ഒന്നുകിൽ ഈ വൈദ്യരുടെ മോഹന ഒറ്റമൂലി തലയിൽ പൂശാം അല്ലെങ്കിൽ ഒടക്കഞ്ചേരി വൈദ്യൻ നൽകുന്ന വെള്ളം വെറുംവയറ്റിൽ ഒറ്റവലി!.. കോവിഡ് തീയിൽ പുര കത്തുന്പോൾ വാഴ വെട്ടി തൂണു നാട്ടുകയാണ് ചില സ്വയം പ്രഖ്യാപിത വൈദ്യവിദഗ്ധന്മാർ. തന്റെ ലേഹ്യമുണ്ടെങ്കിൽ ഏതു കൊറോണ രോഗത്തോടും ലോഹ്യം കൂടാമെന്നു പറഞ്ഞ വൈദ്യരുടെ ശല്യം മോഹനമായപ്പോൾ പോലീസ് പൊക്കി സെല്ലിലാക്കിയിരിക്കുന്നു. ഇതുകൊണ്ടും വൈദ്യർ സുല്ലിട്ടുപോകുമെന്നു തോന്നുന്നില്ല.
വൈറസ് എന്നും വാക്സിനെന്നുമൊക്കെ കേട്ടാൽ മുഴുവൈദ്യന്മാരെന്നു നടിക്കുന്ന പല മുറിവൈദ്യന്മാർക്കും പണ്ടേ മുറുമുറുപ്പാണ്. താൻ ഈ പഞ്ചായത്തിലെ ഓരോ വീടും അരിച്ചുപെറുക്കിയിട്ടും വൈറസിന്റെ തരി പോലും കണ്ടിട്ടില്ലെന്നായിരുന്നു അഞ്ചേരി വൈദ്യർ ഉടക്കിട്ടത്.
വൈറസ് എന്നൊരു സാധനംതന്നെ തട്ടിപ്പാണെന്നും അല്ലെങ്കിൽ കാണിച്ചു തരാനുമാണ് ഈ പുള്ളിക്കാരന്റെ വെല്ലുവിളി. ഓക്സിജനെ കണ്ടു പരിചയപ്പെട്ടിട്ടാണോ ഇദ്ദേഹം വലിച്ചു മൂക്കിലേക്കു കയറ്റുന്നതെന്ന് ആരെങ്കിലുമൊന്നു ചോദിച്ചിരുന്നെങ്കിൽ നന്നായിരുന്നു.
എന്തായാലും തുടക്കത്തിൽത്തന്നെ പോലീസ് ജാമ്യമില്ലാ വകുപ്പിന്റെ ചെറിയൊരു ഡോസ് കൊടുത്തതിനാൽ താത്കാലിക ശമനം ലഭിച്ച ലക്ഷണമുണ്ട്. പക്ഷേ, കേസിന്റെ കെട്ടുവിട്ടു കഴിയുന്പോൾ വീണ്ടും ചൊറിച്ചിൽ തുടങ്ങുന്ന എന്തോ പ്രത്യേകതരം സൂക്കേടാണിതെന്നാണ് ഇതുവരെയുള്ള അനുഭവം തെളിയിക്കുന്നത്.
പോളിയോ വാക്സിനെ പൊളിച്ചടുക്കിയിട്ടേ ഇനി പച്ചവെള്ളം കുടിക്കൂ എന്ന മട്ടിലായിരുന്നു കുറെക്കാലം മുന്പത്തെ പടപ്പുറപ്പാട്. പിള്ളവാതം എന്നതു പൊള്ളവാദമാണെന്നും അതിനൊരു വാക്സിൻ ആവശ്യമില്ലെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ ഒളിവുകാല വെളിപാടുകൾ. അധോലോകവും അന്താരാഷ്ട്രവുമൊക്കെ കൂട്ടിക്കുഴച്ചു ഒടക്കഞ്ചേരി വൈദ്യൻ പോളിയോ വാക്സിനെതിരേ “തകൃതിചികിത്സ’’ തുടങ്ങിയപ്പോൾ അതിൽ കുരുങ്ങിപ്പോയ ചിലരും ഇല്ലാതില്ല. പക്ഷേ, ഇപ്പോൾ നാട്ടിൽ പോളിയോ റിപ്പോർട്ട് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനു വൈദ്യർ ഇതുവരെ ഉത്തരം കൊണ്ടുവന്നിട്ടുമില്ല.
നിപ്പ വന്നപ്പോഴായിരുന്നു ഈ മൂപ്പന്മാരുടെ ശരിക്കുള്ള വിളയാട്ടം. വവ്വാലിൽനിന്നാണ് നിപ്പ മനുഷ്യരിലേക്കു പടർന്നതെന്നു വിദഗ്ധർ പറഞ്ഞപ്പോൾ വവ്വാലിനെ ഇങ്ങനെ വേദനിപ്പിക്കരുതെന്നും താനും വവ്വാലുമൊക്കെ ഒരു പാത്രത്തിൽ ഉണ്ടും ഉറങ്ങിയും കഴിയാൻ റെഡിയാണെന്നും ഒരു വൈദ്യരുടെ മോഹന പ്രഖ്യാപനം. വവ്വാൽ കടിച്ചതിന്റെ മുദ്രയുണ്ടെന്നു പറഞ്ഞു ടവ്വലിൽ പൊതിഞ്ഞുകൊണ്ടുവന്ന പഴം കടിച്ചു കാണിക്കുകയും ചെയ്തു.
നിപ്പ മുതൽ കോപ്പാ അമേരിക്ക വരെ ചികിത്സിച്ചു മാറ്റിയിട്ടുള്ള ഒറ്റ വൈദ്യനേ ഇന്നു ലോകത്തുള്ളൂ. പക്ഷേ, ഒറ്റമൂലിക്കു ടൂർണമെന്റൊന്നും ഇല്ലാത്തതിനാൽ ഇതുവരെ ഗപ്പൊന്നും കിട്ടിയിട്ടില്ലെന്നു മാത്രം! കൊറോണയുടെ പേര് കോവിഡ് എന്നു പരിഷ്കരിച്ചാലൊന്നും വൈദ്യരുടെ ചികിത്സാവിധിയിൽനിന്നു രക്ഷപ്പെടില്ലെന്നു ചുരുക്കം.
കാൻസർ മുതൽ എയ്ഡ്സ് വരെ ചികിത്സിച്ചു മാറ്റാനുള്ള പൊടിക്കൈകൾ ഇവരുടെയൊക്കെ കൈവശമുണ്ടത്രേ. ഭാവിയിൽ വണ്ടിയും പിടിച്ചു വരാനിരിക്കുന്ന രോഗങ്ങൾക്കുള്ള പരിഹാരവും റെഡി. എങ്കിൽപിന്നെ മാറാരോഗങ്ങളെല്ലാം സുഖപ്പെട്ട പത്തുപേരെ നിരത്തിനിർത്തി ഒരു പത്രസമ്മേളനം സംഘടിപ്പിച്ചുകൂടെ എന്നു ചോദിച്ചാൽ മുറിവൈദ്യന്മാർക്കൊന്നും മറുവാക്കായി മുറിവാക്കു പോലുമില്ല താനും! മുറിവൈദ്യം കൊണ്ടു ജീവിച്ചോളൂ, പക്ഷേ, ജീവിച്ചിരിക്കുന്നവരെ തുണ്ടംതുണ്ടമായി മുറിക്കരുത്!
മിസ്ഡ് കോൾ
= എല്ലാ നികുതിദായകർക്കും ആയിരം ഡോളർ വീതം അക്കൗണ്ടിൽ നൽകുമെന്നു ട്രംപ്.
- വാർത്ത
= പതിനഞ്ച് ലക്ഷത്തിന്റെ അത്രേം വരില്ലല്ലോ!