ആനയ്ക്കു മദമിളകിയാൽ എന്തു ചെയ്യും? നല്ലനടപ്പ് മതിയെങ്കിൽ ചങ്ങലയ്ക്കിടാം, കാപ്പാ ചുമത്തിയിട്ടുണ്ടെങ്കിൽ മയക്കുവെടി വയ്ക്കണം... എന്നിട്ട് അടുത്ത ആളില്ലാത്ത പറന്പിൽ തളയ്ക്കാം. എന്നാൽ, നമ്മുടെ ആനവണ്ടിക്കു മദമിളകിയാലോ? ഇളകുന്നതു വണ്ടിക്കാണെങ്കിലും ഇളക്കുന്നതു അതിന്റെ പാപ്പാന്മാരായതിനാൽ തളയ്ക്കലും വളയ്ക്കലും അത്ര എളുപ്പമല്ലെന്നു കഴിഞ്ഞ ദിവസം ജനത്തിനു മനസിലായി.
ഇളകിയ വണ്ടികളെ പൊതുവഴിയിൽ തളച്ചു ഗതാഗതം കുളമാക്കിയപ്പോഴാണ് സത്യത്തിൽ ഇളക്കം വണ്ടിക്കല്ല, അതിന്റെ പാപ്പാന്മാർക്കാണെന്നു നാട്ടുകാർക്കു വെളിവായത്. സമീപത്തെ തൊഴുത്തിൽ റെസ്റ്റ് എടുത്തുകൊണ്ടിരുന്ന ആനകളെയും ചില പാപ്പാന്മാർ കുത്തിപ്പൊക്കി പൊതുനിരത്തിൽകൊണ്ടു നിരത്തിയത്രേ. ശരിക്കും ഇവർ തളച്ചതു വണ്ടികളെയല്ല തങ്ങളെയാണെന്ന് അധികം വൈകാതെ യാത്രക്കാർക്കു മനസിലായി.
സാന്പത്തിക പ്രതിസന്ധിമൂലം ടയറും മുറുക്കിയുടുത്തു നിൽക്കുന്ന കെഎസ്ആർടിസിയോടു സത്യത്തിൽ നാട്ടുകാർക്കിടയിൽ പെരുത്ത സഹതാപതരംഗമുണ്ടായിരുന്നു. ഈ തരംഗത്തിനാണ് കുറെ സമരക്കാർ ചേർന്നു കഴിഞ്ഞ ദിവസം തുരങ്കംവച്ചത്.
ഏതോ സ്വകാര്യ ബസുകാരുടെ കിന്നാരം പിടിച്ചില്ലെന്നും പറഞ്ഞ് ചില ആനവണ്ടിക്കാർ പോലീസാകാൻ നോക്കി. സ്വകാര്യ ബസിലിരുന്ന യാത്രക്കാരെ വഴിയിൽ ഇറക്കിവിട്ടു. അപ്പോൾ ഒറിജിനൽ പോലീസ് പ്രത്യക്ഷപ്പെട്ടു. വണ്ടി തടയാനും ആളെ ഇറക്കിവിടാനും കൂന്പിനിടിക്കാനുമൊക്കെയുള്ള വരം തങ്ങൾക്കു മാത്രമാണ് ജലദേവത തന്നിട്ടുള്ളതെന്നും അല്ലാത്ത കോടാലികളെയെല്ലാം പുഴയിലെറിയുമെന്നും പോലീസ് പ്രഖ്യാപിച്ചു.
ഇതോടെ ആനവണ്ടിക്കാരും പോലീസും തമ്മിൽ നാട്ടുനടപ്പ് അനുസരിച്ചുള്ള ചെറിയ ഉരുട്ടിപ്പിടിത്തം നടന്നു. ഇതിന്റെ പേരിൽ നാട്ടിലുള്ള മുഴുവൻ പേരുമായി ഒരു വിഭാഗം ആനവണ്ടിക്കാർ ഉരുട്ടിപ്പിടിക്കാൻ ഇറങ്ങിയതോടെയാണ് തലസ്ഥാന നഗരം ആസ്ഥാന നരകമായി മാറിയത്.
മിന്നൽ എന്നു പറഞ്ഞാൽ കെഎസ്ആർടിസിക്കാരുടെ മിന്നൽ വേഗത്തിൽ പായുന്ന ഏതോ ബസ് ആണെന്നായിരുന്നു യാത്രക്കാരുടെ ധാരണ. എന്നാൽ, യഥാർഥ മിന്നൽ എന്താണെന്നു ചിലർക്ക് ഇപ്പോഴാണ് പിടികിട്ടിയത്.
എന്തായാലും എല്ലാം മിന്നൽ വേഗത്തിലായിരുന്നു, മിന്നൽ പണിമുടക്കിനു മുന്നിൽ നാട്ടുകാർ അന്നം കിട്ടാതെ നിന്നു. സമരക്കാരുടെ ഉന്നം പോലീസ് ആണെന്നാണ് ആദ്യം കേട്ടപ്പോൾ തോന്നിയത്. ജീവനക്കാരെ വളഞ്ഞിട്ടു പിടിച്ച പോലീസിനെ ഒരു പാഠം പഠിപ്പിച്ചിട്ടേ ഇനി വളയം പിടിക്കൂ എന്ന പിടിവാശിയിലായിരുന്നു പലരും.
മുഖ്യൻ കണ്ണുരുട്ടിയതുകൊണ്ടാണോ അതോ യൂണിയൻകാർ ചെവിക്കു പിടിച്ചതുകൊണ്ടാണോ എന്നറിയില്ല, ഈ പോലീസുകാരെപ്പോലെ മര്യാദക്കാർ വേറെയില്ലെന്നു പറഞ്ഞ് ഒരുമ്മയും കൊടുത്തിട്ടാണ് നേതാക്കളും അണികളും ഒടുവിൽ പൊന്നാടയും ഏറ്റുവാങ്ങി പ്രകടനം നടത്തിയത്.
സത്യത്തിൽ അപ്പോൾ ആർക്കെതിരേ ആയിരുന്നു ശരിക്കും സമരം? തെറ്റ് ചെയ്യാത്തവരായി ആരുണ്ട് ഗോപൂ... എന്നു ചോദിച്ചാൽ ചിത്രത്തിൽ പ്രശ്നക്കാരായി അവശേഷിക്കുന്നത് ഒരു സ്വകാര്യ ബസ് മാത്രമാണ്! അപ്പോൾ ആ സ്വകാര്യ ബസുകാരെ മര്യാദ പഠിപ്പിക്കാനായിരുന്നോ പാവപ്പെട്ട ഒരു മനുഷ്യന്റെ ജീവനെടുക്കുകയും ആയിരക്കണക്കിനു യാത്രക്കാരെ ബന്ദിയാക്കുകയും ചെയ്ത ഈ മിന്നൽ പണികൊടുപ്പ് എന്നതാണ് ഇനിയും ഉത്തരം കിട്ടാത്ത ചോദ്യം!
വണ്ടി പെരുവഴിയിൽ അല്ലാതെ ആകാശത്ത് കൊണ്ടിടാനാകുമോ? എന്നു ചോദിക്കുന്ന കാനം സഖാവിനെപ്പോലുള്ളവർ കൊടിയുമായി നിൽക്കുന്പോൾ സമരങ്ങൾ ഇനിയും ഇതുപോലെ മിന്നലും മിമിക്രിയുമാകും. നാട്ടിൽ നടക്കുന്നതൊന്നുമറിയാത്ത ഈ സഖാവ് ശരിക്കും താമസിക്കുന്നതു കാനത്തിലാണോ അതോ കാനനത്തിലാണോ?
മിസ്ഡ് കോൾ
= പഠനത്തോടൊപ്പം വിദ്യാർഥികൾക്ക് ഇനി സർക്കാരിന്റെ പാർട്ട് ടൈം ജോലി.
- വാർത്ത
= പിള്ളേരു വന്നിട്ടു വേണം ഒന്നു ഫുൾടൈം വിശ്രമിക്കാൻ!