പത്രത്തിൽ തല പൂഴ്ത്തി പൾസറിന്റെ ഇന്നത്തെ പൾസ് പരിശോധിക്കുന്നതിനിടയിലാണ് എന്തോ ഒന്നു മുഖത്തിനു നേർക്കു നീണ്ടുവന്നത്. ശശിയണ്ണൻ മുഖം ഉയർത്തി. വീട്ടിലെ പ്രായം ചെന്ന ബിഗ്ഷോപ്പറാണ് കണ്മുന്നിൽ തൂങ്ങിയാടുന്നത്. ബിഗ്ഷോപ്പറിന്റെ അങ്ങേയറ്റത്ത് അടുപ്പത്തുവച്ച ദോശക്കല്ലു പോലെ ഭാര്യയുടെ മുഖം കണ്ടപ്പോൾ അടിയന്തര പ്രമേയം അവതരിപ്പിക്കാതെതന്നെ അണ്ണനു കാര്യം മനസിലായി, വീട്ടിലെ അരി തീർന്നിരിക്കുന്നു. ഇക്കാര്യത്തെച്ചൊല്ലി തൊഴുത്തിലെ പശു ഉൾപ്പെടെ കരച്ചിൽസമരം തുടങ്ങിയിട്ടു രണ്ടു ദിവസമായെങ്കിലും ശശിയണ്ണൻ സർക്കാർ ഫയൽ പോലെ അനക്കമില്ലാതെ ഇരിപ്പാണ്. ഇതോടെയാണ് വീട്ടിലെ വിജിലൻസ് ആയ ഭാര്യ ബിഗ്ഷോപ്പറുമായി രംഗത്തിറങ്ങിയത്.
ഇനിയും കൂട്ടിലടച്ച തത്തയെപ്പോലെയിരുന്നാൽ കൂടു തുറന്നുവിട്ട സിംഹമായി ഭാര്യ മാറുമെന്നു തോന്നിയതിനാൽ ശശിയണ്ണൻ ബിഗ്ഷോപ്പറുമായി പുറത്തേക്കു നടന്നു. ജംഗ്ഷനിലേക്കു നടക്കുന്പോൾ കണ്ടു, ബാറു നഷ്ടപ്പെട്ട സ്റ്റാർ ഹോട്ടൽപോലെ നാട്ടിലെ റേഷൻകട; ആളുമില്ല, അനക്കവുമില്ല! ചോദിക്കാഞ്ഞിട്ടു കിട്ടിയില്ലെന്നു വേണ്ടാ, ശശിയണ്ണൻ നേരേ റേഷൻകടയിലേക്കു കയറി. റേഷൻകടക്കാരൻ പാർലമെന്റിലെ എംപിയെപ്പോലെ ചാരിയിരുന്നു നല്ല ഉറക്കം! എംപിമാരുടെ ഉറക്കത്തിന്റെ അത്രയും പത്രാസ് ഇല്ലെങ്കിലും ത്രാസിൽ തലവച്ചാണ് മയക്കം.
ശശിയണ്ണൻ സ്പീക്കറെപ്പോലെ മേശപ്പുറത്ത് രണ്ടടി. നമ്മുടെ എംപി ചാടിയെണീറ്റു ശശിയണ്ണനെ മിഴിച്ചുനോക്കി. ആരും വന്നു ശല്യപ്പെടുത്തില്ലെന്നു കരുതിയാ റേഷൻകടയിൽ കിടന്നുറങ്ങുന്നത്, ഇവിടെയും സമാധാനം തരില്ലേ? എന്നൊരു ചോദ്യം ആ മുഖത്തുണ്ടോയെന്ന് അണ്ണനു സംശയം തോന്നി. ചേട്ടാ, അരിയുണ്ടോ ? - ബഹുമാനപുരസരം ശശിയണ്ണൻ ചോദിച്ചു. എന്നാൽ, മട്ടയരിക്കു പകരം പൊട്ടിത്തെറിയാണുണ്ടായത്. താൻ രാവിലെ ആളെ കളിയാക്കാനിറങ്ങിയിരിക്കുവാണോ? - കാലിച്ചാക്കിന്റെ ഗോഡൗണ് പോലെ കിടക്കുന്ന കടയ്ക്കകത്തേക്കു വിരൽ ചൂണ്ടിയിട്ടു റേഷൻകടക്കാരന്റെ മറുചോദ്യം. ഇതു കേട്ടതും വിടർത്തിയ ബിഗ്ഷോപ്പർ വേഗത്തിൽ മടക്കി അണ്ണൻ തിരികെ നടന്നു, ശവത്തിൽ കുത്തേണ്ടിയിരുന്നില്ലെന്നു പുള്ളിക്കാരനു തോന്നി.
പിന്നെ നേരേ ചെന്നതു നാട്ടിലെ പ്രമുഖ അരിക്കടയിലേക്ക്. ചേട്ടാ ജയ വന്നിട്ടുണ്ടോ?
ഇല്ല, പനി കാരണം രണ്ടു ദിവസമായി അവധിയിലാ...- എന്തോ കുത്തിക്കുറിച്ചുകൊണ്ടിരുന്ന കടക്കാരൻ മുഖമുയർത്താതെതന്നെ പറഞ്ഞു.
അയ്യോ, ആ ജയ അല്ല, ജയ അരിയുണ്ടോയെന്നാ ചോദിച്ചത്? കടക്കാരൻ മുഖമുയർത്തി ശശിയണ്ണനെ അടിമുടിയൊന്നു നോക്കി. ജയയുമില്ല, ജയലളിതയുമില്ല, താൻ ഈ നാട്ടിലൊന്നുമല്ലേ താമസിക്കുന്നത്?
അതുകൊണ്ടല്ല ചേട്ടാ, വീട്ടിൽ ഒരു മണി അരിയില്ല, അരികൊണ്ടു ചെന്നില്ലെങ്കിൽ പട്ടിണി കിടക്കേണ്ടിവരും. ശശിയണ്ണൻ അരിപ്രശ്നം അവതരിപ്പിച്ചു.
ഇതോടെ കടക്കാരൻ അയഞ്ഞു: "അത്രയ്ക്കു പ്രശ്നമാണെങ്കിൽ പൊന്നി തരാം. പക്ഷേ, വില കിലോഗ്രാമിന് 55 രൂപയാകും! അല്ലെങ്കിൽ സുരേഖ എടുക്കാം.' വില കേട്ടതും ശശിയണ്ണന്റെ കണ്ണിലൂടെ പൊന്നീച്ച പറന്നു. വില കേട്ടാൽ പൊന്നീച്ച പറക്കുന്നതുകൊണ്ടാണോ ഇതിനു പൊന്നിയെന്നു പേരിട്ടതെന്നു ചോദിക്കണമെന്നു തോന്നി. പൊന്നി എന്നതിനേക്കാൾ പൊള്ളി എന്നു വിളിക്കുന്നതായിരുന്നു കുറച്ചുകൂടി നല്ലത്.
ആന്ധ്രയിൽനിന്ന് അരി വരുന്നില്ലെന്നല്ലേ സർക്കാർ പറയുന്നത്. ബംഗാളിലെവിടെയോ ഇഷ്ടംപോലെ അരിയുണ്ടത്രേ. മേടിക്കാൻ തീരുമാനമായിട്ടില്ല. കാരണം, വരുന്ന അരിയുടെ പേരു വല്ല മമതയെന്നോ മറ്റോ ആണെങ്കിൽ പാർട്ടിക്കു നാണക്കേടാകും. പേര് അറിഞ്ഞിട്ടു മതി വാങ്ങലും വിൽക്കലുമൊക്കെ.
ഒരുപക്ഷേ, അരിക്ക് ജയയെന്നും പൊന്നിയെന്നും സുരേഖയെന്നുമൊക്കെ പേരിട്ടിട്ടായിരിക്കാം വിളിച്ചിട്ടു വരാൻ മടി. വല്ല പൾസറെന്നോ മറ്റോ പേരിട്ടിരുന്നെങ്കിൽ വണ്ടീം പിടിച്ചുവന്നു നേരേ കൂട്ടിൽ കയറി നിന്നേനെ. പിന്നെ കൈയോടെ കഴുകി അടുപ്പത്തിട്ടാൽ മാത്രം മതിയായിരുന്നു!
മിസ്ഡ് കോൾ
പാതയോരവിലക്ക് ബാറുകൾക്കു ബാധകമല്ലെന്ന് എജിയുടെ നിയമോപദേശം.
വാർത്ത
അതായത് വിൽക്കുന്പോഴാണ് പൂസാകുന്നത്, കഴിക്കുന്പോഴല്ല!