രാവിലത്തെ ഓട്ടം കഴിഞ്ഞു വീട്ടിലേക്കു കയറിയേക്കാമെന്നു കരുതിയപ്പോഴാണ് ഗേറ്റിനു മുന്നിൽ മുൻപരിചയം തീരെയില്ലാത്ത ഒരു ഡോഗ് വാലാട്ടി നിൽക്കുന്നു. വാലാട്ടുന്നുണ്ടെങ്കിലും അതു പോക്കറ്റടിക്കാരന്റെ ചിരിപോലെ കരുതിയാൽ മതിയെന്ന് എസ്ഐക്കു തോന്നി. അദ്ദേഹം ഒന്നുനിന്നു, മട്ടും ഭാവവും കണ്ടിട്ടു തെരുവു ഡോഗ് ആണെന്നു തോന്നുന്നു. സ്ഥലം എസ്ഐയെ പരിചയമുണ്ടാവാൻ തീരെ സാധ്യതയില്ല. ആകെയൊരു കണ്ഫ്യൂഷൻ, മുന്നോട്ടുപോണോ? പെട്ടെന്നാണ് അടുത്ത വീട്ടിലെ ഡോഗ് സ്ക്വാഡിൽപ്പെട്ട പെണ്പട്ടി വഴിയിലേക്ക് ഓടിയിറങ്ങിവന്നത്. അയൽക്കാരിയെ കണ്ടതും എസ്ഐയെ വിട്ടിട്ടു കഥാനായകനായ ഡോഗ് അതിന്റെ പിന്നാലെ പാഞ്ഞു. ഇനി ഈ കേസും തന്റെ സ്റ്റേഷനിൽ വരുമോയെന്ന മട്ടിൽ പട്ടിപോയ വഴിയേ ഒന്നു നോക്കിയിട്ട് എസ്ഐ അകത്തേക്കു പാഞ്ഞു.
മിന്നൽ കുളി, യൂണിഫോം ഇടാൻ നോക്കിയപ്പോൾ തൊപ്പി കാണുന്നില്ല. ഭാര്യയെ വിളിച്ചു, അടുക്കളയിലായിരുന്ന അവൾ പുറത്തേക്കു തലനീട്ടി. ‘എന്റെ തൊപ്പിയെവിടെ? സമയം പോയി...’
‘ആ പിള്ളേരെങ്ങാനും എടുത്തുകാണും..’ വീട്ടിലെ എസ്പിയായ ഭാര്യക്കു കുലുക്കമില്ല. പിള്ളേരെടുക്കാനോ? ഈശ്വരാ എങ്കിൽ അതിപ്പോൾ സേന കയറിയ മറൈൻഡ്രൈവ് പോലെയായിക്കാണും. അടുത്ത മുറിയിൽ ഒരു ബഹളം, എസ്ഐ അവിടേക്കു പാഞ്ഞു. പൗരൻമാർ രണ്ടുപേരും മുറിയിൽ ലാത്തിച്ചാർജ് നടത്തിക്കൊണ്ടിരിക്കുകയാണ്. കസേര ഉൾപ്പെടെ പലതും മറിഞ്ഞുകഴിഞ്ഞു. അവൾ വന്നു കണ്ണീർവാതകം പ്രയോഗിക്കാതെ ഇനി ഇവൻമാർ അടങ്ങുമെന്നു തോന്നുന്നില്ല.
എസ്ഐ കർശനക്കാരനായി: തൊപ്പി എടുത്താണോടാ കളി.. എവിടെടാ എന്റെ തൊപ്പി?
പിതാജി ആകാശത്തേക്കു വെടിപൊട്ടിച്ചതു കേട്ടു മക്കൾ ഒരു നിമിഷം എഴുന്നേറ്റുനിന്നു മൗനമാചരിച്ചു.
മക്കളിലൊരുവൻ മുറിയുടെ മൂലയ്ക്കിരുന്ന കുരങ്ങു പ്രതിമയിലേക്കു കൈചൂണ്ടി. ഭാഗ്യം, കുരങ്ങിന്റെ തലയിൽ ഇരിപ്പുണ്ട് തൊപ്പി. മുറിയിൽ കഴുതയുടെ പ്രതിമയില്ലാത്തതു നന്നായെന്ന് എസ്ഐക്കു തോന്നി. അദ്ദേഹം ഒൗദ്യോഗിക ബഹുമതികളോടെ പുറത്തേക്ക് ഇറങ്ങി ജീപ്പിലേക്കു കയറാൻ തുടങ്ങുന്പോഴാണു പത്രം പറക്കുംതളിക പോലെ പറന്നെത്തിയത്. സ്റ്റേഷനിൽ ചെന്നു വായിക്കാമെന്നു കരുതി ജീപ്പ് മുന്നോട്ട്.
സ്റ്റേഷനിലേക്കു കയറിയതും എസ്ഐ ആദ്യം ചോദിച്ചതു പത്രമാണ്. പോലീസുകാരൻ പത്രവുമായി ഓടിച്ചെന്നു. മേശപ്പുറത്തേക്കു നിവർത്തിയിട്ട പത്രത്തിൽ തെരച്ചിലോടു തെരച്ചിൽ. വന്നിട്ട് ഒന്നര വർഷമായെങ്കിലും ഇത്രയും ആക്രാന്തത്തോടെ എസ്ഐ പത്രം വായിക്കുന്നത് ഇതുവരെ കണ്ടിട്ടില്ല. ഇനി സ്വന്തം പടം കാണാനാണേൽ ഇന്നലെ കേസൊന്നും പിടിച്ചില്ലല്ലോ പോലീസുകാരന് ആകാംക്ഷ.
‘എന്താണ് സാർ പ്രശ്നം..’
‘എവിടെയാടോ ഇതിൽ പീഡനമുള്ളത്?.. എസ്ഐ അക്ഷമനായി.
‘അയ്യോ സാറേ, ഇതു ലോക്കൽ പേജല്ലേ.. പീഡനത്തിനൊക്കെ ഇപ്പോൾ പത്രത്തിൽ പ്രത്യേക പേജല്ലേ... മറിച്ചോ മറിച്ചോ...’
പോലീസുകാരൻ പീഡനപേജ് എടുത്തുകൊടുത്തു. വായിച്ചുതീർന്നതും എസ്ഐ ആശ്വാസത്തോടെ നെഞ്ചിൽ കൈവച്ചു: ഭാഗ്യം, നമ്മുടെ സ്റ്റേഷൻ പരിധിയിൽ ഇന്ന് ഒന്നുമില്ല.
എസ്ഐ പറഞ്ഞതിന്റെ പൊരുളറിയാതെ പോലീസുകാരൻ കണ്ണുമിഴിച്ചു. .’എടോ, പീഡനം നടന്നെന്ന് ആരെങ്കിലും എവിടെങ്കിലും പറഞ്ഞാൽ മതി. പീഡിപ്പിച്ചവനേക്കാൾ ആദ്യം ശിക്ഷ സ്ഥലം എസ്ഐക്കാ, സസ്പെൻഷൻ! സമരക്കാർക്കു കുനിച്ചുനിർത്തി ഇടിക്കാൻ എസ്ഐ വേണം, എംഎൽഎയ്ക്കും പാർട്ടി സെക്രട്ടറിമാർക്കും കണ്ണുപൊട്ടുന്ന ചീത്തവിളിക്കാൻ എസ്ഐ വേണം, ചുംബന സമരക്കാർക്കു കുടപിടിച്ചു കൊടുക്കാൻ എസ്ഐ വേണം, മന്ത്രിമാരുടെ പിറകെ ഓടാൻ എസ്ഐ വേണം... ഇതെല്ലാം കഴിഞ്ഞു പ്രതിപക്ഷത്തിന്റെ വായടപ്പിക്കാനും സസ്പെൻഷൻ എസ്ഐക്ക്! സസ്പെൻഷനുകൾ ഏറ്റുവാങ്ങാൻ എസ്ഐയുടെ ജീവിതം പിന്നെയും ബാക്കി!
മിസ്ഡ് കോൾ
പോലീസ് സ്റ്റേഷനിൽ ഇനി ഇടിമുറിയില്ല, ചോദ്യംചെയ്യാൻ ഇ-മുറി
- വാർത്ത
അതായത് വെട്ടൊന്ന് മുറി രണ്ട്..!