കലിപ്പുള്ള കുട്ടിസഖാക്കളും ഖദറിട്ട പെറ്റിനേതാക്കളും കാന്പസിൽ ബോംബ് പൊട്ടിയിട്ടു പോലും ഇത്രയും ഞെട്ടിയിട്ടില്ല, കേരള ഖജനാവ് പോലെ കാലിയായി കിടക്കുന്ന സ്വന്തം ഹാജർ ബുക്ക് കണ്ടിട്ടും ഇന്നേവരെ കുലുങ്ങിയിട്ടില്ല. എട്ടു നിലയിൽ പൊട്ടിയ ഉത്തരക്കടലാസിൽ നോക്കി പൊട്ടിച്ചിരിച്ചിട്ടുള്ളതാണ് ഇതുവരെയുള്ള ചരിത്രം.
അങ്ങനെയുള്ള കുട്ടിനേതാക്കളാണ് ഹൈക്കോടതി പൊട്ടിച്ച വെടിയിൽ ഇപ്പോൾ ഞെട്ടിത്തരിച്ചിരിക്കുന്നത്. മേലിൽ പഠിപ്പുമുടക്കുമായി പള്ളിക്കൂടത്തിന്റെ പടികടന്നേക്കരുതെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ഇതു വെടിയല്ല, പുരനിറഞ്ഞുനിൽക്കുന്ന പല കുട്ടിനേതാക്കളുടെയും പള്ളയ്ക്കിട്ടുള്ള അടിയാണെന്നു ചുരുക്കം. വലിയ മുടക്കുമുതൽ ഇല്ലാതെ നടത്താൻ പറ്റിയ രാഷ്ട്രീയ കലാപരിപാടിയായിരുന്നു പഠിപ്പുമുടക്കൽ. തൊള്ള കീറുന്ന നാലു മുദ്രാവാക്യങ്ങളും ഒടിഞ്ഞ കന്പിലൊരു കൊടിയുമുണ്ടെങ്കിൽ ഏതു പാർട്ടിക്കാരനും പഠിപ്പുമുടക്കൽ തയാറാക്കാം.
തലേദിവസം തന്നെ നാളെ പഠിപ്പുമുടക്കമാണെന്ന പ്രസ്താവന എരിവും പുളിയും ചേർത്തു കുഴച്ചു പത്രത്തിൽ കൊടുത്തിരുന്നാൽ തയാറാക്കൽ കൂടുതൽ എളുപ്പമാകും. രാവിലെത്തേക്കു സമരം പൊങ്ങിയില്ലെങ്കിൽ ലേശം ഭീഷണിയും ആവശ്യത്തിനു ജനാലച്ചില്ലും പൊട്ടിച്ചു ചേർക്കാം. ഇവ സമാസമം ചേർത്ത് ഇളക്കിക്കൊടുക്കുന്പോൾ പിള്ളേർ പുറത്തേക്ക് ഇറങ്ങിക്കോളും.
ഇനി അതിനു താമസം വന്നാൽ തലേദിവസം തെരഞ്ഞുപിടിച്ചു വച്ചിരിക്കുന്ന കല്ല് ഒരു നുള്ള് എറിയുക. ഇങ്ങനെ ചെയ്യുന്പോൾ പ്രിൻസിപ്പലോ അധ്യാപകരോ വന്നു പൊട്ടിത്തെറിച്ചേക്കാം. ഉടനെ കൊടിക്കന്പുകൊണ്ട് നന്നായൊന്നു കറക്കുക, അടിക്കുപിടിക്കേണ്ടെങ്കിൽ മാറി നിന്നോളാൻ പറയണം... മാറാൻ തയാറായില്ലെങ്കിൽ കറിവേപ്പില പോലെ എടുത്തു വെളിയിലേക്ക് ഇടാം... ഇതോടെ കുട്ടികൾ പാകമായി പഠിപ്പുമുടക്കിൽ ലയിച്ചുചേർന്നോളും... ഇതു പിന്നെ ആവശ്യം പോലെ ഏതു പള്ളിക്കൂടത്തിലും കൊണ്ടുപോയി വിളന്പാവുന്നതാണ്.
ഇങ്ങനെ വളരെ എളുപ്പത്തിൽ തയാറാക്കി കൊടുത്തുകൊണ്ടിരുന്ന രുചികരമായ നാടൻ വിഭവമാണ് ഇനി കലാലയത്തിൽ അധികം വച്ചുവിളന്പേണ്ടെന്നു കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇങ്ങനെ പോയാൽ സകല രാഷ്ട്രീയ കുട്ടികളും കാന്പസിൽ എട്ടുവരച്ചു നട്ടം തിരിയും.
കുട്ടിനേതാക്കൾ തയാറാക്കിയിരുന്ന സമരവിഭവം മൂക്കുമുട്ടെത്തട്ടി കുംഭ വീർപ്പിച്ചിരുന്ന പെരിയ നേതാക്കളുടെ കാര്യവും കഷ്ടത്തിലാകും. ആരുടെയെങ്കിലും കാലു വാരണമെങ്കിലും കല്ലെറിയണമെങ്കിലും ഒന്നു നീട്ടി വിസിലടിച്ചാൽ മതിയായിരുന്നു, പഠിപ്പുമുടക്കി കൊടിയും പിടിച്ചു പിള്ളേർ ഇങ്ങെത്തിയേനെ. ഇനിയിപ്പോൾ ഈ നാട്ടുനടപ്പെല്ലാം മുടങ്ങുമോയെന്തോ?
പഠിപ്പുമുടക്കത്തിനു മുടക്കം വരുമെന്നു മുൻകൂട്ടി കണ്ടതുകൊണ്ടാണോ എന്നറിയില്ല നമ്മുടെ കുട്ടിഖദർധാരികൾ നേരത്തെതന്നെ മറ്റു എക്സ്ട്രാകരിക്കുലർ ആക്ടിവീറ്റീസിൽ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയിരുന്നു.
തൊടുപുഴയിലെ യൂണിറ്റ് കമ്മിറ്റി പ്രതിഭകളെ വാർത്തെടുക്കാനുള്ള നൂതന പദ്ധതി പ്രഖ്യാപിച്ചു അടുത്തിടെ നാടിനെ അതിശയിപ്പിച്ചു. വാലന്റൈൻസ് ദിനത്തിൽ കാന്പസിലെ ഏറ്റവും വലിയ “കോഴിയെ’’ കണ്ടെത്താനുള്ള മത്സരമാണ് ഇവർ സംഘടിപ്പിച്ചത്. രാഷ്ട്രപുനർനിർമാണത്തിനായി ഇത്തരം പ്രതിഭകളെ കണ്ടെത്തി സംഭാവന ചെയ്യുകയാണല്ലോ ഏതൊരു രാഷ്ട്രീയ പാർട്ടിയുടെയും കടമ!
എന്തായാലും, എറണാകുളം ലോ കോളജിൽ എത്തിയപ്പോൾ അതു പൊറോട്ടതീറ്റ മത്സരമായി പരിണമിച്ചു. പൊറോട്ട കഴിച്ചവർക്കും കണ്ടുനിന്നവർക്കും ദഹിക്കാത്തതുകൊണ്ടാണോ എന്നറിയില്ല കൂട്ടത്തല്ലിലാണ് സംഗതി അവസാനിച്ചത്. ഇതുവച്ചു നോക്കുന്പോൾ പഠിപ്പു മുടക്കൽ ഇല്ലാതാകുന്നതിന്റെ കുറവു നികത്താൻ കുട്ടിനേതാക്കൾ മത്സരിച്ചുതന്നെ രംഗത്തിറങ്ങും.
മഴനൃത്തം, ജെസിബിയുമായി പഞ്ചപിടിത്തം, കുളംകലക്കൽ, ബിവറേജ് കുപ്പിയിൽ വെള്ളംനിറ, കസേര കത്തിക്കൽ, ചാപ്പ കുത്തൽ തുടങ്ങിയ വൈവിധ്യമാർന്ന “വ്യക്തിത്വവികസന പരിപാടികൾ’’ കാന്പസുകളിൽ കൂടുതലായി പ്രതീക്ഷിക്കാം.
മിസ്ഡ് കോൾ
= എടിഎമ്മുകളിൽ 2,000 രൂപയുടെ ട്രേ ഇല്ലാതാക്കുന്നു.
- വാർത്ത
= ട്രേ നോട്ടിലെ ചിപ്പിൽ ഉണ്ടാകും!