അങ്ങനെ അഖില കേരള കുടിയന്മാരുടെ ഹോം ക്വാറന്റൈൻ അവസാനിക്കുന്നു. കുടിക്കാൻ കിട്ടിയില്ലെങ്കിലും കുഴപ്പമില്ല ബിവറേജ് ഷോപ്പിനു മുന്നിൽ രണ്ടു മിനിറ്റ് ക്യൂ നിൽക്കാനെങ്കിലും അനുവദിക്കണമെന്ന ആവശ്യം തള്ളിയല്ലായിരുന്നോ രണ്ടു മാസം നീളുന്ന ഹോം ക്വാറന്റൈൻ!
ലോക്ക്ഡൗണ് എന്നു പറഞ്ഞപ്പോൾ അതിങ്ങനെ മണിച്ചിത്രത്താഴിട്ട് പൂട്ടുന്നതാണെന്ന് ആരറിഞ്ഞു. ഭീതി വേണ്ട, കരുതൽ മതിയെന്നൊക്കെ സർക്കാർ ആദ്യം പറഞ്ഞതിന്റെ പൊരുൾ പിടികിട്ടി വന്നപ്പോഴേക്കും എല്ലാത്തിനും ലോക്കും ബ്ലോക്കും വീണു. ഇതിനിടയിൽ ലാർജും സ്മോളുമായ എത്രയോ പീഡനങ്ങളാണ് കേരളത്തിലെ കുടിയന്മാർ നേരിടേണ്ടി വന്നത്!
ഇപ്പോൾ നിങ്ങളെ കാണാൻ ഒരു മനുഷ്യക്കോലമുണ്ടെന്നു ഭാര്യയുടെ മെഡിക്കൽ സർട്ടിഫിക്കറ്റ്. ഇങ്ങനെയൊരാൾ ഇവിടെ ജീവിച്ചിരിപ്പുണ്ടോ, അതിശയം തന്നെയെന്നു അയൽക്കാരിയുടെ വക റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ്. എല്ലാ ലോക്ക്ഡൗണും പിൻവലിച്ചാലും ബിവറേജ് ഷോപ്പിന്റെ ലോക്ക് ഡൗണായി തന്നെ കിടക്കണമേയെന്നു മദർജിയുടെ ഓണ്ലൈൻ പ്രാർഥന.
വാറ്റുകയോ ഉൗറ്റുകയോ ചെയ്യുന്നുണ്ടോ എന്നറിയാൻ ഇടയ്ക്കിടെ, ഒരിക്കലും ഷെയർ ഇടാത്ത അയൽപക്കത്തെ ചേട്ടന്റെ വാനനിരീക്ഷണം. പിറന്നാളിനു പായസം വയ്ക്കാൻ ശർക്കര ചോദിച്ചു ചെന്നപ്പോൾ മാസ്ക് വച്ച കടക്കാരൻ ചിരിക്കുകയായിരുന്നോ എന്ന സംശയം ഇനിയും മാറിയിട്ടില്ല.
ഇതിനിടയിൽ ഭാര്യയുടെ ആവശ്യപ്രകാരം കേടായ കുക്കർ നന്നാക്കാൻ പോയ വകയിൽ പേരുദോഷം വേറെ. തത്കാലം സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിച്ചുകഴിയുന്നതാണ് നല്ലതെന്നു കരുതിയിരിക്കുന്പോഴാണ് ബിവറേജിന്റെ ലോക്ക് അഴിക്കാൻ സർക്കാരിന്റെ ആപ്പ് വരുന്നുണ്ടെന്നു കേട്ടത്. പക്ഷേ, ആപ്പിന്റെ വകുപ്പ് കേട്ടപ്പോഴാണ് താൻ ശരിക്കും ആപ്പിലായി എന്നു പുള്ളിക്കാരനു തോന്നിയത്. ആപ്പ് കിട്ടണമെങ്കിൽ ‘ടച്ചിംഗ്സ്’ ഉള്ള സ്മാർട്ട് ഫോണ് വേണമത്രേ.
മൂന്നു മാസം മുന്പ് അളിയൻ ഗൾഫിൽനിന്ന് ഒരു സ്മാർട്ട് ഫോണ് കൊണ്ടു തന്നപ്പോൾ അതു നീ എടുത്തോടീ, എനിക്ക് ഈ കുത്തിവിളിക്കുന്ന ഫോണ് മതിയെന്നു ഭാര്യയുടെ മുന്നിൽ ജാഡയിറക്കിയത് ലേശം ഓവറായിപ്പോയോ? ഇനിയിപ്പോൾ അവളോട് ആ തോണ്ടുന്ന ഫോണ് വേണമെന്ന് എങ്ങനെ പറയും? ബിവറേജിന്റെ ആപ്പ് എടുക്കാനാ ഫോണ് എന്നെങ്ങാനും അവളറിഞ്ഞാൽ ഷേപ്പും മാറും, ഫോണ് അടുപ്പിലും കിടക്കും! ഇനി അക്ഷയകേന്ദ്രത്തിലൊന്നു ചോദിച്ചാലോ ? ഇന്നാള് വരുമാന സർട്ടിഫിക്കറ്റ് മേടിച്ചുതന്നത് അവരാണല്ലോ.. പറഞ്ഞുവരുന്പോൾ ഇതു സർക്കാർ സേവനം ആണല്ലോ!
ഒരു ഫോണ് നന്പറിൽ നാലു ദിവസത്തിൽ ഒരിക്കലേ ആപ്പ്സേവനം കിട്ടുകയുള്ളത്രേ. രണ്ടും മൂന്നും ഫോണ് നന്പറുള്ളവന്മാരുടെ ജാഡയാണ് ഇനി സഹിക്കാൻ മേലാത്തത്! ഗൂഗിൾ മുതലാളിമാർ മലയാളത്തിൽ ചീത്തവിളി കേൾക്കുന്നത് ആദ്യമായിട്ടാണെന്നു തോന്നുന്നു. ആപ്പിന് അനുമതി കൊടുക്കാൻ ഗൂഗിൾ ഇത്തിരി സമയമെടുത്തതാണ് അഖില കേരള കുടിയന്മാരുടെ കണ്ട്രോൾ തെറ്റിച്ചത്. ഇനിയും ഞങ്ങളുടെ ആപ്പ് വൈകിയാൽ ഗൂഗിളിലെ സുന്ദർ പിച്ചെയൊക്കെ പിച്ചയെടുക്കേണ്ടി വരുമെന്ന ഭീഷണി ഒടുവിൽ ഫലിച്ചത്രേ.
ലോകത്ത് ആദ്യമായിട്ടായിരിക്കാം ഒരു മൊബൈൽ ആപ്പിനു വേണ്ടി ഒരു ജനത ഇങ്ങനെ ഉറക്കമിളച്ചു കാത്തിരുന്നത്. അടുത്ത ചീത്തവിളി കേൾക്കാൻ മൊബൈൽ ഫോണ് കന്പനി മുതലാളിമാർ റെഡി ആയിക്കോളൂ. ആപ്പിൽ ബുക്ക് ചെയ്യാൻ നേരം റേഞ്ച് കിട്ടാതെ വന്നോട്ടെ, കാണിച്ചു തരാം! കാരണം, മലയാളിക്ക് വീട്ടിൽ കിറ്റില്ലെങ്കിലും തരി വറ്റില്ലെങ്കിലും കുഴപ്പമില്ല, പക്ഷേ, തലയ്ക്കൊരു കിക്ക് ഇല്ലെങ്കിൽ..!
മിസ്ഡ് കോൾ
= വിദേശത്തുനിന്നു വരുന്നവർ സർക്കാർ ക്വാറന്റൈനു പണം നൽകണം.
- വാർത്ത
= സൗകര്യങ്ങൾ സൗജന്യമായി വിട്ടുകൊടുത്തവർ തത്കാലം മാസ്ക് വച്ചോളൂ!