ലോട്ടറിയടിച്ചു ലോട്ടറിയടിച്ചു എന്നു പലരും പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാൽ, പറഞ്ഞുപറഞ്ഞ് ഒടുവിൽ ലോട്ടറിക്കിട്ട് അടിച്ചു, അതാണ് പുതിയ വാർത്ത. എടുക്കുന്നവരിൽ ചിലർക്കു ഭാഗ്യവും വിൽക്കുന്നവരിൽ പലർക്കും സൗഭാഗ്യവും അച്ചടിക്കുന്ന സർക്കാരിനു മഹാഭാഗ്യവുമായിരുന്ന കേരള ലോട്ടറിയെ ഒരു ഭാഗ്യപരീക്ഷണത്തിനു വിട്ടുകൊടുക്കേണ്ടി വരുമോ?
തറക്കല്ലിട്ടപ്പോൾ മുതൽ നിർഭാഗ്യങ്ങളുടെ കഥ മാത്രം പറയുന്ന കേന്ദ്രത്തിന്റെ ജിഎസ്ടി തറവാട്ടുകാരാണ് കേരളത്തിന്റെ ഭാഗ്യദേവതയിൽ അസൂയ പൂണ്ടു പുതിയ ഇരട്ട നന്പർ ഇറക്കിയിരിക്കുന്നത്.
കേരള ലോട്ടറിക്ക് ഈ പ്രായത്തിൽ ഇരുപത്തെട്ടുകെട്ട് നടത്തണമെന്നാണ് ജിഎസ്ടി തറവാടുകാരുടെ ആവശ്യം. അന്യസംസ്ഥാന ലോട്ടറിപയ്യന്മാരെല്ലാം ഇരുപത്തെട്ടുകെട്ട് നടത്തിയവരാണെന്നും അതുകൊണ്ട് കേരളത്തിന്റെ ഭാഗ്യദേവത മാത്രം ഇരുപത്തെട്ടുകെട്ടു നടത്താതിരിക്കുന്നതു ശരിയല്ലെന്നുമാണ് കൗണ്സിലിലെ കണക്കന്മാർ കണക്കുകൂട്ടി പറഞ്ഞത്.
എന്നാൽ, കേരളത്തിന്റെ ഭാഗ്യദേവതയ്ക്കു പന്ത്രണ്ടിന്റെ പാകതയേയുള്ളൂ എന്നും ഈ പ്രായത്തിൽ ഇരുപത്തിയെട്ടു കെട്ടിക്കാൻ പോയാൽ കേരളത്തിന്റെ കണക്കുകൂട്ടൽ ആകെ തെറ്റുമെന്നും ഐസക് കാരണവർ ആവതു പറഞ്ഞെങ്കിലും അവർ ഇരുപത്തെട്ടിലെ പിടിവിടാൻ തയാറായില്ല. എങ്കിൽ വോട്ടിനിട്ടു കെട്ടിക്കാമെന്നായി ഐസക് മന്ത്രി.
ആരാന്റമ്മയ്ക്കു പ്രാന്തു പിടിച്ചാൽ നമുക്കെന്താ ചേതം എന്ന മട്ടിലായിരുന്നു വോട്ടർമാരിൽ പലരും. ഫലമോ, വോട്ടെടുപ്പു കഴിഞ്ഞപ്പോൾ മന്ത്രി ഐസായി! ഏഴിനെതിരേ 17 വോട്ടുകൾ! അങ്ങനെയവർ കേരള ലോട്ടറിക്കും 28ന്റെ നൂലുകെട്ടു നടത്തി. ഇനിയിപ്പോൾ ഈ ലോട്ടറിപെണ്ണിന്റെ ഭാവി എന്തായിത്തീരുമെന്ന ആശങ്കയിലാണ് ഐസക് കാരണവർ.
നാഗലാൻഡിൽനിന്നും മിസോറമിൽനിന്നും മണിപ്പൂരിൽനിന്നുമൊക്കെ എത്രയോ ലോട്ടറികുമാരന്മാർ ഇവളെ കണ്ടു മോഹിച്ചു തറവാട്ടിൽ കയറിപ്പറ്റാൻ നോക്കിയതാ. പെങ്കൊച്ച് പന്ത്രണ്ടിന്റെ പടി കടന്നിട്ടില്ല എന്നു വിരട്ടിയാണ് ലവൻമാരെയെല്ലാം തുരത്തിയത്. ബോണ്ടുകൾ ബോണ്ടാപോലെ പാർട്ടിപ്പത്രത്തിലെ വേണ്ടപ്പെട്ടവർക്കെല്ലാം വേണ്ടപ്പോൾ കൊടുത്തിരുന്ന ഒരു സാന്റിയാഗോ ജയിംസ് ബോണ്ട് ഈ ചെക്കന്മാരെയൊക്കെ ഒരുക്കിക്കെട്ടി പെണ്ണുകാണാൻ കേരള തറവാട്ടിൽ വന്നതു പലവട്ടം.
പെണ്ണിനെ കണ്ണുകാണിച്ചു തറവാടുതന്നെ വീതംവച്ചെടുക്കാനാണു പരിപാടിയെന്നു തോന്നിയപ്പോഴാണ് പന്ത്രണ്ടിന്റെ കടന്പ കാണിച്ചു വിരട്ടിയത്. അതോടെ അവന്മാർ കണ്ടംവഴി ഓടിയെന്നാണു പലരും കരുതിയത്. പക്ഷേ, കണ്ടംവഴി നേരേ ജിഎസ്ടി തറവാട്ടിലേക്കാണ് ഓടിയതെന്ന് ഇപ്പോൾ നാട്ടുകാർക്കു മനസിലായി. ബോണ്ടു കൊടുത്തിട്ടാണോ ബോണ്ടാ കൊടുത്തിട്ടാണോ എന്നറിയില്ല ഇതുവരെ മിണ്ടാതിരുന്നവരെല്ലാം സംസ്ഥാന ലോട്ടറിക്ക് ഇരുപത്തിയെട്ടു കെട്ടിക്കാൻ ഒറ്റക്കെട്ടായി നിന്നു.
ഇനി അന്യസംസ്ഥാന ലോട്ടറിക്കാരെല്ലാംകൂടി വന്നു കേരളത്തിന്റെ ഭാഗ്യദേവതയെ കെട്ടുകെട്ടിക്കുമോയെന്നേ അറിയാനുള്ളൂ. കേരളത്തിന്റെ ഭാഗ്യദേവതയെ പ്രണയിക്കുന്നവരിൽ വലിയൊരു വിഭാഗം ഇതരസംസ്ഥാന തൊഴിലാളികൾ ആണത്രേ. അന്യസംസ്ഥാന ലോട്ടറികൾ ഫേഷ്യൽ ചെയ്തു മേക്കപ്പുമിട്ടു കേരളത്തിലേക്കു വന്നാൽ എല്ലാവരുംകൂടി അവരുടെ പിറകെ പോകുമോയെന്നതാണ് ഇപ്പോൾ സർക്കാരിന്റെ പേടി.
കാറ്റു കയറിയ ഖജനാവിൽ കാശു കയറാനുള്ള വഴികളിലൊന്നായിരുന്നു കേരളത്തിന്റെ സ്വന്തം ഭാഗ്യക്കുറി. ഇപ്പോഴെല്ലാം സാന്പാറിൽ വീണ ബംപർ പോലെയായി. ഇനി നാട്ടുകാർക്കു മാത്രമല്ല, കേരള ഖജനാവിനും വരാനിരിക്കുന്നതു ഭാഗ്യപരീക്ഷണത്തിന്റെ നാളുകൾ.. നാളെ നാളെയാണ് നറുക്കെടുപ്പ്!
മിസ്ഡ് കോൾ
= ചടങ്ങിൽ വൈകിയെത്തി; കൃഷി ഡയറക്ടർ തെറിച്ചു.
- വാർത്ത
= ഇനിയെങ്കിലും എല്ലാ ചടങ്ങിലും കൃത്യമായി എത്തിക്കൊണ്ടിരിക്കുന്ന മന്ത്രിമാരെ കണ്ടുപഠിക്കൂ!