ഇന്ന് അന്തരീക്ഷം പൊതുവേ മേഘാവൃതമായിരിക്കും.. ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ട്... റേഡിയോയിലെ കാലാവസ്ഥാ പ്രവചനം കേട്ടതും ലോക്കൽ സെക്രട്ടറിയുടെ മുഖത്തു ചെറിയൊരു എൽഇഡി ബൾബ് കത്തി. ഉടനെ ഫോണ് എടുത്തു ബ്രാഞ്ച് സെക്രട്ടറിക്കു കുത്തി. "സഖാവേ, അവിടെ മഴയുണ്ടോ? ലോക്കൽ സെക്രട്ടറിയുടെ ചോദ്യം കേട്ടതും ബ്രാഞ്ച് സെക്രട്ടറിക്ക് അദ്ഭുതം. പലപ്പോഴും വിളിച്ച് ഇടിയുണ്ടോ അടിയുണ്ടോയെന്നൊക്കെ ചോദിച്ചിട്ടുണ്ട്, ആദ്യമായിട്ടാ മഴയുണ്ടോയെന്നു ചോദിക്കുന്നത്. ബ്രാഞ്ച് സെക്രട്ടറി ഫോണുമായി വീടിനു പുറത്തേക്ക് ഇറങ്ങി. ആകാശത്തേക്കു നോക്കി. ഏതാനും വെള്ളിമേഘങ്ങൾ മോർണിംഗ് വാക്കിന് ഇറങ്ങിയതല്ലാതെ പ്രത്യേകിച്ചൊന്നും കാണാനില്ല.
"സഖാവേ, ഇവിടെ മഴപോയിട്ടു മഴക്കാറു പോലുമില്ല. എന്താ സഖാവേ ഇപ്പോൾ ഇങ്ങനെ ചോദിക്കാൻ..’
"അല്ല, റേഡിയോയിൽ കാലാവസ്ഥ പറയുന്നതു കേട്ടു, മേഘാവൃതമായിരിക്കുമെന്നും ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ടെന്നും അതാ ചോദിച്ചത്.’
"അതൊരുപക്ഷേ, എന്റെ ഭാര്യയുടെ കാര്യമാകും. രാവിലെ മുതൽ അവളുടെ മുഖം മേഘാവൃതമാണ്. ഇനി ഏതു നിമിഷവും ഇടിയോടുകൂടിയ മഴയ്ക്കു സാധ്യതയുണ്ട്. അകത്തേക്കു ചരിഞ്ഞുനോക്കിക്കൊണ്ടു ബ്രാഞ്ച് സെക്രട്ടറി പറഞ്ഞു. "അതിരിക്കട്ടെ, സഖാവ് രാവിലെ എന്തിനാ ഇടിയും മഴയും തപ്പി ഇറങ്ങിയിരിക്കുന്നത്?
"അപ്പോൾ, സഖാവ് ഇനിയും ഇക്കാര്യങ്ങളൊന്നും അറിഞ്ഞിട്ടില്ലേ, ദേ, സഖാവിന് ഈയിടെയായി വായനയും വാർത്ത കേൾക്കലുമൊക്കെ തീരെ കുറവാണെന്നു തോന്നുന്നു. ഒരു രാഷ്ട്രീയക്കാരൻ ഇങ്ങനെ ആയാൽ പോരാ’
"പിന്നേ, സഖാവിന് അതു പറയാം, പ്രായപൂർത്തിയാകാത്ത പിള്ളേരു രണ്ടെണ്ണം വീട്ടിലുള്ളതാ, എന്തു ധൈര്യത്തിലാ ടിവിവാർത്ത വയ്ക്കുന്നത്. പണ്ട് പിള്ളേരുടെ കൂടെയിരുന്നു സിനിമ കാണാനായിരുന്നു പേടി, ഇപ്പോൾ വാ ർത്ത കാണാനാ അതിലേറെ പേടി. അതിരിക്കെട്ടെ, എന്താ സഖാവേ വിശേഷിച്ചുള്ള വാർത്ത?’
"എടോ നമ്മുടെ മുഖ്യമന്ത്രി പറഞ്ഞതൊന്നും താൻ അറിഞ്ഞില്ലേ, നമ്മുടെ സർക്കാർ കേരളത്തിൽ കൃത്രിമമഴ പെയ്യിക്കാൻ പോകുന്നു.’
"കൃത്രിമമഴയോ അതെന്തു പരിപാടിയാണു സഖാവേ?’ "അതൊരു സംഭവംതന്നെയാണ്. വെറുതെ ആകാശത്തു ചുറ്റുന്ന മേഘങ്ങളെ രാസവസ്തു ഉപയോഗിച്ചു മഴ പെയ്യിക്കാൻ നിർബന്ധിതമാക്കുന്ന ടെക്നോളജിയാണിത്. "സഖാവേ അങ്ങോട്ടു പിടികിട്ടിയില്ല, മേഘങ്ങളെ നിർബന്ധിച്ചു പെയ്യിക്കുക എന്നൊക്കെ പറഞ്ഞാൽ- ബ്രാഞ്ചിനു സംശയം മാറുന്നില്ല.
ഇതോടെ ലോക്കൽ പറഞ്ഞു: അതായത്, പോലീസ് നമ്മുടെ പാർട്ടിക്കാരനല്ലാത്ത ഒരുത്തനെ പിടിച്ചെന്നു കരുതുക. അവൻ ഒന്നും സമ്മതിക്കുന്നില്ല. പോലീസ് അപ്പോൾ രണ്ടു രാസായുധമങ്ങു പ്രയോഗിക്കും. അതോടെ അവൻ പലതും ഒഴിക്കാൻ നിർബന്ധിതനാകും. ഇതു മേഘങ്ങൾ ചെയ്യുന്പോൾ നമ്മൾ അതിനെ കൃത്രിമമഴ എന്നു വിളിക്കും. നീ അത്രയും മനസിലാക്കിയാൽ മതി.
"എന്തെങ്കിലുമാകട്ടെ, മഴയുടെ കാര്യമാണെങ്കിലും എനിക്കു ചില കാര്യങ്ങൾ പറയാനുണ്ട്. മഴ പെയ്യിക്കാൻ ബംഗാളിൽനിന്നുള്ള മേഘങ്ങളെ മുഴുവൻ തൂത്തുപെറുക്കി കൊണ്ടുപോരണം. ആ മമതച്ചേടത്തിയെ ഒരു പാഠം പഠിപ്പിക്കണം. പിന്നെ കേരളത്തിൽ പെയ്യുന്പോൾ നമ്മുടെ എംഎൽഎമാരുടെ മണ്ഡലത്തിനു മുകളിൽ കുറെ നേരം നിന്നു പെയ്യാൻ ഏർപ്പാടുണ്ടാക്കണം. കണ്ണൂർ ജില്ലയിൽ ഇത്തിരി കൂടുതൽ പെയ്തോട്ടെ. ഇതൊന്നും നടന്നില്ലെങ്കിലും പാർട്ടിയോടു പറഞ്ഞ് ഒരു കാര്യം സഖാവ് ചെയ്യിക്കണം. നമുക്ക് ഈ സാധാരണ മഴയൊന്നും വേണ്ട, ചുവന്ന മഴ മാത്രം പെയ്യിച്ചാൽ മതി. ഈ മഴ നമ്മുടെ സ്വന്തം സർക്കാരു പെയ്യിക്കുന്നതാണെന്നു നാട്ടുകാർ ഒന്നറിയട്ടെ!
മിസ്ഡ് കോൾ
എറണാകുളത്തു ശിവസേന യുവതീയുവാക്കളെ ചൂരലുകൊണ്ട് അടിച്ചോടിച്ചു.
വാർത്ത
ചൂരലിനെതിരേ കേസുണ്ട്!