തൊഴുത്തിൽനിന്ന് ഒരു നിലവിളിശബ്ദം കേട്ടുകൊണ്ടാണ് വീട്ടുകാരി തിരിഞ്ഞുനോക്കിയത്. അകത്തേക്കു കയറിപ്പോയ കറവക്കാരൻ ഫുട്ബോൾ പോലെ തെറിച്ചു പുറത്തേക്കു വരുന്നു. കൈയിലുണ്ടായിരുന്ന പാൽപാത്രം പറക്കും തളികപോലെ വന്നു ചാണകക്കുഴിക്കു സമീപം ലാൻഡ് ചെയ്തു.
തെറിച്ചുവീണ കറവക്കാരൻ തട്ടിക്കുടഞ്ഞ് എഴുന്നേൽക്കുന്നതിനിടയിൽ വീട്ടുകാരിയുടെ ആത്മഗതം: ഇവറ്റകൾക്ക് ഈയിടെയായി ഇത്തിരി കൂടുന്നുണ്ട്..!
ദേഹത്ത് എവിടെയെങ്കിലും പെയിന്റ് പോയോ എന്നു പരിശോധിക്കുന്നതിനിടയിൽ കറവക്കാരൻ പറഞ്ഞു:
കറന്പിപ്പശുവാ ചേച്ചി ഇന്നും പണിപറ്റിച്ചത്. കേന്ദ്രസർക്കാരിന്റെ ഉത്തരവും രാജസ്ഥാൻ ജഡ്ജിയുടെ വിധിയുമൊക്കെ ഇവറ്റകളും അറിഞ്ഞിട്ടുണ്ടാകും. കന്നുകാലിക്കു പാട്ടുകേൾക്കാനെന്നും പറഞ്ഞ് ആ റേഡിയോ തൊഴുത്തിൽ കൊണ്ടുവച്ചപ്പോഴേ ഞാൻ കരുതിയതാ ഇതു കുഴപ്പമായി മാറുമെന്ന്.
ആ കറന്പിപ്പശുവിനൊന്നും ഇപ്പോൾ നമ്മളോട് ഒരു ബഹുമാനവുമില്ല ചേച്ചി..! പത്താം ക്ലാസും ഗുസ്തിയുമായി നടക്കുന്ന താനാണോടോ ഒരു ദേശീയ മൃഗത്തെ കറക്കാൻ വന്നിരിക്കുന്നതെന്ന ഭാവത്തിലാണ് അവളുടെ നോട്ടം! ഒരു ദേശീയമൃഗത്തെയൊക്കെ കറക്കാൻ വരുന്പോൾ അറ്റ്ലീസ്റ്റ് ഒരു എൻജിനിയറിംഗ് ബിരുദമെങ്കിലും വേണ്ടേയെന്നായിരിക്കും കറന്പിയുടെ ചിന്ത.
സുരേഷേ, ഇനി ഇവൾ പാത്രം തട്ടിമറിച്ചാൽ നല്ല വീക്കുവച്ചുകൊടുത്തോ... കുറെ ദിവസമായി ഇതുതന്നെയാ പരിപാടി വീട്ടുകാരിക്കു രോഷം.
സെൻട്രൽ ജയിലിൽ പോയി പശുവിനെ കറക്കാൻ തീരെ താത്പര്യമില്ല ചേച്ചീ. ഇതാകുന്പോൾ മൂന്നു പശുവിന്റെ തൊഴിമേടിച്ചാൽ മതിയല്ലോ, അവിടെ പത്തോ അന്പതോ ഒക്കെ കാണും. എനിക്കേ ചോദിക്കാനും പറയാനും ആളില്ലാതുള്ളൂ, കന്നുകാലിക്കൊരു പ്രശ്നം വന്നാൽ ചോദിക്കാനും പറയാനും ആളു ക്യൂനിൽക്കുന്ന കാലമാ! സുരേഷ് പരിതപിച്ചു.
പുള്ളിപ്പശുവിനെ ഇപ്രാവശ്യം കുത്തിവയ്പിച്ചിട്ടും ചെന പിടിച്ചില്ലല്ലോടാ. അതിനെ ആ ഇറച്ചിവെട്ടുകാരനു വിറ്റാലോയെന്ന് ആലോചിക്കുവാ... വീട്ടുകാരി പറഞ്ഞു.
അയ്യോ ചേച്ചീ, വെറുതെ രാജ്യദ്രോഹക്കുറ്റത്തിന് അകത്തുപോകരുത്.. കന്നുകാലിയെ ഇനി കശാപ്പുകാരനൊന്നും കൊടുക്കാൻ പറ്റില്ല. അതൊക്കെ വലിയ കേസാ.
ഓഹോ അങ്ങനെയാണോ... എങ്കിൽ ഒരു കാര്യം ചെയ്യ്... ഇത്രയും കാലം നീ ഇവിടുത്തെ പശുവിനെ നോക്കിയതല്ലേ... പുള്ളിപ്പശുവിനെ നീയെടുത്തോ.. ഒന്നും തരേണ്ടാ..!’
ഒന്നും തരേണ്ടെന്നോ? എന്തെങ്കിലും തരാമെന്നുകൂടി പറഞ്ഞാലും അതു നമുക്കുവേണ്ട ചേച്ചീ.. എന്തിനാണ് തൊഴുത്തിലിരിക്കുന്ന പശുവിനെ എടുത്തു തോളേൽ വച്ചതുപോലെയാകും.’
വിഷണ്ണയായി നിൽക്കുന്ന വീട്ടുകാരിയോടു കറവക്കാരൻ പറഞ്ഞു: ചേച്ചീ, വിഷമിക്കേണ്ടാ, രാജസ്ഥാനിലോ മറ്റോ ഒരു ജഡ്ജി കണ്ണീരുകൊണ്ടു ഗർഭം ധരിക്കുന്ന ഒരു ടെക്നോളജി കണ്ടെത്തിയത്രേ. പെണ്മയിലുകൾ ആണ്മയിലുകളുടെ കണ്ണീരുകുടിച്ചാണു മുട്ടയിടുന്നതെന്നാണ് പുള്ളിക്കാരൻ കണ്ടുപിടിച്ചിരിക്കുന്നത്. ദേശീയപക്ഷിയായ മയിലിന് ഇങ്ങനെ മുട്ടയിടാമെങ്കിൽ ദേശീയ മൃഗമാകാൻ പോകുന്ന പശുവിനും അതിന്റെ കസിനായ എരുമയ്ക്കുമൊക്കെ അതായിക്കൂടെന്നില്ല! വൈകാതെ സർക്കാർ നമ്മുടെ തൊഴുത്ത് എസി ആക്കിത്തരും.. ചാണകക്കുഴി ഗ്രാനൈറ്റും മാർബിളുമിട്ടു മോടിയാക്കും. മൂക്കുകയർ ഇനി വേണ്ട, നിർബന്ധമാണെങ്കിൽ ഒരു സ്വർണമൂക്കുത്തി ആകാം. കാടികൊടുത്ത് അപമാനിക്കരുത്, ജ്യൂസോ മറ്റു പാനീയങ്ങളോ മതിയാകും. അങ്ങനെ, ബഹുമാനപ്പെട്ട നാൽകാലി അകത്ത്, വെറും ഇരുകാലിയായ മനുഷ്യൻ പുറത്ത്!
മിസ്ഡ് കോൾ
പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നു രാജസ്ഥാൻ ഹൈക്കോടതി ജഡ്ജി.
വാർത്ത
കടുവയെ കാബിനറ്റ് റാങ്ക് നൽകി ഒതുക്കാം!