കണ്ണു തുറന്നപ്പോൾ മുതൽ ആകെമാനം ഒരു കുളിരും തുമ്മലും... പനിവരാൻ പോവുകയാണോ? പനി സീസണ്2ൽ പങ്കെടുത്തു ഫൈനൽ റൗണ്ടിൽ എത്തിയതിനു ശേഷം രണ്ടാഴ്ച മുന്പാണു കട്ടിലിൽനിന്ന് ഒരുവിധം എഴുന്നേറ്റത്. ഏഴു ദിവസം ഫ്ളാറ്റായി ഒറ്റ കിടപ്പായിരുന്നു കിട്ടിയ സമ്മാനം. അടുത്തുള്ള പ്രൈമറി ഹെൽത്ത് സെന്ററിലെ ഡോക്ടറായിരുന്നു സീസണ്2വിലെ ജഡ്ജ്. ഇത്തിരികൂടി കഴിഞ്ഞിരുന്നെങ്കിൽ വിജയിയുടെ കപ്പുമായി മുകളിലേക്കു പോകാമായിരുന്നുവെന്നായിരുന്നു ജഡ്ജ് അവസാനം പറഞ്ഞ കമന്റ്. ഇപ്പോഴത്തെ കുളിരും തുമ്മലും സീസണ്3യുടെ ഓഡിഷനുള്ള വിളിയാണോയെന്നൊരു സംശയം.
ഒരു ചുക്കുകാപ്പി കിട്ടിയിരുന്നെങ്കിൽ ഇടക്കാലാശ്വാസമായിരുന്നേനെ എന്നു തോന്നിയപ്പോൾ സുന്ദരൻ ചെവിവട്ടംപിടിച്ചു. അടുക്കളയിൽ പാത്രങ്ങളുടെ തട്ടുംമുട്ടും കേൾക്കുന്നുണ്ടോ? ഇല്ല. അവൾ മിക്കവാറും തൊഴുത്തിൽ ഗോമാതാവുമായി ഗുസ്തി തുടങ്ങിക്കാണും. തൊഴുത്തിലെ ദംഗൽ കഴിയണമെങ്കിൽ ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും എടുക്കും.
പ്ലസ്ടുവിനു പഠിക്കുന്ന മകളൊരെണ്ണം ഉണ്ടായിരുന്നല്ലോ... സുന്ദരൻ അടുത്ത മുറിയിലേക്കു തലനീട്ടി. മകൾ രാവിലെ തനിയെ ഇരുന്നു ചിരിക്കുന്നു... ഇന്നലെ ജലദോഷവുമായി കിടന്ന പെണ്ണാണ്, ഇനി പനി കൂടിയതെങ്ങാനും ആവുമോ? ആധിയോടെയാണ് അകത്തേക്കു ചെന്നത്.. നോക്കിയപ്പോൾ പെണ്ണിനു മൊബൈൽ പനിയാണ്! പിതാജി അടുത്തേക്കു വന്നതുപോലും അറിയാതെ പുള്ളിക്കാരി ഫേസ്ബുക്കിലേക്കു ഫേസ് കൊടുത്തു തോണ്ടുകയും മാന്തുകയും ചെയ്യുന്നു. പഠിക്കാൻ എടുത്തുവച്ച ബുക്ക് ലൈക്ക് കിട്ടാതെ മേശപ്പുറത്തു കിടപ്പുണ്ട്. ഇത്തിരി കട്ടിക്കു നാലു കമന്റും പറഞ്ഞു കരണത്തു രണ്ടെണ്ണം ഷെയർ ചെയ്താലോ എന്നു തോന്നിയതാ. പക്ഷേ, ബാലാവകാശ കമ്മീഷനെ ഓർത്തപ്പോൾ സദയം ക്ഷമിച്ചു, പിന്നെ സ്നേഹത്തിന്റെ ചെറിയൊരു പോസ്റ്റിട്ടു: മോളേ രാവിലെ പഠിക്കാൻ ഒന്നുമില്ലേ...
ചോദ്യം കേൾക്കുന്നപാടെ മകൾ പരിഭ്രമിക്കുമെന്നും ഞെട്ടിയെഴുന്നേൽക്കുമെന്നും വെറുതെ മോഹിച്ചുപോയി. അവൾ ഫേസ്ബുക്കിൽനിന്നു മുഖംതിരിച്ചു പിതാജിയുടെ ഫേസിലേക്കു നോക്കി. എന്നിട്ടു കൂളായി പറഞ്ഞു: “അത് അച്ഛാ, പ്രോജക്ടിനുള്ള ചില കാര്യങ്ങൾ ഇന്റർനെറ്റിൽനിന്ന് എടുക്കാനുണ്ടായിരുന്നു.”
പിതാജി കാപ്പിവേണമെന്നു പറയുമെന്നു മുൻകൂട്ടി കണ്ടാവണം അവളുടെ അടുത്ത ഡയലോഗും പിന്നാലെയെത്തി: “കാപ്പിക്കുള്ള വെള്ളം അമ്മ അടുപ്പത്തുവച്ചിട്ടുണ്ട്. അച്ഛൻ എഴുന്നേറ്റാൽ പൊടിയിട്ട് എടുത്തോളാൻ പറഞ്ഞിരുന്നു.” ഇതും പറഞ്ഞ് അവൾ വീണ്ടും പ്രോജക്ട് വർക്കിലേക്കു തിരിഞ്ഞു.
ഈ പ്രോജക്ടിൽ ഇനി പ്രതീക്ഷയർപ്പിച്ചിട്ടു കാര്യമില്ലെന്നു തോന്നിയതുകൊണ്ടാവണം സുന്ദരൻ അടുക്കളയിലേക്കു നടന്നു. അടുക്കളമുറ്റത്തെ പപ്പായമരം നാട്ടുകാരുടെ ആക്രമണത്തിൽ ഏതാണ്ടു കാലിയായിക്കഴിഞ്ഞു. പനിക്കാരുടെ ബ്ലഡ്കൗണ്ട് കൂട്ടാൻ പപ്പായോ ഇലയോ തണ്ടോ മറ്റോ അകത്താക്കിയാൽ മതിയത്രേ. തന്റെ കൗണ്ട് കുറഞ്ഞുപോയാൽ ഇനി എവിടെപ്പോയി പപ്പായ ഒപ്പിക്കും? പപ്പായമരത്തെ നോക്കി അന്തംവിട്ടുനിൽക്കുന്ന സുന്ദരനെ കണ്ടുകൊണ്ടാണു ഭാര്യ കയറി വന്നത്. ഇതിയാനിത് എന്തു പറ്റിയെന്നു അവൾ ചോദിക്കുന്നതിനു മുന്പേ സുന്ദരൻ പറഞ്ഞു: “എടീ എനിക്കു വീണ്ടും പനിവരാൻ പോവുകയാണെന്നു തോന്നുന്നു. നല്ല കുളിര്. പകർച്ചപ്പനി ആയിരിക്കും.”
ഭർത്താവിനെ അടിമുടിയൊന്നു നോക്കിയ ഭാര്യ ഇത്തിരി കടുപ്പത്തിലാണ് പറഞ്ഞത്: “ ദേ മനുഷ്യാ, ഒരു കാര്യം പറഞ്ഞേക്കാം, മറ്റുള്ളവരുടെ മുന്നിൽ എന്നെ നാണം കെടുത്തരുത്. ആരെങ്കിലും ചോദിച്ചാൽ പകർച്ചപ്പനിയെന്നും തക്കാളിപ്പനിയെന്നുമൊന്നും പറഞ്ഞേക്കരുത്. തെക്കേലെ ശോശാമ്മേടെ കെട്ടിയോനു കഴിഞ്ഞയാഴ്ച ഡെങ്കിപ്പനിയാ വന്നത്. അതുകൊണ്ട് നിങ്ങളോട് ആരെങ്കിലും ചോദിച്ചാൽ എച്ച്1എൻ1 ആണെന്നു പറഞ്ഞാൽ മതി, കേട്ടാലൊരു ഗമയൊക്കെ വേണ്ടേ!”
മിസ്ഡ് കോൾ
ആഡംബര വിവാഹം: ഗീതാഗോപി എംഎൽഎയെ സിപിഐ താക്കീത് ചെയ്തു.
- വാർത്ത
മേലിൽ കല്യാണത്തിന്റെ ഫോട്ടോയെടുത്തുപോകരുത്!