പല കവികളും പേനയും പെൻസിലുമൊക്കെ വച്ചു കവിതയെഴുതുന്പോൾ സ്വന്തം നാക്കുകൊണ്ടു കവിതയെഴുതി പ്രതിഭ തെളിയിച്ചയാളാണ് നമ്മുടെ മന്ത്രികവി ജി.സുധാകരൻജി. മോദിജി, അമിത്ഷാജി, സോണിയാജി, രാഹുൽജി എന്നിങ്ങനെ പല നേതാക്കളുടെയും പേരിനു പിന്നിലാണ് ജി ചേർക്കുന്നത്. പക്ഷേ, കവിതയെഴുതുന്നതുകൊണ്ടാണോ എന്നറിയില്ല സുധാകരൻജിയുടെ പേരിനു മുന്നിലും ഒരു ജിയുണ്ട്! വീട്ടുമുറ്റത്തെ പൂച്ച മുതൽ ആഗോളഭീകരൻ ബിൻ ലാദൻ വരെ ജിയുടെ കവിതയുടെ ചൂടറിഞ്ഞിട്ടുണ്ട്!
കവിയാണ്, കവിതയാണ് എന്നൊക്കെ പറഞ്ഞാലും ആരെങ്കിലും പൊതുമരാമത്ത് വകുപ്പിനെ തൊട്ടുകളിച്ചാൽ മന്ത്രിജി നാക്കുംകെട്ടി നോക്കിയിരിക്കില്ല. അവന്റെ ഖണ്ഡകാവ്യം വരെ എഴുതി ഭിത്തിയിൽ പതിച്ചുകളയും. പൊതുമരാമത്തിന്റെ റോഡ് ഫണ്ട് തടഞ്ഞുവച്ച കിഫ്ബിയെ ബാർബിക്യൂ പോലെ പൊരിക്കാനാണ് കാണ്ഡം കാണ്ഡമായുള്ള വിമർശനങ്ങളുമായി ഇത്തവണ ജി രംഗത്തിറങ്ങിയത്.
കിഫ്ബിയിലെ ഏതോ ഒരു “ബകൻ’’ പൊതുമരാമത്തിന്റെ ഫണ്ട് മുഴുവൻ കെട്ടിപ്പിടിച്ചിരിക്കുകയാണെന്നായിരുന്നു കവിമനസിന്റെ കണ്ടെത്തൽ. ചില “മകൻ’’മാരുണ്ടാക്കുന്ന പൊല്ലാപ്പ് സർക്കാരിന് ഇതുവരെ തീർന്നിട്ടില്ല, അതിന്റെ ഇടയിൽ ഏതാ ഈ ബകൻ? ബകനെ തപ്പിതപ്പി പലരും മഹാഭാരതം വരെ എത്തി. മനുഷ്യരെ കഷ്ടപ്പെടുത്തിയിരുന്ന “ബകാസുരൻ’’ എന്ന പഹയനാണ് ഈ ബകൻ.
വിശപ്പിന്റെ അസുഖവും ആർത്തിയും ഇത്തിരി ഓവറായിരുന്നു എന്നതാണ് പുള്ളിക്കാരന്റെ പ്രശ്നം. ഒരു കാളവണ്ടി നിറയെ ചോറും കറിയും എല്ലാ ദിവസവും നാട്ടുകാർ എത്തിച്ചുകൊടുത്തിരിക്കണം എന്നതായിരുന്നു ഓർഡർ. കിട്ടിയില്ലെങ്കിൽ നാട്ടിലിറങ്ങി കണ്ടവരെയൊക്കെ തട്ടും. അതോടെ ഇങ്ങോട്ടു വരേണ്ടാ, ഫുഡ് പാഴ്സലായി അങ്ങോട്ട് എത്തിച്ചോളാമെന്നു നാട്ടുകാർ കാലുപിടിച്ചു പറഞ്ഞു. അങ്ങനെ ദിവസവും ബകനുവേണ്ടി ഫുഡുമായി ഓരോരുത്തർ പോകാൻ തുടങ്ങി, ഏതാണ്ട് നമ്മുടെ ഉൗബറുകാരുടെയൊക്കെ ആദ്യപതിപ്പ്.
ആദ്യം ചോറും കറിയും അകത്താക്കും, പിന്നെ വണ്ടി വലിച്ചുവന്ന കാളകളെ, ഒടുവിൽ കാളവണ്ടിക്കാരനെ! ഇങ്ങനെ നാട്ടുകാരെ പേടിപ്പിച്ചു ഫുഡ് അടിച്ചു കഴിഞ്ഞുവന്ന ബകനെ ഒടുവിൽ നമ്മുടെ ഭീമൻ ഫുഡുമായി ചെന്നു മുട്ടുകാലിന് ഒന്നുകൊടുത്തു പടമാക്കി മാറ്റുകയായിരുന്നത്രേ. അങ്ങനെയുള്ള ബകനെയാണ് നമ്മുടെ മന്ത്രിജി പിടിച്ചു കിഫ്ബിയിൽ ഇട്ടത്. കേട്ടപാതി കേൾക്കാത്ത പാതി പ്രതിപക്ഷത്തെ ഭായിമാരും ബഹൻമാരും ആ ബകനെ ഞങ്ങൾക്കറിയാം, ഞങ്ങൾ തൊട്ടുകാണിക്കാമെന്നു തട്ടിവിട്ടു.
കാലിയായ ഖജനാവിനെ കണ്കെട്ടു വിദ്യയിലൂടെ കിഫ്ബിയാക്കി മാറ്റിയ ഐസക് മന്ത്രിയെയാണ് നമ്മുടെ കവിമനസ് ബകനാക്കി ആരോപണത്തിന്റെ ഐസിട്ടു വച്ചിരിക്കുന്നതെന്നും പ്രതിപക്ഷം അടക്കംപറഞ്ഞു. അതു കേട്ടിട്ടും താൻ പറഞ്ഞതിന്റെ വൃത്തവും അലങ്കാരവുമൊന്നും അതല്ലെന്നൊന്നും മന്ത്രിജി തിരുത്താനും പോയില്ല.
അതേസമയം, ചോദിക്കുന്പോൾ ചോദിക്കുന്പോൾ കാശെടുത്തു വീശാൻ ഇതു പഴയ ഖജനാവല്ലെന്നും ചോദിക്കാനും പറയാനും ആളുള്ള കിഫ്ബിയാണെന്നുമായിരുന്നു ഐസക്ക്ജിയുടെ മറുപടി. ടാറില്ലാത്ത റോഡിനു വെറുതെ കാശു തരാൻ പറ്റില്ലെന്നു പുള്ളിക്കാരൻ വളച്ചുകെട്ടില്ലാതെ പറഞ്ഞു. ഈ വിവാദം പുകയുന്പോൾ നാട്ടുകാരുടെ ന്യായമായ സംശയം ഇങ്ങനെ: കിഫ്ബിയിൽ ഫണ്ട് തടഞ്ഞുവച്ചവരെ നമ്മൾ ബകൻ എന്നു വിളിക്കുന്നു, അപ്പോൾ പാലാരിവട്ടം പാലം അപ്പാടെ വിഴുങ്ങിയ മുൻ പൊതുമരാമത്തുകാരെ എന്തുവിളിക്കണം?
മിസ്ഡ് കോൾ
= അധികാരത്തിലെത്തിയാൽ രണ്ടുവർഷത്തിനകം ഡൽഹി മാലിന്യവിമുക്തമാക്കുമെന്നു ബിജെപി.
- വാർത്ത
= നേതാക്കളെല്ലാം ഡൽഹിവിടാൻ തീരുമാനിച്ചെന്നു തോന്നുന്നു!