ഹലോ ഹലോ... കാണികൾ ദയവായി ക്ഷമയോടെ ഇരിക്കുക... ആകാശത്തു വർണവിസ്മയം വിരിയാൻ ഏതാനും മിനിറ്റുകൾ മാത്രം. വെടിക്കെട്ടുരംഗത്തെ കിരീടം വയ്ക്കാത്ത രാജാവായ അമിട്ട് ഷാജി അണ്ണനും സംഘവും നയിക്കുന്ന കരിമരുന്നു കലാപ്രകടനം ഉടൻ ആരംഭിക്കുന്നു...
‘ഇയാൾ കുറെ നേരമായല്ലോ ഇപ്പോ പൊട്ടും ഇപ്പോ പൊട്ടും എന്നു തൊള്ളതുറക്കാൻ തുടങ്ങിയിട്ട്. ഭയങ്കര സംഭവമാണെന്നു പറഞ്ഞതുകൊണ്ടാ വണ്ടീംപിടിച്ചു ഗുജറാത്തുവരെ വെടിക്കെട്ടു കാണാൻ വന്നത്. എത്ര നേരമായി കുത്തിയിരിക്കുന്നു, അമിട്ട് പോയിട്ട് ഒരു ഓലപ്പടക്കം പോലും ഇതുവരെ പൊട്ടിയില്ലല്ലോടേയ്. ആകാശത്തേക്കു നോക്കിനോക്കി കണ്ണു കുഴഞ്ഞു.’
‘ആശാനെ ബഹളം വയ്ക്കാതെ, ഷാജിയണ്ണനും ടീമും അമിട്ടുകൾ തരംതിരിച്ചുകൊണ്ടിരിക്കുവാ.. ഉടനെ പൊട്ടിക്കും. ആശാൻ കണ്ടിട്ടുണ്ടോ ഷാജിയണ്ണന്റെയും ടീമിന്റെയും കരിമരുന്നുകലാപ്രകടനം?’
‘ഇല്ല, ഇതുവരെ നേരിട്ടു കണ്ടിട്ടില്ല, എങ്ങാണ്ടൊക്കെ പൊട്ടിച്ചതായി കേട്ടിട്ടുണ്ട്.’
എന്റെ ആശാനെ ഒന്നു കാണേണ്ടതു തന്നെയാ, ഗോവയിൽ, മണിപ്പൂരിൽ, യുപിയിൽ, ബിഹാറിൽ.. എന്നു വേണ്ട ഷാജിയണ്ണൻ എവിടൊക്കെ വെടിക്കെട്ടു നടത്തിയിട്ടുണ്ടോ അവിടൊക്കെ ഗംഭീരമായിരുന്നു. അണ്ണന്റെ ഒരു സ്പെഷൽ അമിട്ട് ഉണ്ട്, ആകാശത്തു നല്ല താമരപോലെ വിരിയും. കണ്ടു നിൽക്കുന്നവരുടെ കണ്ണു മഞ്ഞളിച്ചുപോകും.
‘എങ്കിൽ ചൈനീസ് വെടിക്കെട്ട് ആയിരിക്കും, അവരാ ഈ പൂവും കായും പൂമരവുമൊക്കെ ഉണ്ടാക്കാൻ മിടുക്കന്മാർ.’
‘ഏയ്, ആശാനു തെറ്റി. ഇതു ചൈനീസ് അല്ല, നല്ല കാശുമുടക്കുള്ള ഒറിജിനൽ വെടിക്കെട്ടു തന്നെയാ. അണ്ണൻ കൊളുത്തിയ തിരിയൊന്നും ഇന്നേവരെ പൊട്ടാതിരുന്നിട്ടില്ലല്ലോ.’
ഓഹോ, എന്നിട്ടും ഈ ഷാജിയണ്ണൻ ഇതുവരെ നമ്മുടെ കേരളത്തിൽ ഒരു വെടിക്കെട്ടു നടത്തിയതായി കേട്ടിട്ടില്ലല്ലോടാ...
‘എന്റെ ആശാനെ, കേരളത്തിൽ വെടിക്കെട്ടു നടത്താൻ ഷാജിയണ്ണൻ പലവട്ടം വന്നതാ. പക്ഷേ, ഇവിടെ നല്ല പണിക്കാരെ കിട്ടാനില്ലത്രേ. വന്നവരുടെയൊന്നും പണി അണ്ണന് ഇതുവരെ ബോധിച്ചിട്ടുമില്ല.
അമിട്ട് വയ്ക്കാൻ കുഴികുത്താൻ ഒരുത്തനോടു പറഞ്ഞാൽ അവൻ അവിടെ കുളംകുത്തി മെഡിക്കൽ കോളജ് പണിയും. കയറു കെട്ടാൻ പറഞ്ഞാൽ അടുത്തു നിൽക്കുന്നവന്റെ പോക്കറ്റിൽ കയറി പിരിക്കും... ഇങ്ങനെയുള്ളവന്മാരെ വച്ച് അമിട്ടു പോയിട്ട് ഒരു പൊട്ടാസു പോലും പൊട്ടിക്കാൻ പറ്റില്ലെന്നാ അണ്ണൻ പറയുന്നത്. പിന്നെ, ഇവിടുത്തെ കാഴ്ചക്കാർക്ക് അമിട്ടിനോടു അത്ര പ്രിയമില്ലത്രേ. അവർക്കു ചുവന്ന നിറത്തിൽ കത്തുന്ന ഓലപ്പടക്കത്തിന്റെ കൂട്ടപ്പൊരിച്ചിലാണ് കൂടുതൽ ഇഷ്ടം. എങ്കിലും കണിച്ചുകുളങ്ങരയിലും മറ്റും ഗോഡൗണ് പണിത് ഒരു ചെറിയ വെടിക്കെട്ടിനുള്ള കരിമരുന്നു അണ്ണൻ സ്റ്റോക്ക് ചെയ്തിരുന്നു. തണുത്തു പോയതു കാരണം ഇനി അതും കത്തുമോയെന്നു കണ്ടറിയണം...’
ഇതിനിടയിൽ വീണ്ടും അനൗണ്സ്മെന്റ്: ഹലോ..ഹലോ ഇതാ നിങ്ങൾ കാത്തിരുന്ന നിമിഷം. ഷാജിയണ്ണൻ അമിട്ടിനു തിരി കൊളുത്തുന്നു.
‘ആശാനെ എന്തോ കുഴപ്പമുണ്ടല്ലോ.. ആളുകൾ തലങ്ങും വിലങ്ങും പരക്കംപായുന്നുണ്ടല്ലോ.. ഞാനൊന്നു നോക്കിയിട്ടുവരാം..’
അല്പം കഴിഞ്ഞപ്പോൾ... ‘ആശാനെ ഓടിക്കോ... ഷാജിയണ്ണൻ തിരികൊളുത്തിയ താമരഅമിട്ട് താഴെവച്ചുതന്നെ ചീറ്റി. അതിന്റെ തീപ്പൊരി ചിതറി അണ്ണന്റെ പോക്കറ്റിൽ കിടന്ന അമിട്ടിനും തീപിടിച്ചു. ഇനി ഇപ്പോൾ എന്താ സംഭവിക്കുന്നതെന്ന് പറയാൻ പറ്റില്ല, രക്ഷപ്പെട്ടോ!’
മിസ്ഡ് കോൾ
= ആശുപത്രികളിൽ ചികിത്സാനിരക്ക് പ്രദർശിപ്പിക്കണമെന്നു നിയമം വരുന്നു.
- വാർത്ത
= വരുന്പോഴേ ഹാർട്ട് അറ്റാക്ക് ഫ്രീ!