തീക്കട്ടയിൽ ഉറുന്പ് വെള്ളിയാഴ്ച പരേഡ് നടത്തുകയോ? കേരള പോലീസിന്റെ തോക്കും തോക്കിലിടേണ്ട ഉണ്ടയും കാണാതായെന്നു കേൾക്കുന്പോൾ ആർക്കും തോന്നാവുന്ന സിംപിൾ സംശയം. നാട്ടിലുണ്ടാകുന്ന കാണാതാകലുകളും മോഷണങ്ങളുമൊക്കെ അന്വേഷിച്ചു പോകേണ്ട പോലീസിന്റെതന്നെ വെടിയുണ്ട കാണാതായെന്നു പറഞ്ഞാൽ... ഉണ്ടയെവിടെയെന്നു ചോദിച്ചപ്പോൾ തലപ്പത്തുള്ളവർ ഉരുണ്ടുകളിക്കുകയാണെന്നാണ് സിഎജിയുടെ കണ്ടെത്തൽ.
പോലീസിന്റെ തോക്കും ഉണ്ടയും പോയ കഥ കേക്കു മുറിച്ച് ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് പ്രതിപക്ഷം. ഉണ്ട പോയ വഴി കണ്ടുപിടിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുപിടിച്ച സമരത്തിനു വെടിപൊട്ടിച്ചിരിക്കുകയാണവർ. ഇതു മുന്നിൽക്കണ്ടാണ് സിഎജിയുടേത് ഉണ്ടയില്ലാ വെടിയാണെന്ന മട്ടിൽ മന്ത്രിമുഖ്യൻ ചെറിയൊരു തടയിട്ടു നോക്കിയത്. ഉണ്ടയായാലും ചെണ്ടയായാലും നാട്ടുനടപ്പ് അനുസരിച്ചു സിഎജി റിപ്പോർട്ട് ചുരുട്ടിക്കെട്ടി പരണത്തു വയ്ക്കുന്നതാണല്ലോ കീഴ്വഴക്കം.
ഉണ്ടയുടെയും തോക്കിന്റെയും എണ്ണമെഴുതി വച്ചിരുന്ന കണക്കുപുസ്തകത്തിലെ വെട്ടും തിരുത്തും കണ്ട് സിഎജിയുടെ പോലും കണ്ണുതള്ളിപ്പോയത്രേ. ഇത് ഏമാന്മാരിൽ പലരും കണ്ടിട്ടും മിണ്ടാതിരുന്നതാണെന്നും കേൾക്കുന്നു. എന്നിട്ടെന്താണ് കേസ് എടുക്കാതിരുന്നത്? വെട്ടും കുത്തും ആയിരുന്നേൽ കേസ് എടുക്കാമായിരുന്നു, ഇതിപ്പോൾ വെട്ടും തിരുത്തും ആയിപ്പോയില്ലേ, കേസിനു വകുപ്പില്ല പോലും! കണക്കിന്റെ കാര്യത്തിൽ കാക്കിയിട്ടവരും ഒരു കണക്കാ.
അതേസമയം, ഉണ്ട പോയതിനെക്കുറിച്ചു കണ്ടമാനം വേവലാതി വേണ്ടെന്നാണ് പോലീസിന്റെ മണ്ടയിൽ ഇരിക്കുന്നവരുടെ അഭിപ്രായം. കാരണം, കേരള പോലീസ് സാധാരണയായി ആകാശത്തേക്കാണല്ലോ വെടിവയ്ക്കുന്നത്. അതിപ്പോൾ ഉണ്ടയുള്ള വെടിയാണെങ്കിലും ഉണ്ടയില്ലാത്ത വെടിയാണെങ്കിലും ഫലം ഒന്നുതന്നെ.
എന്തായാലും ബഹളങ്ങളെല്ലാം തോക്കുംചൂണ്ടി നിൽക്കുന്നതു ഡിജിപി ബെഹ്റജിയുടെ നേർക്കാണ്. കാലിയായ ഖജനാവും ചുമന്നു സർക്കാർ മുണ്ടുമുറുക്കിയുടുത്തു നിൽക്കുന്പോൾ ബെഹ്റജി വിഐപികൾക്കായി ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങിച്ചതിലും കുഴപ്പങ്ങളുണ്ടെന്നാണ് സിഎജിയുടെ പക്ഷം.
മാവോയിസ്റ്റ് മേഖലയിൽ അടക്കം തോക്കിൻമുനയിൽ ജോലിചെയ്യുന്ന പോലീസുകാർ ബുള്ളറ്റ് പ്രൂഫ് വണ്ടിയുടെ പടം കണ്ടു വെള്ളമിറക്കുന്പോഴാണ് വലിയ ഭീഷണിയൊന്നുമില്ലാതെ കേരളത്തിൽ ഊരുചുറ്റാനെത്തുന്ന വിഐപികൾക്കായി 55 ലക്ഷത്തിന്റെ ബുള്ളറ്റ് പ്രൂഫ് വണ്ടി വാങ്ങിയതത്രേ. ടെൻഡർ വിളിക്കാതെ വണ്ടി വാങ്ങിയതിൽ പന്തികേടില്ലേയെന്നു ചോദിക്കുന്പോൾ വാങ്ങിയതിന്റെ കേട് ഓടുന്പോൾ മാറിക്കോളും എന്ന മട്ടിലിരിക്കുകയാണ് ഏമാൻജി.
അറിയാവുന്ന പോലീസുകാരനാണെങ്കിൽ രണ്ടിടി കൂടുതൽ ആയിരിക്കുമെന്നൊരു ചൊല്ല് നാട്ടിൻപുറങ്ങളിലുണ്ട്. പക്ഷേ, ഇവിടെ പാവം പോലീസുകാരെ അവരുടെ ക്വാർട്ടേഴ്സിൽ കയറി രണ്ടല്ല, നാലിടി കൂടുതൽ കൊടുത്തിരിക്കുന്നു, ഇടിച്ചതു നാട്ടുകാരല്ല, അവരെ നല്ലതുപോലെ അറിയാവുന്ന പെരിയ ഏമാന്മാർ തന്നെ. പാവം പോലീസുകാർക്കു ക്വാർട്ടേഴ്സ് പണിയാൻ സർക്കാർ കൊടുത്ത കാശു ബെഹ്റജി ലേശം വഴിതിരിച്ച് ആഡംബരവില്ലകളിലേക്കു വിട്ടു.
പോലീസുകാരുടെ ക്വാർട്ടേഴ്സ് ഇത്തിരി ചോർന്നൊലിച്ചാലും കുഴപ്പമില്ല അവർക്ക് ഇടാൻ മഴക്കോട്ട് കൊടുത്തിട്ടുണ്ട്. അങ്ങനെയാണോ ഡിജിപിയുടെയും എഡിജിപിമാരുടെയും കാര്യം... നീണ്ടുനിവർന്നു കിടന്ന്, കാണാതെ പോകുന്ന വെടിയുണ്ടകളുടെ കണക്കു നോക്കണമെങ്കിൽ ആഡംബരവില്ല തന്നെ വേണം!
മിസ്ഡ് കോൾ
= മഹാരാഷ്ട്രയിൽ സർക്കാർ ജീവനക്കാർക്ക് ഇനി ആഴ്ചയിൽ അഞ്ചുദിവസം മാത്രം ജോലി.
- വാർത്ത
= വരും, വരാതിരിക്കില്ല!