അടുക്കളയിൽ ഒതുങ്ങിക്കൂടിയിരുന്നവർ പുറത്തേക്ക് ഇറങ്ങിത്തുടങ്ങിയപ്പോൾ നമ്മൾ ആവേശത്തോടെ പറഞ്ഞു, അടുക്കളയിൽനിന്ന് അരങ്ങത്തേക്ക്... അന്ന് അതൊരു വിപ്ലവമായിരുന്നു. എന്നാൽ, ഇനിയതു തിരിച്ചുപറയേണ്ടി വരുമോയെന്നാണ് ഇപ്പോൾ സംശയം. കാരണം, അരങ്ങത്തു പോയവരും പോകാത്തവരുമൊന്നും ഇപ്പോൾ അടുക്കളയിലേക്കു പോകുന്നില്ല എന്നതാണ് പുതിയ വാർത്ത. മൊബൈൽ ഫോണ് എടുത്തൊന്നു തോണ്ടിയാൽ ഉൗബറുകാരൻ ഉൗളിയിട്ടെത്തും, സൊമാറ്റോക്കാരൻ മുറ്റത്തു വെയ്റ്റ് ചെയ്യും. അരങ്ങത്തുനിന്ന് ആളുകൾ അടുക്കളയിലേക്കു കയറുന്നത് ഒരു അദ്ഭുത സംഭവമായി മാറിയാലും അതിശയിക്കാനില്ല.
കുറച്ചുകാലമായി അടുക്കളയിൽ കേട്ടുതുടങ്ങിയിരുന്ന അനൗണ്സ്മെന്റ് ഇങ്ങനെയായിരുന്നു: നാട്ടുവഴികളിലൂടെ ഓടിയെത്തിയ ഓർഡിനറി ഫുഡുകൾ ഉടൻ സ്റ്റാൻഡു വിട്ടുപോകേണ്ടതാണ്. ഫാസ്റ്റ് ഫുഡ് ഉടൻ പുറപ്പെടാൻ നിൽക്കുന്നു. നേരത്തെ രാത്രി എട്ടിനു മാത്രം പുറപ്പെട്ടിരുന്ന ഫാസ്റ്റ് ഫുഡ് ഇനി രാവിലെയും ഉച്ചയ്ക്കും സർവീസ് നടത്തുന്നതായിരിക്കും! കുട്ടികൾക്കുള്ള സ്പെഷൽ ജങ്ക് ഫുഡ് സർവീസ് മുടങ്ങാതെ രാവിലെതന്നെ പുറപ്പെടുന്നതായിരിക്കും!
ചോറും കറിയും എന്നു കേട്ടാൽ കഴിക്കണമല്ലോ എന്നോർത്തു പിള്ളേർ മുഖം ചുളിക്കും. ഉണ്ടാക്കണമല്ലോ എന്നോർത്തു തള്ള തലയ്ക്കു കൈകൊടുക്കും. ടെൻഷൻകൂടി അപ്പൻ കുപ്പിയെടുക്കും. കുഴിയിലേക്കു കാലും നീട്ടിയിരിക്കുകയാണെങ്കിലും കാരണവർക്കും കുഴിമന്തി മതി!
മലയാളിയുടെ ജീവിതം ഫാസ്റ്റ് ആയി മാറിയപ്പോൾ ഫുഡ് സൂപ്പർ ഫാസ്റ്റും എക്സ്പ്രസും ആയി മാറി. ഫലമോ രോഗങ്ങൾ “മിന്നലായി’’, ആശുപത്രികൾ ഇടിവെട്ടായി, ഡോക്ടർമാർക്ക് ഒന്നിനും മുട്ടില്ലാതായി.
രാവിലത്തെ ഭക്ഷണം ഫ്രിഡ്ജ് തരും, ഉച്ചയ്ക്ക് ഉൗബറുകാരൻ വരും, വൈകിട്ടു തട്ടുകടയിൽ കിട്ടുന്നതു തട്ടും.. അങ്ങനെ തട്ടീം മുട്ടീം ജീവിക്കുന്പോൾ അടുക്കള അലങ്കാരമായി പോയാൽ അതൊരു കുറ്റമാണോ? ഇന്നലെ വരെ വച്ചുവിളന്പുന്ന ഇടമായിരുന്നു കിച്ചണ് എങ്കിൽ നാളെ അതു കൊണ്ടുവച്ചു വിളന്പുന്ന ഇടമായി മാറുമെന്നാണ് തോന്നുന്നത്.
ഇതിനിടെ, ഇത്രയും കാലം ചങ്കുംവിരിച്ചു പള്ളിക്കൂടങ്ങളിലൂടെ കയറിയിറങ്ങി പിള്ളേരുടെ പള്ള നിറച്ചിരുന്ന ജങ്കൻമാരോടു മേലിൽ ഇങ്ങോട്ടു കയറിപ്പോകരുതെന്നു മുന്നറിയിപ്പ് കൊടുത്തിരിക്കുകയാണ് ആരോഗ്യവകുപ്പ്. സ്കൂൾ കാന്റീനിൽ മാത്രമല്ല ചുറ്റുവട്ടത്തൊന്നും ജങ്കന്മാർ തന്പടിക്കേണ്ട എന്നാണ് ഉത്തരവ്!
കിട്ടുന്പോഴെല്ലാം ജങ്ക് ഫുഡ് തട്ടി കുട്ടികൾ തടിമാടന്മാരായി മാറിക്കൊണ്ടിരിക്കുകയാണെന്നാണു വിദഗ്ധരുടെ കണ്ടെത്തൽ. ജങ്ക് ഫുഡിനെ സ്കൂളിൽനിന്നു പടിയിറക്കുന്നതു നല്ല കാര്യം. എങ്കിലും നാട്ടിലും വീട്ടിലുമെല്ലാം ഇഷ്ടം പോലെ കിട്ടുന്പോൾ കുട്ടികൾ തട്ടാതിരിക്കുമോയെന്നതു മറ്റൊരു ചോദ്യം.
ജങ്കന്മാരെ മാത്രം പിടിച്ചുകെട്ടിയാൽ മതിയോ എന്നതാണ് നാട്ടുകാരുടെ സംശയം. മീനിൽ രാസവസ്തു, പഴങ്ങളിൽ കാർബൈഡ്, പാലിൽ മായം, പച്ചക്കറിയിൽ കീടനാശിനി, കുടിവെള്ളത്തിൽ മാലിന്യം അങ്ങനെ ചുറ്റുമുള്ളതൊന്നും വിശ്വസിച്ചു കഴിക്കാൻ പറ്റാത്ത പരുവത്തിലാണ് മലയാളികൾ.
ജങ്കന്മാരെ മാത്രമല്ല, നാട്ടുകാരെ ഇഞ്ചിഞ്ചായും സെന്റിമീറ്റർ സെന്റിമീറ്ററായും കൊല്ലുന്ന ഭയങ്കരൻമാരും നാട്ടിൽ വിലസുണ്ടെന്നു സർക്കാർ മറന്നുപോകരുത്. ജങ്കിനൊപ്പം ഇതിനെക്കുറിച്ചും സർക്കാർ തിങ്ക് ചെയ്യണം കാരണം ജനം പങ്കപ്പാടിലാണ്!
മിസ്ഡ് കോൾ
= കോണ്ഗ്രസ് നേതാക്കളെ പുറത്താക്കി നെഹ്റു സ്മാരക സമിതി കേന്ദ്രം പുനഃസംഘടിപ്പിച്ചു.
- വാർത്ത
= അവസാനം രാഹുൽഗാന്ധിയെ എങ്കിലും കോണ്ഗ്രസുകാർക്കു വിട്ടുകൊടുക്കണം.. പ്ലീസ്!