ഇന്ത്യ ഒറ്റ റോക്കറ്റിൽ 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിച്ചെന്ന വാർത്ത കേട്ടു ചൈനക്കാരൻ നെറ്റിചുളിച്ചു, റഷ്യക്കാരൻ മുഖംതിരിച്ചു, പാക്കിസ്ഥാൻകാരൻ കണ്ണുമിഴിച്ചു, എന്തിനധികം പറയുന്നു, അമേരിക്കയിലെ സായ്പ് മുതൽ അട്ടപ്പാടിയിലെ ഒൗസേപ്പ്ചേട്ടൻ വരെ വണ്ടറടിച്ചു. എല്ലാവരും ഐഎസ്ആർഒയ്ക്കു കൈകൊടുത്തു. എന്നാൽ, ഈ നൂറ്റിനാലിന്റെ കഥ കേട്ടിട്ടും തെല്ലും കുലുക്കമില്ലാതെ ഇരുന്ന ചിലർ കേരളത്തിലുണ്ടായിരുന്നു. ആ മുഖങ്ങളിൽ ഇതൊക്കെ എത്ര കണ്ടിരിക്കുന്നുവെന്ന ഭാവം മാത്രം.
ഇതിൽ ഒന്നാമത്തെ കൂട്ടർ പാർട്ടിപ്പരിപാടിക്കു സ്റ്റേജ് കെട്ടുന്നവരാണ്. പ്രത്യേകിച്ചു കോണ്ഗ്രസ് പാർട്ടിയുടെ പരിപാടി ആണെങ്കിൽ സ്റ്റേജ് ഐഎസ്ആർഒയുടെ റോക്കറ്റിനേക്കാൾ സ്ട്രോംഗ് ആയിരിക്കണം. ലോഡുംപടിയെത്തുന്ന നേതാക്കളോടൊപ്പം സ്റ്റേജിലേക്ക് ഇടിച്ചുകയറുന്ന ഉപഗ്രഹങ്ങളുടെ എണ്ണമെടുക്കാൻ റഡാർ സംവിധാനത്തിനു പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. ഉപഗ്രഹം മാത്രമല്ല, ഇക്കൂട്ടത്തിൽ വാൽനക്ഷത്രങ്ങളും പറക്കുംതളികയുമെല്ലാം ഉണ്ടാകും. കാലും ഉടലുമൊന്നും കൊള്ളിക്കാൻ കഴിഞ്ഞില്ലെങ്കിലും തലയെങ്കിലും സ്റ്റേജിൽ വയ്ക്കണമെന്നു നിർബന്ധമുള്ളവരാണു കോണ്ഗ്രസുകാർ. പോളിടെക്നിക്കിലൊന്നും പോയിട്ടില്ലെങ്കിലും ഇത്രയും ഉപഗ്രഹങ്ങളെ താങ്ങാനുള്ള സാങ്കേതികവിദ്യ സ്റ്റേജ് കെട്ടുന്നവൻ അറിഞ്ഞിരിക്കണം. അല്ലെങ്കിൽ പരിപാടി തീരുംമുന്പേ എല്ലാംകൂടി ഭ്രമണപഥം തെറ്റി ഭൂമിയിൽ കിടക്കും. അപ്പോൾപിന്നെ ഐഎസ്ആർഒയുടെ 104 ഉപഗ്രഹം എന്നു കേട്ടപ്പോൾ സ്റ്റേജ് കെട്ടുന്നവർ ഞെട്ടാതിരുന്നതിൽ അതിശയമില്ലല്ലോ.
നൂറ്റിനാലു കണ്ടിട്ടും കുലുക്കമില്ലാത്ത മറ്റൊരു കൂട്ടർ പിള്ളേരെ സ്കൂളിൽ കൊണ്ടാക്കുന്ന ഓട്ടോറിക്ഷകളുടെ പൈലറ്റുമാരാണ്. ഒരു ഷോറൂമിൽ ഉള്ള മുഴുവൻ ബാഗ്, കുട, വാട്ടർ ബോട്ടിൽ, ടിഫിൻ ബോക്സ് തുടങ്ങിയ സാമഗ്രികൾ, ഒരുത്തൻ പൈലറ്റിന്റെ മടിയിൽ, മറ്റൊരുത്തൻ തോളേൽ, ഇനിയും രണ്ടോ മൂന്നോ എണ്ണം വശങ്ങളിൽ പിന്നെ, പിറകിലെ കാഴ്ച പറയേണ്ടതില്ലല്ലോ.. ഇങ്ങനെ കുതിക്കുന്ന ഈ ബഹിരാകാശവാഹനം എത്രയോ ഭംഗിയായിട്ടാണ് പൈലറ്റ് സ്കൂൾ മുറ്റത്തെ ഭ്രമണപഥത്തിൽ എത്തിക്കുന്നത്. ഈ മുച്ചക്ര പിഎസ്എൽവിയിൽ നൂറ്റിനാലല്ല, ഇരുനൂറ്റിയന്പതെണ്ണത്തിനെയാണെങ്കിലും പുഷ്പം പോലെ വഹിച്ചുകൊണ്ടുപോകാൻ കാക്കിയിട്ട ഈ ശാസ്ത്രജ്ഞൻ എപ്പോഴേ റെഡി!
ഉപഗ്രഹങ്ങളെ ഒറ്റ റോക്കറ്റിൽ ചവിട്ടിക്കൊള്ളിക്കുന്ന കാര്യത്തിൽ ഓട്ടോപൈലറ്റ്മാരുടെ ചേട്ടൻമാരാണു ബസിലെ കിളികൾ. ഇതുകൂടാതെ റോക്കറ്റിനുള്ളിൽ ഫുട്ബോൾ കളിക്കാൻകൂടി ഇടമുണ്ടാക്കാമെന്നു കണ്ടുപിടിച്ചതും ഈ ശാസ്ത്രകിളികൾ തന്നെയാണല്ലോ.
തീർന്നില്ല, നാട്ടിലെത്തിയ ബംഗാളിയെ ഉപയോഗിച്ചും മലയാളി ഇക്കാര്യത്തിൽ ഗവേഷണം നടത്തി വരികയാണ്. മൂന്നടി നീളമുള്ള മുറിയിലെ ഭ്രമണപഥത്തിൽ മുപ്പതു ബംഗാളികളെ വാടകയ്ക്കു താമസിപ്പിക്കുന്ന സാങ്കേതികവിദ്യ കണ്ടു നാസക്കാരുടെ പോലും കണ്ണുതള്ളിപ്പോയത്രേ.
104 ഉപഗ്രഹങ്ങൾ എന്ന എണ്ണംകൂട്ടാൻ ഇനി ഐഎസ്ആർഒ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആദ്യം ചെയ്യേണ്ടത് പുതുപ്പള്ളി വരെയൊന്നു പോവുകയാണ്. നമ്മുടെ കുഞ്ഞൂഞ്ഞിന്റെ കാർ മണ്ഡലത്തിൽ ഭ്രമണം ചെയ്യുന്നതൊന്നു കാണണം. കാറിന്റെ ഡോർ തുറക്കുന്പോൾ മാത്രമേ അറിയാൻ കഴിയൂ, ഉള്ളിൽ എത്ര ഗ്രഹവും ഉപഗ്രഹവും ഇടിച്ചുകയറിയിട്ടുണ്ടാവുമെന്ന്.
ഒറ്റ റോക്കറ്റിൽ നൂറിലേറെ ഉപഗ്രഹമെന്ന ആശയം ശാസ്ത്രജ്ഞനു കിട്ടിയത് കേരളത്തിലെ ഒരു മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നാണത്രേ. ഇത്രയും രോഗികൾക്ക് ഒരു ബഡിൽ കിടക്കാമെങ്കിൽ 104 ഉപഗ്രഹത്തിന് ഒരു റോക്കറ്റിൽ കിടക്കാൻ യാതൊരു വിഷമവുമുണ്ടാകില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ കണ്ടുപിടിത്തം!
മിസ്ഡ് കോൾ
* സ്റ്റെന്റ് വില വെട്ടിക്കുറച്ചു. - വാർത്ത
* സാരമില്ല, ബ്ലോക്കിന്റെ എണ്ണം കൂട്ടാം!
ജോണ്സണ് പൂവന്തുരുത്ത്