പ്രിയപ്പെട്ട കോവിഡ്... കത്തെഴുതുന്പോൾ നാട്ടുനടപ്പ് അനുസരിച്ചു നിന്നെ അങ്ങനെ വിളിക്കണമെന്നുണ്ട്. പക്ഷേ, ഞങ്ങൾ മനുഷ്യർക്കു നീ ചെയ്തോണ്ടിരിക്കുന്ന "സേവനങ്ങൾ' കാണുന്പോൾ കത്തല്ല ഒരു കുത്ത് തരാനാണ് തോന്നുന്നത്. ലോക്ക്ഡൗണ്, സോഷ്യൽ ഡിസ്റ്റൻസിംഗ്, കണ്ടെയ്ന്റ്മെന്റ് സോണ്, ക്വാറന്റൈൻ തുടങ്ങി ഞങ്ങൾക്കു ശീലമില്ലാത്ത കുറെ "ചീത്തവാക്കുകൾ' നീ ഈ നാട്ടിലെ കൊച്ചുകുട്ടികളെ പോലും പഠിപ്പിച്ചു.
കുട്ടികളുടെ വേനലവധിയെ നീ ചുരുട്ടിക്കെട്ടി വീടിന്റെ മൂലയിൽ തട്ടി. അതിലേറെ ക്രൂരത പെണ്കുട്ടികളോടായിരുന്നു. ആരെ കാണിക്കാനാണ് ഇനി ഞങ്ങൾ ഫേഷ്യൽ ചെയ്തും ക്രീമിൽ മുക്കിയും മുഖം മിനുക്കേണ്ടത്... വേഷത്തിനു ചേരുന്ന ലിപ്സ്റ്റിക് തേച്ചു കളറാക്കിയിരുന്ന ചുണ്ടുകൾ വരണ്ടു തുടങ്ങിയിരിക്കുന്നു. ചെറുപ്പക്കാരുടെ ഒടിച്ചുവച്ച മീശയും വടിച്ചുവച്ച താടിയുമൊക്കെ പിടിച്ചുനിൽക്കാനൊരു പിടിവള്ളിയായിരുന്നു. എല്ലാം നീ മാസ്ക് വച്ചു മറച്ചില്ലേ. ആളറിയാതിരിക്കാൻ തലയിൽ തുണിയിട്ടു പോകുന്നവരുടെ കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. ഇപ്പോൾ എല്ലാവരും മുഖത്തു തുണിയിട്ട സ്ഥിതിക്ക് ആർക്കും തലയിൽ തുണിയിടേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. അത്യാവശ്യം വന്നാൽ മാസ്കിന്റെ വലിപ്പം ഇത്തിരി കൂട്ടിയാൽ മാത്രം മതിയാകും.
എന്തു സംഭവമുണ്ടായാലും "കൈകഴുകി' രക്ഷപ്പെടുകയെന്നതു ചില രാഷ്ട്രീയക്കാരുടെയും നേതാക്കളുടെയും സ്വഭാവമായിരുന്നു. എന്നാൽ, ഇപ്പോൾ എല്ലാവരും കൈകഴുകി രക്ഷപ്പെടണമെന്നാ സർക്കാർതന്നെ പറയുന്നത്. ബിവറേജിൽ ഒഴിച്ച് എവിടെങ്കിലും "വലിയ ക്യൂ' എന്നു കേട്ടാൽ പലരുടെയും നെറ്റി "ചെറിയ ക്യൂ' പോലെ ചുളിയുമായിരുന്നു. എന്നാൽ, ഇപ്പോൾ അങ്ങാടിയിൽ മുതൽ അടുക്കളയിൽ വരെ ക്യൂ നിൽക്കാൻ നീ ഞങ്ങളെ നിർബന്ധിതരാക്കിയിരിക്കുന്നു. റേഷൻ കടയെന്നു കേട്ടാൽ നേരത്തേ അശേഷവും ഇഷ്ടമില്ലാതിരുന്ന പലർക്കും റേഷൻകട അത്ര മോശം കടയല്ലെന്നു തോന്നിത്തുടങ്ങിയിരിക്കുന്നു.
ആരുടെയും മുന്നിൽ കൈനീട്ടി ശീലമില്ലാത്ത അഭിമാനിയാണെങ്കിലും പലേടത്തും വാതിൽ കടക്കണമെങ്കിൽ കാവൽക്കാരന്റെ മുന്നിൽ കൈനീട്ടണം! അദ്ദേഹം കുപ്പിയെടുക്കും, സാമൂഹിക അകലം പാലിച്ചു രണ്ടോ മൂന്നോ തുള്ളി കൈയിലേക്കു ഇറ്റിക്കും... ലവനാണ് ഇന്നിന്റെ താരം സാനിറ്റൈസർ! കിട്ടിയതു തീർഥജലം പോലെ ഒട്ടും സമയം കളയാതെ കൈയിലും മറ്റും പുരട്ടിയെടുത്താൽ അകത്തേക്കുള്ള വാതിൽ തുറന്നുകിട്ടും.
ഇരിക്കുന്ന സീറ്റിനെച്ചൊല്ലി യാത്രക്കാരും ഓടുന്ന ടൈമിനെച്ചൊല്ലി ബസുകാരും തർക്കിക്കാതെ സർവീസ് നടത്തുന്നതും ഞങ്ങൾക്കു പുതിയ കാഴ്ചയാണ്.
വെള്ളം കുടിക്കാൻ പോലും സമയമെടുക്കാ തെ വീട്ടിൽ രോഗികളെ പരിശോധിച്ചു തള്ളിയിരുന്ന ഡാക്കിട്ടർമാരിൽ പലരും ഇപ്പോൾ കാര്യമായി വെള്ളം കുടിച്ചുകൊണ്ടിരിക്കുകയാണത്രേ.
കോവിഡേ, പ്രഫഷണൽ വെള്ളംകുടിക്കാർക്കിട്ടാണ് നീ ശരിക്കുള്ള ആപ്പ് വച്ചത്. വണ്ടിയും വള്ളവും ഓടിത്തുടങ്ങിയിട്ടും ഇനിയും ആപ്പ് വരുന്നതും കാത്തിരിക്കുകയാണ് പാവം കുടിയന്മാർ. നീ വരുന്നതിനു മുന്പേ ബിവറേജിനു മുന്നിൽ മര്യാദയ്ക്കു ക്യൂനിന്നു നാട്ടുകാർക്കു മാതൃകയായവരാണ് ഞങ്ങൾ! പോലീസ് പിടിച്ചാൽ സാമൂഹിക അകലം പാലിച്ചുനിന്നേ ഞങ്ങൾ സംസാരിച്ചിട്ടുള്ളൂ. കുടിതുടങ്ങുംമുന്പേ ആൾക്കഹോളിൽ വിരൽ മുക്കി ചുറ്റും കുടഞ്ഞു വൈറസിനെ നശിപ്പിച്ചിരുന്ന ദീർഘവീക്ഷണം മറ്റാരാണ് കാണിച്ചിട്ടുള്ളത്... ഇനിയിപ്പോൾ ബിവറേജിൽ ക്യൂ മാത്രം പോരാ, സാമൂഹിക അകലം പാലിക്കാൻ വേലികൂടി കെട്ടണമത്രേ. ഈ വേലിയും കൂലിയും ഒന്നും വേണ്ട, ഒരു "വാളകലം' പാലിക്കാൻ പറഞ്ഞാൽ എല്ലാ കുടിയന്മാർക്കു കാര്യം പിടികിട്ടിയേനെ!
മിസ്ഡ് കോൾ
= ഇടതു മുന്നണിയുടെ ഗൃഹസന്ദർശനം 25 മുതൽ.
- വാർത്ത
= ഇനി കൂടുതൽ സൂക്ഷിക്കേണ്ട സമയമാണെന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നു!