക്കെ മിണ്ടീം പറഞ്ഞും നടക്കാമെന്നും പറഞ്ഞപ്പോൾ നാട്ടുനടപ്പ് അങ്ങനെയാണെങ്കിൽ നടക്കട്ടെയെന്നു പുള്ളിക്കാരനും പറഞ്ഞു. അതിനിടെ, ചിലർക്കു സംശയം, എന്തിനാണ് അമിത്ജിയെപ്പോലെയുള്ള ദേശീയ നേതാക്കൾ പങ്കെടുക്കുന്ന പദയാത്ര പിണറായി പോലെ ആളും ആരവവും നഗരവുമൊന്നുമില്ലാത്ത നാട്ടിൻപുറത്തുകൂടി തിരിച്ചുവിടുന്നത്? ട്രാഫിക് ബ്ലോക്ക് ഉണ്ടാകാതിരിക്കാനാണെന്നു ഒരു കൂട്ടർ. അതല്ല, ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്നു ഗാന്ധിജി പറഞ്ഞിട്ടുണ്ടെന്നും അതു പിണറായിയിൽ ഉണ്ടെങ്കിൽ ഒന്നു കാണാനുമാണ് ഇതുവഴി പോകുന്നതെന്നും മറ്റൊരു കൂട്ടർ.
നടന്നാൽ മാത്രം പോരല്ലോ, നാലാൾ അറിയേണ്ടേ.. അതിനിപ്പം എന്താണ് വഴി? നാലാൾ അറിയുന്ന പിണറായിക്കാരനെ ഒന്നു ചൊറിഞ്ഞുനോക്കിയാലോ? അതെന്തായാലും ഏറ്റു. ചൊറിയേണ്ടി വന്നില്ല, അതിനുമുന്പേ അവിടെനിന്നു പതിവുപോലെ ചൊറിയുന്ന വർത്തമാനം കേട്ടു. ഇതോടെ നാട്ടിൻപുറം നന്മകളാൽ സമൃദ്ധമാകുമെന്ന് നാട്ടുകാർ ഉറപ്പിച്ചു. നെഞ്ചിടിപ്പ് ഏറിയതു പോലീസിനാണ്, ഏതു നേതാവു വന്നാലും കിടക്കപ്പൊറുതി ഇല്ലാത്തത് അവർക്കാണല്ലോ. അങ്ങു ഡൽഹിയിൽ മാത്രമല്ല, ഇങ്ങു പിണറായിയിലും തങ്ങൾക്കു പിടിയുണ്ടെന്നു തെളിയിക്കാൻ കിട്ടിയ അവസരമാണെന്നും അതുകൊണ്ട് ഈ നടപ്പ് ചന്തയ്ക്കു പോയതുപോലെ ആകരുതെന്നും ബിജെപിക്കാർ കാലേകൂട്ടി തീരുമാനിച്ചിരുന്നു. അതുകൊണ്ടാണ് വടക്കേ ഇന്ത്യയിൽനിന്നു പോലും നല്ലനടപ്പുകാരെ ഇറക്കാൻ തീരുമാനിച്ചത്. ഇതിനിടെ, യാത്രയിൽ ബംഗാളികളും നുഴഞ്ഞുകയറിയെന്നും അവരിൽ ചിലർ സഖാക്കൾക്ക് ജയ് വിളിച്ചെന്നുമൊക്കെ അസൂയക്കാർ പറഞ്ഞു പരത്തുന്നുമുണ്ട്.
അങ്ങനെ സംഗതി ഓളമായി വരുന്നതിനിടയിലാണ് അമിത്ജി പടിക്കൽക്കൊണ്ടു കലം ഉടച്ചത്. ബിസിയായതിനാൽ വരുന്നില്ലത്രേ. അമിത്ജി റാലിയുമായി വരുമെന്നു പറഞ്ഞു നേരത്തെതന്നെ സഖാക്കൾ കടയെല്ലാം അടച്ചു ഹർത്താൽ ആചരിച്ചതു വെറുതെയായി. അമിത്ജി കണ്ടോട്ടേയെന്നു കരുതി ഇംഗ്ലീഷിലും ഹിന്ദിയിലുമൊക്കെ ഫ്ളക്സ് അടിച്ചുവച്ചിരുന്നതും വേസ്റ്റ് ആയി. ഇനി അതെല്ലാംകൂടി പെറുക്കിക്കൂട്ടി വേണമെങ്കിൽ ഡൽഹിയിൽ ഏകെജി സെന്ററിനു മുന്നിൽ ഒരു ഫ്ളക്സ് പ്രദർശനം നടത്താം. അമിത്ജിയെ ക്ഷണിച്ചാൽ ഒരുപക്ഷേ കാണാൻ വന്നേക്കും!
മിസ്ഡ് കോൾ
= ഫുട്ബോൾ ലോകകപ്പ് മൂലം യുഡിഎഫ് ഹർത്താൽ മൂന്നുതവണ മാറ്റി നിശ്ചയിച്ചു.
- വാർത്ത
= ക്ഷമിക്കണം, ലോകകപ്പ് മാറ്റുമെന്നു കരുതിപ്പോയി!