പ്രിയപ്പെട്ട കൊറോണ,
നീ ചൈനീസ് ആണെന്നു കേട്ടതോടെ ഞങ്ങളാരും ആദ്യം നിന്നെ വലിയ കാര്യമാക്കിയില്ലെന്നതാണ് സത്യം. ചൈനീസ് സാധനങ്ങളെക്കുറിച്ചു മൊത്തത്തിൽ മലയാളിക്ക് അത്ര മതിപ്പ് പോരാ. നിന്റെ ദേശക്കാരായ ചൈനക്കാരാണ് മൊട്ടുസൂചി മുതൽ തട്ടുദോശ വരെയും ഇടിക്കട്ട മുതൽ വെടിക്കെട്ടു വരെയും ഈ നാട്ടിൽ സംഭാവന ചെയ്തുകൊണ്ടിരിക്കുന്നതെന്ന് അറിയാമല്ലോ.
“ഒത്താലൊത്തു’’ എന്ന പ്രത്യേക ഗാരന്റിയുമായിട്ടാണല്ലോ ചൈനീസ് സാധനങ്ങളുടെ ഉൗരുചുറ്റൽ. അതുകൊണ്ടു പലതും ചൈനീസ് ബൾബുകൾപോലെ ഒന്നു കുത്തി, നിന്നു കത്തി, പിന്നെ ചത്തു എന്ന മട്ടിലാണ്. ഇങ്ങനെയൊക്കെ ആണെങ്കിലും ഓണവും ക്രിസ്മസും വിഷുവുമൊക്കെ ഞങ്ങളേക്കാൾ മുന്നേ അറിയുന്നതും ഒരുങ്ങുന്നതും ചൈനാക്കാരാണെന്നതു മറക്കുന്നില്ല.
ഇവിടെയിപ്പോൾ മലയാളമൊഴിച്ച് ഏതാണ്ട് എല്ലാം ‘മെയ്ഡ് ഇൻ ചൈന’ വകയാണ്. ഇങ്ങനെ പോയാൽ വൈകാതെ മലയാളംകൂടി ചൈനക്കാർ കൊണ്ടുവന്നു പഠിപ്പിക്കാനുള്ള സാധ്യതയും ഇല്ലാതില്ല. ഇങ്ങനെയൊക്കെയുള്ള ചൈനയിൽനിന്നു കൊറോണ എന്നൊരു വൈറസ് പൊട്ടിപ്പുറപ്പെട്ടിട്ടുണ്ടെന്നു കേട്ടപ്പോൾ വെറും ചൈനീസ് വെടിക്കെട്ട് ആയിരിക്കുമെന്നാണ് പലരും കരുതിയത്. എന്നാൽ, സംഗതി പൂരം വെടിക്കെട്ടാണെന്ന് ഇപ്പോൾ മനസിലായി.
നിന്നെ കൊറോണ എന്നു വിളിക്കാനായിരുന്നു എളുപ്പം. എന്നാൽ, കൊറോണ എന്നതു കുടുംബപ്പേരാണെന്നും കോവിഡ്-19 ആണ് ശരിക്കുള്ള പേരുദോഷമെന്നും ശാസ്ത്രജ്ഞന്മാർ കണ്ടുപിടിച്ചു. സാധാരണ വലിയ വലിയ ആൾക്കാരുടെ പേരിന്റെ കൂടെയാണ് രണ്ട്, മൂന്ന് തുടങ്ങിയ നന്പറുകൾ കാണാറുള്ളത്. പേരിന്റെ കൂടെയുള്ള 19 നീ ജനിച്ച വർഷമാണെന്ന് ആരോ പറയുന്നതുകേട്ടു. പക്ഷേ, പതിനെട്ട് അടവും പയറ്റിത്തെളിഞ്ഞു പത്തൊന്പതാമത്തെ അടവാണ് ഇപ്പോൾ ഇറക്കുന്നതെന്നതിന്റെ സൂചനയാണ് ഇതെന്ന അടക്കംപറച്ചിലും നാട്ടിലുണ്ട്.
ബന്ദും ഹർത്താലും നടത്തി നാടു സ്തംഭിപ്പിക്കാൻ ഞങ്ങളുടെ രാഷ്ട്രീയ നേതാക്കളേക്കാൾ വലിയ പുള്ളികൾ ഈ ലോകത്തെങ്ങും ഇല്ലെന്നായിരുന്നു ഇതുവരെ മലയാളികളുടെ അഹങ്കാരം. അവർ പോലും കന്പും കല്ലും കന്പിപ്പാരയും കാണിച്ചു പേടിപ്പിച്ചായിരുന്നു ജനങ്ങളെ വീട്ടിലിരുത്തിയിരുന്നതും കടകൾ അടപ്പിച്ചിരുന്നതും. എന്നാൽ, മിസ്റ്റർ കോവിഡ്, കന്പും കല്ലും പോട്ടെ, ഒരു പ്രസ്താവന പോലും ഇറക്കാതെ, ഒരു മുദ്രാവാക്യം പോലും വിളിക്കാതെ അഖില ലോക ഹർത്താൽ നടത്തിക്കൊണ്ടിരിക്കുന്ന നിനക്ക് ഇന്ത്യൻ ശൈലിയിൽ ഒരു നല്ല നമസ്കാരം!
ചിലർ വരുന്പോൾ ചരിത്രം വഴിമാറുമെന്നാണ് കേട്ടിട്ടുള്ളത്... പക്ഷേ, പ്രളയം വന്നിട്ടും സൂനാമി വന്നിട്ടും ഇന്നേവരെ ബിവറേജസിലേക്കുള്ള വഴിയിൽനിന്ന് ആരും മാറിപ്പോയിട്ടില്ലായിരുന്നു. ദാ ഇപ്പോൾ പത്തനംതിട്ടയിൽ അതും സംഭവിച്ചിരിക്കുന്നു, ബിവറേജ്ഷോപ്പുകളിൽ കച്ചവടം കുത്തനെ കുറഞ്ഞത്രേ. കുടിയന്മാരെപ്പോലും വിരട്ടാൻ മാത്രം നീ വളർന്നു എന്നു ചുരുക്കം.
ഇങ്ങനെ നാട്ടുകാർക്കും മറുനാട്ടുകാർക്കും തലവേദനയായെങ്കിലും കോവിഡേ നീ വന്നതുമൂലം ഞങ്ങൾ മലയാളികൾ ചില നല്ല കാര്യങ്ങളും ശീലിച്ചു തുടങ്ങി. ഡിന്നർ കഴിഞ്ഞു വെറും ടിഷ്യു പേപ്പറിൽ കൈ തുടച്ചു സ്ഥലംവിട്ടിരുന്നവർ ഇപ്പോൾ ദിവസം അഞ്ചും ആറുംതവണ കൈകഴുകിത്തുടങ്ങിയിരിക്കുന്നു. തുമ്മുന്പോഴും ചുമയ്ക്കുന്പോഴും മുഖം മറയ്ക്കാൻ തുടങ്ങിയിരിക്കുന്നു... ഡിയർ കോവിഡ്, ഇതൊക്കെ ചെയ്യുന്നതു നിന്നെ കണ്ടു പേടിച്ചിട്ടാണെന്നു തെറ്റിദ്ധരിക്കരുത്. നിന്നെ തോല്പിക്കാനാണ്, ഞങ്ങൾ നിന്നെ തോല്പിക്കുകതന്നെ ചെയ്യും..!
മിസ്ഡ് കോൾ
= കോവിഡ് ജാഗ്രത ലംഘിച്ചു സിപിഎമ്മും സിഐടിയുവും സമ്മേളനങ്ങൾ നടത്തി.
- വാർത്ത
= ഒരു ചൈനീസ് സഖാവിനെ എന്തിന് കേരള സഖാക്കൾ പേടിക്കണം!