എസ്പിജി സംരക്ഷണം ഇനി പ്രധാനമന്ത്രിക്കു മാത്രമാക്കി നിയമം കൊണ്ടുവന്നപ്പോൾ ഇങ്ങനെയൊരു ഗുലുമാൽ കാത്തിരിക്കുന്നുണ്ടെന്നു സർക്കാരും കരുതിയിരുന്നില്ല. ആർക്കു കൊടുത്തില്ലെങ്കിലും ഇന്ത്യയിൽ ഒരു കൂട്ടർക്കുകൂടി എസ്പിജി സംരക്ഷണം കൊടുക്കണമെന്നാണ് ഇപ്പോൾ നാട്ടുകാർ പറയുന്നത്.
അതാർക്കാണ് എന്നോർത്തു തല പുകയ്ക്കേണ്ട, കാരണം തല പുകയുന്നതിനു മുന്പേ നിങ്ങളുടെ കണ്ണുനിറഞ്ഞോളും. ഇത്രയും പറഞ്ഞപ്പോൾ ഈ വിവിഐപിയെ പിടികിട്ടിക്കാണും, മറ്റാരുമല്ല നമ്മുടെ സവാള തന്നെ! പണ്ടൊക്കെ ഉള്ളിയെ തൊട്ടുകളിച്ചാൽ കണ്ണുനീറും എന്നതായിരുന്നു സ്ഥിതി. ഇപ്പോൾ ഉള്ളിയെന്നു കേൾക്കുന്പോഴേ നെഞ്ചു നീറും, കീശ കീറും, ആശ മാറും.
പലരും ബെഡ്റൂമിലെ ലോക്കർ പൊളിച്ച് അടുക്കളയിൽ ഫിറ്റ് ചെയ്തുകൊണ്ടിരിക്കുകയാണത്രേ. സ്വർണം പോയാൽ എങ്ങനെയെങ്കിലും വാങ്ങാം എന്നാൽ, ലക്കിൽ കിട്ടിയ സവാളയോ ഉള്ളിയോ പോയാൽ പോയതുതന്നെ.
സവാളയൊക്കെ വാങ്ങുന്ന തറവാട്ടിലേക്കാണ് പെണ്ണിനെ കെട്ടിച്ചുവിടുന്നതെന്നു പറയുന്നതുതന്നെ പല കാരണവന്മാർക്കും ഒരു ഗമയായിത്തുടങ്ങിയെന്നാണ് കേൾവി. സ്വർണം വാങ്ങാൻ പോകുന്നതുപോലെ കല്യാണ പാർട്ടികളൊക്കെ ഇനി സവാള വാങ്ങാൻ പോകുന്ന കാഴ്ച വരാനിരിക്കുന്നു, അല്ല അതു വന്നുകഴിഞ്ഞു!
ജ്വല്ലറിയോടു ചേർന്ന് ഒരു ഹാൾമാർക്ക് സവാള ഷോറൂം തുടങ്ങുന്നതിനെക്കുറിച്ചാണ് ഇപ്പോൾ സ്വർണക്കട മുതലാളിമാരുടെ ആലോചന. കഴുത്തിൽ ഡയമണ്ട്സിനു പകരം സവാളയും തൂക്കി നവവധു നാണംകുണുങ്ങി നിൽക്കുന്ന കാഴ്ചയും ഏറെ അകലെയല്ല എന്നു തോന്നുന്നു.
പണ്ടൊക്കെ ഉള്ളിയോ സവാളയോ പൊളിച്ചാൽ തൊലി ചവറുകുഴിയോ വേസ്റ്റ് ബാസ്കറ്റിലോ തട്ടുമായിരുന്നു. ഇപ്പോൾ പലരും സ്ഫടിക പാത്രത്തിലാക്കി ഷോക്കേസിൽ വച്ചുതുടങ്ങിയത്രേ. ഉള്ളതു പറഞ്ഞാൽ ഉള്ളിയും കരയും, കാരണം പണ്ടൊക്കെ പലചരക്കു കടയുടെ ചുറ്റുവട്ടത്തു ചാക്കിലോ പെട്ടിയിലോ ഉരുണ്ടുകൂടിയിരുന്ന സവാള ഇപ്പോൾ സുരക്ഷാ അകന്പടിയോടെയാണ് വരവും പോക്കും.
ഇന്നു സാന്പാറിൽ സവാള വീണാൽ അതൊരു സംഭവമാണ്, മുട്ടക്കറിയിൽ ആരും കണ്ടുമുട്ടാറില്ല, ഓംലെറ്റിൽ ഒന്നു തൊട്ടാലായി... അതായത് നിലയും വിലയുമുള്ള ഫൈവ് സ്റ്റാർ തറവാടിയായി ഉള്ളിയും സവാളയും മാറിക്കഴിഞ്ഞു.
അടുക്കളയിൽനിന്നു പാർലമെന്റിലേക്കും സവാള ജയിച്ചു. ഉള്ളി നാട്ടുകാരെ നിർത്താതെ കരയിച്ചുകൊണ്ടിരിക്കുകയാണെന്നു പ്രതിപക്ഷം. താൻ ഉള്ളി അധികം കഴിക്കാറില്ലെന്നും അതുകൊണ്ടു വില ഇത്തിരി കൂടിയാലും തനിക്കതു പ്രശ്നമുണ്ടാക്കുന്നില്ലെന്നും ധനമന്ത്രി നിർമല സീതാരാമൻ. അതായത്, നാട്ടുകാർ എല്ലാവരും ഉള്ളി തീറ്റ നിർത്തിയാൽ പ്രശ്നം തീരുമെന്നു ചുരുക്കം.
അങ്ങനെ വിലകൂടി വരുന്ന ഓരോരോ സാധനങ്ങൾ നമ്മൾ വേണ്ടെന്നുവച്ചാൽ വിലക്കയറ്റം ഈസിയായി പിടിച്ചുനിർത്താം! ഒടുവിൽ പട്ടിണിയിലാകുന്ന ജനത്തെ ആരെങ്കിലും പിടിച്ചൊന്നു നേരേ നിർത്തേണ്ടിവരുമെന്നു മാത്രം.
ഇതേ മാതൃകയിലുള്ള ഒരു ചെലവുചുരുക്കൽ പദ്ധതി കേരള സർക്കാരും നടപ്പാക്കാൻ പോവുകയാണ്. ഇനി കള്ളനെ പിടിക്കാൻ മൂന്നും നാലും പോലീസ് ജീപ്പുകൾ തലങ്ങും വിലങ്ങും ഓടേണ്ടതില്ല, ഒരു ഹെലികോപ്റ്റർ മാത്രം മതിയാകും.. കള്ളൻ ജീപ്പിൽനിന്നു ചാടിപ്പോകുമോയെന്നും പേടിക്കേണ്ട!
ഈ ബഹളത്തിനിടയിൽ ഒന്നു രണ്ടു പേരുടെ കാര്യം ആരും ശ്രദ്ധിച്ചില്ലെന്നു തോന്നുന്നു; ഉള്ളിത്തീയൽ എന്നു കേട്ടാൽ ഉള്ളിൽ തീയായി. ഒപ്പം ഉള്ളിവട അന്തരിച്ച വിവരം വ്യസനസമേതം അറിയിക്കുന്നു!
മിസ്ഡ് കോൾ
= മാർക്ക്ദാനം: മന്ത്രി ജലീൽ രാജിവയ്ക്കണമെന്നു പ്രതിപക്ഷം.
- വാർത്ത
= ക്ഷമിക്കണം, രാജിക്കത്തും ദാനം ചെയ്തു!