കിട്ടാത്ത മുന്തിരി പുളിക്കും... കേരള സർക്കാർ ഫ്രീയായി കോളജ് പിള്ളാരെ ലണ്ടനു കൊണ്ടുപോകുന്നു... അത്രയും ഭാഗം കുഴപ്പമില്ലായിരുന്നു. എന്നാൽ, കൊണ്ടുപോകുന്നതു വെറും പിള്ളാരെയല്ല കോളജ് യൂണിയൻ ചെയർപേഴ്സണ്മാരെയാണെന്നു കേട്ടപ്പോൾ പ്രതിപക്ഷത്തിനു നന്നായി പുളിച്ചു.
ചെയർപേഴ്സണ്മാരായി ജയിച്ചതിലേറെയും എസ്എഫ്ഐക്കാർ ആയതിനാൽ ലോട്ടറിയടിച്ചതു കുട്ടിസഖാക്കൾക്ക് ആണെന്നറിയുന്പോൾ പ്രതിപക്ഷത്തിന് എങ്ങനെ പുളിക്കാതിരിക്കും? അവർ തിളച്ചു. സർക്കാർ ഖജനാവ് സപ്ലൈകോ ഷോറും പോലെ കാലിയായി കിടക്കുന്ന സമയത്തു കോടികൾ മുടക്കി പിള്ളേരെ ലണ്ടൻ കാണിക്കേണ്ടതുണ്ടോ എന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം.
എന്നാൽ, നേതൃത്വ പരിശീലനത്തിന്റെ ഭാഗമായിട്ടാണ് കോളജ് യൂണിയൻ നേതാക്കളെ ലണ്ടൻ ടൂറിനു കൊണ്ടുപോകുന്നതെന്നാണ് സർക്കാർവാദം. അപ്പറഞ്ഞതിൽ കാര്യമില്ലാതില്ല. ഇന്നത്തെ കുട്ടികളല്ലേ നാളത്തെ നേതാക്കൾ.. ആ സ്ഥിതിക്കു വിദേശയാത്രയൊക്കെ ഒന്നു പരിശീലിച്ചുവയ്ക്കുന്നതു നല്ലതാണ്. ഭാവിയിൽ ജപ്പാനിലേക്കും കൊറിയയിലേക്കും അമേരിക്കയിലേക്കുമൊക്കെ ഇടയ്ക്കിടെ കുടുംബത്തോടെ പറക്കേണ്ടവരാണല്ലോ ഇവരും.
ഇതിനിടെ, ഈ മുന്തിരി കണ്ടു പല്ലുപുളിച്ച ചിലർക്കൊരു സംശയം. ഇടതു സർക്കാർ ഭരിക്കുന്പോൾ ഭാവിനേതാക്കളെ ബൂർഷ്വാ നാടായ ലണ്ടനാണോ കൊണ്ടു കാണിക്കേണ്ടത്? ചോരച്ചാലുകൾ നീന്തിക്കയറിയ, മരണത്തിന്റെ മുഖത്തു ചവിട്ടിയ മധുരമനോജ്ഞ ചൈനയിലേക്കല്ലേ വിപ്ലവക്കുട്ടികൾ പറക്കേണ്ടത്. അതല്ലെങ്കിൽ സഖാവ് കിം ജോംഗ് ഉന്നിന്റെ ഉത്തരകൊറിയ അല്ലേ വേണ്ടിയിരുന്നത്. അറ്റ്ലീസ്റ്റ് പഴയ തറവാടായ റഷ്യയെങ്കിലും തെരഞ്ഞെടുക്കേണ്ടതായിരുന്നു.
മധുരം മനോജ്ഞമെന്നൊക്കെ പാർട്ടിക്ലാസിലും കവല പ്രസംഗത്തിലും പറയാമെങ്കിലും ചൈനയിലെ സഖാക്കൾക്കു കുട്ടിനേതാക്കളെന്നും വിദ്യാർഥിമുന്നേറ്റമെന്നുമൊക്കെ പറഞ്ഞാൽ അത്ര ദഹിക്കില്ല. പണ്ടു പിള്ളേരെല്ലാംകൂടി ജനാധിപത്യം വേണമെന്നും പറഞ്ഞു സമരം നടത്തിയതും വലിയ സഖാക്കൾ വെടിവയ്പ് മത്സരം നടത്തി എല്ലാത്തിനും മുകളിലേക്കു പാസ്പോർട്ട് എടുത്തുകൊടുത്തതും ആരും മറന്നിട്ടില്ലല്ലോ.
ഉത്തര കൊറിയയിലേക്കു പോകാമെന്നുവച്ചാൽ കിം ഉൻ പയ്യനു തീരെ പക്വതയില്ല. അതുകൊണ്ടു വിശ്വസിക്കാനും കൊള്ളില്ല. അമേരിക്കൻ പ്രസിഡന്റിനെ ശരിയാക്കി കളയുമെന്ന് ഒറ്റക്കൊന്പനെപ്പോലെനിന്നു ചിന്നംവിളിക്കുന്നതു ടിവിയിൽ കണ്ട് എത്രയോ പ്രാവശ്യം കോരിത്തരിച്ചിരിക്കുന്നു. അതിന്റെ സുന്ദരസ്വപ്നങ്ങളുമായി കിടന്നുറങ്ങിയിട്ട് രാവിലെ എഴുന്നേറ്റു നോക്കുന്പോൾ ദേ ലവൻ ട്രംപിന്റെ തോളിൽ കൈയിട്ടിരുന്നു കണ്ണൻദേവൻ ചായ കുടിക്കുന്നു. പരിപ്പുവടയും കട്ടൻചായയും കഴിച്ചു മുതലാളിത്ത ശക്തിക്കെതിരേ പൊട്ടിത്തെറിക്കേണ്ട ഒരു സഖാവ് ഇങ്ങനെ ടീപാർട്ടി നടത്തുന്നതു ശരിയാണോ?
ഇനി പഴയ തറവാടായ റഷ്യയിലെ കാര്യം പറയാതിരിക്കുവാ ഭേദം.. ചെന്നു കാണുന്പോൾതന്നെ ഏതൊരു സഖാവിന്റെയും ചങ്കുപൊട്ടും.. കമ്യൂണിസ്റ്റ് റഷ്യയുടെ പ്രേതം മാത്രമേ അവിടുള്ളൂ. പിള്ളാരല്ലേ, പ്രേതത്തെ കണ്ടു പേടിച്ചാലോ! അപ്പോൾ പിന്നെ ലണ്ടൻതന്നെ ഭേദം.
അല്ലെങ്കിലും അമേരിക്കയിലോ ലണ്ടനിലോ പോയതുകൊണ്ട് സഖാക്കളാരും മണ്ടന്മാരാകുന്നില്ല. മാത്രമല്ല, നാട്ടിൽ ഈ മുതലാളിമാരെ നാലുനേരം ചീത്ത വിളിച്ചിട്ടും കോട്ടുമിട്ട് ചെല്ലുന്പോൾ വീണ്ടും വീണ്ടും വീസയടിച്ചു തരുന്ന അവന്മാരല്ലേ ശരിക്കും മണ്ടൻമാർ! അങ്ങനെ ലണ്ടൻകാരെ മണ്ടന്മാരാക്കുന്ന വിദ്യ നമ്മുടെ കുട്ടിസഖാക്കളും ഒന്നു പഠിച്ചിരിക്കട്ടെ. എന്തായാലും ഒന്നുറപ്പായി, അടുത്ത തവണമുതൽ കോളജ് ഇലക്ഷൻ ലണ്ടനു പോകാനുള്ള ഒരു പൊരിഞ്ഞ പോരാട്ടമായിരിക്കും.
മിസ്ഡ് കോൾ
= മണ്ണുതിന്നൽ വിവാദം: ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി രാജിവച്ചു.
- വാർത്ത
= കഞ്ഞിയിൽ മണ്ണുവാരിയിട്ടു!