ഫുട്പാത്തിലൂടെ തിരക്കിട്ടു നടക്കുകയായിരുന്ന വാസുവേട്ടൻ വഴിയോരത്തെ ഒരു കെട്ടിടം കണ്ടതും ഡിസ്ക് ബ്രേക്ക് ഇട്ടതുപോലെ നിന്നു. എന്നിട്ട് സുഖകരമായതെന്തോ പ്രതീക്ഷിച്ചതു പോലെ ആഞ്ഞൊന്നു ശ്വാസംവലിച്ചു. എന്നാൽ, ശ്വാസം ഉള്ളിലേക്കു വലിച്ച വാസുച്ചേട്ടന്റെ മുഖം സർക്കാർ ഫയലുപോലെ ചുളിഞ്ഞു, കണ്ണുകൾ മിഴിഞ്ഞു. അറിയാതെ മൂക്കുപൊത്തി. എന്നിട്ടു ചുറ്റുപാടുമൊന്നു നോക്കി. തൊട്ടുമുന്നിലെ ഓടയുടെ സ്ലാബ് നടുവൊടിഞ്ഞു കിടക്കുന്നു. അവിടെനിന്ന് ഉത്പാദിപ്പിച്ചു വിതരണം ചെയ്തുകൊണ്ടിരുന്ന സൗരഭ്യമാണ് പാവം വാസുവേട്ടൻ ആഞ്ഞുവലിച്ചു മൂക്കിൽ കയറ്റിയത്.
പഴയ ഓർമകൾ കെട്ടുംപൊട്ടിച്ചു വന്നതോടെ വാസുവേട്ടൻ ആ കെട്ടിടത്തിന്റെ വരാന്തയിലേക്കു കയറി കണ്ണോടിച്ചു. പെയിന്റ് മങ്ങിയ കെട്ടിടത്തിന്റെ ഭിത്തിയിൽ ഇനിയും മായാൻ മനസില്ലാതെ പൊടിപിടിച്ച അക്ഷരങ്ങൾ... ബാർ...
എത്രയോ പ്രഗല്ഭർ വാളുവച്ച മണ്ണാണ് ഇപ്പോൾ ആളനക്കമില്ലാതെ കിടക്കുന്നത്. ഒച്ചപ്പാടും ബഹളവുമായി ഒരുകാലത്തു നിയമസഭയേക്കാൾ സജീവമായിരുന്ന മന്ദിരം പുതിയ പട്ടയം അനുവദിച്ചു കിട്ടിയ മട്ടിൽ ചിലന്തികൾ കൈയടക്കിയിരിക്കുന്നു. പറന്നുവരുന്ന ടൂറിസ്റ്റുകൾക്കായി അവർ കെട്ടിപ്പൊക്കിയ റിസോർട്ട് നെറ്റ്വർക്കുകളാണ് കെട്ടിടം മുഴുവൻ.
സബ്മിഷനും ഇറങ്ങിപ്പോക്കിനും കുത്തിയിരിപ്പിനും എത്രയോ തവണ ഇവിടം വേദിയായിരിക്കുന്നു. ഇടയ്ക്കിടെയുള്ള
‘അടി’യന്തര പ്രമേയങ്ങൾ ഫുട്പാത്തിലേക്കും നടുറോഡിലേക്കും നീണ്ട കഥകൾ നിരവധി. ഇവിടെ അവതരിപ്പിച്ച കനത്ത ബില്ലുകളിലുള്ള ചർച്ച അർധരാത്രിയിലും അവസാനിക്കാതെ വരുമ്പോൾ സ്വന്തം സീറ്റിൽത്തന്നെ തളർന്നുറങ്ങുന്ന എത്രയോ പേരെ വാച്ച് ആൻഡ് വാർഡ് അവസാനം പുറത്തിറക്കി ഇരുത്തിയിരിക്കുന്നു. ശിവൻകുട്ടി അരങ്ങേറ്റം കുറിക്കുന്നതിനു മുമ്പുതന്നെ മേശനൃത്തത്തിൽ മികവു തെളിയിച്ചിട്ടുള്ള നിരവധി കലാകാരൻമാരുടെ പ്രകടനങ്ങളുടെ കഥകൾ ഈ ചുവരുകൾ വിളിച്ചുപറയുന്നില്ലേ... ഇവിടെനിന്നു നാട്ടുഭാഷയുടെ ഒഴുക്കും ഗ്രാമീണഭാഷയുടെ വഴക്കവും കേട്ടു നാട്ടുകാർ എത്രയോ തവണ കുളിരോടെ ചെവി പൊത്തിയിരിക്കുന്നു.
ഒരു വർഷം മുമ്പത്തെ ഓണക്കാലത്തു വാവാ സുരേഷ് ഇതുവഴിയെങ്ങാനും വന്നിരുന്നെങ്കിൽ ഓണംബംബർ അടിച്ചതുപോലെ തുള്ളിച്ചാടിയേനെ. കാരണം പാമ്പുകൾ ഒന്നും രണ്ടുമല്ലായിരുന്നല്ലോ ഈ മുറികളിലൂടെ ഇഴഞ്ഞും തുഴഞ്ഞും നീങ്ങിയിരുന്നത്. ഇനിയൊരിക്കലും ഇവിടേക്ക് ഇല്ലെന്നു കൂട്ടുകാരന്റെ തലയിൽ കൈവച്ചു സത്യം ചെയ്തിട്ട് ഇറങ്ങിപ്പോക്കു നടത്തിയ മെംബർമാർ പ്രതിപക്ഷ വാക്കൗട്ടിനേക്കാൾ വേഗത്തിൽ തിരിച്ചെത്തിയിരുന്നതും പതിവു കാഴ്ചയായിരുന്നു.
ആഗോളതാപനം മുതൽ പെട്രോളിയം വിലയിടിവു വരെ, അടുക്കളക്കാര്യം മുതൽ അങ്ങാടിക്കഥകൾ വരെ... വൈവിധ്യമാർന്ന വിഷയങ്ങൾ ഇടതടവില്ലാതെ ചർച്ച ചെയ്യപ്പെട്ടിരുന്ന മിനി സർവകലാശാല തന്നെയായിരുന്നു ഇത്. ഇവിടെനിന്നു കോഴ്സ് പൂർത്തിയാക്കി പുറത്തേക്ക് ഇറങ്ങുന്നവർക്കു ചില പ്രത്യേക അവകാശങ്ങൾ പോലും നാടുവാഴികൾ കല്പിച്ചു നൽകിയിരുന്നത്രേ. ഫുട്പാത്തിൽ കിടന്നുറങ്ങാനുള്ള അവകാശമായിരുന്നു ഇതിൽ പ്രധാനം. ഇത്തിരികൂടി സ്വൈരം വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് ആരെയും പേടിക്കാതെ ഓടയിലും തല ചായ്ക്കാമായിരുന്നു.
ഇങ്ങനെ ചരിത്രത്തെ കാലുറയ്ക്കാതെ നയിച്ചുകൊണ്ടിരുന്ന ഒരു കലാക്ഷേത്രമാണിപ്പോൾ മണ്ടയില്ലാത്ത തെങ്ങുപോലെ നിൽക്കുന്നത്. അതിന്റെ ചുവട് ബാറുടമകളും രാഷ്ട്രീയക്കാരുമെല്ലാം ചേർന്നു കിളച്ചു സിഡിയും ബാർ കോഴയും ഭീഷണിയുമൊക്കെ സമം ചേർത്തു വളമിട്ടെങ്കിലും വീണ്ടും കിളിർക്കുന്ന ലക്ഷണമില്ല. സുപ്രീംകോടതിയുടെ ഇടിമിന്നൽകൂടി ഏറ്റതോടെ സർവം ശുഭം. ഇനിയിപ്പോൾ വാസുവേട്ടനെപ്പോലുള്ള പൂർവവിദ്യാർഥികൾക്കു ചെയ്യാവുന്നത്... ഈ സ്മൃതിമണ്ഡപത്തിനു മുന്നിൽനിന്ന് ആടാതെനിന്ന് ഒരോ സെൽഫി എടുക്കാം, അതു ഫേസ്ബുക്കിലും വാട്സ് ആപ്പിലും തട്ടി ലൈക്ക് അടിപ്പിക്കാം!
മിസ്ഡ് കോൾ
കാശിനു കമന്റും ലൈക്കും ഇടുന്ന സൈബർ ക്വട്ടേഷൻ സംഘങ്ങൾ സജീവമെന്നു ഡിജിപി.
– വാർത്ത
അങ്ങനെ കമന്റും കള്ളൻകൊണ്ടുപോയി!