കടം മേടിച്ചും വായ്പയെടുത്തും വരെ മുടക്കിയ എത്ര കോടിയാ വെള്ളത്തിൽ ആയതെന്ന് അറിയാമോ? എന്തൊക്കെ പറഞ്ഞാലും എന്റെ സിനിമ തീർത്തുതരണം.- നിർമാതാവ് പൊട്ടിത്തെറിയുടെ വക്കിലാണ്. “ഏതു പാതിരാത്രിക്കും ഷൂട്ട് ചെയ്തു തീർക്കാൻ ഞാൻ റെഡിയാണ് ചേട്ടാ. പക്ഷേ, ഭടനായി നടിക്കേണ്ട നടൻ ഉടക്കിലല്ലേ..” എന്തുചെയ്യും- സംവിധായകൻ കൈമലർത്തി.
“ലവൻ ചോദിച്ച കാശു കെട്ടിവച്ചിട്ടല്ലേ നമ്മൾ സിനിമ തുടങ്ങിയത്. ഇപ്പോൾ എന്താണ് അവന്റെ പ്രശ്നം ?..വിളിക്ക് അവനെ...” - നിർമാതാവ് ചൂടിലാണ്. “വിളിച്ചുചേട്ടാ. അവൻ കാരവനിൽ കാരംസ് കളിച്ചുകൊണ്ടിരിക്കുകയാണത്രേ. അത്യാവശ്യമാണെങ്കിൽ തട്ടിക്കൊണ്ടിരിക്കുന്ന കട്ടകളൊക്കെ കുഴിയിൽ വീണതിനു ശേഷം സംസാരിക്കാമെന്ന്.”
“ലവന്റെ കാരംസ്.. അവന്റെ തട്ടു കാരണം ഞാൻ ഇപ്പോൾ കുഴിയിലാ. എങ്ങനെയെങ്കിലും വന്ന് ഈ സിനിമയൊന്നു തീർത്തുതരാൻ പറ അവനോട്...”- നിർമാതാവിനു യാതൊരു സമാധാനവുമില്ല. സംവിധായകൻ വീണ്ടും മൊബൈൽ ഫോണ് എടുത്തുതോണ്ടി. അങ്ങേത്തലയ്ക്കൽ യുവനടൻ ഫോണ് എടുത്തെന്നു തോന്നുന്നു.
അവൻ പറഞ്ഞതു കേട്ടതും അടൂർ ചിത്രത്തിലെ നായകനെപ്പോലെ സംവിധായകൻ കുറെ നേരം അനക്കമില്ലാതെ നിന്നു. പിന്നെ സ്ലോമോഷനിൽ നിർമാതാവിന്റെ നേരേ തിരിഞ്ഞു. “സിനിമ തീർത്തു തരുന്ന കാര്യം താൻ അവനോടു പറഞ്ഞില്ലേ?” - കാശു മുടക്കിപ്പോയവന്റെ ദയനീയ ചോദ്യം. “ഇപ്പോൾ അഭിനയിക്കാൻ അവനൊരു മൂഡില്ല പോലും. ഇനിയും വിളിച്ചു ശല്യപ്പെടുത്തിയാൽ സിനിമ മാത്രമല്ല തന്നെയും തീർത്തുകളയുമെന്നു പറഞ്ഞേക്കാൻ പറഞ്ഞു”!
ഇതു കേട്ടതും നിർമാതാവ് ഞെട്ടി. ഞെട്ടൽ എക്കാലവും കാശുമുടക്കുന്നവനുള്ളതാണ്. കാരണം പടം പെട്ടിയിലായാൽ എട്ടുനിലയിൽ പൊട്ടുന്നതും പുള്ളിക്കാരനാണല്ലോ. ഇപ്പോൾ മരങ്ങളുടെ സീസണ് ആണെന്നു തോന്നുന്നു. സോഷ്യൽ മീഡിയയിൽ ദിനംപ്രതി നന്മമരങ്ങളാണ് കിളിർത്തുപൊങ്ങിക്കൊണ്ടിരിക്കുന്നത്. അതേസമയം, സിനിമയിൽ പടർന്നുപന്തലിക്കുന്നത് മരുന്നുമരങ്ങളും. ഇത് അസൂയമൂത്ത നാട്ടുകാർ പരദൂഷണം പറയുന്നതല്ല. മറിച്ച് സിനിമാപ്പുരയ്ക്കു മീതെ ചാഞ്ഞ മരുന്നുമരങ്ങൾ കണ്ടു ശങ്കിച്ച നിർമാതാക്കളുടെ ആത്മഗതമാണ്.
മയക്കാനും പുകയ്ക്കാനുമുള്ള മരുന്നില്ലാതെ ഇപ്പോൾ പല ന്യൂജെനുകൾക്കും അഭിനയം വരില്ലെന്നാണ് സിനിമാവൃത്തങ്ങളിലെ വർത്തമാനം. കാരവൻ വാങ്ങുന്നതു കാറ്റുകൊള്ളാനാണെന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാൽ, പല കാരവനുകളിലും കാറ്റല്ല പുകയാണ് പൊങ്ങുന്നതെന്നാണ് പുതിയ വിവരം. വഴിയിലിറക്കുന്ന സൈക്കിളിനു വരെ പുക സർട്ടിഫിക്കറ്റ് ചോദിക്കുന്ന പോലീസ് പക്ഷേ, കാരവനിലെ പുക കണ്ടാൽ കണ്ണടയ്ക്കും, അശോകന് അല്പം ക്ഷീണമാകാമെന്നാണോ നയമെന്നറിയില്ല.
ഏതാനും വർഷംമുന്പ് ഒരു ന്യൂജൻ തിരക്കഥാകൃത്ത് ഫ്ളാറ്റിലൂടെ ആർക്കമെഡീസിനെപ്പോലെ ഓടുകയും വീട്ടമ്മയെ കൈവയ്ക്കുകയും ചെയ്തപ്പോൾത്തന്നെ മാധ്യമങ്ങൾ പറഞ്ഞതാണ് മലയാളസിനിമയിൽ മരുന്നുമരങ്ങൾ വ്യാപകമായെന്ന്. എന്നാൽ, മരുന്നും മന്ത്രവുമൊന്നും തങ്ങളുടെ വിഷയമല്ല എന്ന മട്ടിലായിരുന്നു അന്നു സിനിമാസംഘടനകൾ. ഇപ്പോൾ സിനിമാസെറ്റുകൾ ആകെ പുകഞ്ഞു തുടങ്ങിയതോടെയാണ് സംഘടനകൾക്കും ഈ വിഷയത്തിൽ ലഹരിപിടിച്ചു തുടങ്ങിയത്.
മരുന്നുമരങ്ങൾക്ക് ഇനി അമ്മയിൽ അംഗത്വം നൽകില്ലെന്നു പ്രഖ്യാപിച്ചിരിക്കുകയാണ് താരസംഘടന. പുകയുന്നതിൽ പെണ്മരങ്ങളുണ്ടെന്നും ഒരു നേതാവ് പുകമറയില്ലാതെ പറഞ്ഞു. പോലീസ് സെറ്റിലെത്തി കാരവനുകളടക്കം പരിശോധിക്കണമെന്നാണ് നിർമാതാക്കളുടെ വാദം. എല്ലാംകൂടി നോക്കുന്പോൾ ഉഗ്രനൊരു ഷാജി കൈലാസ് സിനിമയ്ക്കുള്ള ചേരുവകൾ മലയാളസിനിമയിൽ റെഡി!
മിസ്ഡ് കോൾ
= ബൈക്ക് യാത്രികനെ ലാത്തിക്ക് എറിഞ്ഞിട്ട് ഹെൽമറ്റ് വേട്ട.
- വാർത്ത
= സീറ്റ് ബെൽറ്റ് ഇല്ലെങ്കിൽ കയറിൽ കുരുക്കിട്ട് എറിഞ്ഞാൽ മതിയാകും!