ഭരണാധികാരികൾ ദാനശീലരായിരിക്കണമെന്നതാണ് ഏതൊരു ജനതയുടെയും ആഗ്രഹം. കണക്കുകൂട്ടി വന്നപ്പോൾ പിഴച്ചുപോയ മാർക്കിൽ അല്പം ദാനം നടത്തി കൂട്ടിക്കൊടുത്തതാണ് ഇപ്പോൾ ഒരു മന്ത്രിയുടെ കണക്കുകൂട്ടൽ ആകെ തെറ്റിച്ചിരിക്കുന്നത്.
ദാനങ്ങൾക്കു യാതൊരു പഞ്ഞവുമില്ലാത്ത നാട്ടിലാണ് മന്ത്രിയുടെ മാർക്ക്ദാനം പ്രതിപക്ഷബഹളത്തിനു നിദാനമായിരിക്കുന്നത്. അന്നദാനം, നേത്രദാനം, രക്തദാനം, അവയവദാനം, സമ്മാനദാനം എന്നു തുടങ്ങി ഏതെങ്കിലുമൊരു ദാനത്തെക്കുറിച്ചു കേൾക്കാതെ മലയാളിയുടെ ഒരു ദിനവും കടന്നുപോകാറില്ല. മലയാളിയുടെ ദാനപ്പെരുമ ഇന്നോ ഇന്നലെയോ തുടങ്ങിയതുമല്ല. ദാനം ധാരാളിത്തമാക്കിയ ഒരു രാജാവും നമുക്കുണ്ടായിരുന്നു.
നമ്മുടെ മാവേലിത്തന്പുരാൻ തന്നെ. മുന്നും പിന്നും നോക്കാതെയുള്ള ദാനം ഒടുവിൽ പുള്ളിക്കാരന്റെ ഉള്ള സമാധാനം കളഞ്ഞു എന്നതു വേറെ കാര്യം. ഇരുന്ന കസേര പോയി എന്നു മാത്രമല്ല, നാട്ടിൽനിന്നു തന്നെ കെട്ടുകെട്ടേണ്ടി വന്നു. ആളും തരവും ആവശ്യവും നോക്കി ദാനം ചെയ്തില്ലെങ്കിൽ ആ ദാനം ബലിദാനമായി മാറുമെന്ന് അങ്ങനെ മാവേലിത്തന്പുരാനു മനസിലായി. സ്വന്തം നാട്ടിലേക്കു വർഷത്തിലൊരിക്കൽ വിസിറ്റിംഗ് വീസയിൽ വരേണ്ട അവസ്ഥയിലായി അദ്ദേഹം.
പരീക്ഷയിൽ ഇത്തിരി ലോടെക് ആയിപ്പോയ കുറെ എൻജിനിയറിംഗ് വിദ്യാർഥികളെ മന്ത്രി പറഞ്ഞിട്ടു ബിടെക് ആക്കി മാറ്റിയ ടെക്നിക്കിനെതിരേയാണ് ഇപ്പോൾ പ്രതിപക്ഷം വെടിപൊട്ടിച്ചിരിക്കുന്നത്. എന്നാൽ, താൻ പോളിടെക്നിക്കിലൊന്നും പഠിച്ചിട്ടില്ലെന്നും മാർക്ക് കൂട്ടുന്ന ടെക്നിക്കൊന്നും തന്റെ വകയല്ലെന്നുമാണ് മന്ത്രിയുടെ നിലപാട്.
അഞ്ചു പ്രാവശ്യം സപ്ലി പരീക്ഷ എഴുതിയിട്ട് പിടിച്ചുകയറാൻ പറ്റാതിരുന്നയാളും ഈ ടെക്നിക് വഴി എൻജിനിയർ ആയി മാറിയെന്നാണ് ഒടുവിൽ കേട്ട വാർത്ത. അതായതു കൂടുതൽ പഞ്ചവടിപ്പാലങ്ങളും പാലാരിവട്ടങ്ങളും മലയാളിയെ കാത്തിരിക്കുന്നുവെന്നു ചുരുക്കം.
നമ്മുടെ നാട്ടിൽ ‘ഐഎസ്ഐ മാർക്കു’ള്ള എൻജിനിയർമാർ മാത്രം പോരല്ലോ, അതുകൊണ്ടാവണം പരീക്ഷയിൽ കാര്യമായ പരിക്കുപറ്റിയ ഒരുപറ്റം ബിഎസ്സി നഴ്സിംഗ് പിള്ളേരും അപേക്ഷയുടെ സിറിഞ്ചുമായി ക്യൂ നിൽക്കുകയാണത്രേ. ഏതാനും മാർക്കിന്റെ ചെറിയൊരു ഇഞ്ചക്ഷൻ തന്നാൽ തങ്ങളുടെ ഭാവിയും ഐസിയുവിലാകാതെ രക്ഷപ്പെടുമെന്നാണ് ഇവരുടെ വാദം.
പ്രമുഖ ദാനശീലനായിട്ടും മൂന്നടി മണ്ണ് ചോദിച്ചുവന്ന വാമനനു രണ്ടടി മണ്ണു മാത്രമേ കൊടുക്കാൻ മാവേലിക്കു കഴിഞ്ഞുള്ളൂ. അതുതന്നെ തികയാതെ വന്നിട്ടു മൂന്നാമത്തെ ചുവടിനു സ്വന്തം തലവച്ച് അഡ്ജസ്റ്റ് ചെയ്യുകയായിരുന്നു.
എന്നാൽ, ഇപ്പോൾ കാര്യങ്ങൾ മാവേലി നാടു വാണിരുന്നതിനേക്കാൾ പുരോഗമിച്ചിട്ടുണ്ടെന്നതാണ് യാഥാർഥ്യം. ഒറ്റ മാർക്ക് ദാനം ചോദിച്ചവർക്കു അഞ്ചു മാർക്ക് നൽകിയാണ് നമ്മൾ മാവേലിയെപ്പോലും തോൽപ്പിച്ചുകളഞ്ഞത്. മാർക്ക് ദാനം മഹാദാനം ആയതോടെ ആരാണ് മാർക്കിട്ടത് എന്നതാണ് ഇപ്പോഴത്തെ തർക്കം.
മന്ത്രിയാണ് തോറ്റവർക്കെല്ലാം മാർക്ക് ഇട്ടുകൊടുത്തതെന്നു പ്രതിപക്ഷനേതാവ്. എന്നാൽ, മാർക്ക് എന്നു കേൾക്കുന്നതുതന്നെ തനിക്ക് അലർജിയാണെന്നും സംശയമുണ്ടെങ്കിൽ വന്നാൽ എസ്എസ്എൽസി ബുക്ക് കാണിച്ചു തരാമെന്നും മന്ത്രി!
എന്നാൽ, ദാനം കിട്ടിയ പശുവിന്റെ വായിൽ പല്ലുണ്ടോ എന്നു നോക്കേണ്ടതുണ്ടോയെന്നാണ് പഴമക്കാർ പറഞ്ഞിട്ടുള്ളത്. അതുവേണമെങ്കിൽ ഭേദഗതി ചെയ്തു ദാനം കൊടുത്ത മാർക്കിന്റെ വായിൽ പല്ലോ പുല്ലോ ഉണ്ടോയെന്നു നോക്കേണ്ടതില്ല എന്നാക്കിയാൽ പ്രശ്നം തീരും!
മിസ്ഡ് കോൾ
വിഐപികൾ വരുന്പോൾ മാത്രം റോഡ് നന്നാകുന്നതെങ്ങനെയെന്നു ഹൈക്കോടതി.
- വാർത്ത
നാട്ടുകാരുടെ നട്ടെല്ല് സ്ട്രോംഗാണ്!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്